Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'നെയ്മറെ വിറ്റൊഴിവാക്കണം, ഹാരി കെയ്നെ കൊണ്ടുവരണം, സിദ്ദാനെ പരിശീലകനാക്കണം'; പി.എസ്.ജിയിൽ തുടരാൻ എംബാപ്പെ മുന്നോട്ടുവെച്ചത് മൂന്ന് ആവശ്യങ്ങൾ; കരാർ പുതുക്കിയത് ചില വ്യവസ്ഥകൾ ക്ലബ്ബ് അംഗീകരിച്ചതോടെയെന്ന് റിപ്പോർട്ട്

'നെയ്മറെ വിറ്റൊഴിവാക്കണം, ഹാരി കെയ്നെ കൊണ്ടുവരണം, സിദ്ദാനെ പരിശീലകനാക്കണം'; പി.എസ്.ജിയിൽ തുടരാൻ എംബാപ്പെ മുന്നോട്ടുവെച്ചത് മൂന്ന് ആവശ്യങ്ങൾ; കരാർ പുതുക്കിയത് ചില വ്യവസ്ഥകൾ ക്ലബ്ബ് അംഗീകരിച്ചതോടെയെന്ന് റിപ്പോർട്ട്

സ്പോർട്സ് ഡെസ്ക്

പാരിസ്: സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങൾക്കൊടുവിലാണ് ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെ ഈ വർഷം മേയിൽ പിഎസ്ജിയുമായുള്ള കരാർ പുതുക്കിയത്. സീസണിന് മുന്നോടിയായി ഒരു ഫ്രീ ട്രാൻസ്ഫറിൽ മാഡ്രിഡിലേക്ക് പറക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ മൂന്ന് വർഷത്തേക്ക് കൂടി 24കാരനായ താരം പിഎസ്ജിയുമായുള്ള കരാർ ദീർഘിപ്പിക്കുകയായിരുന്നു.

ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് കരാർ പുതുക്കിയതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇതു പാലിക്കുന്നതിൽ പിഎസ്ജി പരാജയപ്പെട്ടതിൽ താരം അസന്തുഷ്ടനാണെന്നാണ് നിലവിലെ റിപ്പോർട്ട്. ഇതോടെ അടുത്ത വർഷം ക്ലബ് വിടുമെന്ന് താരം ഭീഷണി ഉയർത്തിയെന്നുമാണ് ഉയർന്നുകേൾക്കുന്നത്.

അങ്ങനെ ചെയ്യാതിരിക്കാൻ മൂന്ന് നിബന്ധനകൾ താരം അധികൃതർക്ക് മുന്നിൽ വച്ചുവെന്നുമാണ് സ്പാനിഷ് മാധ്യമമായ ഒകെ ഡയറിയോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്രസീലിയൻ സ്ട്രൈക്കർ നെയ്മറെ വിൽക്കാൻ എംബാപ്പെ ക്ലബിനോട് ആവശ്യപ്പെട്ടതായാണ് വിവരം. ഇരുതാരങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ പരസ്യമായ കാര്യമാണ്.

നേരത്തെ പെനാൽറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുതാരങ്ങളും കളിക്കളത്തിൽവച്ച് തർക്കിച്ചത് ഏറെ ചർച്ചയായിരുന്നു. പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയർക്ക് പകരം ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാനെ കൊണ്ടുവരണമെന്നാണ് താരത്തിന്റെ രണ്ടാമത്തെ ആവശ്യം. 2021ൽ റയൽ മാഡ്രിഡ് പരിശീലകസ്ഥാനം ഒഴിഞ്ഞതിന് ശേഷം സിനദിൻ സിദാൻ മറ്റൊരു ടീമിന്റെയും ചുമതലയേറ്റെടുത്തിട്ടില്ല.

ഇംഗ്ലീഷ് ക്ലബ് ടോട്ടനം സ്ട്രൈക്കർ ഹാരി കെയ്നെ ടീമിലെത്തിക്കണമെന്നതാണ് എംബാപ്പെയുടെ മൂന്നാമത്തെയും അവസാനത്തെയും വ്യവസ്ഥയെന്നും ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം ഫ്രഞ്ച് വമ്പന്മാർക്കായി ഈ സീസണിൽ 20 മത്സരങ്ങളിൽ നിന്നായി 19 ഗോളുകളും അഞ്ച് അസിസ്റ്റുകളും എംബാപ്പെ നേടിയിട്ടുണ്ട്. ലോകകപ്പിന് ശേഷം തന്റെ വിശ്രമം വെട്ടിച്ചുരുക്കിയ താരം ക്ലബിനൊപ്പം പരിശീലനം പുനരാരംഭിക്കുകയും ചെയ്തിരുന്നു.

എംബാപ്പെ ടീമിലെത്തിയിട്ട് ഇതുവരെ ചാംപ്യൻസ് ലീഗ് കിരീടം നേടാൻ പി.എസ്.ജിക്ക് സാധിച്ചിട്ടില്ല. ചാംപ്യൻസ് ലീഗ് കിരീടമില്ലാത്തത് തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട കുറവായി മാറുമെന്നാണ് എംബാപ്പെയുടെ ഭയം. അത് ഒഴിവാക്കുന്നതിനാണ് സിദാനെ കൊണ്ടുവരണമെന്ന് എംബാപ്പെ ആവശ്യപ്പെടുന്നത്. ഇതിനോടകം മികച്ച പരിശീലകനായി പേരെടുത്ത സിദാന്റെ കീഴിൽ പി.എസ്.ജിക്ക് ചാംപ്യൻസ് ലീഗ് ജയിക്കാനാകുമെന്നും താരം വിശ്വസിക്കുന്നു.

നിലവിൽ, 2024-2025 സീസൺ വരെയാണ് എംബാപ്പെയ്ക്ക് പാരീസ് സെന്റ് ജെർമെയ്നുമായി കരാറുള്ളത്. എന്നിരുന്നാലും, ക്ലബിലെ അവസ്ഥയിൽ അദ്ദേഹം അതൃപ്തനാണെന്ന് ലോകകപ്പിന് മുമ്പ് തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. റയൽ മാഡ്രിഡ് ഉൾപ്പടെ മറ്റിടങ്ങളിലേക്ക് മാറുന്ന കാര്യം കുറച്ചുകാലമായി എംബാപ്പെ പരിഗണിക്കുന്നുണ്ട്. കരാർ പുതുക്കിയ സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പി.എസ്.ജി മാനേജ്‌മെന്റ് പരാജയപ്പെട്ടതായി എംബാപ്പെയ്ക്ക് പരാതിയുണ്ട്. അതിനിടെ ക്ലബ് വിടുമെന്ന് എംബാപ്പെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

എംബാപ്പെയെ സ്വന്തമാക്കാനുള്ള താത്പര്യം ഇപ്പോഴും റയൽ മാഡ്രിഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. 877 മില്യൺ പൗണ്ട് നൽകി എംബാപ്പെയെ സ്വന്തമാക്കാനും റയൽ ഒരുക്കമായിരുന്നു, എന്നാൽ പിഎസ്ജി വിടാൻ താത്പര്യം ഉണ്ടെന്ന് എംബാപ്പെ പിഎസ്ജിയെ അറിയിച്ചാൽ മാത്രമാവും ട്രാൻസ്ഫറിനായി ശ്രമിക്കുക എന്ന നിബന്ധന റയൽ മാഡ്രിഡ് മുന്നോട്ട് വച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP