Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗഹൃദ രാഷ്ട്ര പദവിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പാക് ഉത്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ഇന്ത്യയുടെ ഇരട്ട പ്രഹരം; പാക്കിസ്ഥാൻ ഇന്ത്യയിൽ വിൽപനയ്ക്ക് എത്തിക്കുന്ന ഉത്പന്നങ്ങൾക്ക് കസ്റ്റംസ് നികുതി കൂട്ടിയത് 200 ശതമാനം; ലോകത്തിലെ പല രാഷ്ട്രങ്ങളും വൻ വിപണിയായി കാണുന്ന ഇന്ത്യ അയൽക്കാരോട് തിരിച്ചടിക്കുന്നത് വ്യാപാരയുദ്ധം പ്രഖ്യാപിച്ചു തന്നെ; രാജ്യത്തെ വിപണി മുതലാക്കുന്ന ചൈനയ്ക്കും താക്കീതായി ഇന്ത്യയുടെ പുതുതന്ത്രം

സൗഹൃദ രാഷ്ട്ര പദവിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പാക് ഉത്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ഇന്ത്യയുടെ ഇരട്ട പ്രഹരം; പാക്കിസ്ഥാൻ ഇന്ത്യയിൽ വിൽപനയ്ക്ക് എത്തിക്കുന്ന ഉത്പന്നങ്ങൾക്ക് കസ്റ്റംസ് നികുതി കൂട്ടിയത് 200 ശതമാനം; ലോകത്തിലെ പല രാഷ്ട്രങ്ങളും വൻ വിപണിയായി കാണുന്ന ഇന്ത്യ അയൽക്കാരോട് തിരിച്ചടിക്കുന്നത് വ്യാപാരയുദ്ധം പ്രഖ്യാപിച്ചു തന്നെ; രാജ്യത്തെ വിപണി മുതലാക്കുന്ന ചൈനയ്ക്കും താക്കീതായി ഇന്ത്യയുടെ പുതുതന്ത്രം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പുൽവാമയിൽ 40 ഇന്ത്യൻ സൈനികരുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ തുടർച്ചയായ രണ്ടാംദിവസവും നടപടികൾ കടുപ്പിച്ച ഇന്ത്യ. ജയ്‌ഷെ മുഹമ്മദിന്റെ നേതൃത്വത്തിൽ നടന്ന ഭീകരാക്രമണത്തിന് പാക്കിസ്ഥാൻ ആണ് എല്ലാ സഹായവും നൽകുന്നതെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ തന്നെ പാക്കിസ്ഥാനെ സൗഹൃദരാഷ്ട്ര പദവിയിൽ നിന്ന് ഇന്ത്യ ഒഴിവാക്കുകയും ചെയ്തു. നയതന്ത്ര തലത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്ന നടപടികൾക്ക് ഇതോടെ ഇന്ത്യ തുടക്കം കുറിക്കുകയായിരുന്നു. ഇതിന്റെ അടുത്ത പടിയെന്നോണം ഇന്ന് പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി തീരുവ ഒറ്റയടിക്ക് 200 മടങ്ങ് വർദ്ധിപ്പിക്കുകയായിരുന്നു. ഇതോടെ പാക് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ കമ്പോളസാധ്യത തീരെ ഇല്ലാതാകുന്ന സ്ഥിതിയാണ് ഉണ്ടാവുക.

ഇന്ത്യയിൽ തീവ്രവാദി ആക്രമണങ്ങൾക്ക് ഒളിഞ്ഞും തെളിഞ്ഞും സഹായം നൽകുന്ന രാജ്യമാണ് പാക്കിസ്ഥാൻ. ഈ സന്ദേശം ലോകമാകെ പടർന്നതോടെ പുൽവാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യയെ അനുകൂലിച്ച് അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടെ നിരവധി ലോക രാഷ്ട്രങ്ങൾ പാക്കിസ്ഥാനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തി. ഇന്ത്യയുടെ സൗഹൃദ രാഷ്ട്രങ്ങളെല്ലാം പാക്കിസ്ഥാനെതിരെ നിലപാടെടുത്തു. ഇന്ത്യക്കൊപ്പമാണ് ഞങ്ങളെന്ന നിലപാടും സ്വീകരിച്ചു. ഭീകരപ്രവർത്തനത്തെ സഹായിക്കുന്ന നിലപാട് ഉപേക്ഷിക്കണമെന്ന് അമേരിക്ക ശക്തമായ താക്കീതും നൽകി.

ഇത്തരത്തിൽ നയതന്ത്ര ഒറ്റപ്പെടുത്തലിന് ഇന്ത്യ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുന്നതിനിടെയാണ് ഇപ്പോൾ പാക്കിസ്ഥാന് ഇരുട്ടടിയായി ഇന്ത്യ അടുത്ത നീക്കമായി കസ്റ്റംസ് തീരുവ ഒറ്റയടിക്ക് 200 മടങ്ങ് കൂട്ടുന്നത്. ഇതോടെ പാക് ഉത്പന്നങ്ങൾ വാങ്ങാൻ ഇന്ത്യയിൽ ആളില്ലാത്ത സ്ഥിതിയാകും. ലോകത്തെ ചൈനയുൾപ്പെടെ പാക്കിസ്ഥാനുമായി കൂടുതൽ സൗഹൃദം കൽപിക്കുന്ന പല രാജ്യങ്ങൾക്കും ശക്തമായ താക്കീതു കൂടിയാണ് ഇതെന്ന സൂചനയാണ് ഇന്ത്യ നൽകുന്നത്.

ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് ശനിയാഴ്ച വൈകീട്ട് ട്വിറ്ററിലൂടെ പാക്കിസ്ഥാന് ഇറക്കുമതി ചുങ്കം 200ശതമാനം കൂട്ടാൻ തീരുമാനിച്ച വിവരം പ്രഖ്യാപിച്ചത്. യാതൊരു വിവേചനവും കൂടാതെ ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര ബദ്ധം ഉറപ്പാക്കുന്നതായിരുന്നു സൗഹൃദ രാഷ്ട്ര പദവി. ആദ്യഘട്ടമെന്ന നിലയിൽ ഇന്നലെ ഈ പദവിയിൽ നിന്ന് പാക്കിസ്ഥാനെ നീക്കിയതിന് പിന്നാലെയാണ് ഇന്ന് ഇറക്കുമതിച്ചുങ്കത്തിൽ ഇരട്ടപ്രഹരം നൽകിയിട്ടുള്ളത്. സാമ്പത്തികമായി വളരെ ഞെരുക്കത്തിലുള്ള രാജ്യമാണ് പാക്കിസ്ഥാൻ എന്നതിനാൽ ഇത്തരത്തിൽ ഇന്ത്യ സൃഷ്ടിക്കുന്ന വ്യാപാരപ്രഹരം അവർക്ക് സമ്മർദ്ദം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തലുകൾ.

പ്രധാനമായും പഴവർഗങ്ങൾ, സിമന്റ്, തുകൽ, രാസവസ്തുക്കൾ, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയാണ് ഇന്ത്യ പാക്കിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഇവയ്ക്കുള്ള ചുങ്കമാണ് ഉയരുക. ഇരു രാജ്യങ്ങളും തമ്മിൽ ശരാശരി പ്രതിവർഷം 200 കോടി ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. അതേസമയം, ഇന്ത്യ പാക്കിസ്ഥാനിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ കാര്യത്തിലും ഇത്തരത്തിൽ പാക്കിസ്ഥാൻ നിലപാടെടുത്തേക്കുമെന്ന സൂചനകളും വരുന്നുണ്ട്. പരുത്തി, ഡൈകൾ, രാസവസ്തുക്കൾ, പച്ചക്കറികൾ, ഇരുമ്പുരുക്ക് തുടങ്ങിയവയാണ് ഇന്ത്യ പാക്കിസ്ഥാനിലേക്ക് കയറ്റി അയക്കുന്ന പ്രധാന വിഭവങ്ങൾ.

നയതന്ത്ര ലോകത്ത് പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്ന ശ്രമങ്ങൾക്ക് കൂടുതൽ കരുത്തു പകരുന്നതാകും പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. ഒറ്റയടിക്ക് 200 ശതമാനം കൂട്ടിയതോടെ എല്ലാ പാക് ഉത്പന്നങ്ങളും ഇനി കൂടിയ വിലയ്‌ക്കേ ഇന്ത്യയിൽ വിൽക്കാൻ കഴിയൂ. ഒരു തരത്തിൽ ഉപരോധത്തിന്റെ തന്നെ ഫലം ചെയ്യുന്ന നിലയിലാണ് ഇന്ത്യയുടെ പുതിയ നയതന്ത്ര നീക്കമെന്നാണ് വിലയിരുത്തൽ.

ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് എല്ലാം ആളും അർത്ഥവും നൽകുന്ന രാഷ്ട്രമാണ് പാക്കിസ്ഥാൻ എന്നതിനാൽ അവർക്കെതിരെ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളാൻ ഇന്ന് സർവകക്ഷി യോഗത്തിലും തീരുമാനം ഉണ്ടായിരുന്നു. രാജ്യം ഒറ്റക്കെട്ടാണ് എന്ന സന്ദേശം നൽകിയാണ് ഇന്നത്തെ യോഗത്തിൽ എല്ലാ കക്ഷികളും പാക് പിന്തുണയോടെയുള്ള ഇന്ത്യയിലെ ഭീകരാക്രമണത്തെ അപലപിച്ചത്. ഇതിന്റെ പിന്നാലെയാണ് കേന്ദ്രസർക്കാർ പുതിയ നടപടി കൈക്കൊണ്ടതെന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP