Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റിട്ടേൺ സമർപ്പിക്കാൻ മാത്രമല്ല ബാങ്കിൽനിന്ന് 50,000 രൂപയിൽ കൂടുതൽ പിൻവലിക്കാനും ഇനി ആധാർ മതിയാകും; പാൻ നിർബന്ധമല്ലാതാക്കിയതിന് പിന്നാലെ സർവമേഖലകളിലും ആധാറിന് അനുമതി; പാനോ ആധാറോ ഏതെങ്കിലും ഒന്നുണ്ടെങ്കിൽ ഇനിയെല്ലാ കാര്യങ്ങളും സുമാർ

റിട്ടേൺ സമർപ്പിക്കാൻ മാത്രമല്ല ബാങ്കിൽനിന്ന് 50,000 രൂപയിൽ കൂടുതൽ പിൻവലിക്കാനും ഇനി ആധാർ മതിയാകും; പാൻ നിർബന്ധമല്ലാതാക്കിയതിന് പിന്നാലെ സർവമേഖലകളിലും ആധാറിന് അനുമതി; പാനോ ആധാറോ ഏതെങ്കിലും ഒന്നുണ്ടെങ്കിൽ ഇനിയെല്ലാ കാര്യങ്ങളും സുമാർ

മറുനാടൻ ഡെസ്‌ക്‌

നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റോടെ സൂപ്പർത്താര പദവിയിലേക്ക് ഉയർന്നിരിക്കുകയാണ് ആധാർ കാർഡ്. സാമ്പത്തിക ഇടപാടുകൾക്കും ആധാർ മതിയെന്നുവന്നതോടെ, പാൻ കാർഡിനുണ്ടായിരുന്ന അപ്രമാദിത്വം നഷ്ടമായി. പാൻ കാർഡോ ആധാർ കാർഡോ ഏതെങ്കിലുമൊന്നുണ്ടെങ്കിൽ സാമ്പത്തിക ഇടപാടുകൾ നടത്താമെന്ന് റവന്യൂ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെയും വ്യക്തമാക്കി.

50,000 രൂപയ്ക്കുമുകളിലുള്ള സാമ്പത്തിക ഇടപാടുകൾക്ക് നേരത്തെ പാൻ നമ്പർ നിർബന്ധമായിരുന്നു. ഇത്തരത്തിൽ പാൻ നമ്പർ നിർബന്ധമായിരുന്ന ഇടങ്ങളിലൊക്കെ ആധാർ നമ്പർ മതിയാകുമെന്ന് പാണ്ഡെ പറഞ്ഞു. പാൻ കാർഡിന് പകരം ആധാർ കാർഡ് സ്വീകരിക്കുന്നതിനാവശ്യമായ നടപടി ക്രമങ്ങൾ ബാങ്കുകൾ കൈക്കൊള്ളണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

കള്ളപ്പണം നിയന്ത്രിക്കുന്നതിനായാണ് 50,000 രൂപയ്ക്കുമുകളിലുള്ള സാമ്പത്തിക ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കിയത്. അരലക്ഷതത്തിന് മുകളിലുള്ള ഹോട്ടൽ ബില്ലുകൾക്കും യാത്രാ രേഖകൾക്കും പാൻ നമ്പർ ആവശ്യമായിരുന്നു. 10 ലക്ഷം രൂപയ്ക്കുമുകളിലുള്ള സ്വത്ത് കച്ചവടം നടത്തുന്നതിനും പാൻ കാർഡ് നിർബന്ധമായിരുന്നു.

ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിന് പാൻ കാർഡിന് പകരം ആധാർ കാർഡ് മതിയെന്നാണ് ബജറ്റിൽ നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. പാൻ കാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡുപയോഗിച്ച് റിട്ടേൺ സമർപ്പിക്കാനാകുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു. പാൻ കാർഡിനെക്കാൾ വ്യാപകമായി ആധാർ കാർഡുള്ളതിനാലാണ് അതിന്റെ ഉപയോഗം സാർവത്രികമാക്കാൻ കേന്ദ്രം തീരുമാനിച്ചത്.

22 കോടി പാൻ കാർഡുകൾ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന് പാണ്ഡെ പറഞ്ഞു. 120 കോടിയോളം പേർ ആധാർ കാർഡ് എടുത്തിട്ടുണ്ട്. പാൻ കാർഡ് പുതിയതായെടുക്കണമെങ്കിലും ആധാർ വിവരങ്ങൾ കൈമാറണം. അതുകൊണ്ടുതന്നെ, പാൻ കാർഡിന് പകരമായി ആധാർ ഉപയോഗിക്കുന്നതിൽ യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറയുന്നു. ബാങ്ക് അക്കൗണ്ടിൽനിന്ന് അരലക്ഷത്തിൽ കൂടുതൽ തുക നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യുന്നതിനും ആധാർ വിവരങ്ങൾ മാത്രം നൽകിയാൽ മതി.

എന്നാൽ, ഇതോടെ, പാൻ കാർഡുകൾ ഇല്ലാതാകുമെന്ന് കരുതരുതെന്ന് പാണ്ഡെ പറഞ്ഞു. പാൻ കാർഡുകളും ആധാർ കാർഡുകളും നിലനിൽക്കും. ഏതുപയോഗിക്കണമെന്ന് ഓരോ വ്യക്തികൾക്കും തീരുമാനിക്കാനാകും. പാൻ കാർഡുകളെ 22 കോടിയിൽനിന്ന് 120 കോടിയിലെത്തിക്കുകയാണ് ലക്ഷ്യം. എല്ലാ ആധാർ കാർഡുകളും പാനുമായും എല്ലാ പാൻ കാർഡുകളും ആധാറുമായും ലിങ്ക് ചെയ്യിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP