Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബ്ലോക്ക് ബസ്റ്റർ പ്രതീക്ഷിച്ചിടത്ത് നിക്ഷേപകർക്ക് കിട്ടിയത് ശരാശരി ആശ്വാസം പോലും ഇല്ല; നികുതി കൂട്ടിയതും കോർപ്പറേറ്റുകളെ പിഴിഞ്ഞതും വമ്പന്മാരുടെ കണക്ക് കൂട്ടൽ തെറ്റിച്ചു; മോദിയുടെ രണ്ടാം വരവിൽ കുതിച്ച് ചാടിയ ഓഹരി വിപണി ആദ്യ ബജറ്റിൽ ഇടിഞ്ഞ് വീണു; കോർപ്പറേറ്റുകളുടെ വരുമാനം പകുതിയും കേന്ദ്രം കൊണ്ട് പോകും; സ്‌റ്റോക് മാർക്കറ്റിന് നിർമ്മലയുടെ ബജറ്റ് ഇഷ്ടമാകാതെ പോയത് എന്തുകൊണ്ട്?

ബ്ലോക്ക് ബസ്റ്റർ പ്രതീക്ഷിച്ചിടത്ത് നിക്ഷേപകർക്ക് കിട്ടിയത് ശരാശരി ആശ്വാസം പോലും ഇല്ല; നികുതി കൂട്ടിയതും കോർപ്പറേറ്റുകളെ പിഴിഞ്ഞതും വമ്പന്മാരുടെ കണക്ക് കൂട്ടൽ തെറ്റിച്ചു; മോദിയുടെ രണ്ടാം വരവിൽ കുതിച്ച് ചാടിയ ഓഹരി വിപണി ആദ്യ ബജറ്റിൽ ഇടിഞ്ഞ് വീണു; കോർപ്പറേറ്റുകളുടെ വരുമാനം പകുതിയും കേന്ദ്രം കൊണ്ട് പോകും; സ്‌റ്റോക് മാർക്കറ്റിന് നിർമ്മലയുടെ ബജറ്റ് ഇഷ്ടമാകാതെ പോയത് എന്തുകൊണ്ട്?

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ വെച്ചു. വികസനത്തിനും ക്ഷേമ പദ്ധതികൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ബജറ്റാണ് അവതരിപ്പിച്ചത്. എന്നാൽ 2.0 യിലെ ആദ്യ ബജറ്റ് പക്ഷേ സ്റ്റോക് മാർക്കറ്റിന് അത്ര ഗുണകരമല്ല അല്ലെങ്കിൽ സന്തോഷം പകരുന്നതല്ല. നിർമ്മല സീതാരാമന്റെ ബജറ്റ് പ്രസംഗം കഴിഞ്ഞ ഉടനെ തന്നെ സെൻസെക്‌സ് 600 പോയിന്റ് ഇടിഞ്ഞു. ബജറ്റിൽ സ്‌റ്റോക് എക്‌സചേഞ്ചിനെ നേരിട്ട് ബാധിക്കുന്ന ഒന്നും തന്നെ ഇല്ല എന്നിരിക്കെയാണ് ഈ വീഴ്ച.

സ്റ്റോക് എക്‌സ്‌ചേഞ്ചിനെ പ്രതികൂലമായി ബാധിക്കുന്നു എന്ന് മാത്രമല്ല ആശ്വസിക്കാൻ പോലും ഒന്നും ഇല്ല എന്നതാണ് ബ്ലോക്‌ബസ്റ്റർ പ്രതീക്ഷിച്ചവരുടെ ഇപ്പോഴത്തെ അവസ്ഥ. നികുതി കൂട്ടാനുള്ള തീരുമാനവും കോർപ്പറേറ്റുകളുടെ കണക്ക് കൂട്ടൽ അപ്പാടെ തെറ്റിച്ചിരിക്കുകയാണ്. മോദി സർക്കാർ അധികാരത്തിൽ വരും എന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നപ്പോൾ തന്നെ വിപണി ഉണർന്നിരുന്നു. എന്നാൽ ഇപ്പോൾ ആദ്യ ബജറ്റിൽ തന്നെ ഇത്തരമൊരു തിരിച്ചടി സമ്പന്നർ പ്രതീക്ഷിച്ചതുമല്ല.

അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്ന ബജറ്റാണ് അവതരിപ്പിച്ചത്. മോശം അവസ്ഥയിലുള്ള നോൺ ബാങ്കിങ് ഫിനാൻഷ്യൽ കോർപ്പറേഷനുകൾക്ക് പരിരക്ഷയും പൊതുമേഖല ബാങ്കുകൾക്ക് മൂലധന നിക്ഷേപം തിരിച്ച് പിടിക്കുന്നതിന് 70,000 കോടിയുടെ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഡൊമസ്റ്റിക് മാർക്കറ്റിന് ബുദ്ധിമുട്ട് ഒന്നും തന്നെ ഉണ്ടാക്കാത്തവിധമായിരിക്കും കടമെടുക്കൽ പ്രക്രിയ എന്നും ഇതിലൂടെ പലിശനിരക്ക് കുറഞ്ഞ അളവിൽ പിടിച്ച് നിർത്താൻ കഴിയുമെന്നും അവർ ലക്ഷ്യം വെക്കുന്നു.അതേസമയം ഓഹരിയിലെ ദീർഘകാല മൂലധന നിക്ഷേപത്തിലോ നേട്ടത്തിലോ നിർമ്മല സീതാരാമൻ കൈ കടത്തിയിട്ടില്ല. അതേസമയം ഓഹരി വിൽക്കാൻ ഉദ്ദേശിക്കുന്ന സ്‌ട്രൈക്ക് പ്രൈസ് അത് അവസാനം വിൽക്കുന്ന വിലയായ സെറ്റിൽമെന്റ് പ്രൈസ് എന്നിവ തമ്മിലെ വ്യത്യാസമായിരിക്കും ലെവിയായി പിരിക്കുക.

ഇപ്പോൾ നിർമ്മല സീതാരാമൻ അവതരിപ്പിച്ചിരിക്കുന്ന ബഡ്ജറ്റ് ഒരു വർദ്ധനവ് സംബന്ധിച്ച ഒന്നാണ്. ഇതിൽ മഹത്തായ കാൽവെപ്പുകളോ വിഷനോ ഇല്ലെന്നും കഴിഞ്ഞ ബജറ്റിന്റെ ഒപ്പം കൂട്ടിച്ചേർത്ത് ഒരു സപ്ലിമെന്ററി ബജറ്റ് മാത്രമാണ് എന്നുമാണ് പ്രമുഖ സാമ്പത്തിക വിദഗ്ധനായ സ്വാമിനാഥൻ അയ്യർ അഭിപ്രായപ്പെട്ടത്.ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ 302 പോയിന്റ് കുറഞ്ഞ് 39606 ആയി സ്‌റ്റോക് വാല്യു കുറഞ്ഞിരുന്നു.ഇത്തരത്തിൽ ഓഹരി വില കൂപ്പ കുത്തിയപ്പോൾ എൻടിപിസി, യെസ് ബാങ്ക്, ടിസിഎസ്, ഒൻജിസി എന്നിവർക്ക് വലിയ നഷ്ടമുണ്ടായി. എയർടെൽ കോടക് മഹിന്ദ്ര എന്നിവർക്ക് സെൻസെക്‌സിൽ നേട്ടമുണ്ടായി.

സ്‌റ്റോക് മാർക്കറ്റിന് എതിരായി വരുന്നത് ഒന്നും തന്നെ ഇല്ലെങ്കിലും അല്ലെങ്കിൽ അതിനെക്കാൾ വലിയ കോട്ടം എന്നത് സ്‌റ്റോക് മാർക്കറ്റിന് ഗുണം നൽകുന്ന ഒന്നും തന്നെ ധനമന്ത്രിയുടെ പ്രഖ്യാപനത്തിൽ ഇല്ലാത്തത് തന്നെയാണ്. ധനകാര്യമന്ത്രി പരഞ്ഞത് പ്രകാരം സെബിക്ക് പബ്ലിക് ഷെയർ ഹോൾഡിങ് 25 ശതമാനത്തിൽ നിന്ന് 35 ശതമാനമായി ഉയർത്തേണ്ടി വരും. കൂടുതൽ പൊതുജന പങ്കാളിത്തം എന്ന ലക്ഷ്യത്തോടെയുള്ള നീക്കം നിഫ്റ്റിക്ക് ദോഷകരമായി ബാധിക്കും എന്നാണ് .

ആദായ നികുതി ഇളവ് പ്രഖ്യാപിക്കുന്നതോടൊപ്പം ഇടത്തരക്കാർക്ക് ആശ്വാസകരമാകുന്ന ഒന്നാണ് രണ്ടാം മോദി സർക്കാരിന്റെ പ്രഥമ ബഡ്ജറ്റെങ്കിലും കോടികൾ ആദായ നികുതി നൽകുന്നവർക്ക് ഇപ്പോൾ ഇരുട്ടടിയായി മാറുന്ന പ്രഖ്യാപനവും ഇതിനോടൊപ്പം വന്നിരിക്കുകയാണ്. നികുതി ബാധിത വരുമാനം രണ്ട് കോടിയിൽ കൂടുതലുള്ളവർക്ക് അധിക സർച്ചാർജ്ജും അടയ്ക്കേണ്ടി വരുമെന്നാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടു കോടി മുതൽ അഞ്ചു കോടി വരെ നികുതി ബാധിത വരുമാനമുള്ളവർക്ക് മൂന്നു ശതാമാനം വർധനവും അഞ്ചു കോടിക്ക് മേൽ വരുമാനമുള്ളവർക്ക് ഏഴ് ശതമാനവുമാണ് ഇപ്പോൾ സർച്ചാർജ് വർധന വന്നിരിക്കുന്നത്.

മാത്രമല്ല ബാങ്ക് അക്കൗണ്ടിൽ നിന്നും ഒരു വർഷം ഒരു കോടിക്ക് മേൽ പണമായി പിൻവലിക്കുന്നവർക്ക് രണ്ട് ശതമാനം ടിഡിഎസും ഈടാക്കും. എന്നാൽ ഇത് ഏറ്റവും അധികം തിരിച്ചടിയാകുന്നത് ഉയർന്ന ആസ്തിയുള്ള നിക്ഷേപകർക്കാണ്. ഇതോടെ ഇത്തരത്തിലുള്ള നിക്ഷേപകർക്ക് 42 ശതമാനത്തിലേറെ നികുതിയായി തന്നെ അടയ്ക്കേണ്ട അവസ്ഥയാണ് ഉണ്ടാകുന്നതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. രണ്ട് കോടി മുതൽ അഞ്ച് കോടി വരെ നികുതി ബാധിതമായ വരുമാനമുള്ളവർക്ക് 39 ശതമാനവും അഞ്ച് കോടിക്ക് മുകളിലുള്ളവർക്ക് 42.74 ശതമാനം ആയിരിക്കും സർച്ചാർജ് വർധനയോടെ നികുതിയായി അടയ്ക്കേണ്ടി വരികയെന്നും ഇതിനോടകം വിലയിരുത്തലുകൾ വന്നിരുന്നു.

ബഡ്ജറ്റ് പ്രഖ്യാപനം ഏറ്റവുമധികം ബാധിക്കുന്നത് ഉയർന്ന ആസ്തിയുള്ള നിക്ഷേപകരെ ആയതിനാൽ തന്നെ ബഡ്ജറ്റ് പ്രഖ്യാപനം പൂർണമായതിന് പിന്നാലെ സെൻസെക്സ് 400 പോയിന്റ് ഇടിഞ്ഞിരുന്നു. യെസ് ബാങ്ക്, എൻടിപിസി, സൺ ഫാർമാ, വേദാന്താ, ഒഎൻജിസി എന്നി കമ്പനികൾക്ക് ഓഹരി സൂചികയിൽ രണ്ട് ശതമാനം ഇടിവാണ് നേരിട്ടത്. ഉയർന്ന നിക്ഷേപകരുടെ പിൻവാങ്ങലും പൊതു ഓഹരി പങ്കാളിത്തവും വർധിച്ചതാണ് ഓഹരി വിപണി കൂപ്പു കുത്തിയതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മുഴുവൻ നികുതിയുടെ കണക്ക് നോക്കിയാൽ അധിക സർച്ചാർജ് കൂടിയാകുമ്പോൾ മുൻപ് അടച്ചിരുന്നതിനേക്കാൽ കഠിനമായ വർധനവാണ് നികുതിയിലുണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഉയർന്ന ആസ്തിയുള്ളവർ നിക്ഷേപ രംഗത്ത് നിന്നും താൽകാലികമാണെങ്കിലും മാറി നിൽക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP