Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാറുകളുടേയും ഇരുചക്രവാഹനങ്ങളുടേയും ട്രാക്ടറുകളുടേയും വിൽപ്പന കുറഞ്ഞത് ഗണ്യമായി; കാർഷിക ഉൽപ്പാദന ഉപഭോഗം ഇടിഞ്ഞത് 70 ശതമാനം; നാല് വർഷം കൊണ്ട് റയിൽ മാർഗമുള്ള ചരക്ക് നീക്കം കുറഞ്ഞത് 32 ശതമാനം; റിയൽ എസ്റ്റേറ്റും തൊഴിൽ മേഖലയും നേരിടുന്നതും വമ്പൻ പ്രതിസന്ധി; അഞ്ച് ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയെന്ന മോദിയുടെ ലക്ഷ്യം പകൽക്കിനാവോ? കാത്തിരിക്കുന്നത് വമ്പൻ സാമ്പത്തിക മാന്ദ്യം; റിസർവ്വ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ കേന്ദ്രം കൈവയ്ക്കുന്നത് പ്രതിസന്ധി രൂക്ഷമായപ്പോൾ

കാറുകളുടേയും ഇരുചക്രവാഹനങ്ങളുടേയും ട്രാക്ടറുകളുടേയും വിൽപ്പന കുറഞ്ഞത് ഗണ്യമായി; കാർഷിക ഉൽപ്പാദന ഉപഭോഗം ഇടിഞ്ഞത് 70 ശതമാനം; നാല് വർഷം കൊണ്ട് റയിൽ മാർഗമുള്ള ചരക്ക് നീക്കം കുറഞ്ഞത് 32 ശതമാനം; റിയൽ എസ്റ്റേറ്റും തൊഴിൽ മേഖലയും നേരിടുന്നതും വമ്പൻ പ്രതിസന്ധി; അഞ്ച് ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയെന്ന മോദിയുടെ ലക്ഷ്യം പകൽക്കിനാവോ? കാത്തിരിക്കുന്നത് വമ്പൻ സാമ്പത്തിക മാന്ദ്യം; റിസർവ്വ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ കേന്ദ്രം കൈവയ്ക്കുന്നത് പ്രതിസന്ധി രൂക്ഷമായപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആർബിഐയുടെ കരുതൽ ധനശേഖരത്തിൽ നിന്നും കേന്ദ്ര സർക്കാർ പണം എടുക്കുന്നത് ധനക്കമ്മി നികത്താനെന്ന് സൂചന. രാജ്യം നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. റിസർവ്വ് ബാങ്ക് കൂടെ നിന്നില്ലെങ്കിൽ എല്ലാം അവതാളത്തിലാകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ തിരിച്ചറിഞ്ഞിരുന്നു. ഇത് മനസ്സിലാക്കി ഇടപെടലുകളും നടത്തി. ഇതാണ് ഫലം കാണുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യൻ സബദ് വ്യവസ്ഥയ്ക്ക് താൽകാലിക ആശ്വാസമാണ് റിസർവ്വ് ബാങ്കിന്റെ നടപടി.

റിസർവ് ബാങ്കിന്റെ പക്കലുള്ള അധിക കരുതൽ ധനത്തിൽ 1.76 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാരിന് കൈമാറാമെന്ന മുൻ ആർബിഐ ഗവർണർ ബിമൽ ജലാൻ സമിതിയുടെ ശുപാർശയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര ബോർഡ് അംഗീകരിക്കുന്നത്്. ശുപാർശ ആർബിഐ കേന്ദ്ര ബോർഡ് അംഗീകരിച്ചതോടെ അടുത്ത വർഷം മാർച്ചിനുള്ളിൽ കേന്ദ്ര സർക്കാരിന് ബജറ്റിൽ പ്രതീക്ഷിച്ചതിലും 64 ശതമാനം അധികതുക റിസർവ് ബാങ്കിൽ നിന്ന് ലഭിക്കും. റിസർവ് ബാങ്കിന്റെ 201819 സാമ്പത്തിക വർഷത്തിലെ നീക്കിയിരിപ്പായ 1,23,414 കോടി രൂപയും പുതുക്കിയ സാമ്പത്തിക മൂലധന ചട്ടക്കൂട് (ഇസിഎഫ്) പ്രകാരം കണ്ടെത്തിയ 52,637 കോടി രൂപയും ഉൾപ്പെടെ 1,76,051 കോടി രൂപയാണ് ഇത്തരത്തിൽ കൈമാറാൻ തിങ്കളാഴ്ച ചേർന്ന ബോർഡ് യോഗം തീരുമാനിച്ചത്. ആർബിഐയുടെ പക്കൽ ഒൻപതു ലക്ഷം കോടി രൂപയുടെ കരുതൽ ധനം ഉണ്ടെന്നായിരുന്നു കണക്കുകൾ. ആഗോള ചട്ടം അനുസരിച്ച് അധികത്തുക സർക്കാരിന് കൈമാറണമെന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച് ആർബിഐയും കേന്ദ്ര സർക്കാരും തമ്മിൽ തർക്കം ഉടലെടുത്തതോടെയാണ് വിഷയം പഠിക്കാൻ ബിമൽ ജലാൻ സമിതിയെ നിയോഗിച്ചത്.

മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 3.3 ശതമാനമാണ് ധനകമ്മിയായി നിശ്ചയിച്ചിരിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കാൻ ആർബിഐയുടെ പക്കലുള്ള അധിക കരുതൽ ധനം ഉപകരിക്കുമെന്നാണു വിലയിരുത്തൽ. റിസർവ് ബാങ്കിന്റെ പക്കലുള്ള അധിക മൂലധനം രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് മൂലധന സഹായം നൽകാൻ ഉപയോഗിക്കണമെന്നാണ് കേന്ദ്ര നിലപാട്. കരുതൽ ധനം കൈമാറുന്നത് സംബന്ധിച്ച് ആർബിഐ മുൻ ഗവർണർ ഉർജിത് പട്ടേലും സർക്കാരും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. ഉർജിത് പട്ടേലിന്റെ രാജിയിലേക്കു നയിച്ചതും ഇത്തരം അഭിപ്രായഭിന്നതകളായിരുന്നു. റിസർവ്വ് ബാങ്കിന്റെ കരുതൽ ധനം എടുക്കുന്നത് സമീപഭാവിയിൽ സംഭവിച്ചേയ്ക്കാവുന്ന സാമ്പത്തികമാന്ദ്യത്തിന്റെ സൂചനയെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.

മുമ്പിലുള്ളത് വമ്പൻ പ്രതിസന്ധി

2006ലെ ആഗോളസാമ്പത്തികമാന്ദ്യത്തെ അതിജീവിച്ച ഇന്ത്യയ്ക്ക് ഇത്തവണ അതിന് സാധ്യമായേക്കില്ലെന്ന ആശങ്ക ശക്തമാണ്. അതുകൊണ്ടുതന്നെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയെന്ന മോദിയുടെ ലക്ഷ്യം പകൽക്കിനാവായി തുടരുമെന്ന വിലയിരുത്തൽ സജീവമായി. മൂന്ന് സാമ്പത്തിക വർഷം വളർച്ചാ നിരക്ക് 10 ശതമാനം ആയി തുടർന്നാൽ മാത്രമേ അഞ്ച് ട്രില്യൺ ഡോളറെന്ന ലക്ഷ്യത്തിലെത്താൻ കഴിയൂ. ഉപഭോക്തൃ സൂചികയിലെ തളർച്ചയും സമ്പദ്വ്യവസ്ഥ തകിടം മറിഞ്ഞതിന്റെ സൂചനയാണ് നൽകിയത്. തന്ത്രപ്രധാനമായ മേഖലകളിലെല്ലാം തുടർച്ചയായ ഓരോ പാദത്തിലും തളർച്ചയാണ് നേരിടുന്നത്. കാറുകൾ, ഇരുചക്രവാഹനങ്ങൾ, ട്രാക്ടറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ വിൽപ്പന ഗണ്യമായി കുറഞ്ഞു.

ട്രാക്ടറുകളുടെ വിൽപ്പനയിലുണ്ടായ കുറവ് കാർഷിക മേഖലയിലെ പ്രതിസന്ധിയാണ് സൂചിപ്പിക്കുന്നത്. ഉൽപ്പാദന മേഖലയിലെ ഉപഭോഗം 70 ശതമാനത്തോളമാണ് ഇടിഞ്ഞത്. കഴിഞ്ഞ നാല് വർഷവും റയിൽ മാർഗമുള്ള ചരക്ക് നീക്കം 32 ശതമാനം കുറഞ്ഞു. ഏഴ് വർഷം മുമ്പ് പണിപൂർത്തിയാക്കിയ വീടുകൾ ഇനിയും വിറ്റഴിച്ചിട്ടില്ലെന്നത് റിയൽഎസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധി വ്യക്തമാക്കുന്നു. തൊഴിൽ മേഖലയിലെ പ്രതിസന്ധിയാണ് ഏറ്റവും രൂക്ഷമായി തുടരുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ കുറവ് 9.1 ദശലക്ഷമാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2012ൽ 474 ദശലക്ഷം തൊഴിലാളികളുടെ സ്ഥാനത്ത് ഇപ്പോൾ 465 ദശലക്ഷം മാത്രമാണുള്ളത്. കാർഷിക മേഖലയിലെ തൊഴിലാളികളുടെ എണ്ണം 26.7 ദശലക്ഷമായി കുറഞ്ഞു. ഉൽപ്പാദന മേഖലയിലെ തൊഴിലാളികളുടെ എണ്ണം 3.5 ദശലക്ഷമായി കുറഞ്ഞു. നിർമ്മാണം, സേവനം എന്നീ മേഖലകളിലെ തൊഴിലാളികളുടെ എണ്ണം യഥാക്രമം 3.6, 17.1 ദശലക്ഷമായി കുറഞ്ഞു.

ഉരുക്ക് ഉൾപ്പെടെയുള്ള ഘനവ്യവസായങ്ങളും ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്. ടാറ്റാ സ്റ്റീൽ കഴിഞ്ഞ ആറ് മാസത്തിനിടെ മൂലധന നിക്ഷേപത്തിൽ 17 ശതമാനം കുറവ് വരുത്തി. സമാനമായ തീരുമാനങ്ങളാണ് എസ്സാർ, മിത്തൽ എന്നീ കമ്പനികളും സ്വീകരിച്ചത്. തൊഴിൽ മേഖലയിൽ ഏറെ സംഭാവന ചെയ്യുന്ന ചെറുകിട, ഇടത്തരം (എംഎസ്എംഇ) വ്യവസായങ്ങളും രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നത്. എംഎസ്എംഇ സ്ഥാപനങ്ങൾക്കുള്ള വായ്പാ തോതിലും ഗണ്യമായ കുറവുണ്ടായതായി ആർബിഐ രേഖകളും വ്യക്തമാക്കുന്നു. വിനോദസഞ്ചാരം, ഹോട്ടൽ, റസ്റ്റോറന്റുകൾ എന്നീ മേഖലകളിലെ വായ്പകളും കുറഞ്ഞു. ഖാരിഫ് വിളകളുടെ കൃഷിയിലുണ്ടായ 5.3 ശതമാനം കുറവ് കാർഷിക മേഖലയിലെ പ്രതിസന്ധിയുടെ സൂചകമാണ്. നെല്ല് ഉൾപ്പെടെയുള്ള കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവിലയിൽ നാല് ശതമാനം വർധന മാത്രമാണ് വരുത്തിയത്. എന്നാൽ ഉൽപ്പാദന ചെലവിൽ 17 ശതമാനം വർധനയുണ്ടായി. ഇത് ഗുരുതര പ്രതിസന്ധിയിലേക്ക് വിരൽ ചൂണ്ടുന്ന ഘടകങ്ങളാണ്.

റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ നിന്നും പണമെടുത്ത് ഈ പ്രതിസന്ധി പരിഹരിക്കാനാണ് നീക്കം. കരുതൽ ധനശേഖരത്തിന്റെ സിംഹഭാഗവും കൈക്കലായാൽ പിടിച്ചു നിൽക്കാനാകുമെന്ന പ്രതീക്ഷ പ്രധാനമന്ത്രി മോദിക്കുമുണ്ട്.

9 ലക്ഷം കോടിയിലധികമാണ് ആർബിഐയുടെ കരുതൽ ധനശേഖരം

മൂന്ന് വിഭാഗത്തിൽ ഉൾപ്പെടുന്ന കരുതൽ ധനശേഖരമാണ് ആർബിയുടെ പക്കലുള്ളത്. വിദേശ വിനിമയ നിരക്ക്, സർക്കാർ ബോണ്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട മൂല്യാധിഷ്ടിത കരുതൽ ധനശേഖരം, ആസ്തികളുമായി ബന്ധപ്പെട്ട ആസ്തി വികസന കരുതൽ ധനശേഖരം, അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന കണ്ടിജൻസി കരുതൽ ധനശേഖരം. 2018 ജൂൺ മാസത്തിലെ കണക്കുകൾ പ്രകാരം 9 ലക്ഷം കോടിയിലധികമാണ് ആർബിഐയുടെ കരുതൽ ധനശേഖരം. ഇതിൽ 6.9 ലക്ഷം കോടിയിലധികം രൂപയും മൂല്യാധിഷ്ഠിത കരുതൽ ധനശേഖരമാണ്. മൂല്യാധിഷ്ഠിത കരുതൽ ധനശേഖരത്തിൽ നിന്നും പണം സർക്കാരിന് നൽകാനുള്ള ചട്ടം ഇപ്പോഴില്ല. ഇതുകൂടി മറികടക്കാനാണ് ബിമൽ ജലാൻ കമ്മിഷനെ മോദി സർക്കാർ നിയോഗിച്ചത്. ഇതോടെ റിസർവ്വ് ബാങ്കിന് ജലാൻ കമ്മീഷന്റെ വഴിയേ നീങ്ങേണ്ടിയും വന്നു.

ആർബിഐയുടെ കരുതൽ ധനശേഖരത്തിന്റെ അളവ്, സർക്കാരിന് ലഭിക്കാവുന്ന വിഹിതം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് മോദി സർക്കാർ ആർബിഐ മുൻ ഗവർണർ ബിമൽ ജലാൻ അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്. ധനവകുപ്പ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗേയും സർക്കാർ പ്രതിനിധിയായി കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു. ഈ സമിതിയാണ് ആർബിഐയുടെ കരുതൽ ധനശേഖരത്തിന്റെ അളവ് കുറച്ച് സർക്കാരിന് നൽകണമെന്ന നിർദ്ദേശം നൽകുന്നതും. രാജ്യ എത്രത്തോളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നുവെന്നതിന്റ് തെളിവാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ആർബിഐയുടെ കരുതൽ ധനശേഖരത്തിൽ നിന്നുള്ള വിഹിതം ഘട്ടം ഘട്ടമായി നൽകാനാണ് കമ്മിറ്റിയുടെ ശുപാർശ. കരുതൽ ധനശേഖരത്തിന്റെ വിഹിതം ഘട്ടം ഘട്ടമായല്ല മറിച്ച് ഒരു ഘട്ടമായി വേണമെന്ന നിർദ്ദേശം സുഭാഷ് ചന്ദ്ര ഗാർഗെ മുന്നോട്ടുവച്ചെങ്കിലും ബിമൽ ജലാൻ കമ്മിഷനിലെ മറ്റ് അംഗങ്ങൾ ഇതിനെ എതിർത്തു.

എങ്കിലും സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള ഉത്തേജക പാക്കേജിന് ഈ തുക വലിയൊരു സഹായകമാകും. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട കണ്ടിജൻസി കരുതൽ ധനശേഖരം മാനദണ്ഡങ്ങൾ അനുശാസിക്കുന്നതിനെക്കാൾ കൂടുതലുണ്ടെന്നാണ് സർക്കാർ വാദിക്കുന്നത്. എന്നാൽ അത്യവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള ഫണ്ട് മാത്രമേയുള്ളൂവെന്നാണ് ആർബിഐ ഇക്കാര്യത്തിൽ പറഞ്ഞിരുന്നത്. എന്നിട്ടും മൂല്യാധിഷ്ഠിത കരുതൽ ധനശേഖരത്തിൽ നിന്നും പണം ആവശ്യപ്പെടാനുള്ള നീക്കങ്ങൾ മോദി സർക്കാർനടത്തി. ഇത് കൈമാറാൻ കഴിയില്ലെന്ന നിലപാടാണ് ആർബിഐ സ്വീകരിച്ചത്. ഇരുവരും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് ബിമൽ ജലാന്റെ അധ്യക്ഷതയിൽ പ്രത്യേക സമിതി രൂപീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP