Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫിംഗർ നാലിനും എട്ടിനും ഇടയിലുള്ള പ്രദേശം ഒഴിയാതെ ചൈനീസ് പട്ടാളം മസിൽ പിടിച്ചപ്പോൾ കൗശലം പ്രയോഗിച്ച് ഇന്ത്യൻ സൈന്യം; റെച്ചിൻ ലായിലും, റെസാങ് ലായിലും ഇന്ത്യൻ ടാങ്കുകൾ ഉരുണ്ടു; മുമ്പ് ഒരിക്കലും ചിന്തിച്ചിട്ട് പോലുമില്ലാത്ത നീക്കം നടത്തിയത് സ്പെഷ്യൽ ഫോഴ്സസ്; ഓഗസ്റ്റിലെ ആ 'ബ്രഹ്മാസ്ത്രത്തിൽ' ചൈന മുട്ടുകുത്തി

ഫിംഗർ നാലിനും എട്ടിനും ഇടയിലുള്ള പ്രദേശം ഒഴിയാതെ ചൈനീസ് പട്ടാളം മസിൽ പിടിച്ചപ്പോൾ കൗശലം പ്രയോഗിച്ച് ഇന്ത്യൻ സൈന്യം; റെച്ചിൻ ലായിലും, റെസാങ് ലായിലും ഇന്ത്യൻ ടാങ്കുകൾ ഉരുണ്ടു; മുമ്പ് ഒരിക്കലും ചിന്തിച്ചിട്ട് പോലുമില്ലാത്ത നീക്കം നടത്തിയത് സ്പെഷ്യൽ ഫോഴ്സസ്; ഓഗസ്റ്റിലെ ആ 'ബ്രഹ്മാസ്ത്രത്തിൽ' ചൈന മുട്ടുകുത്തി

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ഒമ്പത് മാസത്തിലേറെ നീണ്ട സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായി പാംഗോങ് നദീതീരത്ത് നിന്നുള്ള ഇന്ത്യൻ-ചൈനീസ് സൈനിക പിന്മാറ്റത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. പാംഗോങ് നദിയുടെ തെക്ക്-വടക്ക് തീരങ്ങളിൽ നിന്നാണ് സൈനികർ പിന്മാറിയത്. മുതിർന്ന സൈനിക കമാൻഡർതല ചർച്ചകളുടെ അടുത്ത റൗണ്ട് ശനിയാഴ്ചയാണ്. ആദ്യഘട്ട സൈനിക പിന്മാറ്റം പൂർത്തിയായി 48 മണിക്കൂറിനകം പത്താമത് റൗണ്ട് ചർച്ച നടത്തണമെന്നാണ് നിശ്ചയിച്ചിരുന്നത്. ശനിയാഴ്ച രാവിലെ 10 ന് ചൈനയുടെ അധീനതയിലുള്ള ചുഷുൽ-മോൾഡോ അതിർത്തി കൂടിക്കാഴ്ചാ പോയിന്റിലാണ് ചർച്ച നടക്കുക.

ഫെബ്രുവരി 19 നകം ആദ്യഘട്ട പിന്മാറ്റം പൂർത്തിയാക്കാനായിരുന്നു ധാരണ. നിശ്ചയിച്ചത് പോലെ കൂടിയാലോചനായോഗവും കൃത്യസമയത്ത് നടക്കും. പാംഗോങ് നദിയുടെ തെക്ക്-വടക്ക് തീരത്തെ മുന്നണിയിലുള്ള സൈനികർ പിൻവാങ്ങിയോ എന്ന് വ്യക്തമല്ല. നദീതരത്തിന് ചുറ്റുമുള്ള മലനിരകളിൽ തമ്പടിച്ചിരുന്ന സൈനികരാണ് പിൻവാങ്ങിയത്. നാലുഘട്ടങ്ങളിലായാണ് സൈനിക പിന്മാറ്റത്തിൽ ധാരണയായത്. ആദ്യം സൈനിക് ക്യാമ്പുകളും ആയുധങ്ങളും കവചിതവാഹനങ്ങളുമൊക്കെ നീക്കിയ ശേഷം സൈനികരെ മാറ്റി.

അടുത്തഘട്ടചർച്ചയിൽ മറ്റുസംഘർഷ മേഖലകളിൽ നിന്നുള്ള സൈനിക പിന്മാറ്റമായിരിക്കും ആലോചിക്കുക. ഡെപ്‌സാങ്ങിൽ നിന്നും, ഹോട്‌സ്പ്രിങ്‌സ്-ഗോഗ്ര മേഖലയിലെ പട്രോളിങ് പോയിന്റ് 15, , 17 എ എന്നീ മേഖലകളും ഇതിൽ ഉൾപ്പെടുന്നു.ഡെപ്‌സാങ്ങിലെ തർക്കം നിലവിലെ സംഘർഷം തുടങ്ങും മുമ്പ് തന്നെ നിലനിൽക്കുന്നതാണെന്ന് സൈനിക ഉദ്യോഗസ്ഥർ ആവർത്തിക്കാറുണ്ട്. എന്നാൽ, ഇന്ത്യയുടെ ദൗലത്ത് ബേഗ് ഓൾഡി പോസ്റ്റിനും എയർസ്ട്രിപ്പിനും ദുർബുക്-ദൗലത്ത്‌ബേഗ് ഓൾഡി റോഡിനും വളരെ അടുത്തതും കാരക്കോണം പാസിൽ നിന്ന് വളരെ അകലെയും അല്ലാത്തുതുമായ ഡെപ്‌സാങ് തന്ത്രപ്രധാന മേഖലയാണ്.

മേഖലയിൽ നിന്ന് നൂറുകണക്കിനു ടെന്റുകളും ബങ്കറുകളും നീക്കം ചെയ്തതായി സാറ്റലൈറ്റ് ചിത്രങ്ങളിൽ വ്യക്തമാണ്. കിഴക്കൻ ലഡാക്ക് അതിർത്തിയിൽ കഴിഞ്ഞ 10 മാസങ്ങൾക്കിടെ ചൈന നിർമ്മിച്ചവയാണ് വ്യാപകമായി പൊളിച്ചു മാറ്റിയത്. ഇതിന്റെ ദൃശ്യങ്ങളും സൈന്യം ബുധനാഴ്ച പുറത്തുവിട്ടിരുന്നു.ഇതിൽ മേഖലയിലെ ടെന്റുകളും ബങ്കറുകളും മണ്ണുമാന്തി യന്ത്രമുപയോഗിച്ചു നീക്കം ചെയ്യുന്നതു കാണാം. ചൈനീസ് സൈനികർ വാഹനങ്ങളിൽ സ്ഥലം വിടുന്നതും ടാങ്കുകൾ നീക്കുന്നതും സൈന്യം പുറത്തു വിട്ട ദൃശ്യങ്ങളിലുണ്ട്. സമാന രീതിയിലുള്ള പിന്മാറ്റം ഇന്ത്യയും നടത്തുന്നു. പാംഗോങ് തടാകത്തിന്റെ വടക്കൻ തീരത്തു നിന്നുള്ള സേനാ പിന്മാറ്റത്തിന്റെ പുരോഗതി ഇന്ത്യ, ചൈന സേനകൾ പരിശോധിച്ചു

തടാകത്തിന്റെ വടക്കൻ തീരത്തെ എട്ടാം മലനിരയ്ക്കപ്പുറത്തേക്കു (ഫിംഗർ 8) ചൈനീസ് സേനയും മൂന്നാം മലനിരയ്ക്കു സമീപമുള്ള ധാൻ സിങ് ഥാപ്പാ പോസ്റ്റിലേക്ക് ഇന്ത്യൻ സേനയും പിന്മാറണമെന്ന് കഴിഞ്ഞ ദിവസം ധാരണയായിരുന്നു. ഇന്ത്യയും ചൈനയും സംഘർഷഭൂമിയായ കിഴക്കൻ ലഡാക്കിൽ നിന്ന് പിന്മാറ്റം തുടങ്ങിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം പാർലമെന്റിനെ അറിയിച്ചിരുന്നു.ഇന്ത്യ പട്രോളിങ് നടത്തിയിരുന്ന ഫിംഗർ 4 ലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ചു കയറിയതാണ് കഴിഞ്ഞ വർഷം മേയിൽ സംഘർഷത്തിനു തുടക്കമിട്ടത്. ജൂൺ 14ന് ഗൽവാൻ താഴ്‌വരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 20 സൈനികർ വീരമൃത്യു വരിച്ചിരുന്നു.

പത്താം റൗണ്ടിൽ എന്തുസംഭവിക്കും?

പത്താം റൗണ്ട് ചർച്ചകൾ ശനിയാഴ്ച നിശ്ചയിച്ചത് പോലെ നടക്കാൻ കാരണം, ഇരുപക്ഷവും ഫിംഗർ ഫോറിന് അടുത്തുള്ള മലനിരകളും പാംഗോങ് സോയുടെ വടക്കൻ തീരവും ഒഴിഞ്ഞതുകൊണ്ടാണ്. ഇന്ത്യൻ സൈനികർ മാഗർഹിൽ, ഗുരുങ് ഹിൽസ മുഖ്പാരി, റെച്ചിൻലാ, റെസാങ്‌ലാ എന്നിവയിൽ നിന്നും പിന്മാറി. ഓഗസ്റ്റ് അവസാനത്തോടെയാണ് ഇവിടങ്ങളിൽ ഇന്ത്യ നിലയുറപ്പിച്ചത്. ഇതോടെ തന്ത്രപ്രധാനമായ സ്പാങ്ഗുർ ഗ്യാപ്പിലും ചൈനയുടെ മോൾഡോ ഗാരിസണും മേലേ ഇന്ത്യക്ക് ആധിപത്യം കൈവന്നിരുന്നു. ഇന്ത്യയുടെ ഈ ആധിപത്യം ഭയന്നാണ് പാംഗോങ്ങിന്റെ വടക്കൻ തീരത്ത് ഫിംഗർ എട്ടിൽ നിന്ന് പട്ടാളത്തെ ഒഴിപ്പിക്കാൻ ചൈന സമ്മതിച്ചത്.

ഏതായാലും ഇത്തവണ പിന്മാറ്റ കരാർ രേഖാമൂലം ഒപ്പുവയ്ക്കുകയും ഉന്നതാസ്ഥാനത്ത് നിന്ന് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ ദിവസവും ഫ്‌ളാഗ് മീറ്റിങ്ങിനിടെ കാര്യങ്ങൾ വിലയിരുത്തി. സാറ്റലൈറ്റ് ചിത്രങ്ങളും വ്യോമസേനയുടെ നിരീക്ഷണവും എല്ലാം പിന്മാറ്റം ശരിവച്ചു. 2020 ഏപ്രിലിന് ശേഷം ചൈന കെട്ടിപ്പൊക്കിയ നിർമ്മാണങ്ങൾ പൊളിച്ചുകളയാനും, ഇന്ത്യൻ മേഖലകളിൽ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനം ഒഴിവാക്കാനും ചൈന സമ്മതിച്ചിട്ടുണ്ട്.

ഫിംഗർ നാലിനും എട്ടിനും ഇടയിലുള്ള പ്രദേശം ഒഴിയാൻ നേരത്തെ പീപ്പിൾസ് ലിബറേഷൻ ആർമി സന്നദ്ധമായിരുന്നില്ല. എന്നാൽ, ഓഗസ്റ്റ് അവസാനത്തോടെ കഥ മാറി. കൈലാസ നിരകളിലുള്ള റെച്ചിൻ ലാ-റെസാങ് ലാ മേഖലയിൽ ഇന്ത്യൻ സൈന്യത്തിന്റെ സ്‌പെഷ്യൽ ഫോഴ്‌സസ് ആധിപത്യം സ്ഥാപിച്ചതോടെ പിഎൽഎയുടെ മോൾഡോ ഗാരിസണും അതിനും അപ്പുറമുള്ള പ്രദേശങ്ങളിലും ഇന്ത്യക്ക് ആധിപത്യമായി. റെച്ചിൻ ലായിലും, റെസാങ് ലായിലും ടാങ്കുകൾ എത്തിക്കാൻ കഴിഞ്ഞു. ഇത് നേരത്തെ ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല, ഇതാണ് പിഎൽഎയെ മുട്ടുകുത്തിച്ചതും ചർച്ചാവേദിയിലേക്ക് വരാൻ നിർബന്ധിതമാക്കിയതും, നോർത്തേൺ ആർമി കമാൻഡന്റ് ജനറൽ, വൈ.കെ.ജോഷി പറഞ്ഞു. ചർച്ചകൾ സൈനിക പിന്മാറ്റത്തിലേക്ക് നയിക്കാൻ സമ്മർദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഈ മുൻതൂക്കം നേടിയത്. വടക്കൻ മേഖലയിലെ ചൈനീസ് സാന്നിധ്യം ഒഴിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ഇന്ത്യക്കായത് സൈന്യത്തിന്റെ ധീരതയും മിടുക്കും ഒന്നുകൊണ്ട് മാത്രം.

ഗൽവാൻ താഴ്‌വരയിൽ നാല് സൈനികർ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് ചൈന

നാല് സൈനികരാണ് ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചതെന്നാണ് ചൈന സ്ഥിരീകരിച്ചിരിക്കുന്നത്. അതോടൊപ്പം ഇവരുടെ പേരുവിവരങ്ങളും പുറത്തുവിട്ടു.ആദ്യമായിട്ടാണ് ഗൽവാനിൽ സൈനികർ കൊല്ലപ്പെട്ടുവെന്ന് ചൈന സമ്മതിക്കുന്നത്. ഈ സൈനികർക്ക് മരണാനന്തര പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു.

ഏറ്റുമുട്ടലിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്നു റഷ്യൻ വാർത്താ ഏജൻസിയായ ടാസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സൈനികരുടെ മരണം ഔദ്യോഗികമായി ചൈന സ്ഥിരീകരിച്ചിരുന്നില്ല.കഴിഞ്ഞ ജൂണിലായിരുന്നു ഗൽവാൻ താഴ്‌വരയിൽ ഇന്ത്യയും- ചൈനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP