Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സമാധാന ചർച്ചകൾ തുടങ്ങുന്ന സമയം തേടി മോദിക്ക് ഇമ്രാൻ ഖാന്റെ ഫോൺവിളി; ആദ്യം ഭീകരവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കൂ, എന്നിട്ടാവാം ചർച്ചകളെന്ന് മോദിയുടെ മറുപടി; മോദിയെ അഭിനന്ദിക്കാൻ വിളിച്ച പാക് പ്രധാനമന്ത്രിക്ക് തുടക്കത്തിലേ നിരാശ

സമാധാന ചർച്ചകൾ തുടങ്ങുന്ന സമയം തേടി മോദിക്ക് ഇമ്രാൻ ഖാന്റെ ഫോൺവിളി; ആദ്യം ഭീകരവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കൂ, എന്നിട്ടാവാം ചർച്ചകളെന്ന് മോദിയുടെ മറുപടി; മോദിയെ അഭിനന്ദിക്കാൻ വിളിച്ച പാക് പ്രധാനമന്ത്രിക്ക് തുടക്കത്തിലേ നിരാശ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയുമായി സമാധാന ചർച്ചകൾ തുടരാൻ പാക്കിസ്ഥാന് താത്പര്യമുണ്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിയുക്ത ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. രണ്ടാം വട്ടവും അധികാരത്തിലേറിയ മോദിയെ അഭിനന്ദിക്കുന്നതിനുവേണ്ടിയാണ് ഞായറാഴ്ച ഇമ്രാൻ ഖാൻ മോദിയെ വിളിച്ചത്. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനായി ഇന്ത്യക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നതായി മോദിയെ ഇമ്രാൻ ധരിപ്പിച്ചുവെന്ന് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അഭിനന്ദനങ്ങൾക്ക് നന്ദിയറിയിച്ച മോദി, സമാധാന ചർച്ചകൾക്ക് അനുയോജ്യമായ അന്തരീക്ഷം പാക്കിസ്ഥാൻ സൃഷ്ടിക്കണമെന്നാവശ്യപ്പെട്ടു. അക്രമവും ഭീകരവാദവും അവസാനിപ്പിച്ച് വിശ്വാസത്തിന്റേതായ അന്തരീക്ഷമുണ്ടാക്കിയാൽ മാത്രമേ മേഖലയിലെ സമാധാനത്തിനും പുരോഗതിക്കും വേണ്ടിയുള്ള ചർച്ചകൾക്ക് പ്രസക്തിയുള്ളൂവെന്നും മോദി ഇമ്രാൻ ഖാനെ അറിയിച്ചു. പുൽവാമയിൽ സിആർപിഎഫ്. ജവാന്മാർക്കുനേരെ നടന്ന ഭീകരാക്രമണത്തിനും അതിന് മറുപടിയായി ബാലാക്കോട്ടെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനും ശേഷമാദ്യമായാണ് ഇമ്രാനും മോദിയും തമ്മിൽ സംസാരിക്കുന്നത്.

ഭീകരവാദവും അതിർത്തി കടന്നുള്ള അക്രമങ്ങളും അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചർച്ചയില്ലെന്ന് ഇന്ത്യ നേരത്തെ തന്നെ നിലപാടെടുത്തിട്ടുള്ളതാണ്. ആ നിലപാടിൽ മാറ്റമില്ലെന്നുതന്നെയാണ് മോദി പാക് പ്രധാനമന്ത്രിയെ അറിയിച്ചത്. അയൽരാജ്യങ്ങളുമായുള്ള മികച്ച ബന്ധത്തിന് തന്റെ സർക്കാർ സ്വീകരിച്ച നടപടികളും മോദി ഇമ്രാനെ ധരിപ്പിച്ചു. ദാരിദ്ര്യ നിർമ്മാർജനത്തിന് സഹകരിച്ച് പ്രവർത്തിക്കാമെന്ന തന്റെ മുൻ നിർദ്ദേശവും മോദി ഇമ്രാൻ ഖാനെ ഓർമിപ്പിച്ചു.

തിരഞ്ഞെടുപ്പ് വിജയത്തിൽ മോദിയെ രണ്ടാം തവണയാണ് അഭിനന്ദിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നയുടനെ ട്വിറ്ററിലൂടെ അഭിനന്ദനമറിയിച്ച പാക് പ്രധാനമന്ത്രി, ഞായറാഴ്ച നേരിട്ട് ഫോൺ വിളിക്കുകയായിരുന്നു. കശ്മീരടക്കമുള്ള തർക്കവിഷയങ്ങളിൽ സമാധാന ചർച്ചയ്ക്ക് പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ കൂടുതൽ സാധ്യതയുണ്ടെന്ന് ഏപ്രിലിൽ ഇമ്രാൻ ഖാൻ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാൽ, വിശ്വാസവും ഭീകരവാദവുമൊഴിഞ്ഞ അന്തരീക്ഷം സൃഷ്ടിക്കണമെന്ന മുൻനിലപാടിൽ മോദി ഉറച്ചുനിന്നു.

ഇന്ത്യയിലെ പുതിയ സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയും വ്യക്തമാക്കി. ദക്ഷിണേഷ്യയിലെ പുരോഗതിക്കും സമാധാനത്തിനുമായി ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കേണ്ടതാണെന്നും അദ്ദേഹം മുൾട്ടാനിൽ പറഞ്ഞു. ബാലാക്കോട്ട് ആക്രമണത്തോടെ നയം വ്യക്തമാക്കിയ നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം വരവിനെ പാക്കിസ്ഥാൻ ആശങ്കയോടെയാണ് കാണുന്നതെന്ന് വെളിപ്പെടുത്തുന്നതാണ് ഈ നീക്കങ്ങളെന്ന് വിലയിരുത്തപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP