Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കി; കാണ്ഡഹാറിൽ കോൺസുലേറ്റിൽ നിന്ന് 50 നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് ഇന്ത്യ; ഇന്ത്യൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും സുരക്ഷിതമാക്കാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ

അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കി; കാണ്ഡഹാറിൽ കോൺസുലേറ്റിൽ നിന്ന് 50 നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് ഇന്ത്യ; ഇന്ത്യൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും സുരക്ഷിതമാക്കാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ ഭീകര സംഘടനയായ താലിബാൻ പിടിമുറുക്കിയതോടെ കാണ്ഡഹാറിൽ കോൺസുലേറ്റിൽ നിന്ന് 50 ഓളം ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും ഒഴിപ്പിച്ചു. വ്യോമസേനാ വിമാനത്തിലാണ് നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്. കാണ്ഡഹാറിന് ചുറ്റുമുള്ള പ്രദേശങ്ങൾ താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി.

അഫ്ഗാനിസ്താനിലുടനീളം വഷളായി കൊണ്ടിരിക്കുന്ന സുരക്ഷാസ്ഥിതിഗതികൾ ഇന്ത്യ സുസൂക്ഷമം നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യൻ ഉദ്യോഗസ്ഥരും പൗരന്മാരും അപകടത്തിലാകാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അധികൃതർ പറയുന്നു.

നയതന്ത്ര ഉദ്യോഗസ്ഥരേയും മറ്റു ജീവനക്കാരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും ഡൽഹിയിലേക്ക് മാറ്റിയതിനെ തുടർന്ന് കാണ്ഡഹാറിലെ ഇന്ത്യൻ കോൺസുലേറ്റ് താത്കാലികമായി അടച്ചു.

യു.എസ്. സേനാ പിന്മാറ്റത്തെത്തുടർന്ന് അഫ്ഗാനിസ്താനിലെ വടക്കൻപ്രദേശങ്ങൾ ഇപ്പോൾ താലിബാൻ നിയന്ത്രണത്തിലാണ്. അഫ്ഗാനിസ്താന്റെ സുരക്ഷയും പുനർനിർമ്മാണവും യു.എസിന്റെ ഉത്തരവാദിത്വമല്ലെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മികച്ച ഭാവിയിലേക്ക് രാജ്യത്തെ നയിക്കാൻ അഫ്ഗാൻ നേതാക്കൾ ഒത്തുചേർന്ന് ശ്രമിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

യു.എസ്. സേനാ പിന്മാറ്റത്തിന് പിന്നാലെ അഫ്ഗാനിസ്ഥാന്റെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലായെന്ന് താലിബാൻ ്അവകാശപ്പെട്ടിരുന്നു. ഏറ്റുമുട്ടലുകളിലൂടെ പുതിയ പ്രദേശങ്ങൾ പിടിച്ചെടുക്കുകയും അമേരിക്കൻ സേന പിന്മാറുകയും ചെയ്തതോടെയാണ് രാജ്യത്തിന്റെ ഇത്രയും മേഖല നിയന്ത്രണത്തിലായതെന്ന് താലിബാൻ വ്യക്തമാക്കി. സംഘടനയുടെ ഒരു മുതിർന്ന നേതാവ് മോസ്‌കോയിൽ വച്ചാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

അഫ്ഗാനിസ്ഥാന്റെ 421-ൽ അധികം ജില്ലകളും താലിബാന്റെ നിയന്ത്രണത്തിലാണെന്നാണ് അവകാശവാദം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. താലിബാന്റെ പ്രഖ്യാപനം സംബന്ധിച്ച് അഫ്ഗാൻ സർക്കാരിൽനിന്ന് പ്രതികരണവും പുറത്തുവന്നിട്ടില്ല. എന്നാൽ അഫ്ഗാനിൽ താലിബാന്റെ മേധാവിത്തം ശക്തമാകുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അഫ്ഗാൻ മണ്ണിൽ നിന്ന് അമേരിക്ക തങ്ങളുടെ സൈന്യത്തെ പൂർണമായും പിൻവലിക്കുകയാണെന്ന് ഏപ്രിലിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സേന പിന്മാറ്റം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഓഗസ്റ്റ് 31 ന് അവസാന സൈനികനും അഫ്ഗാൻ വിടുമെന്നും ബൈഡൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 20 വർഷമായി തുടരുന്ന അമേരിക്കൻ സേനയെയാണ് ബൈഡൻ പിൻവലിക്കുന്നത്. താലിബാന്റെ ആക്രമണം ഭയന്ന് അഫ്ഗാൻ ഉദ്യോഗസ്ഥർ പോലും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്നുള്ള പലായനം ആരംഭിച്ചതായും അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥർ പോലും താലിബാനിൽ ചേർന്ന സംഭവങ്ങളുണ്ടായതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

അമേരിക്കയുടെ പിന്മാറ്റത്തോടെ ആഗോള ശക്തികൾ താലിബാനുമായുള്ള ആശയവിനിമയം ആരംഭിച്ചിരുന്നു, അതിനനുസരിച്ച് താലിബാന് കീഴിലുള്ള പ്രദേശങ്ങൾ വികസിക്കുകയും ചെയ്തു. ഇതോടൊപ്പം അഫ്ഗാനിസ്ഥാനിലെ സുരക്ഷ സാഹചര്യങ്ങൾ വഷളാവുകയും ചെയ്തു.

അഫ്ഗാനിസ്ഥാനിലെ കാബുൾ, കാണ്ഡഹാർ, മസർ ഇ ഷരീഫ് എന്നിവിടങ്ങളിലുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരെയാണ് ഇന്ത്യ ഒഴിപ്പിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ എംബസികൾക്കും കോൺസുലേറ്റുകൾക്കും അവിടെ പ്രവർത്തിക്കാനാകാത്ത സാഹചര്യമാണെന്നും കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP