Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളിലെ ഇരിപ്പിടങ്ങളിൽ മദ്യം അനുവദിക്കില്ല; ആരാധകർക്ക് 'മിനുങ്ങാൻ' ഉള്ളത് ബിയർ മാത്രം, അതും സ്‌റ്റേഡിയത്തിന് പുറത്തും; അവിവാഹിതരായ സ്ത്രീപുരുഷന്മാർ താമസത്തിന് വാടകമുറി പങ്കിട്ടെടുക്കുന്നതിനും വിലക്കുണ്ട്; സെക്‌സിനും മദ്യത്തിനും വിലക്കു വീണാൽ പിന്നെന്ത് ഫുട്‌ബോൾ ആഘോഷമെന്ന് യൂറോപ്യൻ ആരാധകർ?

ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളിലെ ഇരിപ്പിടങ്ങളിൽ മദ്യം അനുവദിക്കില്ല; ആരാധകർക്ക് 'മിനുങ്ങാൻ' ഉള്ളത് ബിയർ മാത്രം, അതും സ്‌റ്റേഡിയത്തിന് പുറത്തും; അവിവാഹിതരായ സ്ത്രീപുരുഷന്മാർ താമസത്തിന് വാടകമുറി പങ്കിട്ടെടുക്കുന്നതിനും വിലക്കുണ്ട്; സെക്‌സിനും മദ്യത്തിനും വിലക്കു വീണാൽ പിന്നെന്ത് ഫുട്‌ബോൾ ആഘോഷമെന്ന് യൂറോപ്യൻ ആരാധകർ?

സ്പോർട്സ് ഡെസ്ക്

ദോഹ: ലോകകപ്പ് ഫുട്‌ബോൾ എന്നാൽ അത് എല്ലാക്കാലത്തും ആഘോഷത്തിന്റെ സമയമാണ്. രണ്ട് കൈകളിലും ബിയർകുപ്പികളുമായി പാട്ടുപാടി നടക്കുന്ന ആരാധകരുടെ ചിത്രങ്ങൾ എല്ലാ ലോകകപ്പുകളുടെയും പ്രത്യേകതകളാണ്. ബ്രസീലിയൻ സാംബ ആരാധകരാകട്ടെ അൽപ്പവസ്ത്ര ധാരികളായാണ് എത്താറും. എന്നാൽ, ഇക്കുറി ലോകകപ്പ് കാണാൻ എത്തുന്നവർ തികഞ്ഞ മാന്യന്മാരാകേണ്ടി വരും. മദ്യത്തിനും സെക്‌സിനും അടക്കം നിയന്ത്രമങ്ങളുള്ള അറബ് രാജ്യമായ ഖത്തറിലാണ് എന്നതാണ് ആരാധകർക്ക് വെല്ലുവിളിയാകുന്നത്.

ഫിഫ ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളിലെ ഇരിപ്പിടങ്ങളിൽ മദ്യം അനുവദിക്കില്ലെന്ന റിപ്പോർട്ടും നേരത്തെ പുറത്തുവന്നിരുന്നു. ആരാധകർക്ക് മൽസരത്തിനു മുൻപും ശേഷവും സ്റ്റേഡിയങ്ങൾക്ക് പുറത്ത് മാത്രമേ ബീയർ അനുവദിക്കുകയുള്ളുവെന്ന് റിപ്പോർട്ട്. കാണികൾക്ക് മത്സരങ്ങൾക്ക് മുൻപും ശേഷവും സ്റ്റേഡിയങ്ങൾക്ക് പുറത്ത് ബീയർ അനുവദിക്കുമെന്ന് റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. മത്സര സമയങ്ങളിൽ കാണികൾക്ക് ഇരിപ്പിടങ്ങളിൽ മദ്യ-രഹിത പാനീയങ്ങൾ മാത്രമേ അനുവദിക്കൂ. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഫിഫ ലോകകപ്പ്.

അതേസമയം ലോകകപ്പിലെ ബീയർ പോളിസി രൂപീകരിക്കുകയാണെന്ന് ഫിഫയും ഖത്തറുമെന്ന് അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു. കാണികൾക്ക് സ്റ്റേഡിയങ്ങൾക്കുള്ളിൽ പ്രീമിയം പാനീയങ്ങൾ അനുവദിച്ചുകൊണ്ടുള്ളതാണ് കഴിഞ്ഞ വർഷത്തെ ഫിഫയുടെ ഹോസ്പിറ്റാലിറ്റി പാക്കേജ്. എന്നാൽ, സ്പോൺസർ കൂടിയായ ബഡ്വൈസർ, ഫിഫ അധികൃതരുടെ അന്തിമ തീരുമാനത്തിനുള്ള കാത്തിരിപ്പിലാണ്.

2019 ൽ ദോഹയിൽ നടന്ന ഫിഫ ക്ലബ് ലോകകപ്പിൽ ബീയർ നയങ്ങൾ ഖത്തർ പരീക്ഷിച്ചിരുന്നു. ദോഹയിലെ ഗോൾഫ് ക്ലബിൽ മദ്യം കഴിക്കുന്നതിനുള്ള പ്രത്യേക സോൺ സജ്ജമാക്കിയിരുന്നു. ഏറ്റവും കുറഞ്ഞ നിരക്കായ 6 ഡോളറിനാണ് അന്ന് ബീയർ നൽകിയത്. ഫിഫയുടെ 92 വർഷത്തിലെ ചരിത്രത്തിൽ ഇസ്ലാമിക രാജ്യത്ത് ലോകകപ്പ് നടത്തുന്നത് ഇതാദ്യമാണ്. എല്ലാവർക്കും സ്വീകാര്യമായ നയം പാലിക്കാമെന്ന നിലപാടാണ് നിലവിൽ ഖത്തറിന്റേത്. മത്സരം കാണാൻ എത്തുന്നവർ രാജ്യത്തിന്റെ മൂല്യങ്ങളും സാമൂഹിക രീതികളും പാലിക്കണമെന്നും ഓർമിപ്പിച്ചു.

അതേസമയം ലൈംഗികനിയന്ത്രണവും ഇക്കുറി ലോകകപ്പിനുണ്ട്. നിയമം ലംഘിക്കുന്നവർ ജയിലിലാകാനും സാധ്യതയുണ്ട്. മയക്കുമരുന്നു കടത്തലും ഉപയോഗവും പോലെയുള്ള കാര്യങ്ങളാണ് ലോകകപ്പിനിടെ ചെയ്യുന്നതെങ്കിൽ തലകാണില്ല എന്നാണ് സ്ഥിതി. ലോകകപ്പ് നടക്കുന്ന സമയത്ത് കർശന ലൈംഗികനിയന്ത്രണം നടപ്പാക്കാനാണ് ഖത്തർ അധികാരികളുടെ തീരുമാനം. വിവാഹത്തിനുമുമ്പ് ലൈംഗികബന്ധം വിലക്കുന്ന രാജ്യമാണ് ഖത്തർ. നിയമവിരുദ്ധമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായി തെളിഞ്ഞാൽ ഏഴുവർഷംവരെ തടവുശിക്ഷ ലഭിക്കും.

ലോകകപ്പിനെത്തുന്നവർക്കും ഇളവുണ്ടാകില്ലെന്നാണ് സൂചന. അവിവാഹിതരായ സ്ത്രീപുരുഷന്മാർ താമസത്തിന് വാടകമുറി പങ്കിട്ടെടുക്കുന്നതിനും വിലക്കുണ്ട്. വ്യത്യസ്ത കുടുംബപ്പേരുകളുള്ള അവിവാഹിതരെ ബുക്കിങ്ങിൽനിന്ന് വിലക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സ്വവർഗലൈംഗികതയ്ക്കും ശിക്ഷയുണ്ടാകും.

പൊതുസ്ഥലത്ത് ശരീരം ശരിയായി മറയ്ക്കാതെ വസ്ത്രം ധരിക്കുന്നവരും കുടുങ്ങും. പുരുഷന്മാരും സ്ത്രീകളും പരസ്യമായി സ്നേഹം പ്രകടിപ്പിക്കുന്നതിനും വിലക്കുണ്ടാകും.കൊക്കെയ്ൻ അടക്കമുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരോ കടത്തുന്നവരോ ദയവായി ലോകകപ്പിനു വരേണ്ടെന്നാണ് ഖത്തർ പറയുന്നത്. ഖത്തറിലേക്ക് മയക്കുമരുന്ന് കടത്തുന്നവർക്ക് 20 വർഷംവരെ തടവും 1,00,000 റിയാൽ (ഏകദേശം 21.50 ലക്ഷം രൂപ) മുതൽ 3,00,000 റിയാൽ (ഏകദേശം 64.50 ലക്ഷം രൂപ) വരെ പിഴയും ലഭിക്കും. കുറ്റം ആവർത്തിച്ചാൽ ജീവപര്യന്തം തടവോ വധശിക്ഷയോവരെ ലഭിക്കാനും സാധ്യതയുണ്ട്.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായോ കള്ളക്കടത്തുകാരുമായോ അടുത്തബന്ധം പുലർത്തുന്നവരെയും കടുത്തശിക്ഷ കാത്തിരിക്കുന്നു. ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള ടീമുകൾ അവരുടെ ഫുട്‌ബോൾ ആരാധകരോട് ഖത്തറിലെത്തി മാന്യമായി പെരുമാറണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോകകപ്പിനിടെ മയക്കുമരുന്ന് കടത്തുന്നവരെ പിടികൂടാൻ ഖത്തറിലെ ഉദ്യോഗസ്ഥരുമായി പൂർണമായി സഹകരിക്കുമെന്ന് ബ്രിട്ടീഷ് പൊലീസും അറിയിച്ചിട്ടുണ്ട്. അതേസമയം യൂറോപ്യൻ ലാറ്റിൻ അമേരിക്കൻ ആരാധകരെ ഏറെ നിരാശപ്പെടുത്തുന്ന തീരുമാനങ്ങളാണ് ഇക്കുറി ഖത്തൽ ലോകകപ്പിലുള്ളത്.

ലോകകപ്പിന് നാലര മാസങ്ങൾ മാത്രം ശേഷിക്കവെ ആരാധകരെ വരവേൽക്കാനുള്ള അന്തിമ തയ്യാറെടുപ്പ് പൂർത്തിയായിക്കൊണ്ടിരിക്കുന്നു. 15 ലക്ഷത്തോളം കാണികളെയാണ് പ്രതീക്ഷിക്കുന്നത്. 18 ലക്ഷത്തോളം ടിക്കറ്റുകൾ ഇതിനകം വിറ്റഴിച്ചു. ടിക്കറ്റ് വിൽപന ഓഗസ്റ്റ് 16 വരെ തുടരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP