Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ജെഫ് ബെസോസ് തന്നെ; എലോൺ മസ്‌ക്, ബിൽ ഗെയ്റ്റ്സ്, സുക്കെർബർഗ് എന്നിവർ തൊട്ടു പിന്നാലെ; ബ്രിട്ടനിലെ അതി സമ്പന്നരിൽ ഹിന്ദുജയും ലക്ഷ്മി മിട്ടലും; പത്ത് അതിസമ്പന്നരിൽ മുകേഷ അംബാനിയൊഴികെ എല്ലാവരും അമേരിക്കക്കാർ; ഫോർബ്സിന്റെ പുതിയ റിച്ച് ലിസ്റ്റ് ഇങ്ങനെ

ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ജെഫ് ബെസോസ് തന്നെ; എലോൺ മസ്‌ക്, ബിൽ ഗെയ്റ്റ്സ്, സുക്കെർബർഗ് എന്നിവർ തൊട്ടു പിന്നാലെ; ബ്രിട്ടനിലെ അതി സമ്പന്നരിൽ ഹിന്ദുജയും ലക്ഷ്മി മിട്ടലും; പത്ത് അതിസമ്പന്നരിൽ മുകേഷ അംബാനിയൊഴികെ എല്ലാവരും അമേരിക്കക്കാർ; ഫോർബ്സിന്റെ പുതിയ റിച്ച് ലിസ്റ്റ് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

സാധാരണ ജനങ്ങൾക്ക് ദുരിതങ്ങളേറെ നൽകിയ കോവിഡ് കാലത്ത് പക്ഷെ സമ്പന്നർ കൂടുതൽ സമ്പന്നരായി മാറുകയായിരുന്നു എന്നാണ് ഫോർബ്സ് പറയുന്നത്. ലോകത്തിലെ അതിസമ്പന്നരുടെയെല്ലാം കൂടെ സമ്പത്തിൽ 8.2 ലക്ഷം കോടി ഡോളറിന്റെ വർദ്ധനവ് ഉണ്ടായതായാണ് ഫോർബ്സിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. പതിവുപോലെ സിലിക്കോൺ വാലി തന്നെ ലോകത്തിലെ അതിസമ്പന്നരുടെ താഴ്‌വരയായി തുടരുകയാണ്. ആമസോണിന്റെ ജെഫ് ബെസോസ് ആണ് ഇത്തവണയും ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി.

കഴിഞ്ഞ വർഷത്തിലേതിനേക്കാൾ 46 ബില്ല്യൺ പൗണ്ടിന്റെ വർദ്ധനവാണ് ബെസോസിന്റെ ആസ്തിയിൽ ഉണ്ടായിരിക്കുന്നത്. 177 ബില്ല്യൺ ഡോളറിന്റെ ആസ്തിയുമായി ബെസോസ് ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ, ബഹിരാകാശയാനവുമായി എത്തിയ ആദ്യ സ്വകാര്യകമ്പനി സ്പേസ് എക്സിന്റെ എലൻ മസ്‌ക് 151 ബില്ല്യൺ ഡോളറുമായി രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനം പക്ഷെ സിലിക്കോൺ വാലിക്ക് നഷ്ടപ്പെട്ടു.ലോക പ്രശസ്ത ഫാഷൻ ബ്രാൻഡായ ലൂയിസ് വീറ്റന്റെ ബെർനാർഡ് ആർനോൾട്ടാണ് മൂന്നാം സ്ഥാനത്തുള്ളത്. 150 ബില്ല്യൺ ഡോളറിന്റെ ആസ്തിയാണ് ഈ ഫ്രഞ്ചുകാരന് ഉള്ളത്.

മൈക്രോസോഫ്റ്റിന്റെ ബിൽ ഗെയ്റ്റ്സ് (124 ബില്ല്യൺ ഡോളർ), ഫേസ്‌ബുക്കിന്റെ മാർക്ക് സക്കർബർഗ് (97 ബില്ല്യൺ ഡോളർ) എന്നിവർ നാലും അഞ്ചും സ്ഥാനങ്ങൾ കൈയടക്കി. ലോകത്തിലെ ആദ്യ പത്ത് അതിസമ്പന്നരുടെ ലിസ്റ്റിൽ ഫ്രഞ്ച് ഫാഷൻ ഭീമനായ ബെർനാർഡ് ആർനോൾട്ടിനു പുറമെ അമേരിക്കക്കാരൻ അല്ലാതെയുള്ളത് പത്താമത്തെ അതിസമ്പന്നനായ മുകേഷ അമ്പാനിയാണ്. കോവിഡുകാലത്തും വളർന്ന മുകേഷ അമ്പാനിയുടെ സ്വത്ത് 84.5 ബില്ല്യൺ ഡോളർ ആണ്.

ലോകത്തിലെ പത്താമത്തെ അതിസമ്പന്നൻ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി തുടരുമ്പോൾ 50.5 ബില്ല്യൺ ഡോളറിന്റെ ആസ്തിയുമായി ഗൗതം അദാനി രണ്ടാം സ്ഥാനത്താണ്. ശിവ് നടാർ (23.5 ബില്ല്യൺ ഡോളർ) രാധാകൃഷ്ണ ദമാനി (16.5 ബില്ല്യൺ ഡോളർ), ഉദയ് കോട്ടക് (15.9 ബില്ല്യൺ ഡോളർ) എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ. കോവിഡ് കാലത്ത് വാക്സിൻ നിർമ്മിച്ച് രക്ഷകരായി എത്തിയ സീറം ഇൻസ്റ്റിറ്റിയുട്ടിന്റെ സൈറസ് പൂനാവാല 12.7 ബില്ല്യൺ ഡോളറിന്റെ ആസ്തിയുമായി എട്ടാം സ്ഥാനത്ത് നിൽക്കുന്നു. എയർ ടെല്ലിന്റെ സുനിൽ മിട്ടൽ പത്താം സ്ഥാനത്തും എത്തി.

ഇന്ത്യയ്ക്ക് പുറത്തും ഇന്ത്യൻ വംശജരായ ശതകോടീശ്വരന്മാർ ഈ ലിസ്റ്റിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. ലണ്ടൻ ആസ്ഥാനമാക്കിയുള്ള ഹിന്ദുജ സഹോദരന്മാർ 15 ബില്ല്യൺ ഡോളറിന്റെ ആസ്തിയുമായി ബ്രിട്ടനിലെ അഞ്ചാമത്തെ അതിസമ്പന്നനായപ്പോൾ, തുല്യ ആസ്തിയുമായി മറ്റൊരു ഇന്ത്യൻ വ്യവസായിയായ ലക്ഷ്മി മിട്ടലും അഞ്ചാം സ്ഥാനം പങ്കിടുന്നു. ഇന്ത്യയിലും ബിസിനസ്സ് താത്പര്യങ്ങളുള്ള ലക്ഷ്മി മിട്ടൽ ഇന്ത്യൽ ലിസ്റ്റിൽ ആറാം സ്ഥാനത്താണ്.

തുടർച്ചയായി നാലാം തവണയും ലോകത്തിലെ അതിസമ്പന്നൻ എന്ന ബഹുമതി നേടിയ ബെസോസിന്റെ ആമസോൺ വലിയൊരു കുതിപ്പാണ് ഈ കൊറോണ കാലത്ത് ദർശിച്ചത്. മഹാമാരി തീർത്ത പ്രതിസന്ധിയിൽ തൊഴിൽ നഷ്ടങ്ങൾ പെരുകുമ്പോഴും, സാമ്പത്തിക ബാദ്ധ്യതകൾ വർദ്ധിക്കുമ്പോഴും ലോകത്ത് പുതിയതായി ഉണ്ടായത് 660 കോടീശ്വരന്മാരാണ് എന്ന് ഫോർബ്സ് വ്യക്തമാക്കുന്നു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിവർഷ വർദ്ധനവാണിത്.

ലോകസമ്പത്ത് ചൈനയിലേക്ക് പോകുന്നു എന്നതാണ് ഈ കഴിഞ്ഞവർഷത്തെ മറ്റൊരു പ്രത്യേകത. ലോകത്തിലെ അതിസമ്പന്നമായ 10 നഗരങ്ങളിൽ അഞ്ചും (ഹോംങ്കോംഗ് ഉൾപ്പടെ) ചൈനയിലാണ് എന്നത് ഇതിന്റെ സൂചന തന്നെയാണ്. ലോകത്തിലെ അതിസമ്പന്ന നഗരങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ബെയ്ജിങ് ആണ്. ഏറ്റവുമധികം ശതകോടീശ്വരന്മാർ ഉള്ളതും ഇവിടെയാണ്. രണ്ടാം സ്ഥാനത്തുള്ളത് ന്യുയോർക്ക് നഗരമാണ്. അതുപോലെ കഴിഞ്ഞവർഷം ഏറ്റവുമധികം വളർച്ച ദർശിച്ചത് വിവരസാങ്കേതികവിദ്യാ മേഖലയിലാണ്.

കഴിഞ്ഞ ഒരു വർഷം കൊടിയ കഷ്ടപ്പാടുകളിൽ ദരിദ്രർ കൂടുതലായി ദരിദ്രരായപ്പോൾ സമ്പന്നർ കൂടുതൽ സമ്പന്നരാകുകയായിരുന്നു എന്നാണ് പുതിയ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിക്കൊണ്ട് ഫോർബ്സ് ചീഫ് കൺടന്റ് ഓഫീസർ റാൻഡാൽ ലെയ്ൻ പറഞ്ഞത്. 660 ശതകോടീശ്വരന്മാരാണ് ഈ വർഷം ലിസ്റ്റിൽ കൂട്ടിചേർക്കപ്പെട്ടത്. ഇതിൽ 493 പേർ പുതിയതായി എത്തിയവരാണ്. അതായത്, കഴിഞ്ഞവർഷം ഓരോ 17 മണിക്കൂറിലും ഒരു ശതകോടീശ്വരൻ വീതം ഉണ്ടായി.

ഏറ്റവും അധികം സമ്പന്നരായ 50 വ്യക്തികളിൽ ആറു വനിതകൾ മാത്രമാണ് ഉള്ളത്. വിവാദ അഭിമുഖത്തിലൂടെ ലോകശ്രദ്ധയാകർഷിച്ച ഓപ്ര വിൻഫ്രി 2.7 ബില്ല്യൺ ഡോളറുമായി 1174 സ്ഥാനത്തെത്തിയപ്പോൾ കിം കർദ്ദിഷിയൻ 2674 സ്ഥാനത്തുണ്ട്. കിമ്മിന്റെ മുൻ ഭർത്താവ് കാന്യെ വെസ്റ്റും ഈ ലിസ്റ്റിൽ, കിമ്മിനേക്കാൾ ഏറെ മുൻപിലായുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP