Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൈനയിൽ നിരവധിപേർ വീടുകളിൽ നിന്നും കുടിയിറക്കപ്പെടുന്നു; ജോലി കഴിഞ്ഞ് തിരികെ എത്തുമ്പോൾ കാണുന്നത് വീടിനുള്ളിൽ പുതിയ താമസക്കാർ; മുട്ടത്തോട് എന്നർത്ഥം വരുന്ന ഒരു ചൈനീസ് സ്റ്റാർട്ട് അപിന്റെ തകർച്ചയിൽ തെരുവിലായത് ആയിരങ്ങൾ; മറ്റൊരു ചൈനീസ് ദുരന്തകഥ കൂടി

ചൈനയിൽ നിരവധിപേർ വീടുകളിൽ നിന്നും കുടിയിറക്കപ്പെടുന്നു; ജോലി കഴിഞ്ഞ് തിരികെ എത്തുമ്പോൾ കാണുന്നത് വീടിനുള്ളിൽ പുതിയ താമസക്കാർ; മുട്ടത്തോട് എന്നർത്ഥം വരുന്ന ഒരു ചൈനീസ് സ്റ്റാർട്ട് അപിന്റെ തകർച്ചയിൽ തെരുവിലായത് ആയിരങ്ങൾ; മറ്റൊരു ചൈനീസ് ദുരന്തകഥ കൂടി

മറുനാടൻ മലയാളി ബ്യൂറോ

തൊരു രാജ്യത്തിന്റെയും നിലനിൽപ് ആ രാജ്യത്തെ യുവതയിലാണ്. അശാന്തമായ യൗവ്വനം, ശത്രുക്കളേക്കാൾ ഭയക്കേണ്ടതാണ്. ചൈന എന്നും പിന്തുടർന്നിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയ യുദ്ധവിദഗ്ദനും തത്വചിന്തകനുമായ സൺ ത്സുവിന്റെ വാക്കുകളാണിത്. ഇന്ന് ചൈന അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നവും ചൈനയുടെ അശാന്ത യൗവ്വനം തന്നെയാണ്. പഠനത്തിനും മറ്റുമായി പാശ്ചാത്യ രാജ്യങ്ങളിലെത്തി ജീവിതം അനുഭവിച്ചറിഞ്ഞ യുവാക്കൾ ഇന്ന് സ്വാതന്ത്ര്യത്തിനായി ദാഹിക്കുകയാണ്. എന്നാൽ കരാളമുഷ്ടിയാൽ എല്ലാ മുന്നേറ്റങ്ങളും തച്ചുതകർക്കാൻ ശ്രമിക്കുകയുമാണ്.

അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആലിബാബയുടെ ഉടമ ജാക്ക് മായുടെ തിരോധാനം. പിതിയ ആശയങ്ങളെ സർക്കാർ അടിച്ചമർത്തുകയാണെന്ന് അദ്ദേഹം പറഞ്ഞതിൽ പിന്നെ അദ്ദേഹത്തെ കുറിച്ച് യാതോരു വിവരവുമില്ല. ആലിബാബയെ പോലെവലിയൊരു അന്താരാഷ്ട്ര കോർപ്പറേറ്റിന്റെ അധിപന്റെ അവസ്ഥ ഇതാണെങ്കിൽ, തികച്ചും സാധാരണക്കാരായവരുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളു.

അടിച്ചമർത്തപ്പെട്ട സ്വാതന്ത്ര്യ ബോധം നൽകുന്ന വേദനയ്ക്ക് പുറമേയാണ് കോവിഡ് വിതച്ച നാശനഷ്ടങ്ങൾ. ദുരന്തത്തിന്റെ പൂർണ്ണചിത്രം ഇരുമ്പുമറയ്ക്ക് പുറത്തേക്ക് പൂർണ്ണമായും എത്തിയിട്ടില്ലെങ്കിലും അത് ജനങ്ങൾക്കിടയിൽ കടുത്ത അസംതൃപ്തിയാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് വുഹാൻ ഡയറി പോലുള്ള നിരവധി പുസ്തകങ്ങളിലൂടെയും ഒറ്റപ്പെട്ട ലേഖനങ്ങളിലൂടെയും ലോകം അറിഞ്ഞു കഴിഞ്ഞു. അതിനിടയിലാണ് ആയിരക്കണക്കിന് യുവാക്കൾ വീട് നഷ്ടപ്പെട്ട് തെരുവിലാകുന്നത്.

ബെയ്ജിംഗിലെ ഷിയോവുയേയും അയാളുടെ ഭാര്യയും ഒരു ദിവസം ജോലി കഴിഞ്ഞ് അവരുടെ വാടക വീട്ടിലെത്തുമ്പോൾ കാണുന്നത് ഒരു പുരുഷനും സ്ത്രീയും കൂടി അവരുടെ വീടിന്റെ പൂട്ട് പൊളിച്ച് മറ്റൊരു പൂട്ടിടുന്നതാണ്. അവർ ആ വിടിന്റെ ഉടമസ്ഥരായിരുന്നു. മാസങ്ങളായി ഷിയാവു വാടക തന്നിട്ടില്ല എന്നതാണ് അതിന് കാരണമായി വീട്ടുടമസ്ഥൻ പറഞ്ഞത്. എന്നാൽ, ഓരോ തവണയും ആറു മാസത്തെ വാടക മുൻകൂറായി നൽകുന്ന ഷിയാവുയേയ്ക്ക് അതൊരു ഞെട്ടലായിരുന്നു.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തിൽ വാടക നൽകാത്തതിന്റെ പേരിൽ ആയിരക്കണക്കിന് ആളുകളേയാണ് ചൈനയിലെ വിവിധ നഗരങ്ങളിൽ കുടിയൊഴിച്ചത്. ഇവരിൽ അധികവും ഗ്രാമങ്ങളിൽ നിന്നും നല്ലൊരു ഭാവി ആഗ്രഹിച്ച് നഗരങ്ങളിൽ കുടിയേറിയ ചെറുപ്പക്കാരായിരുന്നു. കടുത്ത ശൈത്യത്തിന് നടുവിൽ ഇവരിൽ മിക്കവരും തെരുവുകളിലേക്കിറങ്ങാൻ നിർബന്ധിതരായി. അതിനിടയിൽ വീട്ടിൽ നിന്നും കുടിയിറക്കപ്പെട്ട ഒരാൾ ആത്മഹത്യ ചെയ്യുകയും ചെയ്തു. അതേസമയം വീട്ടുടമസ്ഥരും തങ്ങൾക്ക് നിരവധി മാസങ്ങളിലെ വാടക ലഭിച്ചിട്ടില്ലെന്ന് പരാതിപ്പെടുന്നു.

ഡാൻകേ അഥവാ മുട്ടത്തോട്

ഈ സംഭവങ്ങൾക്കെല്ലാം പിന്നിൽ ചൈനയിൽ അധിവേഗം വളർന്നു വന്ന ഒരു സ്റ്റാർട്ട് അപ് കമ്പനിയായിരുന്നു. ഡാൻകേ അപ്പാർട്ട്മെന്റ് എന്ന ആപ്പ് ആയിരുന്നു കമ്പനിയുടെ മുഖമുദ്ര. മുട്ടത്തോട് എന്നർത്ഥം വരുന്ന ഡാൻകേ എന്ന പദം സൂചിപ്പിച്ചിരുന്നത് സുരക്ഷിതമായി അന്തിയുറങ്ങാൻ ഒരിടം എന്നതിനെയായിരുന്നു. ഇവർ, ചൈനയിലെ പല കെട്ടിടമുടമകളിൽ നിന്നും കെട്ടിടങ്ങൾ മൊത്തമായി വാടകയ്ക്ക് എടുത്ത്, അത് ചെറിയ യൂണിറ്റുകളായി തിരിച്ച് താരതമ്യേന കുറഞ്ഞ വാടകയ്ക്ക് നൽകുന്ന ബിസിനസ്സിലായിരുന്നു.

2015 ൽ ഇത് പുറത്തിറങ്ങിയ ഉടനെ തന്നെ ചൈനയിലെ ചെറുപ്പക്കാർക്കിടയിൽ വളരെയധികം പ്രചാരം നേടി. ചൈനയിലെ നഗരവത്ക്കരണം അതിന്റെ മൂർദ്ധന്യഘട്ടത്തിൽ എത്തിയ ഈ സമയത്ത് ആയിരക്കണക്കിന് ആളുകളാണ് മെച്ചപ്പെട്ട തൊഴിൽ തേടി നഗരങ്ങളിലേക്ക് വന്നുകൊണ്ടിരുന്നത്. ഇത്തരക്കാർക്ക് കുറഞ്ഞ വാടകയ്ക്ക് ലഭിക്കുന്ന കിടപ്പാടങ്ങൾ സൗകര്യപ്രദമായ ഒന്നായിരുന്നു. അതുകൊണ്ടുതന്നെ അവർ കൂടുതലായി ഈ ആപ്പിനെ ആശ്രയിക്കാൻ തുടങ്ങി.

ഡാൻകെയുടെ വളർച്ച

മുൻപ് സൂചിപ്പിച്ചതുപോലെ 2013 ന് ശേഷം ഗ്രാമങ്ങളിൽ നിന്നും ചെറുപ്പക്കാരുടെ ഒഴുക്ക് നഗരങ്ങളിലേക്ക് വൻ തോതിൽ തന്നെനടന്നു. ഓരോ വർഷവും ആയിരക്കണക്കിന് ചെറുപ്പക്കാരായിരുന്നു ഇങ്ങനെ വന്നുകൊണ്ടിരുന്നത്. മാത്രമല്ല, കൂടുതൽ മെച്ചപ്പെട്ട ജോലിക്കും ജീവിത സൗകര്യങ്ങൾക്കുമൊക്കെയായി ഒരു നഗരം വിട്ട് മറ്റൊന്നിൽ ചേക്കേറുന്നവരുടെ എണ്ണം കാര്യമായി വർദ്ധിക്കുകയും ചെയ്തു. എന്നാൽ മഹാനഗരങ്ങളിലെ വാടക പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് താങ്ങാവുന്നതിലും അധികമായിരുന്നു.

ഇവിടെയാണ് ഡാൻകെ കുറഞ്ഞ വാടകയ്ക്ക് താമസമൊരുക്കി ബിസിനസ്സ് രംഗത്തേക്ക് കടന്നു വരുന്നത്. വാടക കുറവാണെന്നു മാത്രമല്ല, ഒരു വർഷത്തേയോ ആറു മാസത്തേയോ വാടക ഒന്നിച്ച് മുൻകൂറായി അടച്ചാൽ ആകർഷകമായ കിഴിവും കമ്പനി വാഗ്ദാനം നൽകിയിരുന്നു. ഇതിനായി, കമ്പനിക്ക് പങ്കാളിത്തമുള്ള ബാങ്കുകൾ വായ്പ നൽകാനും തയ്യാറായി മുന്നോട്ട് വന്നു. ഇതും യുവാക്കൾക്ക് അനുഗ്രഹമായി. ഓൺലൈൻ വഴി മാത്രം വായ്പ നൽകുന്ന വി ബാങ്കിൽ നിന്നുമാത്രം ം1,60,000 പേരാണ് മുൻകൂറായി വാടക നൽകുവാനായി വായ്പ എടുത്തത് എന്നറിയുമ്പോഴാണ് എത്രയധികം പേർ ഈ കമ്പനി നൽകുന്ന സൗകര്യം ഉപയോഗിച്ചു മനസ്സിലാക്കാൻ കഴിയുന്നത്.

ഇങ്ങനെ പരോക്ഷമായ വായ്പയിലൂടെ തങ്ങളുടെ മൂലധനം വർദ്ധിപ്പിച്ച കമ്പനി അഞ്ച് വർഷങ്ങൾക്കൊണ്ട് ചൈനയിലെ 13 വൻനഗരങ്ങളിൽ തങ്ങളുടെ സ്ഥാനമുറപ്പിച്ചു. ആരംഭത്തിൽ 2,400 അപ്പാർട്ടുമെന്റുകളാണ് കമ്പനി ഇത്തരത്തിൽ വാടകയ്ക്ക് നൽകിയിരുന്നതെങ്കിൽ 2020 ജനുവരി ആകുമ്പോഴേക്കും 4,15,000 അപ്പാർട്ടുമെന്റുകൾ കമ്പനി നൽകിക്കഴിഞ്ഞു. മാത്രമല്ല, ന്യുയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ റെജിസ്റ്റർ ചെയ്ത കമ്പനി 149 മില്ല്യൺ യു എസ് ഡോളറിന്റെ മൂലധന സമാഹരണം നടത്തുകയും ചെയ്തു.

മുട്ടത്തോട് തകരുന്നു

കഴിഞ്ഞ നവംബറോടെയാണ് ഡാൻകെയെ കുറിച്ചുള്ള അപ്രിയ വാർത്തകൾ പുറത്തുവരാൻ തുടങ്ങിയത്. ട്വിറ്ററിന് സമാനമായ വീബോ എന്ന സമൂഹമാധ്യമത്തിലൂടെയായിരുന്നു ആദ്യ വാർത്തകൾ പുറത്തുവന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നും പുറത്തുവന്ന ഒറ്റപ്പെട്ട സംഭവങ്ങ്ളിൽ, വാടക നൽകാത്തതിന് വീട്ടുടമസ്ഥർ വാടകക്കാരെ ഇറക്കിവിട്ട കഥകളായിരുന്നു അധികവും. ഈ ബെയ്ജിങ് ആസ്ഥാനമായുള്ള കമ്പനി കരാർ പ്രകാരമുള്ള വാടക നൽകുന്നില്ലെന്ന ചില വീട്ടുടമസ്ഥരുടെ പരാതികളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

വാടകയ്ക്ക് താമസിക്കുന്നവരിൽ മിക്കവരും ഒരു വർഷത്തേയോ ആറു മാസത്തേയോ ഒക്കെ വാടക മുൻകൂറായി നൽകിയ ശേഷമാണ് വാടക നൽകിയില്ലെന്നതിന്റെ പേരിൽ പുറത്താക്കപ്പെടുന്നത്. അതേസമയം, ഇവരിൽ നിന്നും പിരിച്ച വാടക, കമ്പനി വീട്ടുടമസ്ഥർക്ക് നൽകുന്നുമില്ല. ഇത്തരത്തിൽ പുറത്താക്കപ്പെട്ട യുവതി തന്റെ ദുരനുഭവം പങ്കുവച്ചുകൊണ്ട് വീബോയിൽ എത്തിയിരുന്നു. തന്റെ സാധനങ്ങളെല്ലാം വീട്ടുടമസ്ഥൻ വലിച്ച് പുറത്തിട്ട്, വീട് അടച്ചുപൂട്ടുകയായിരുന്നു എന്നാണവർ പറഞ്ഞത്.

നേരത്തേ പരാമർശിച്ച ഷിയോവുയേ താരതമ്യേന ഭാഗ്യംചെയ്ത വ്യക്തിയായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരായൈരുന്ന അയാൾക്കുംഭാര്യയ്ക്കുംകാര്യമായ സാമ്പത്തിക പ്രശ്നങ്ങൾ ഒന്നും തന്നെയില്ലാതിരുന്നതിനാൽ, വീട്ടുടമസ്ഥനുമായി പുതിയൊരു കരാർ ഉണ്ടാക്കി വാടക നൽകി അതേ വീട്ടിൽ താമസിക്കാൻ സാധിച്ചു. എന്നാൽ, പലരുടെയും അവസ്ഥ അതായിരുന്നില്ല.

തുടക്കക്കാർക്ക് താരതമ്യേന കുറഞ്ഞ വേതനം മാത്രം ലഭിക്കുന്ന ചൈനയിൽ, വായ്പ എടുത്ത് ഒരുവർഷത്തെ വരെ വാടക മുൻകൂറായി നൽകിയവർക്ക് വായ്പ തിരിച്ചടക്കലും വീണ്ടും വാടകകൊടുക്കലുമൊക്കെ ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. കടുത്ത ശൈത്യത്തിൽ നിന്നും രക്ഷപ്പെടാൻ ഫാസ്റ്റ് ഫുഡ് സെന്ററിന്റെ വരാന്തയിലും മറ്റും ഉറങ്ങുന്നവരുടെ കഥകൾ പരക്കാൻ തുടങ്ങിയതോടെ ജനരോഷം ഇരമ്പി. ഇതിനിടയിൽ ഇത്തരത്തിൽ പുറത്താക്കപ്പെട്ട ഒരു വ്യക്തി, അപ്പർട്ട്മെന്റിന് തീ കൊളുത്തി അവിടെനിന്നും ചാടി മരിക്കുകയും ചെയ്തു.

ഡാൻകെയുടെ തകർച്ചക്ക് പിന്നിൽ

വായ്പയിൽ ഊന്നിയുള്ള മൂലധന സമാഹരണമായിരുന്നു കമ്പനിയുടെ തകർച്ച്ക്ക് പ്രധാന കാരണം എന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. ചൈനയിലെ സാധാരണക്കാരായ ചെറുപ്പക്കാർ സ്മാർട്ട് ഫോൺ ഉപയോഗത്തിലും ഓൺലൈൻ ഇടപാടുകളിലുമൊക്കെ സമർത്ഥരായിരുന്നു എങ്കിലും അവർക്ക് സാമ്പത്തികശാസ്ത്രത്തിന്റെ ഉള്ളുകള്ളികൾ മനസ്സിലാക്കാൻ കഴിയാതെ പോയി എന്നും അവർ വിലയിരുത്തുന്നു. കരുതൽ മൂലധനം ഇല്ലാതെ, പരോക്ഷ വായ്പയിലൂടെ ലഭിച്ച പണം മുഴുവൻ ബിസിനസ്സ് വ്യാപനത്തിനായി മുതൽ മുടക്കുകയായിരുന്നു കമ്പനി.

അതിനിടയിലാണ് വില്ലൻ കൊറോണയുടെ രൂപത്തിലെത്തുന്നത്. കോവിഡ് ചൈനയുടേ സാമ്പത്തിക മേഖലയിൽ ഉണ്ടാക്കിയ തിരിച്ചടി ഇവിടെയും തൊഴിൽ നഷ്ടങ്ങൾക്ക് വഴിയൊരുക്കി എന്നുമാത്രമല്ല, പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ട്ക്കപ്പെടാതെയും ആയി. ഇത് ഡാൻകേയുടെ സ്വാഭാവിക പോണമൊഴുക്കിനെ തടസ്സപ്പെടുത്തി.. ഇതാണ് കമ്പനി തകരുവാൻ കാരണമെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ, ഈ കമ്പനിയുടെ തകർച്ച സാമ്പത്തിക രംഗത്തേക്കാൾ അധികം വിപരീതമായി ബാധിച്ചത് സാമൂഹ്യ രംഗത്തെയായിരുന്നു.

ചൈനീസ് സർക്കാർ ഡാൻകെയുടെ ഇടപാടുകളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും അത് എങ്ങുമെത്തിയിട്ടില്ല. സാമ്പത്തിക നഷ്ടത്തോടൊപ്പം തലചായ്ക്കൻ ഉണ്ടായിരുന്ന ഒരിടം കൂടി നഷ്ടപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും നടപടി ഉണ്ടായിട്ടില്ല. ഇത്‌നിസ്സഹായരായ ലക്ഷക്കണക്കിന് ആളുകളെ, പ്രത്യേകിച്ച് ചെറുപ്പക്കാരെ രോഷാകുലരാക്കിയിട്ടുണ്ട്.അതേസമയം ഡാൻകെ, അവർ സാമ്പത്തികമായി തകർന്നു എന്ന വാർത്ത വെറും കെട്ടുകഥയാണെന്ന് പറഞ്ഞ് നിഷേധിക്കുകയാണ്. അപ്പോഴും, നൽകേണ്ട വാടക കുടിശ്ശിക എപ്പോൾ നൽകുമെന്നോ, അതിന്റെ പേരിൽ പുറത്താക്കപ്പെട്ടവരുടെ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്നോ ഉള്ളതിനെ കുറിച്ച് കമ്പനി വ്യക്തമായ ഒരു ഉത്തരം നൽകുന്നുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP