Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിരിക്കുന്ന നികുതിയുടെ 60 ശതമാനം സംസ്ഥാനത്തിന് ലഭിക്കണമെന്ന് കേരളം; ഒരു രാജ്യവും ഒരു നികുതിയും ഒരു ട്രിബ്യൂണലും എന്ന നയം ഫെഡറൽ തത്വങ്ങൾക്ക് എതിര്; അന്ന് ആവേശം കയറി പ്രചാരകനായത് തോമസ് ഐസക്; ഇന്ന് തള്ളി പറഞ്ഞ് കൈയടി നേടി ബാലഗോപാലും; ജി എസ് ടിയിൽ കേരളം നിലപാട് കടുപ്പിക്കുമ്പോൾ

പിരിക്കുന്ന നികുതിയുടെ 60 ശതമാനം സംസ്ഥാനത്തിന് ലഭിക്കണമെന്ന് കേരളം; ഒരു രാജ്യവും ഒരു നികുതിയും ഒരു ട്രിബ്യൂണലും എന്ന നയം ഫെഡറൽ തത്വങ്ങൾക്ക് എതിര്; അന്ന് ആവേശം കയറി പ്രചാരകനായത് തോമസ് ഐസക്; ഇന്ന് തള്ളി പറഞ്ഞ് കൈയടി നേടി ബാലഗോപാലും; ജി എസ് ടിയിൽ കേരളം നിലപാട് കടുപ്പിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഒരു രാജ്യം, ഒരു നികുതി, ഒരു ട്രിബ്യൂണൽ നയം ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്ന് ജിഎസ്ടി കൗൺസിൽ യോഗത്തിൽ കേരളത്തിന്റെ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ പറയുമ്പോൾ തള്ളുന്നത് മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ പഴയ നിലപാടിനെ. സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്ന ഈ നയം അംഗീകരിക്കാൻ കഴിയില്ലെന്നാണ് രണ്ടാം പിണറായി സർക്കാരിന്റെ നിലപാട്. കേരളവും, തമിഴ്‌നാടും, ഉത്തർപ്രദേശും, ബംഗാളും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്ന് ജിഎസ്ടി ട്രിബ്യൂണൽ രൂപീകരണം സംബന്ധിച്ച് തീരുമാനം ആകാതെ കൗൺസിൽ യോഗം പിരിഞ്ഞു.

ജിഎസ് ടി കേരളത്തിന് കരുത്താകുമെന്നായിരുന്നു മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട്. ഇത് കണക്കിലെടുത്ത് ജി എസ് ടി നടപ്പാക്കുന്നതിനെ ഐസക് അനുകൂലിച്ചു. എന്നാൽ രണ്ടാം പിണറായി സർക്കാരിൽ ബാലാഗോപാൽ മന്ത്രിയായപ്പോൾ കഥ മാറി. മുമ്പ് രാജ്യസഭയിലും ജി എസ് ടിയെ എതിർച്ച ചരിത്രമാണ് ബാലഗോപാലിനുള്ളത്. സംസ്ഥാന സമ്പദ് വ്യസ്ഥയെ ജി എസ് ടി തകർത്തുവെന്നതാണ് ബാലഗോപാലിന്റെ നിലപാട്. അതുകൊണ്ട് തന്നെ അതിശക്തമായ നിലപാടാണ് കേന്ദ്ര നയത്തിനെതിരെ ഇപ്പോൾ കേരളം എടുക്കുന്നത്. കേന്ദ്ര സർക്കാരിനെതിരെ നിലപാട് എടുക്കുന്ന സംസ്ഥാനങ്ങളുടെ ശബ്ദമായി ബാലഗോപാൽ മാറുകയാണ്. ജി എസ് ടിയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നതിൽ തോമസ് ഐസകിന്റെ നിലപാട് നിർണ്ണായകമായിരുന്നു.

അന്ന് തോമസ് ഐസക്കിനെ പ്രധാന പ്രചാരകനെ പോലെയാണ് കേന്ദ്ര സർക്കാർ കണ്ടത്. എന്നാൽ ബാലഗോപാൽ കേരളത്തിന്റെ ധനകാര്യ മന്ത്രിയാകുമ്പോൾ കഥ മാറുകയാണ്. ജി എസ് ടിയെ അടിമുടി എതിർക്കുകയാണ് സംസ്ഥാനം. ജിഎസ്ടി നികുതി പങ്കിടൽ അനുപാതത്തിൽ മാറ്റം വരുത്തണമെന്ന് കേരളം കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. പിരിക്കുന്ന നികുതിയുടെ 60 ശതമാനം സംസ്ഥാനത്തിന് ലഭിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. നിലവിൽ 50 :50 അനുപാതത്തിൽ ആണ് നികുതി പങ്കിടുന്നത്. ഇതിലൂടെ സംസ്ഥാനങ്ങൾക്ക് കൂടുതൽ വിഹിതം കിട്ടും. ഇത് അനിവാര്യതയാണെന്നാണ് കേരളത്തിന്റെ നിലപാട്. ഇതിനെ എല്ലാ സംസ്ഥാനങ്ങളും അംഗീകരിക്കുന്നുണ്ട്. സംസ്ഥാന വരുമാനം കുറയുന്നത് പ്രതിസന്ധി കൂട്ടുമെന്ന വാദമാണ് മിക്ക സംസ്ഥാനങ്ങളും ഉയർത്തുന്നത്.

ട്രിബ്യൂണൽ രൂപീകരണം സംബന്ധിച്ച് കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ എതിർത്താണ് ജിഎസ്ടി കൗൺസിൽ യോഗത്തിൽ കേരളം കടുത്ത നിലപാട് സ്വീകരിച്ചത്. നികുതി പിരിവുമായി ബന്ധപ്പെട്ട് സംസ്ഥാന നിയമങ്ങൾ ഉണ്ട്. അതിനാൽ തന്നെ ട്രിബ്യൂണൽ അംഗങ്ങളുടെ നിയമനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാൻ അധികാരം ഉണ്ടായിരിക്കണമെന്നും സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ യോഗത്തിൽ ആവശ്യപ്പെട്ടു.

തമിഴ്‌നാട് ധനകാര്യ മന്ത്രി പളനിവേൽ ത്യാഗരാജനും ജിഎസ്ടി ട്രിബ്യൂണൽ സംബന്ധിച്ച കേന്ദ്ര നിർദ്ദേശത്തെ എതിർത്തു. ഉത്തർപ്രദേശ് ധനകാര്യ മന്ത്രി സുരേഷ് കുമാർ ഖന്ന ഉൾപ്പടെ മറ്റ് ചില സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരും ട്രിബ്യുണൽ രൂപീകരണം സംബന്ധിച്ച കേന്ദ്ര ശുപാർശയോട് വിയോജിപ്പ് അറിയിച്ചു. ഇതേ തുടർന്ന് സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് അടുത്ത യോഗത്തിന് മുമ്പായി ട്രിബ്യൂണൽ രൂപീകരണം സംബന്ധിച്ച കരട് ശുപാർശ തയ്യാറാക്കാമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ യോഗത്തെ അറിയിച്ചു.

അതിനിടെ എല്ലാ സംസ്ഥാനങ്ങൾക്കും ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക ഉടൻ നൽകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി യോഗത്തിൽ അറിയിച്ചു. കേരളത്തിന് ലഭിക്കാനുള്ള കുടിശ്ശിക ഒരാഴ്ചക്കുളിൽ ലഭിക്കുമെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിന് ആവശ്യമായ രേഖകൾ ഉദ്യോഗസ്ഥർ കേന്ദ്രത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനങ്ങൾക്കുള്ളിൽ സ്വർണം കൊണ്ട് പോകുന്നതിന് ഇ-വേ ബിൽ നിർബന്ധം ആക്കുന്നതിനുള്ള ചട്ടം ഉടൻ കൊണ്ടുവരണം എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. ഇക്കാര്യത്തിൽ മന്ത്രിസഭാ ഉപസമിതി ശുപാർശയുടെ അടിസ്ഥാനത്തിൽ ചട്ടം രൂപീകരിക്കുമെന്നും കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP