Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇപ്പോഴത്തെ അഞ്ചാം സ്ഥാനത്ത് നിന്നും നാലാം സ്ഥാനത്തേക്ക് ഉയരാൻ ഇനി ഇന്ത്യയ്ക്ക് വേണ്ടത് പത്ത് വർഷം കൂടി; 2050 ൽ ഇന്ത്യയുടെ പദവി ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്ത്; ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ കുറിച്ച് ലാൻസെറ്റ് കണ്ടുപിടിച്ചത് ഇവയൊക്കെ

ഇപ്പോഴത്തെ അഞ്ചാം സ്ഥാനത്ത് നിന്നും നാലാം സ്ഥാനത്തേക്ക് ഉയരാൻ ഇനി ഇന്ത്യയ്ക്ക് വേണ്ടത് പത്ത് വർഷം കൂടി; 2050 ൽ ഇന്ത്യയുടെ പദവി ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്ത്; ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ കുറിച്ച് ലാൻസെറ്റ് കണ്ടുപിടിച്ചത് ഇവയൊക്കെ

മറുനാടൻ മലയാളി ബ്യൂറോ

1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ കേവലം 1500 ഗ്രാമങ്ങളിൽ മാത്രമാണ് വൈദ്യൂതിയുണ്ടായിരുന്നത്. അന്ന്, ലോക സമ്പദ്വ്യവസ്ഥയുടെ കേവലം 2.8% മാത്രമായിരുന്നു ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ.

സ്വതന്ത്ര ഇന്ത്യയിൽ വന്ന വിവിധ സർക്കാരുകൾ, ശ്രദ്ധയോടെ ആസൂത്രണം ചെയ്ത പഞ്ചവത്സര പദ്ധതിപോലെയുള്ള പദ്ധതികൾ ഇന്ത്യയ്ക്ക് തുണയായി. ആദ്യം കാർഷിക രംഗത്തും പിന്നീട് വ്യവസായിക രംഗത്തും ഊന്നൽ കൊടുത്തുകൊണ്ടുള്ള പഞ്ചവത്സരപദ്ധതികൾ തന്നെയായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനം. കെട്ടിയുയർത്തിയ ഭക്രാനങ്കലുകളും പൊതുമേഖലാ വ്യവസായങ്ങളുമൊക്കെ, ഇന്ത്യയുടെ വളർച്ചയെ ത്വരിതപ്പെടുത്തി.

ഇന്ന് അതിവേഗം വികസിക്കുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യ. മൊത്തം ആഭ്യന്തര ഉദ്പാദന (ജി ഡി പി)ത്തിന്റെ കാര്യത്തിൽ ലോകത്തിലെ അഞ്ചാമത്തേയും പർച്ചേസിങ് പവർ പാരിറ്റി (പി പി പി)യുടെ അടിസ്ഥാനത്തിൽ മൂന്നാമത്തെയും വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. കാലാകാലങ്ങളിലായി ഭരണത്തിലേറിയ സർക്കാരുകൾ, എടുത്ത സമയോജിതമായ നടപടികളുടെ ഫലമായി ഇന്ത്യൻ സാമ്പത്തിക രംഗം മുന്നോട്ട് തന്നെ പോയ്ക്കൊണ്ടിരിക്കുകയാണ്, ഇടയ്ക്കൊക്കെ ചില ഉയർച്ച താഴ്‌ച്ചകൾ ദൃശ്യമാകുന്നുണ്ടെങ്കിലും.

അതിവേഗം വളരുന്ന ഇന്ത്യ, ഇനിയൊരു ദശാബ്ദം കഴിയുമ്പോൾ, 2030-ൽ ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നാണ് ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു ലേഖനത്തിൽ പറയുന്നത്. 2050 ആകുമ്പോഴേക്കും അമേരിക്കയ്ക്കും ചൈനയ്ക്കും പിറകിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യ എത്തുമെന്നും ഈ ലേഖനത്തിൽ പറയുന്നു. മാത്രമല്ല, ചുരുങ്ങിയത് 2100 വരെയെങ്കിലും ഇന്ത്യ ഇതേ സ്ഥാനത്ത് തുടരുമെന്നും ഇതിൽ പറയുന്നുണ്ട്.

ഇന്ത്യയിലും ചൈനയിലും, ജോലിയെടുക്കാൻ കഴിവുള്ളപ്രായത്തിലുള്ള ആളുകളുടെ അനുപാതത്തിൽ കാര്യമായ കുറവുണ്ടാവുമെങ്കിലും ഇന്ത്യ ആ പ്രതിസന്ധി മറികടക്കുമെന്നും ഈ ലേഖനത്തിൽ പറയുന്നു. നൈജീരിയ പോലുള്ള രാജ്യങ്ങളിൽ, ജോലിക്ക് പ്രാപ്തമായ പ്രായപരിധിയിൽ ഉള്ളവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നുണ്ടെങ്കിലും 2100-ൽ ഇന്ത്യയിൽ തന്നെയായിരിക്കും ഈ പ്രായപരിധിയിൽ ഉള്ളവർ ഏറ്റവും അധികം എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. തൊട്ടുപിറകിൽ നൈജീരിയ ഉണ്ടാകും. പിന്നീട് ചൈനയും അമേരിക്കയും. അമേരിക്കയിൽ പ്രത്യൂദ്പാദന നിരക്ക് കുറവാണെങ്കിലും, കുടിയേറ്റം അമേരിക്കയുടെ തൊഴിൽ സൈന്യത്തെ സമ്പുഷ്ടമാക്കി നിർത്തും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതുപോലെത്തന്നെ, കുടിയേറ്റം വർദ്ധിക്കുന്നതിനാൽ ആസ്ട്രേലിയ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളും മൊത്തം ആഭ്യന്തര ഉദ്പാദനത്തിൽ കാര്യമായ വളർച്ച കൈവരിക്കും. ജപ്പാനിൽ ജോലിചെയ്യുവാൻ പ്രാപ്തമായ പ്രായപരിധിയിലുള്ളവരുടെ എണ്ണത്തിൽ കുത്തനെയുള്ള കുറവ് ദൃശ്യമാകുമെങ്കിലും 2100-ൽ ലോകത്തിലെ നാലാമത്തെ സാമ്പത്തികശക്തിയായി ജപ്പാൻ തുടരും.

ഗർഭനിരോധനോപാധികൾ കൂടുതലായി ലഭ്യമാകുന്നതും, സ്ത്രീകൾ കൂടുതലായി വിദ്യാഭ്യാസം നേടുന്നതും ജനപെരുപ്പം മന്ദഗതിയിൽ ആക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മരണനിരക്കിലും കുറഞ്ഞ ജനനനിരക്ക് ചൈനയേയും ഇന്ത്യയേയും പോലുള്ള രാജ്യങ്ങളുടെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക മേഖലകളിൽ അനുകൂലമായ സ്വാധീനം ചെലുത്തും.

സാമ്പത്തിക വളർച്ച സംബന്ധിച്ച് റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ തന്നെയാണ് നിലവിൽ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നതും. 2025 ഓടെ ഇന്ത്യൻ സമ്പദ്ഘടനയെ 5 ട്രില്ല്യൺ ഡോളറിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്. എന്നാലും, കോവിഡ് മഹാവ്യാധിയും തുടർന്നുണ്ടായ ലോക്ക്ഡൗണും സാഹചര്യം അത്യന്തം ദുർഘടം പിടിച്ചതാക്കിയിട്ടുണ്ട്. കോവിഡിനു മുൻപ് തന്നെ ഇന്ത്യൻ സാമ്പത്തിക രംഗത്ത് തകർച്ച ദൃശ്യമായിരുന്നു എന്നും ഓർക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP