Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ സംയുക്ത കടം 2021-22 സാമ്പത്തിക വർഷം 40.5 ശതമാനം വർധിച്ചു; ഫ്‌ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസാണ് ഏറ്റവും കൂടുതൽ കടമുള്ള കമ്പനി; സിമന്റ് കമ്പനികളും എൻഡിടിവിയും മോദിയുടെ സുഹൃത്ത് സ്വന്തമാക്കിയത് കടത്തിൽ; വിഴിഞ്ഞത്തെ പ്രതിസന്ധിയും വെല്ലുവിളി; അദാനി തളരുമോ?

അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ സംയുക്ത കടം 2021-22 സാമ്പത്തിക വർഷം 40.5 ശതമാനം വർധിച്ചു; ഫ്‌ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസാണ് ഏറ്റവും കൂടുതൽ കടമുള്ള കമ്പനി; സിമന്റ് കമ്പനികളും എൻഡിടിവിയും മോദിയുടെ സുഹൃത്ത് സ്വന്തമാക്കിയത് കടത്തിൽ; വിഴിഞ്ഞത്തെ പ്രതിസന്ധിയും വെല്ലുവിളി; അദാനി തളരുമോ?

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഇന്ത്യ സാമ്പത്തിക കുതിപ്പിലാണ്. ബ്രിട്ടണെ പിന്തള്ളി ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ. അഞ്ചു കൊല്ലം കൊണ്ട് രണ്ട് പടി കൂടി ചാടുകയാണ് ലക്ഷ്യം. അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിലെത്താനുള്ള ഈ ഓട്ടത്തിനിടെ പുറത്തു വരുന്നത് മറ്റൊരു വാർത്ത. ഇന്ത്യയിലെ ശതകോടീശ്വരന്മാരിൽ പ്രധാനി കടത്തിലേക്ക് കൂപ്പു കുത്തുകയാണ്. അദാനിയുടെ ഈ കടബാധ്യത രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ എങ്ങനെ ബാധിക്കുമെന്ന ചോദ്യവും പ്രസക്തമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളാണ് അദാനി.

സിമന്റ് കമ്പനികളായ എ.സി.സി., അംബുജ എന്നിവയുടെ ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ അദാനി ഗ്രൂപ്പിന്റെ കടബാധ്യത 2.6 ലക്ഷം കോടിയിലേക്കെത്തുമെന്ന് റിസർച്ച് ഏജൻസിയായ ക്രെഡിറ്റ് സൂയിസ്. നിലവിൽ 2.2 ലക്ഷം കോടി രൂപയുടെ കടബാധ്യതയുള്ള ഗ്രൂപ്പിന് 40,000 കോടിയുടെ അധികബാധ്യതയാണ് ഇതുവഴിയുണ്ടാവുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും അടുത്ത സുഹൃത്താണ് അദാനി. ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയതിന് ശേഷം അദാനി കുതിച്ചു മുന്നേറുകയായിരുന്നു. എന്നാൽ ഇതെല്ലാം കടമെടുത്താണെന്നാണ് ഇപ്പോൾ തെളിയുന്നത്.

അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ സംയുക്ത കടം 2021-22 സാമ്പത്തിക വർഷം 40.5 ശതമാനം വർധിച്ചതായാണ് ദ മോണിങ് കോൺടക്‌സ് ഡാറ്റ വ്യക്തമാക്കിയിരുന്നത്. മുൻ വർഷത്തെ 1.57 ലക്ഷം കോടിയിൽനിന്ന് 2.21 ലക്ഷം കോടി രൂപയായാണ് കടം വർധിച്ചത്. ഫ്‌ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസാണ് ഏറ്റവും കൂടുതൽ കടമുള്ള കമ്പനി. ഗ്രൂപ്പിന്റെ ഡെബ്റ്റ് ടു ഇക്വിറ്റി റേഷ്യോ നാലു വർഷത്തെ ഉയർന്ന നിലയിലാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഗ്രൂപ്പിന്റെ കടം കുത്തനെ കൂടി. 2016-നുശേഷം കടത്തിൽ ഒരു ലക്ഷം കോടിയിലധികം രൂപയുടെ വർധനയാണുണ്ടായത്. തുറമുഖം, ഹരിത ഊർജം, വൈദ്യുതിവിതരണം, വിമാനത്താവളം, റോഡ്, ഡേറ്റ സെന്റർ വ്യവസായമേഖലകളിലെ അതിവേഗ വിപുലീകരണമാണ് കടം ഉയരാൻ കാരണം. തിരുവനന്തപുരം വിമാനത്താവളം അടക്കം ലേലത്തിലൂടെ അദാനി സ്വന്തമാക്കിയിരുന്നു. വിഴിഞ്ഞം തുറമുഖ നിർമ്മാണവും നടത്തുന്നു. വിഴിഞ്ഞത്ത് നിർമ്മാണ പ്രതിസന്ധി ഉടലെടുക്കുമ്പോഴാണ് കടവും ചർച്ചയാകുന്നത്. എന്നാൽ ഇതൊന്നും പ്രശ്‌നമാകില്ലെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്.

ബാങ്കുവായ്പയെ മാത്രം ആശ്രയിക്കാതെ കടമെടുക്കാൻ മറ്റുമാർഗങ്ങളും കമ്പനി ഫലപ്രദമായി വിനിയോഗിക്കുന്നുണ്ട്. വായ്പാ സ്ഥാപനങ്ങളിൽനിന്നും കടപ്പത്രങ്ങൾ വഴിയും ദീർഘകാലാടിസ്ഥാനത്തിലുള്ള കടമെടുപ്പാണ് ഇത്തരത്തിൽ തരപ്പെടുത്തിയിട്ടുള്ളത്. 2022 സാമ്പത്തികവർഷം ഗ്രൂപ്പിനു കീഴിലെ മിക്ക കമ്പനികളിലും കടം ഉയർന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. കടബാധ്യത ഉയരുന്നതിനൊപ്പം ഗ്രൂപ്പിന്റെ വരുമാനത്തിലും വർധനയുണ്ടായിട്ടുണ്ട്. കൂടുതൽ ആസ്തികൾ ഉത്പാദനപരമായി മാറിക്കൊണ്ടിരിക്കുന്നു. ഇത് പ്രതീക്ഷയാണ്. കടം വീട്ടാനുള്ള കരുത്ത് അദാനി ഗ്രൂപ്പിനുണ്ട്.

എന്നാൽ അദാനി ഗ്രൂപ്പിന്റേത് പരിധികടന്ന കടമെടുക്കലാണെന്ന് ഫിച്ചിനു കീഴിലുള്ള റിസർച്ച് ഏജൻസിയായ 'ക്രെഡിറ്റ് ഇൻസൈറ്റ്‌സ്' അടുത്തിടെ വിലയിരുത്തിയിരുന്നു. പരിചയമില്ലാത്ത മേഖലകളിലേക്കുള്ള അതിവേഗ വൈവിധ്യവത്കരണം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും ക്രെഡിറ്റ് ഇൻസൈറ്റ്‌സ് സൂചിപ്പിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ പിന്തുണയിൽ ഈ പ്രതിസന്ധികളെ അദാനി മറികടക്കുമെന്ന പ്രതീക്ഷയും സജീവമാണ്. രാജ്യത്തെ വൻകിട സിമന്റ് നിർമ്മാതാക്കളായ എസിസിയുടെയും അംബുജയുടെയും ഓഹരികൾ കൈവശപ്പെടുത്താൻ 31,000 കോടി രൂപയുടെ ഓപൺ ഓഫറാണ് ഗ്രൂപ്പ് ഏറ്റെടുക്കലിനായി മുമ്പോട്ടുവച്ചത്.

ഓഫറിന് മാർക്കറ്റ് റെഗുലേറ്ററായ സെബിയുടെ അംഗീകാരം ലഭിച്ചു. പ്രമുഖ ടെലിവിഷൻ നെറ്റ്‌വർക്കായ എൻഡിടിവിയിൽ ഓഹരി നിക്ഷേപം നടത്തിയതിന് പിന്നാലെയാണ് അദാനിയുടെ ഈ നീക്കം. സ്വിറ്റ്സർലാൻഡ് ആസ്ഥാനമായ ബഹുരാഷ്ട്ര നിർമ്മാണക്കമ്പനി ഹോൽകിം ഗ്രൂപ്പിൽനിന്നാണ് അദാനി ഓഹരികൾ സ്വന്തമാക്കുന്നത്. വിദേശ കമ്പനിക്ക് ഇന്ത്യയിലുള്ള 10.5 ബില്യൺ ഡോളറിന്റെ (ഏകദേശം 83,920 കോടി രൂപ) ബിസിനസുകൾ ഏറ്റെടുക്കുമെന്ന് ഈ വർഷം മാർച്ചിൽ അദാനി പ്രഖ്യാപിച്ചിരുന്നു.

ഓപൺ ഓഫർ പ്രകാരം അംബുജ സിമന്റ്സിന്റെ ഒരു ഓഹരിക്ക് 385 രൂപയാണ് വില. എസിസിയുടേതിന് 2300 രൂപയും. ഇതുപ്രകാരം അംബുജ സിമെന്റ്‌സിന്റെ 26ശതമാനം(51.63 കോടി) ഓഹരികൾക്കായി 19,879.57 കോടി രൂപയും എസിസി ലിമിറ്റഡിന്റെ (4.89 കോടി ഓഹരികൾക്കായി) 26ശതമാനത്തിനായി 11,259.97 കോടി രൂപയുമാണ് അദാനി ഗ്രൂപ്പിന് ചെലവഴിക്കേണ്ടിവരിക. അംബുജ സിമന്റ്സും എസിസിയും സംയുക്തമായി 70 ദശലക്ഷം ടൺ സിമന്റാണ് പ്രതിവർഷം ഉത്പാദിപ്പിക്കുന്നത്.

രണ്ടു കമ്പനികൾക്കുമായി 23 സിമന്റ് പ്ലാന്റുകളും 14 ഗ്രിൻഡിങ് സ്റ്റേഷനുകളും 80 റെഡി മിക്സ് കോൺക്രീറ്റ് പ്ലാന്റുകളുമുണ്ട്. രാജ്യത്തുടനീളം അമ്പതിനായിരത്തിലധിതം വിതരണ പങ്കാളികളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP