Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിറന്നത് എട്ട് ഗോളുകൾ; അവസാന നിമിഷത്തിൽ പൊരുതി കളിച്ച് രണ്ട് ഗോളുമായി ബ്ലാസ്‌റ്റേഴ്‌സ് നേടിയത് മിന്നും സമനില; ആരാധകർക്ക് ആവേശം നൽകി അവസാന മത്സരത്തിൽ തോൽവി ഒഴിവാക്കുമ്പോൾ കേരളാ ടീമിന് കിട്ടുന്നത് പട്ടികയിലെ ഏഴാം സ്ഥാനം; ഒഡിഷാ ടീമിന് ആറാം സ്ഥാനവും; ഇനി പ്ലേ ഓഫ് മത്സരങ്ങളുടെ ആവേശത്തിലേക്ക് ഐ എസ് എൽ

പിറന്നത് എട്ട് ഗോളുകൾ; അവസാന നിമിഷത്തിൽ പൊരുതി കളിച്ച് രണ്ട് ഗോളുമായി ബ്ലാസ്‌റ്റേഴ്‌സ് നേടിയത് മിന്നും സമനില; ആരാധകർക്ക് ആവേശം നൽകി അവസാന മത്സരത്തിൽ തോൽവി ഒഴിവാക്കുമ്പോൾ കേരളാ ടീമിന് കിട്ടുന്നത് പട്ടികയിലെ ഏഴാം സ്ഥാനം; ഒഡിഷാ ടീമിന് ആറാം സ്ഥാനവും; ഇനി പ്ലേ ഓഫ് മത്സരങ്ങളുടെ ആവേശത്തിലേക്ക് ഐ എസ് എൽ

മറുനാടൻ ഡെസ്‌ക്‌

ഭുവനേശ്വർ: അവസാന മത്സരത്തിലും കേരളാ ബ്ലാസ്റ്റേഴ്‌സിന് സമനില. ഒഡിഷ എഫ്.സിക്കെതിരായ മത്സരത്തിൽ ഇഞ്ചുറി ടൈമിലെ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്. ഇരുടീമുകളും നാല് ഗോൾ വീതം നേടി. ഗോളടിക്കുന്നതിലും വഴങ്ങുന്നതിലും യാതൊരു പിശുക്കും കാട്ടാതിരുന്ന ബ്ലാസ്റ്റേഴ്‌സ് അവസാന മത്സരത്തിൽ ആരാധകരെ ആവേശത്തിലാക്കുന്ന കളിയാണ് പുറത്തെടുത്തത്. 18 മത്സരങ്ങളിൽ നിന്ന് നാല് വിജയവും ഏഴു സമനിലയും ഏഴു തോൽവിയുമായി 19 പോയിന്റോടെ ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. 18 മത്സരങ്ങളിൽ ഏഴു വീതം വിജയവും തോൽവിയും നാല് സമനിലയുമായി 25 പോയിന്റോടെ ഒഡിഷ ആറാം സ്ഥാനവുമായി തൃപ്തിപ്പെട്ടു.

ഒന്നാം മിനിറ്റിൽ ഒഡീഷ എഫ്‌സി ഗോളടിച്ച് തുടങ്ങിയ മത്സരം ഇൻജറി ടൈമിൽ ബ്ലാസ്റ്റേഴ്‌സ് നേടിയ ഗോളോടെയാണ് അവസാനിച്ചത്. മത്സരത്തിലാകെ പിറന്നത് എട്ടു ഗോളുകൾ. 18 മത്സരങ്ങളിൽനിന്ന് 15 ഗോളുമായി ഓഗ്‌ബെച്ചെ ഈ സീസണിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു കയറി. ഒഡിഷയ്ക്കായി മാനുവൽ ഒൻവു ഹാട്രിക് നേടിയപ്പോൾ ബ്ലാസ്റ്റേഴ്സിനായി ബർതലോമു ഒഗ്ബെച്ചെ ഇരട്ടഗോൾ കണ്ടെത്തി. മെസ്സി ബൗളിയാണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ഗോൾ സ്‌കോറർ. നാരായൺ ദാസിന്റെ സെൽഫ് ഗോളും ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിലെത്തി. മാൻവുൽ ഒൻവുവിനെക്കൂടാതെ മാർട്ടിൻ പെരെസ് ഗ്യൂഡെസും ഒഡിഷയ്ക്കായി ലക്ഷ്യം കണ്ടു.

ആകെ പിറന്ന എട്ടു ഗോളുകളിൽ മൂന്നെണ്ണം പെനൽറ്റിയിൽനിന്നാണ്. രണ്ടെണ്ണം ഫ്രീകിക്കിൽനിന്നും. ഒഡീഷ എഫ്‌സിയുടെ ഗോളെന്നുറപ്പിച്ച രണ്ടു ശ്രമങ്ങളിലൊന്ന് ക്രോസ് ബാറിലിടിച്ചും ഒരെണ്ണം പോസ്റ്റിലിടിച്ചും തെറിച്ചു. മത്സരം 80 മിനിറ്റ് പിന്നിടുമ്പോൾ 42ന് പിന്നിലായിരുന്ന ബ്ലാസ്റ്റേഴ്‌സിന് അവസാന മിനിറ്റുകളിൽ ലഭിച്ച ഇരട്ട പെനൽറ്റികളാണ് രക്ഷയായത്. രണ്ടും അനായാസം ലക്ഷ്യത്തിലെത്തിച്ച ക്യാപ്റ്റൻ ബർത്തലോമിയോ ഓഗ്‌ബെച്ചെ ബ്ലാസ്റ്റേഴ്‌സിന് സമനില നേടിക്കൊടുത്തു.

ബെംഗളൂരു എഫ്‌സിയിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ ഒഡീഷ എഫ്‌സിയിലെത്തിയ സ്പാനിഷ് താരമാണ് ഹാട്രിക് നേടിയ മാനുവർ ഓൻവു. ഐഎസ്എല്ലിൽ ഒഡീഷ എഫ്‌സിയുടെ ആദ്യ ഹാട്രിക്കാണിത്. ഒന്ന്, 36, 51 മിനിറ്റുകളിലായിരുന്നു ഓൻവുവിന്റെ ഗോളുകൾ. അവരുടെ നാലാം ഗോൾ മാർട്ടിൻ പെരസ് 44ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് നേടി.

ഇന്ത്യൻ സൂപ്പർലീഗ് ഫുട്‌ബോളിന്റെ ഫൈനലിന് ഗോവയാണ് ആതിഥ്യം വഹിക്കുന്നത്. മാർച്ച് 14-ന് ഫത്തോർദ സ്റ്റേഡിയത്തിലാകും കലാശക്കളി. ഗോവയെക്കൂടാതെ കൊൽക്കത്ത, ബെംഗളൂരു എഫ്സി, ചെന്നൈയിൻ എഫ്.സി ടീമുകളാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്. സെമി ഫൈനലിലെ ആദ്യ പാദ മത്സരങ്ങൾ ഫെബ്രുവരി 29-നും മാർച്ച് ഒന്നിനും നടക്കും. രണ്ടാം പാദ മത്സരം മാർച്ച് ഏഴിനും എട്ടിനുമാണ് നടക്കുക. 2015 സീസൺ ഫൈനലിന് ഗോവയാണ് ആതിഥ്യം വഹിച്ചത്. അന്ന് ആതിഥേയരായ എഫ്.സി. ഗോവയെ തോൽപ്പിച്ച് ചെന്നൈയിൻ കിരീടം നേടി. ഇക്കുറി എഫ്.സി. ഗോവ പ്ലേ ഓഫിൽ കടക്കുകയും ലീഗിൽ ഒന്നാമതായി എ.എഫ്.സി. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.

ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) ഫുട്ബോളിൽ ഇനി രണ്ടു കിരീടങ്ങളും ഉണ്ട്. കലാശപ്പോരിലെ വിജയികൾക്കുള്ള കിരീടത്തിനു പുറമേ ലീഗ് ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്നവർക്ക് ഇനി ഐ.എസ്.എൽ. ഷീൽഡും ലഭിക്കും. ഷീൽഡ് ജേതാക്കൾക്ക് 50 ലക്ഷം രൂപ സമ്മാനത്തുകയും ലഭിക്കും. ഇതിനു പുറമേ ലീഗ് ചാമ്പ്യന്മാർ എ.എഫ്.സി. ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ്തല മത്സരങ്ങളിലേക്കു യോഗ്യത നേടുകയും ചെയ്യും. ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡ് ഇന്നലെ നടന്ന ചടങ്ങിൽ വെള്ളിയിൽ തീർത്ത ഫുട്ബോളിന്റെ മാതൃകയിലുള്ള ഷീൽഡ് അനാവരണം ചെയ്തു.

അഞ്ചു കിലോയോളം ഭാരവും 22 മീറ്റർ വ്യാസവുമാണു ഷീൽഡിനുള്ളത്. ഷീൽഡ് സമ്മാനിക്കൽ ഈ സീസണിൽ തുടക്കമിടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP