Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐ എസ് എല്ലിൽ മിന്നും ജയവുമായി ബെംഗളൂരു എഫ്.സി; കരുത്തരായ മുംബൈ എഫ്.സിയെ കീഴടക്കിയത് രണ്ടിനെതിരെ നാല് ഗോളുകൾക്ക്; ഇരട്ട ഗോളുകളുമായി നായകൻ സുനിൽ ഛേത്രിയും ക്ലെയിറ്റൺ സിൽവയും

ഐ എസ് എല്ലിൽ മിന്നും ജയവുമായി ബെംഗളൂരു എഫ്.സി; കരുത്തരായ മുംബൈ എഫ്.സിയെ കീഴടക്കിയത് രണ്ടിനെതിരെ നാല് ഗോളുകൾക്ക്; ഇരട്ട ഗോളുകളുമായി നായകൻ സുനിൽ ഛേത്രിയും ക്ലെയിറ്റൺ സിൽവയും

സ്പോർട്സ് ഡെസ്ക്

ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിൽ മിന്നും ജയവുമായി ബെംഗളൂരു എഫ്.സി. കരുത്തരായ മുംബൈ എഫ്.സിയെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബെംഗളുരു കീഴടക്കിയത്.

ഇരട്ട ഗോളുകളുമായി നിറഞ്ഞ നായകൻ സുനിൽ ഛേത്രിയുടേയും ക്ലെയിറ്റൺ സിൽവയുടേയും തകർപ്പൻ പ്രകടനമാണ് ബെംഗളുരുവിന് മിന്നും ജയം സമ്മാനിച്ചത്. മുംബൈയ്ക്ക് വേണ്ടി ആദം ലെ ഫോൺഡ്രെയും ഇരട്ടഗോളുകൾ നേടി. സുനിൽ ഛേത്രി മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി

ഈ വിജയത്തോട ബെംഗളൂരു പോയന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ മുംബൈ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് മുംബൈ ബെംഗളൂരുവിനെ തോൽപ്പിച്ചിരുന്നു.

മത്സരം തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ മുംബൈ എഫ്.സിയെ ഞെട്ടിച്ചുകൊണ്ട് ബെംഗളൂരു ലീഡെടുത്തു. ആദ്യ മുന്നേറ്റത്തിൽ തന്നെയാണ് ബെംഗളൂരു ഗോൾ നേടിയത് എന്ന പ്രത്യേകതയുമുണ്ട്.പന്ത് പിടിച്ചെടുത്ത് മുന്നേറിയ ഉദാന്ത സിങ് മികച്ച ഒരു പാസ് ക്ലെയ്റ്റൺ സിൽവയ്ക്ക് നൽകി. പന്ത് പിടിച്ചെടുത്ത സിൽവ അനായാസം പന്ത് വലയിലെത്തിച്ചു.

ഗോൾ വഴങ്ങിയതോടെ മുംബൈ ആക്രമിച്ച് കളിക്കാൻ തുടങ്ങി. ബെംഗളൂരു പ്രതിരോധത്തിലേക്കും നീങ്ങി. ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ മുംബൈയക്ക് സാധിച്ചു. 19-ാം മിനിട്ടിൽ ആദം ലെ ഫോൺഡ്രെയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് അത് മുതലാക്കാനായില്ല.

മത്സരത്തിന്റെ 22-ാം മിനിട്ടിൽ മുബൈയുടെ നെഞ്ചകം തകർത്ത് ബെംഗളൂരു രണ്ടാം ഗോൾ നേടി. ഇത്തവണയും ക്ലെയിറ്റൺ സിൽവ തന്നെയാണ് സ്‌കോർ ചെയ്തത്. ഫ്രീകിക്കിൽ നിന്നാണ് ഗോൾ പിറന്നത്.

ഉദാന്ത സിങ്ങിനെ ബിപിൻ ഫൗൾ ചെയ്തതിന്റെ ഫലമായി ബെംഗളൂരുവിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത സിസ്‌കോ കൃത്യമായി പന്ത് ബോക്സിലേക്കെത്തിച്ചു. ഉയർന്നുവന്ന പന്ത് ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ സിൽവ ഗോളാക്കി മാറ്റി. ഇതോടെ ആദ്യപകുതിയിൽ സ്‌കോർ 2-0 എന്ന നിലയിലായി.

രണ്ടാം പകുതിയിൽ രണ്ടും കൽപ്പിച്ചാണ് മുംബൈ കളിക്കാനിറങ്ങിയത്. അതിന് ഫലവും കണ്ടു. 49-ാം മിനിട്ടിൽ ആദം ലെ ഫോൺഡ്രെയിലൂടെ മുംബൈ ഒരു ഗോൾ തിരിച്ചടിച്ചു. സായ് ഗൊദാർഡിൽ നിന്നും പാസ്സ് സ്വീകരിച്ച ഫോൺഡ്രെ അനായാസം പന്ത് വലയിലെത്തിച്ചു. ഇതോടെ സ്‌കോർ 2-1 എന്ന നിലയിലായി.

എന്നാൽ മുംബൈയുടെ ആഹ്ലാദം വെറും അഞ്ചുമിനിട്ട് മാത്രമാണ് നീണ്ടുനിന്നത്. ഗോൾ വഴങ്ങിയതോടെ വീണ്ടും ആക്രമണ ഫുട്ബോളിലേക്ക് ഗിയർ മാറ്റിയ ബെംഗളൂരു 56-ാം മിനിട്ടിൽ മത്സരത്തിലെ മൂന്നാം ഗോൾ നേടി. ഇത്തവണ നായകൻ സുനിൽ ഛേത്രിയാണ് ഗോൾ നേടിയത്. തന്റെ 200-ാം മത്സരത്തിൽ സ്‌കോർ ചെയ്ത് ഛേത്രി താരമായി. ഗോൾകീപ്പർ ഗുർപ്രീത് നീട്ടി നൽകിയ പാസ്സ് സ്വീകരിച്ച ഛേത്രി മുംബൈ ഗോൾകീപ്പർ അമരീന്ദറിനെ കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ചു.



രണ്ടാം പകുതിയിൽ, പരിക്കേറ്റ് ദീർഘകാലം കളിക്കാതിരുന്ന മലയാളി താരം ആഷിഖ് കുരുണിയൻ കളിക്കാനിറങ്ങി. പ്രൊട്ടക്ഷൻ മാസ്‌ക് വച്ചാണ് താരം സിസ്‌കോയ്ക്ക് പകരക്കാരനായി ഇറങ്ങിയത്.

മൂന്നു ഗോൾ വഴങ്ങിയിട്ടും മുംബൈയുടെ ആക്രമണത്തിന് ഒട്ടും മൂർച്ച കുറഞ്ഞില്ല. അതിന്റെ ഭാഗമായി 72-ാം മിനിട്ടിൽ മുംബൈ ഒരു ഗോൾ കൂടി തിരിച്ചടിച്ചു. ഇത്തവണയും സായ് ഗൊദാർഡ്-ലേ ഫോൺ്രേഡ സഖ്യത്തിലൂടെയാണ് ഗോൾ പിറന്നത്.

ബോക്സിനകത്ത് നിന്നിരുന്ന ലെ ഫോൺഡ്രെയെ ലക്ഷ്യമാക്കി ഗോദാർഡ് പന്ത് ഉയർത്തി നൽകി. ഇത് പിടിച്ചെടുക്കാൻ ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് മുന്നോട്ടുകയറിവന്നു. എന്നാൽ ഗുർപ്രീതിന്റെ കണക്കുകൂട്ടൽ തെറ്റി. ഫോൺഡ്രെ ഗുർപ്രീതിന് മുകളിലൂടെ ഒരു ഹെഡ്ഡർ പായിച്ച് പന്ത് വലയിലെത്തിച്ചു. ഫോൺഡ്രെ മത്സരത്തിൽ നേടിയ രണ്ടാം ഗോളാണിത്. ഇതോടെ സ്‌കോർ 3-2 എന്ന നിലയിലായി.

അവസാനം ഇൻജുറി ടൈമിൽ സുനിൽ ഛേത്രിയിലൂടെ ബെംഗളൂരു നാലാം ഗോൾ കണ്ടെത്തി. ഒരു കൗണ്ടർ അറ്റാക്കിൽ നിന്നാണ് ഗോൾ പിറന്നത്. മുെൈംബയുടെ ആക്രമണത്തിൽ നിന്നും പന്ത് കണ്ടെത്തിയ ആഷിഖ് കുരുണിയൻ മുന്നോട്ട് ഓടിക്കയറിയ ഛേത്രിക്ക് പാസ്സ് നൽകി. പന്തുമായി കുതിച്ച ഛേത്രി ഗോൾകീപ്പർ അമരീന്ദറിനെ കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ച് മത്സരത്തിലെ ഇരട്ട ഗോൾ നേട്ടം ആഘോഷിച്ചു. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിൽ ഹൈദരാബാദ് എഫ് സി കേരളാ ബ്ലാസ്റ്റേഴ്‌സിനെ നേരിടും. ഹൈദരാബാദിന് ജയിക്കാനായാൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP