Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരു വർഷം മുമ്പ് ഏകപക്ഷീയമായ അമേരിക്ക പിന്മാറിയ ആണവ കരാറിൽ നിന്നും ഒടുവിൽ ഇറാനും പിന്മാറി; യുറേനിയം സമ്പുഷ്ടീകരിക്കുന്നതിനും ഘനജലോത്പാദനത്തിനും പരിധിയുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച് ഇറാൻ; യുഎസ്-ഇറാൻ ഭിന്നതയിൽ ആശങ്ക അറിയിച്ച് റഷ്യയും; അമേരിക്കൻ മാടമ്പിത്തരത്തിന് മുമ്പിൽ മുട്ടു മടക്കാതെ ഇറാൻ മുമ്പോട്ട് പോകുമ്പോൾ യുദ്ധ ഭീതിയിൽ വീണ്ടും ലോകം

ഒരു വർഷം മുമ്പ് ഏകപക്ഷീയമായ അമേരിക്ക പിന്മാറിയ ആണവ കരാറിൽ നിന്നും ഒടുവിൽ ഇറാനും പിന്മാറി; യുറേനിയം സമ്പുഷ്ടീകരിക്കുന്നതിനും ഘനജലോത്പാദനത്തിനും പരിധിയുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച് ഇറാൻ; യുഎസ്-ഇറാൻ ഭിന്നതയിൽ ആശങ്ക അറിയിച്ച് റഷ്യയും; അമേരിക്കൻ മാടമ്പിത്തരത്തിന് മുമ്പിൽ മുട്ടു മടക്കാതെ ഇറാൻ മുമ്പോട്ട് പോകുമ്പോൾ യുദ്ധ ഭീതിയിൽ വീണ്ടും ലോകം

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്‌റാൻ: 2015-ൽ യു.എസ്. ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഒപ്പുവെച്ച ആണവക്കരാറിൽനിന്ന് ഭാഗികമായി പിന്മാറുന്നുവെന്ന് ഇറാൻ പ്രഖ്യാപിക്കുമ്പോൾ മധ്യേഷ്യയിലെ സംഘർഷത്തിന് പുതിയ തലമെത്തുകയാണ്. അമേരിക്കയെ പ്രകോപിപ്പിക്കലാണ് ലക്ഷ്യം. ദേശീയ സുരക്ഷാകൗൺസിലിൽനിന്നുള്ള ഉത്തരവനുസരിച്ച് കരാറിലെ ചില വ്യവസ്ഥകളിൽനിന്ന് ഔദ്യോഗികമായി പിന്മാറുന്നുവെന്ന് ഇറാൻ ആണവോർജസംഘടന അറിയിക്കുകയായിരുന്നു. കരാറിൽനിന്ന് യു.എസ്. പിന്മാറിയതിന് ഒരുവർഷത്തിനുശേഷമാണ് ഇറാനും ഭാഗികമായി പിന്മാറുന്നത്. ഇതോടെ കരാർ തന്നെ ഫലത്തിൽ ഇല്ലാതായി. ഇനി ഇറാൻ ആണവ പദ്ധതികൾ വീണ്ടും തുടങ്ങാനും സാധ്യതയുണ്ട്.

ഇറാൻ ആണവക്കരാർ 2015-ലാണ് ഒപ്പിട്ടത്. യു.എസ്., ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന, ജർമനി എന്നീ രാജ്യങ്ങളുമായി ഇറാൻ ആണവക്കരാറിൽ ഒപ്പുവെച്ചത്. ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നുവെന്ന ആരോപണത്തെത്തുടർന്ന് അന്താരാഷ്ട്രതലത്തിൽ ഇറാനുമേൽ സാമ്പത്തിക ഉപരോധങ്ങളേർപ്പെടുത്തിയിരുന്നു. ഈ ഉപരോധങ്ങൾ മയപ്പെടുത്തുന്നതിനുപകരമായി ഇറാൻ തങ്ങളുടെ ആണവപരിപാടികൾ പരിമിതപ്പെടുത്തണമെന്നായിരുന്നു കരാറിന്റെ കാതൽ. എന്നാൽ അമേരിക്ക ഏകപക്ഷീയമായി കരാറിൽ നിന്ന് പിന്മാറി. ട്രംപ് അമേരിക്കൻ പ്രസിഡന്റായതോടെയാണ് ഇത്. ഇതിന് ശേഷം ഇറാനുമായി നിരന്തരം സംഘർഷവും തുടങ്ങി. ഈ സാഹചര്യത്തിലാണ് ഇറാനും ഉറച്ച നിലപാടുമായി എത്തുന്നത്. അമേരിക്കയെ നേരിടാൻ തയ്യാറാണെന്ന സന്ദേശമാണ് ഇതിലൂടെ ഇറാനും നൽകുന്നത്. ഇതാണ് ലോകത്തെ യുദ്ധ ഭീതിയിൽ വീണ്ടുമെത്തിക്കുന്നത്.

യുറേനിയം സമ്പുഷ്ടീകരണം മൂന്നിലൊന്നായി കുറയ്ക്കുക, അരാക്കയിലെ ആണവറിയാക്ടറിലെ ഘനജലോത്പാദനം 130 ടൺ ആക്കുക തുടങ്ങിയ നിബന്ധനകളിൽനിന്നാണ് ഇറാൻ പിന്മാറിയതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താഏജൻസിയായ ഐ.എസ്.എൻ.എ. റിപ്പോർട്ടുചെയ്തു. പേർഷ്യൻ കടലിൽ സംഘർഷം കൂടുകയാണ്. അമേരിക്ക വലിയ തോതിൽ സേനാ വിന്യാസം നടത്തുന്നുണ്ട്. ഫുജൈറയിൽ 4 കപ്പലുകൾക്ക് നേരെയുണ്ടായ അട്ടിമറിക്ക് പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിക്കുന്നു. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരും സൗദിയെ ആക്രമിച്ചു. ഇതോടെ അറബ് രാഷ്ട്രങ്ങളിൽ പ്രബലരും അമേരിക്കയ്ക്ക് പിന്നിൽ അണിനിരന്നു. ഇസ്രയേലും ഇറാനെതിരാണ്. റഷ്യ മാത്രമാണ് ഇറാനെതിരായ യുദ്ധത്തെ അതിശക്തമായി എതിർക്കുന്നത്. ഇതിനിടെയിലും അമേരിക്കയ്ക്ക് മുമ്പിൽ നട്ടെല്ല് വളയ്ക്കാതെ വെല്ലുവിളി ഏറ്റെടുക്കുകയാണ് ഇറാൻ.

ഇനിമുതൽ യുറേനിയം സമ്പുഷ്ടീകരിക്കുന്നതിനും ഘനജലോത്പാദനത്തിനും പരിധിയുണ്ടാവില്ലെന്ന് ഇറാൻ ആണവോർജ സംഘടന വിശദീകരിക്കുന്നു. യു.എസ്. ഉപരോധത്തിൽനിന്ന് 60 ദിവസത്തിനുള്ളിൽ ഇറാൻ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിച്ചില്ലെങ്കിൽ കരാറിലെ പ്രധാന വ്യവസ്ഥകളിൽനിന്ന് പിന്മാറുമെന്ന് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി നേരത്തേ ഭീഷണിമുഴക്കിയിരുന്നു. ആണവക്കരാർ ഗുരുതരാവസ്ഥയിലാണെന്നും കരാറിന് ശസ്ത്രക്രിയയും വേദനസംഹാരികളും ആവശ്യമുണ്ടെന്നുമായിരുന്നു മെയ്‌ എട്ടിന് ഔദ്യോഗിക ടെലിവിഷനിൽ നടത്തിയ പ്രസംഗത്തിൽ റൂഹാനി പറഞ്ഞത്. ഇറാനെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചില്ല. ഇതിനൊപ്പം ആക്രമത്തിന് സേനയെ മധ്യേഷ്യയിലേക്ക് വിന്യസിക്കുകയും ചെയ്യുന്നു. ഇറാനെ ഏത് സമയവും ആക്രമിക്കാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപും തയ്യാറാണ്. ഇക്കാര്യം പരോക്ഷമായി ട്രംപും വ്യക്തമാക്കുന്നു. ഇറാൻ അമേരിക്കയ്ക്ക് വഴങ്ങിയില്ലെങ്കിൽ യുദ്ധമെന്നതാണ് പ്രഖ്യാപനം. യു.എസും ഇറാനുമായുള്ള ഭിന്നത ശക്തമാകുന്നതിൽ ആശങ്കയുണ്ടെന്ന് റഷ്യ വിശദീകരിച്ചിട്ടുണ്ട്.

യു.എ.ഇ. തീരത്ത് സൗദിയുടേതുൾപ്പെടെ നാല് എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടത് യു.എസ്.-ഇറാൻ ഭിന്നതയ്ക്ക് ആക്കംകൂട്ടിയിരുന്നു. ഇറാനോ അവരുമായി ബന്ധമുള്ളവരോ ആണ് ആക്രമണത്തിനുപിന്നിലെന്നാണ് യു.എസ്. ആരോപിക്കുന്നത്. ഗൾഫ് തീരത്ത് ഇറാൻ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നുവെന്നാരോപിച്ച് മേഖലയിൽ സൈനികവിന്യാസം യു.എസ്. ശക്തമാക്കിയിട്ടുണ്ട്.ഇതിനിടെയിലും യു.എസുമായുള്ള ഭിന്നതയിൽ അവരുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ പരമോന്നതനേതാവ് അയത്തൊള്ള ഖമേനിയും അറിയിച്ചു. തങ്ങൾ പ്രതിരോധ ആയുധങ്ങളും മിസൈലുകളും അടിയറവുവെക്കണമെന്നാണ് യു.എസ്. ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ അവരുമായി ചർച്ചയെന്ന ആശയംതന്നെ തെറ്റാണ്. ബുദ്ധിയുള്ള ആരും അത്തരത്തിൽ ചിന്തിക്കില്ല -ഖമേനി പറഞ്ഞു. സൗദി അറേബ്യയിലെ എണ്ണക്കുഴലുകൾക്കുനേരെയുണ്ടായ ആക്രമണം മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ഇറാൻ ആരോപിച്ചു. എണ്ണക്കുഴലുകൾക്ക് നേരെ ആക്രമണം നടത്തിയതരാണെന്ന് ഇതുവരെ കണ്ടെത്താനായില്ല. യുഎഇ അധികൃതരും പ്രതികരണത്തിന് തയ്യാറായില്ല. അതേസമയം, സൗദി അറേബ്യയിലെ എണ്ണ സ്‌റ്റേഷനുകൾക്ക് നേരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതി വിമതർ ഏറ്റെടുത്തു.

ഇറാനും അമേരിക്കയുമായുള്ള സംഘർഷം മൂർഛിക്കവേ അത്യാവശ്യമല്ലാത്ത സർക്കാർ ജീവനക്കാരോട് ഇറാഖ് വിടാൻ അമേരിക്ക നിർദ്ദേശിച്ചു. ഗൾഫിലെ സുരക്ഷാ ഭീഷണി പരിഗണിച്ച് ജർമനിയും നെതർലന്റ്സും ഇറാഖിലെ സൈനിക പരിശീലനം റദ്ദാക്കി. ജീവനക്കാരോട് വാണിജ്യ യാത്രാ മാർഗങ്ങൾ ഉപയോഗിച്ച് എത്രയും പെട്ടെന്ന് ഇറാഖ് വിടാനാണ് അമേരിക്ക ബഗ്ദാദിലെ എംബസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബഗ്ദാദിലെ യുഎസ് എംബസിയിലെയും ഇർബിലിലെ കോൺസുലേറ്റിലെയും സാധാരണ വിസാ സർവീസുകൾ താൽക്കാലികമായി റദ്ദാക്കും. അതു കൊണ്ട് തന്നെ ഇറാഖിലെ യുഎസ് പൗരന്മാർക്ക് അടിയന്തര സേവനങ്ങൾ ലഭ്യമാക്കുന്നതിന് തടസ്സം നേരിടുമെന്നും യുഎസ് സർക്കാർ അറിയിച്ചു. ഇറാൻ പിന്തുണയുള്ള ശക്തികൾ ഇറാഖിലെ അമേരിക്കൻ സേനയ്ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നതായി യുഎസ് സെൻട്രൽ കമാൻഡ് ചൊവ്വാഴ്‌ച്ച പ്രസ്താവിച്ചിരുന്നു. ഇറാഖിലെയും അമേരിക്കയിലെയും യുസ് സഖ്യ സൈന്യം അതീവ ജാഗ്രത പാലിക്കുന്നതായും അറിയിച്ചിരുന്നു.

വിമാനവാഹിനിക്കപ്പലും ബോംബറുകളും ഉൾപ്പെടെ വൻ സൈനിക വ്യൂഹത്തെ അമേരിക്ക ഗൾഫ് മേഖലയിൽ വിന്യസിച്ചുവരികയാണ്. ഇറാനിൽ നിന്നുള്ള ഭീഷണി പ്രതിരോധിക്കാനാണ് ഇതെന്നാണ് അമേരിക്കയുടെ അവകാശവാദം. അതേ സമയം, ഇറാനിൽ നിന്ന് പുതുതായി ഭീഷണിയൊന്നുമില്ലെന്നാണ് അമേരിക്കയുടെ സഖ്യകക്ഷികളായ ബ്രിട്ടന്റെയും ജർമനിയുടെയും നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP