Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

31 രൂപ വിലയുള്ള ഒരു ലിറ്റർ പെട്രോൾ തിരുവനന്തപുരത്ത് വിൽക്കുന്നത് 90.02 രൂപയ്ക്ക്! നാല് ദിവസം കൊണ്ട് പെട്രോളിന് കൂടിയത് 1.33 രൂപ; വില കുറഞ്ഞപ്പോൾ കൂട്ടിയ അധിക നികുതിയിൽ ഇളവ് വരുത്താത്തത് തിരിച്ചടി; സാധാരണക്കാരന്റെ കാശ് മുഴുവൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മോഷ്ടിക്കുമ്പോൾ

31 രൂപ വിലയുള്ള ഒരു ലിറ്റർ പെട്രോൾ തിരുവനന്തപുരത്ത് വിൽക്കുന്നത് 90.02 രൂപയ്ക്ക്! നാല് ദിവസം കൊണ്ട് പെട്രോളിന് കൂടിയത് 1.33 രൂപ; വില കുറഞ്ഞപ്പോൾ കൂട്ടിയ അധിക നികുതിയിൽ ഇളവ് വരുത്താത്തത് തിരിച്ചടി; സാധാരണക്കാരന്റെ കാശ് മുഴുവൻ  കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മോഷ്ടിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ പെട്രോളിന്റെ വില 90 കടന്നു. തിരുവനന്തപുരത്താണ് പെട്രോളിന്റെ വില സംസ്ഥാനത്ത് ആദ്യമായി 90 കടന്നത്. തുടർച്ചയായ അഞ്ചാം ദിവസവും പെട്രോൾ വില കൂടിയതോടെയാണ് ഇത്. തിരുവനന്തപുരം നഗരത്തിൽ പെട്രോൾ ലിറ്ററിന് 90.02 രൂപ ആണ് വില. ഡീസലിന് 84.28ഉം. കൊച്ചിയിൽ 88.39 രൂപ പെട്രോളിന് നൽകണം. ഇവിടെ ഡീസൽ ലിറ്ററിന് 82.76 ആണ് വില. നാലു ദിവസം കൊണ്ട് കേരളത്തിൽ പെട്രോളിന് 1.33 രൂപയും ഡീസലിന് 1.19 രൂപയുമാണ് കൂടിയത്. ഇന്ന് പെട്രോളിന് 36 പൈസയും ഡീസലിന് 29 പൈസയുമാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കൂടുന്നുവെന്ന ന്യായം പറഞ്ഞാണ് വില കൂട്ടൽ. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞപ്പോൾ ഉയർത്തിയ എക്‌സൈസ് നികുതിയും മറ്റും കുറയ്ക്കാറുമില്ല. അങ്ങനെ ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ.

കോവിഡ് വാക്‌സീൻ വിതരണം തുടങ്ങിയതോടെ ആഗോള സമ്പദ്‌വ്യവസ്ഥ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് വില 60 ഡോളറിന് മുകളിൽ തുടരുകയാണ്. ഈ രീതി തുടരാനാണ് സാധ്യത. അങ്ങനെ വന്നാൽ ഇനിയുള്ള ദിവസങ്ങളിലും എണ്ണ കമ്പനികൾ ഇന്ധന വില ഉയർത്തും. പാചക വാതക വിലയും ഉയരാൻ സാധ്യത ഏറെയാണ്. 83 ദിവസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ജൂൺ 6നാണ് ഇന്ത്യയിൽ എണ്ണക്കമ്പനികൾ ഇന്ധനവില വർധിപ്പിച്ചു തുടങ്ങിയത്. ജൂൺ 25നാണ് പെട്രോൾ വില ലീറ്ററിന് 80 രൂപ കടന്നത്.

2018 ൽ പെട്രോൾ, ഡീസൽ വില കുതിച്ച് കയറിയപ്പോൾ സർക്കാർ ചില നടപടികൾ സ്വീകരിച്ചിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു അന്ന് ചെയ്തത്. ഇതു കൂടാതെ സർക്കാർ എണ്ണക്കമ്പനികൾ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു. ഇന്ത്യയിൽ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതിൽ നിർണായകമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയർന്നാൽ എണ്ണ വില കുറയ്ക്കാൻ വഴിയൊരുക്കും. എന്നാൽ ഇതിന് സാധ്യത കുറവാണ്. കൊറോണക്കാലത്ത് എണ്ണ വില ഇടിഞ്ഞപ്പോൾ എക്‌സൈസ് നികുതിയിൽ വലിയ മാറ്റം കേന്ദ്രം കൊണ്ടു വന്നിരുന്നു. ഇത് പിൻവലിച്ചാൽ 80 രൂപയിൽ താഴെ ഇപ്പോഴും പെട്രോൾ ലിറ്ററിന് ലഭിക്കുമെന്നതാണ് വസ്തുത.

കുറക്കാവുന്ന സാഹചര്യമുണ്ടായിട്ടും ഇന്ധനവില നൂറിലേക്കുയർത്തി ഉപഭോക്താക്കളെ കൊള്ളയടിക്കാൻ എണ്ണക്കമ്പനികളുടെ നീക്കം നടക്കുന്നുവെന്ന പരാതിയും ഉണ്ട്. ഇതിനെതിരെ പെട്രോൾ പമ്പുടമകൾതന്നെ രംഗത്തെത്തി. പത്ത് ശതമാനം എഥനോൾ ചേർത്ത പെട്രോൾ സംസ്ഥാനത്ത് വിൽപന തുടങ്ങിയിട്ടും നൂറ്ശതമാനം പെട്രോൾ എന്ന നിലയിലാണ് വില ഉയർത്തുന്നത്. പ്രകൃതി സൗഹൃദ ബയോ ഇന്ധനം എന്ന കാഴ്ചപ്പാടോടെയാണ് ഫെബ്രുവരി നാല് മുതൽ സംസ്ഥാനത്ത് പത്ത് ശതമാനം എഥനോൾ ചേർത്ത് പെട്രോൾ വിൽപന തുടങ്ങിയത്. മറ്റ് സംസ്ഥാനങ്ങളിൽ ഇത് നേരത്തേ നിലവിൽവന്നു.

പത്ത് ശതമാനം എഥനോൾ ചേർത്ത പെട്രോൾ ലിറ്ററിന് ഏഴ് രൂപ വരെ കുറച്ചുനൽകാനാകുമെന്നാണ് പമ്പുടമകൾ പറയുന്നത്. 2017 ജൂണിൽ നിലവിൽവന്ന കമീഷനാണ് പമ്പുടമകൾക്ക് ഇപ്പോഴും നൽകുന്നത്. ലിറ്ററിന് 31 രൂപ മാത്രം അടിസ്ഥാന വിലയുള്ള പെട്രോളാണ് 32.98 രൂപ എക്‌സൈസ് നികുതിയും സംസ്ഥാന വിൽപന നികുതിയായ 18.94 രൂപയും വ്യാപാരി കമീഷനും സെസ്സുമെല്ലാം ചേർത്ത് ഇത്രയും ഉയർന്ന വിലയ്ക്ക് ഉപഭോക്താക്കൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത്. 31 രൂപയാണ് ഡീസലിന്റെ അടിസ്ഥാനവില. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധനവില സർവകാല റെക്കോഡ് ആണ്. അസംസ്‌കൃത എണ്ണവിലയിലെ നേരിയ വർധനവിന്റെ പേരിൽ ഇന്ധനവില ഉയർത്തുന്ന എണ്ണക്കമ്പനികൾ എണ്ണ വില താഴ്ന്നാൽ ഇന്ധനവില കുറക്കാറില്ല.

പെട്രോൾ, ഡീസൽ വിലവർധനയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്നും വളരെ കരുതലോടെ ഇടപെടേണ്ട വിഷയമാണിതെന്നും പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ നേരത്തെ പ്രതികരിച്ചിരുന്നു. ഏത് പാർട്ടി എവിടെ അധികാരത്തിലിരുന്നാലും പെട്രോളിയം ഉപ്തന്നങ്ങളിൽ നിന്നുള്ള നികുതിയെ പ്രധാന വരുമാനമാർഗമായി കാണുന്നു. കേന്ദ്രം ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ കൂട്ടുകയും കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളും വാറ്റ് നിരക്ക് വർധിപ്പിച്ചുവെന്നും മന്ത്രി ന്യായീകരണമായി പറയുന്നു. .കഴിഞ്ഞ 300 ദിവസത്തിനിടെ 60 ദിവസം വില കൂടി. ഏഴ് ദിവസം പെട്രോളിനും 21 ദിവസം ഡീസലിനും വില കുറഞ്ഞു. മറ്റു ദിവസങ്ങളിൽ വിലയിൽ മാറ്റം വരുത്തിയിട്ടുമില്ലെന്നും കേന്ദ്രം വിശദീകരിക്കുന്നു.

അന്താരാഷ്ട്ര ക്രൂഡ് വില ഇൻഡിക്കേറ്റർ (സൂചകം) മാത്രമാണ്, അന്താരാഷ്ട്ര ഉത്പന്ന വിലയാണ് ബെഞ്ച്മാർക്ക്. അസംസ്‌കൃത എണ്ണ (ക്രൂഡ് ഓയിൽ) വില, എണ്ണക്കമ്പനികളുടെ ലാഭം, ഗതാഗത ചെലവ്, ചരക്ക് നീക്ക ചെലവ്, കേന്ദ്ര- സംസ്ഥാന നികുതികൾ എന്നിവയെ ആശ്രയിച്ചാണ് ഇന്ത്യയിലെ എണ്ണവിലയെന്ന് തുടങ്ങിയ ന്യായങ്ങൾ പറഞ്ഞ് കൊള്ളയെ കേന്ദ്ര സർക്കാർ ന്യായീകരിക്കുന്നു. നികുതി കുറയ്ക്കാൻ കേരളവും തയ്യാറല്ല. ഇതോടെയാണ് പെട്രോളും ഡീസലും സാധാരണക്കാർക്ക് തൊട്ടാൽ പൊള്ളുന്ന വസ്തുവായി മാറുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP