Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വികസന ആവശ്യങ്ങൾക്കെന്ന പേരിൽ സമാഹരിക്കുന്ന പണം ചെലവാക്കുന്നത് ശമ്പളത്തിനും പെൻഷനും; സഞ്ചിതകടം 3.32 ലക്ഷം; ധൂർത്ത് കുറയ്ക്കാനും കഴിയുന്നില്ല; ഫിച്ച് റേറ്റിങ് കുറച്ചത് ഇനി പലിശയും കൂട്ടും; കേരളത്തിലേത് അതീവ ഗുരുതര സാമ്പത്തിക സാഹചര്യം; വീണ്ടും 1500 കോടി രൂപയുടെ കടപ്പത്രം; നിത്യ ചെലവുകൾക്ക് കടമെടുക്കൽ അനിവാര്യം

വികസന ആവശ്യങ്ങൾക്കെന്ന പേരിൽ സമാഹരിക്കുന്ന പണം ചെലവാക്കുന്നത് ശമ്പളത്തിനും പെൻഷനും; സഞ്ചിതകടം 3.32 ലക്ഷം; ധൂർത്ത് കുറയ്ക്കാനും കഴിയുന്നില്ല; ഫിച്ച് റേറ്റിങ് കുറച്ചത് ഇനി പലിശയും കൂട്ടും; കേരളത്തിലേത് അതീവ ഗുരുതര സാമ്പത്തിക സാഹചര്യം; വീണ്ടും 1500 കോടി രൂപയുടെ കടപ്പത്രം; നിത്യ ചെലവുകൾക്ക് കടമെടുക്കൽ അനിവാര്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്ഡ തന്നെ. വീണ്ടും സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം എന്നു പറഞ്ഞ് 1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ഒക്ടോബർ 25ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ഈ മാസ അവസാനത്തെ ചെലവുകൾക്ക് വേണ്ടിയാണ് ഈ കടമെടുപ്പ്. അടുത്ത മാസം ആദ്യം ശമ്പളം മുടങ്ങില്ലെന്ന് ഉറപ്പിക്കാൻ കൂടിയാണ് ഈ ഇടപെടൽ. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്നതിന്റെ തെളിവ് കൂടിയാണ് ഈ കടപ്പത്രമിറക്കൽ.

വികസന ആവശ്യങ്ങൾക്കെന്ന പേരിൽ കേരളം പൊതുവിപണിയിൽ കടപ്പത്രം ഇറക്കി സമാഹരിക്കുന്ന പണം ശമ്പളത്തിനും പെൻഷനും മറ്റുമായിട്ടാണു ചെലവാകുന്നതെന്നത് പരസ്യമാണ്. കേരളത്തിന്റെ സഞ്ചിതകടം ഇപ്പോൾ 3.32 ലക്ഷം കോടിയിലേറെയാണ്. ആഭ്യന്തര വരുമാനം ഏകദേശം 9 ലക്ഷം കോടി. ആഭ്യന്തര വരുമാനത്തിന്റെ 36% വരെ സഞ്ചിതകടം എത്തിയ അപകടകരമായ അവസ്ഥയിലാണു കേരളം. മിക്ക മാസങ്ങളിലും രണ്ടു തവണ കടപ്പത്രം ഇറക്കേണ്ട അവസ്ഥയിലാണ് ഇത്. ധൂർത്തു കുറച്ച ചെലവ് പിടിച്ചു നിർത്താനുള്ള നീക്കമൊന്നും നടക്കുന്നുമില്ല. ഇതിനൊപ്പമാണ് കെ റെയിൽ പോലുള്ള വികസന പദ്ധതികൾക്ക് വിദേശത്ത് നിന്ന് ലോണെടുക്കാനുള്ള ശ്രമവും.

രാജ്യാന്തര റേറ്റിങ് ഏജൻസിയായ ഫിച്ച് കേരളത്തിന്റെയും കിഫ്ബിയുടെയും റേറ്റിങ് കുറച്ചതോടെ സംസ്ഥാനത്തിന്റെ കടപ്പത്രങ്ങൾക്കു പലിശ കൂടുന്ന അവസ്ഥയുമുണ്ട്. നിലവിൽ സാമ്പത്തിക സ്ഥിതി പരിതാപ അവസ്ഥയിലുള്ള പഞ്ചാബ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളുടെ കടപ്പത്രങ്ങൾ കൂടിയ പലിശയ്ക്കു മാത്രം ഏറ്റെടുക്കുന്ന അവസ്ഥ കേരളത്തിനും വന്നേക്കും. ഫിച്ച് റേറ്റിങ് ഏജൻസി കേരളത്തിനും കിഫ്ബിക്കും നേരത്തേ 'ബി ബി സ്റ്റേബിൾ' റേറ്റിങ്ങാണു നൽകിയിരുന്നത്. കേരളം മസാല ബോണ്ട് രാജ്യാന്തര വിപണിയിൽ വിറ്റപ്പോൾ ഈ റേറ്റിങ് സഹായകമായി. കഴിഞ്ഞ ഏഴിന് കേരളത്തിന്റെ റേറ്റിങ്ങും 17ന് കിഫ്ബിയുടെ റേറ്റിങ്ങും 'ബി ബി നെഗറ്റീവാ'യി താഴ്‌ത്തി.

സംസ്ഥാന ആഭ്യന്തര വരുമാനത്തെ അപേക്ഷിച്ച് (ജിഎസ്ഡിപി) സഞ്ചിതകടം അമിതമായതാണ് റേറ്റിങ് കുറയ്ക്കാൻ കാരണം. വായ്പാ തിരിച്ചടവുശേഷി കുറഞ്ഞതായി കണക്കാക്കുന്നു. സംസ്ഥാനം കടപ്പത്രം വിപണിയിൽ വിൽക്കാനെത്തുമ്പോൾ, വാങ്ങുന്ന ബാങ്കുകൾ ഈ റേറ്റിങ് കൂടി പരിഗണിച്ചാൽ പലിശ നിരക്ക് കൂടുമെന്നു വിദഗ്ദ്ധർ വിലയിരുത്തുന്നു. പത്ത് വർഷം കൊണ്ടു തിരിച്ചടവ് നടത്തേണ്ട കടപ്പത്രങ്ങൾക്ക് നിലവിൽ കേന്ദ്ര സർക്കാർ നൽകേണ്ട പലിശ ഇപ്പോൾ 7.4 ശതമാനമാണ്. അതിനേക്കാൾ അടിസ്ഥാന പോയിന്റ് കൂട്ടി ഏകദേശം 7.75 ശതമാനത്തിനാണ് സംസ്ഥാനങ്ങളുടെ കടപ്പത്രങ്ങൾക്ക് പലിശ നൽകേണ്ടത്.

പക്ഷേ വായ്പാ തിരിച്ചടവു ശേഷി കുറഞ്ഞ സംസ്ഥാനങ്ങൾ ഈ നിരക്കിലും കൂടുതൽ നൽകണം. 0.2% മുതൽ 0.5% വരെയാണ് അധികം നൽകേണ്ടി വരിക. അങ്ങനെയെങ്കിൽ മറ്റു സംസ്ഥാനങ്ങൾ 7.75% പലിശ നൽകേണ്ടപ്പോൾ കേരളം 7.95% മുതൽ 8.25% വരെ നൽകേണ്ടി വരും. പലിശ കൂടിയാലും കടപ്പത്ര വിൽപ്പനയെ അത് ബാധിക്കില്ല. കേരള സമ്പദ്ഘടനയുടെ ദിശ താഴേക്കെന്ന സൂചന നൽകിയാണ് അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ ഫിച്ച് റേറ്റിങ്സ് പുറത്തു വന്നത്.

ഒക്ടോബർ ആദ്യയാഴ്ചയിൽ പ്രസിദ്ധീകരിച്ച രേഖയിലാണ് കേരളത്തിൽ റേറ്റിങ് ഔട്ട്ലുക്ക് 'സ്റ്റേബിളിൽ(സ്ഥിരത)നിന്ന് 'നെഗറ്റീവി'ലേക്ക് മാറ്റിയത്. ഓരോ വിലയിരുത്തലിനുമൊപ്പം മൂന്നുസൂചനകൾ (ഔട്ട്ലുക്ക്) കൂടി സാധാരണ പ്രസിദ്ധീകരിക്കാറുണ്ട്. സ്റ്റേബിൾ, പോസിറ്റീവ്, നെഗറ്റീവ് എന്നിവയാണിത്. 2021-ൽ കേരളത്തിന് നൽകിയത് ബി ബി സ്റ്റേബിൾ എന്ന റേറ്റിങ്ങാണ്. ഇപ്പോൾ ബി ബി നെഗറ്റീവായി. ബജറ്റിതര വായ്പയെടുക്കുന്നതിന് സംസ്ഥാനത്തിനുമേൽ കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയത് വിവാദമായ സാഹചര്യത്തിലാണ് ഒരു അന്താരാഷ്ട്ര റേറ്റിങ് ഏജൻസി പ്രതികൂലമായി വിലയിരുത്തിയത്.

കോവിഡനന്തരം സമ്പത്മേഖല വളർച്ചകൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കേരളത്തിന്റെ വായ്പശേഷി ദുർബലമായതാണ് നെഗറ്റീവിലേക്ക് താഴാനിടയായതെന്ന് ഫിച്ച് വെളിപ്പെടുത്തുന്നു. വർധിക്കുന്ന ധനക്കമ്മി ഇടക്കാലപ്രവർത്തനത്തെ സ്വാധിച്ചേക്കാം. ഇതു കടബാധ്യത ഉയർത്താനിടവരുത്തുമെന്നും ചൂണ്ടിക്കാട്ടുന്നു. അതേസമയം, സ്ഥിരതയ്യാർന്ന വരുമാനസ്രോതസ്സുകളും ചെലവുചുരുക്കലിലൂടെയും വായ്പവിപണിയെ ആശ്രയിച്ചും ബജറ്റ് സമ്മർദങ്ങൾ നേരിടാനുള്ള ശേഷിയും കേരളത്തിന്റെ ശക്തികളായി ഫിച്ച് അടയാളപ്പെടുത്തുന്നു.

അന്താരാഷ്ട്രവിപണിയിൽനിന്ന് വായ്പയെടുക്കുന്നതിനാണ് ഇത്തരം ഏജൻസിയുടെ വിലയിരുത്തലുകൾ ആവശ്യം. കിഫ്ബി മസാലബോണ്ടിനുവേണ്ടി അന്താരാഷ്ട്ര വിപണിയെ സമീപിച്ചപ്പോഴാണ് കേരളത്തിനാവശ്യമായി വന്നത്. ഫിച്ചിന്റെ തരംതാഴ്‌ത്തൽ ആഭ്യന്തരവിപണിയിൽനിന്ന് കടമെടുക്കുന്നതിനെ നേരിട്ടു ബാധിക്കാനിടയില്ലെങ്കിലും ആഭ്യന്തര റേറ്റിങ് ഏജൻസികൾ ഈ പാത സ്വീകരിച്ചാൽ കേരളത്തിന് ദോഷമാവും.

എന്നാൽ, ആഭ്യന്തരവിപണിയിൽ സംസ്ഥാനം പുറപ്പെടുവിക്കുന്ന കടപ്പത്രം വാങ്ങാനെത്തുന്ന വിദേശ ധനകാര്യസ്ഥാപനങ്ങളെ (എഫ്.എഫ്.ഐ.) ഇത്തരം റേറ്റിങ്ങുകൾ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP