Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹാരിയെ ദൈവം കാക്കട്ടെ എന്നല്ലാതെ എന്തുപറയാൻ; ഞാൻ എന്തായാലും ഈ പെൺകുട്ടിയുടെ ഫാനല്ല; മേഗനെ കണക്കറ്റ് പരിഹസിച്ച് ഹാരിക്കു വേണ്ടി പ്രാർത്ഥിച്ച് ട്രംപ് രംഗത്ത്

ഹാരിയെ ദൈവം കാക്കട്ടെ എന്നല്ലാതെ എന്തുപറയാൻ; ഞാൻ എന്തായാലും ഈ പെൺകുട്ടിയുടെ ഫാനല്ല; മേഗനെ കണക്കറ്റ് പരിഹസിച്ച് ഹാരിക്കു വേണ്ടി പ്രാർത്ഥിച്ച് ട്രംപ് രംഗത്ത്

സ്വന്തം ലേഖകൻ

മേരിക്കക്കാരോട് ജോ ബിഡന് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള വീഡിയോ സന്ദേശം ഹാരിയും മേഗനും പുറത്തുവിട്ടതിനു തൊട്ടുപിന്നാലെ മേഗനെ കണക്കറ്റ് കളിയാക്കിക്കൊണ്ട് ഡൊണാൾഡ് ട്രംപ് രംഗത്തുവന്നു. താൻ മേഗന്റെ ഫാനല്ല എന്ന് ഉറപ്പിച്ചു പറഞ്ഞ ട്രംപ് ഹാരിക്ക് ധാരാളം ഭാഗ്യം ആവശ്യമാണെന്നും അത് അദ്ദേഹത്തിന് നേരുന്നു എന്നും കൂട്ടിച്ചേർത്തു. ലോസ് ഏഞ്ചലസിൽ താമസമാക്കിയ ഹാരിയും മേഗനും ചില അമേരിക്കൻ സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിന് പോകുന്നതിന് ആഴ്‌ച്ചകൾക്ക് മുൻപാണ് ഇത്തരം ഒരു വീഡിയോ സന്ദേശം പുറത്തിറക്കിയത്.

നവംബർ അതിവേഗം അടുത്തുവരുമ്പോൾ, വിദ്വേഷ പ്രസംഗം, തെറ്റായ വിവരങ്ങൾ നൽകൽ ഓൺലൈൻ നെഗറ്റിവിറ്റി എന്നിവ ഒഴിവാക്കേണ്ടത് ആവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് ഹാരിയുടെ വീഡിയോ സന്ദേശം ആരംഭിക്കുന്നത്. ഇത് ബ്രിട്ടനിലും അമേരിക്കയിലുമുള്ള നിരവധി രാഷ്ട്രീയ നിരീക്ഷകർ, ജോ ബിദനുള്ള പിന്തുണയായിട്ടാണ് വ്യാഖ്യാനിച്ചിരിക്കുന്നത്.

അതേസമയം, ഇനി തെരഞ്ഞെടുപ്പിന് ആറാഴ്‌ച്ചകൾ മാത്രമേ ബാക്കിയുള്ളു എന്നും ഇന്നാണ് വോട്ടർ റെജിസ്ട്രേഷൻ ദിവസമെന്നും ഓർമ്മിപ്പിച്ചുകൊണ്ടാണ് മേഗന്റെ സന്ദേശം ആരംഭിക്കുന്നത്. ഓരോ നാലുവർഷം കൂടുമ്പോഴും തെരഞ്ഞെടുപ്പ് വരും എന്നും അന്നൊക്കെ നമ്മളെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നത് ഇത് നമ്മുടെ ജീവിതത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ ഒരു തെരഞ്ഞെടുപ്പാണെന്നും ആയിരുന്നു എന്ന് കാലിഫോർണിയയിൽ ജനിച്ചു വളർന്ന മേഗൻ മാർക്കൽ പറഞ്ഞു. എന്നാൽ, ഇത്തവണ വോട്ട് ചെയ്യുവാൻ പോകുമ്പോൾ, നമ്മുടെ മൂല്യങ്ങൾ നമ്മൾ ഓർക്കണം, നമ്മുടെ ശബ്ദം ഉച്ചത്തിൽ കേൾപ്പിക്കണം, മേഗൻ ആഹ്വാനം നൽകുന്നു.

ട്രംപിന്റെ കാമ്പെയ്ൻ മാനേജർ കോറി ലെവൻഡോവ്സ്‌കിയും നേരത്തേ ഈ രാജദമ്പതിമാർക്കെതിരെ വന്നിരുന്നു. അവർ ബ്രിട്ടനിൽ നിന്നും പുറത്തുപോയി ബ്രിട്ടനെ ഗ്രേയ്റ്റ് ബ്രിട്ടനാക്കി. അമേരിക്കയ്ക്ക് വേണ്ടിയും അവർ ഈ സേവനം നൽകും എന്ന് താൻ പ്രതീക്ഷിക്കുന്നു എന്നാണ് ലെവൻഡോവ്സ്‌കി പറഞ്ഞത്. ഏതായാലും ഹാരിയുടേയും മേഗന്റേയും ഈ വീഡിയോ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഇരുകരകളിലും വൻവിവാദത്തിന് തിരികൊളുത്തിയിരിക്കുകയണ്.

അതേസമയം ഹാരിയുടെ പ്രസംഗത്തിൽ പ്രാധാന്യമുള്ളതൊന്നും താൻ കണ്ടില്ലെന്നാണ് ട്രംപ് പ്രചാരണവിഭാഗത്തിന്റെ വക്താവായ ജേസൺ മില്ലർ പറയുന്നത്. ഒരുപക്ഷെ, ജോ ബിഡൻ നടത്തിയ നിരവധി വിദ്വേഷ പ്രസംഗങ്ങൾ, പ്രത്യേകിച്ചും ആഫ്രിക്കൻ അമേരിക്കൻ സമൂഹത്തിനെതിരെ നടത്തിയവ ഓർമ്മയിലുള്ളതുകോണ്ടാകും മാധ്യമങ്ങൾ ഇത് ഒരു വാർത്തയാക്കിയത് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ഹാരിയുടെ ഈ വാക്കുകളെ ജോ ബിഡന്റെ വംശീയാധിഷ്ഠിതമായ രാഷ്ട്രീയത്തിനെതിരായ പ്രസ്താവനയായിട്ടാണ് കാണുന്നത് എന്നുപറഞ്ഞ് മില്ലർ, വെള്ളക്കാരുടെ മേധാവിത്വത്തിനായി പ്രവർത്തിച്ചിരുന്ന ക്ലാൻ എന്ന സംഘടനയിലെ അംഗമായിരുന്ന മുൻ സെനറ്റ് അംഗം റോബർട്ട് സി. ബൈർഡിന്റെ ശവസംസ്‌കാര ചടങ്ങിൽ ജോ ബിഡൻ പങ്കെടുത്തതിനെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു.

വോട്ടു ചെയ്യാതിരിക്കുന്നത് ശബ്ദമില്ലാതിരിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ മേഗൻ കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ താൻ വോട്ടുചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. നമ്മുടെ ശബ്ദം കേൾക്കപ്പെടാൻ വേണ്ടി നിരവധിപേരാണ് സ്വന്തം ജീവിതം പോലും ബലികഴിച്ചത്. അങ്ങനെ ലഭിച്ച മൗലികാവകാശമാണ് വോട്ടു ചെയ്യാനുള്ളതും അതുവഴി നമ്മുടെ ശബ്ദം അധികാരത്തിന്റെ ഇടനാഴികളിൽ എത്തിക്കാനുള്ളതും. അത് താൻ ഉപയോഗിക്കുമെന്നായിരുന്നു അന്ന് അവർ പറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഫലം വന്ന ഉടനെ ട്രംപിനെ സ്ത്രീ വിദ്വേഷിയെന്നും വിഭജനവാദിയെന്നും മേഗൻ വിശേഷിപ്പിച്ചിരുന്നു. എന്നാൽ, അന്ന് ഇവരുടെ വിവാഹം നടന്നിരുന്നില്ല.

അതേസമയം, ഹാരിയും മേഗനും പരിധികൾ ലംഘിച്ച് അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇടപെടുകയും ട്രംപിനെതിരായി പ്രവർത്തിക്കുകയും ചെയ്തു എന്നാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വിലയിരുത്തൽ. രാഷ്ട്രീയ ഇടപെടലുകൾ തീരെ പ്രോത്സാഹിപ്പിക്കാത്ത ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾ ബ്രിട്ടനിലെ തെരഞ്ഞെടുപ്പിൽ പോലും വോട്ട് ചെയ്യാറില്ല. പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഹാരിയും മേഗനും ബിഡനെ തന്നെയാണ് പിന്താങ്ങുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. എന്നാൽ, ഹാരിയോട് അടുത്ത വൃത്തങ്ങൾ ഇത് നിഷേധിച്ചിട്ടുണ്ട്.

അതേസമയം, ഹാരിയുടെ ഇത്തരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകൾ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പാരമ്പര്യത്തിന് യോജിച്ചതല്ലെന്ന പൊതുവികാരം ബ്രിട്ടനിൽ ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ അമേരിക്കൻ രാഷ്ട്രീയത്തിൽ ഇടപെടാൻ ഹാരി തീരുമാനിച്ചെങ്കിൽ, രാജകീയ പദവികൾ പൂർണ്ണമായും ഉപക്ഷിക്കുകയും രാജകുടുംബവുമായുള്ള എല്ലാ ബന്ധങ്ങളും ഒഴിവാക്കുകയും വേണമെന്നാണ് കൊട്ടാരത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചത്.

മുതിർന്ന രാജകുടുംബാംഗം എന്ന നിലയിലുള്ള കർത്തവ്യങ്ങളിൽ നിന്നും ഒഴിഞ്ഞുവെങ്കിലും ഇപ്പോഴും ബ്രിട്ടന്റെ പ്രതിനിധിയായാണ് ഹാരിയെ ലോകം കാണുന്നത് എന്നാണ് മുൻ എം പിയും എഴുത്തുകാരനുമായ നോർമൻ ബേക്കർ പറഞ്ഞത്. സാധാരണ വ്യക്തികൾ അമേരിക്കൻ തെരഞ്ഞെടുപ്പിനെ കുറിച്ച് അഭിപ്രായം പറയുന്നതിൽ തെറ്റില്ല. പക്ഷെ ഹാരി തന്റെ ഹിസ് റോയൽ ഹൈനസ് (എച്ച് ആർ എച്ച്) എന്ന പദവിനാമം ഇപ്പോഴും കൈവിട്ടിട്ടില്ല. അതുകൊണ്ടുതന്നെഹാരിയെ ബ്രിട്ടന്റെ പ്രതിനിധിയായിട്ടുമാത്രമേ കണക്കാക്കാനാകു. ഇത്തരത്തിൽ ഒരു പ്രതിനിധി, ഒരു വിദേശരാജ്യത്തിന്റെ രാഷ്ട്രീയത്തിൽ ഇടപെടുന്നത് അഭികാമ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഈ രാജകീയ പദവി നാമം ഉപേക്ഷിച്ചതിനു ശേഷം ഇത്തരം കാര്യങ്ങളിൽ ഇടപെടൽ നടത്തുന്നതാണ് നല്ലതെന്നായിരുന്നു രാജകുടുംബത്തിന്റെ ജീവചരിത്രകാരനായ റോബർട്ട് ജോബ്സൺ പറഞ്ഞത്. അതേ സമയം മേഗന് അമേരിക്കൻ പൗരത്വമുള്ളതിനാലും ഇതിനു മുൻപും പ്രസിഡണ്ട് തെരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്തട്ടുള്ളതിനാലും മേഗന്റെ അഭിപ്രായ സ്വാതന്ത്ര്യം ഒരു പരിധിവരെ വകവച്ചുകൊടുക്കാമെന്നും അദ്ദേഹം പറയുന്നു. ഏതായാലും ഈ രാജദമ്പതിമാരുടെ വീഡിയോ സന്ദേശം അമേരിക്കയിലും ബ്രിട്ടനിലും ഒരുപോലെ വിവാദമായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP