Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വർണ്ണത്തിന്റെ നീക്കം തൽസമയം അറിയാൻ ഇ-ബിൽ; കടത്തു മുതൽ പിടിക്കുന്ന ഉദ്യോഗസ്ഥർക്ക് പത്ത് ഗ്രാമിന് പാരിതോഷികം 1500 രൂപ; രഹസ്യ വിവരം നൽകുന്നവർക്കു പിടിച്ചെടുക്കുന്ന സ്വർണത്തിന്റെ 20% നൽകും; നികുതിയും പിഴയും ഈടാക്കി വിട്ടാലും ഇൻഫോർമർക്ക് സമ്മാനം ഉറപ്പ്; സ്വർണം പിടിക്കാൻ ഇനി ജി എസ് ടിയും; കടത്തിന് കേന്ദ്രമായി കേരളം മാറിയെന്ന തിരിച്ചറിവിൽ സർക്കാർ ഇടപെടൽ

സ്വർണ്ണത്തിന്റെ നീക്കം തൽസമയം അറിയാൻ ഇ-ബിൽ; കടത്തു മുതൽ പിടിക്കുന്ന ഉദ്യോഗസ്ഥർക്ക് പത്ത് ഗ്രാമിന് പാരിതോഷികം 1500 രൂപ; രഹസ്യ വിവരം നൽകുന്നവർക്കു പിടിച്ചെടുക്കുന്ന സ്വർണത്തിന്റെ 20% നൽകും; നികുതിയും പിഴയും ഈടാക്കി വിട്ടാലും ഇൻഫോർമർക്ക് സമ്മാനം ഉറപ്പ്; സ്വർണം പിടിക്കാൻ ഇനി ജി എസ് ടിയും; കടത്തിന് കേന്ദ്രമായി കേരളം മാറിയെന്ന തിരിച്ചറിവിൽ സർക്കാർ ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണ കടത്തിൽ ഒടുവിൽ പിണറായി സർക്കാരിനും കാര്യങ്ങൾ തിരിച്ചറിഞ്ഞു. സ്വർണ്ണ കള്ളക്കടത്ത് തടയാൻ ഇനി ജിഎസ് ടി വകുപ്പ് സജീവമായി ഇടപെടും. സ്വർണം പിടികൂടുന്ന ഉദ്യോഗസ്ഥർക്കും വിവരം നൽകുന്നവർക്കും കസ്റ്റംസ് ചെയ്യുന്നതുപോലെ ജിഎസ്ടി വകുപ്പ് പാരിതോഷികം നൽകുമെന്നു മന്ത്രി ടി.എം. തോമസ് ഐസക് അറിയിച്ചു. സ്വർണ്ണ കടത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞാണ് ഇ വേ ബിൽ നടപ്പാക്കുന്നത്. സ്വർണക്കടകളിൽനിന്നു സ്വർണം വാങ്ങുന്ന ഉപയോക്താക്കൾക്ക് ഇവേ ബിൽ ബാധകമല്ല.

ഉൽപാദകനിൽ നിന്നു വിൽപനക്കാരൻ വരെയുള്ള ചരക്കു നീക്കം നിരീക്ഷിക്കാനാണ് തീരുമാനം. ഇതിന് വേണ്ടിയാണ് സ്വർണ്ണത്തിനും ഇ-വേ ബിൽ കൊണ്ടു വരുന്നത്. 50,000 രൂപയ്ക്കു മേൽ മൂല്യമുള്ളവയ്ക്കാണു ഇ-വേ ബിൽ വേണ്ടത്. ഉൽപന്നം കയറ്റി അയയ്ക്കുന്ന ആൾ ജിഎസ്ടി ഓൺലൈൻ ശൃംഖലയിൽ ബിൽ തയാറാക്കണം. അയാൾക്കു കഴിഞ്ഞില്ലെങ്കിൽ വാങ്ങുന്ന ആളിനോ ചരക്കു കടത്തുന്ന ആളിനോ ബിൽ തയാറാക്കാം. വഴിയിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് ഓൺലൈനായി ബിൽ പരിശോധിക്കാനാകും. ചരക്കു നീക്കത്തെക്കുറിച്ചുള്ള പൂർണ വിവരം ജിഎസ്ടി ശൃംഖലയിൽ നിന്നു സർക്കാരിനു ലഭിക്കുകയും ചെയ്യും. ജൂവലറിയിൽ നിന്നു സ്വർണാഭരണവും സ്വർണവും വാങ്ങുന്നവർ അവിടെ നിന്നു കിട്ടുന്ന ജിഎസ്ടി രേഖപ്പെടുത്തിയ ബിൽ മാത്രം സൂക്ഷിച്ചാൽ മതി.

സ്വർണക്കള്ളക്കടത്തു തടയുന്നതിന്റെ ഭാഗമായി കേരളത്തിലേക്കും കേരളത്തിനുള്ളിലും സ്വർണവ്യാപാരികൾ സ്വർണം കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ നിർബന്ധമാക്കുമ്പോൾ കടത്തും കണ്ടെത്താനാകും. ജിഎസ്ടി കൗൺസിൽ നിയോഗിച്ച മന്ത്രിമാരുടെ ഉപസമിതി യോഗത്തിലാണു കേരളത്തിൽ മാത്രമായി ഇ-വേ ബിൽ നടപ്പാക്കുന്നതിന് അംഗീകാരം നൽകിയത്. രാജ്യമാകെ ഇ-വേ ബിൽ വേണമെന്ന ആവശ്യമാണു യോഗത്തിൽ കേരളം ഉയർത്തിയതെങ്കിലും മറ്റ് സംസ്ഥാനങ്ങൾ യോജിച്ചില്ല. എന്നാൽ, കേരളം നടപ്പാക്കുന്നതിനെ അവർ അംഗീകരിക്കുകയും ചെയ്തു. വിജ്ഞാപനമിറക്കുന്ന മുറയ്ക്കു മാറ്റം പ്രാബല്യത്തിലാകും.

സംസ്ഥാനം ജിഎസ്ടി നിയമത്തിനു വിധേയമായി ചട്ടം തയാറാക്കും. നിലവിൽ സ്വർണം പിടിച്ചാൽ 3% നികുതിയും അത്രയും തുക പിഴയും വാങ്ങി കടത്തുകാർക്കു തന്നെ വിട്ടുകൊടുക്കുന്നുണ്ട്. എന്നാൽ, കള്ളക്കടത്തു സ്വർണം സർക്കാരിനു പിടിച്ചെടുത്തു ലേലം ചെയ്യാമെന്ന ഗുജറാത്ത് ഹൈക്കോടതി വിധി അനുസരിച്ച് കേരളത്തിലും ഇതു നടപ്പാക്കാനാണ് തീരുമാനം. ഇതിന് കഴിയുമെന്ന നിയമോപദേശം ധന വകുപ്പിന് ലഭിച്ചിട്ടുണ്ട്. രഹസ്യ വിവരം നൽകുന്നവർക്കു പിടിച്ചെടുക്കുന്ന സ്വർണത്തിന്റെ 20% നൽകും. നികുതിയും പിഴയും ഈടാക്കി വിട്ടുകൊടുക്കുകയാണെങ്കിൽ നികുതിയുടെ 20% വിവരം നൽകുന്നയാൾക്കു പാരിതോഷികം നൽകും. 10 ഗ്രാമിന് 1500 രൂപ എന്ന പരിധി വച്ച് ഉദ്യോഗസ്ഥർക്കും പാരിതോഷികം നൽകും. പാരിതോഷികം നൽകാൻ 5 കോടി രൂപ മാ്റ്റി വയ്ക്കും.

കഴിഞ്ഞ വർഷം 110 കോടിയുടെ സ്വർണം സംസ്ഥാനത്ത് നികുതി ഉദ്യോഗസ്ഥർ പിടികൂടി. വിമാനത്താവളത്തിൽ കസ്റ്റംസ് നികുതി അടച്ച് പുറത്തു കൊണ്ടുവരുന്ന സ്വർണം വിൽക്കുമ്പോൾ ജിഎസ്ടി നൽകണം.കഴിഞ്ഞ 3 വർഷത്തിനിടെ രാജ്യത്ത് സ്വർണക്കള്ളക്കടത്തിൽ വൻ വർധനയുണ്ടായെന്നും ആകെ കള്ളക്കടത്തിന്റെ 15% കേരളത്തിലേക്കാണെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. കസ്റ്റംസിന്റെ കണക്ക് പ്രകാരം 2014-15ൽ 890 കിലോയും 15-16 ൽ 863 കിലോയും 16-17 ൽ 600 കിലോയും പിടികൂടി. എന്നാൽ, 17-18 ൽ 1282 കിലോയും 18-19 ൽ 1440 കിലോയും 19-20 ൽ കഴിഞ്ഞ ഡിസംബർ വരെ 1028 കിലോയും പിടികൂടി- മന്ത്രി പറഞ്ഞു.

കേരളത്തിൽ ഇവേ ബിൽ വരുന്നതിന്റെ പശ്ചാത്തലത്തിൽ ധനവകുപ്പ് വളരെ പ്രധാനപ്പെട്ട ചില തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സ്വർണം അനധികൃതമായി പിടിച്ചുകഴിഞ്ഞാൽ ഇതുവരെ സെക്ഷൻ 129 പ്രകാരമാണ് നടപടി എടുത്തിരുന്നത്. മൂന്ന് ശതമാനം നികുതിയും തുല്യമായ പിഴയും അടക്കാൻ തയ്യാറായാൽ അവർക്ക് ആ സ്വർണം വിട്ടുകൊടുക്കുന്ന രീതിയായിരുന്നു അത്. ഇത് പൂർണ്ണമായും മാറും. നികുതി വെട്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്വർണം കൊണ്ടുവരിക. കണക്കിൽപ്പെടാത്ത സ്വർണം കണ്ടെത്തുക. നികുതി ബാധ്യതയുള്ള രജിസ്ട്രേഷനില്ലാതെ സ്വർണം വിതരണം ചെയ്യുക എന്നിവ ഇനി നടന്നാൽ സ്വർണം കണ്ടുകെട്ടും. സ്വർണ്ണ നികുതി നടത്തിപ്പിൽ വളരെ പ്രധാനപ്പെട്ട മാറ്റമാണിതെന്നും മന്ത്രി അറിയിച്ചു.

'രാജ്യത്ത് ചരക്ക് കടത്തിന് ഒരു രേഖയും ആവശ്യമില്ലാത്തത് സ്വർണത്തിനാണ്. കസ്റ്റംസ് കടമ്പ കടന്നു കഴിഞ്ഞാൽ സ്വർണം എവിടെ കൊണ്ടുപോകുന്നതിനും ഒരു രേഖയും ആവശ്യമില്ല. അത് വലിയ നികുതിവെട്ടിപ്പിന് ഇടനൽകുന്നുണ്ട്. കള്ളക്കടത്തിനേയും പ്രോത്സാഹിപ്പിക്കുന്നു' ഐസക് പറഞ്ഞു. രാജ്യത്തേക്ക് വലിയ തോതിൽ സ്വർണ്ണക്കള്ളക്കടത്ത് നടക്കുന്നതായി യോഗം വിലയിരുത്തി. കസ്റ്റംസ് പിടിച്ചെടുക്കുന്ന സ്വർണത്തിന്റെ അളവ് കഴിഞ്ഞ രണ്ടു വർഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലേറെയായി. ഈ സാഹചര്യത്തിലാണ് കേരളം ഇ-വേ ബിൽ വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഗുജറാത്ത്,ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ഇതിനോട് യോജിപ്പില്ല.

അവരുടെ സ്വർണ-രത്ന വ്യവസയാത്തിന് പൂർണ്ണ രഹസ്യാത്മകത ആവശ്യമാണെന്നാണ് പറയുന്നത്. ഇതേ തുടർന്ന് കേരളം ഒരു നിർദ്ദേശം കൊണ്ടുവന്നു. ഓരോ സംസ്ഥാനത്തിനും ആ സംസ്ഥാനത്തിനുള്ളിലുള്ള ചരക്ക് നീക്കത്തിന് ഇ-വേ ബിൽ നിർബന്ധമാക്കാമെന്നത്. അത് മന്ത്രിമാരുടെ ഉപസമിതി അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഇതിന്റെ ചട്ടങ്ങൾക്ക് അടുത്ത യോഗത്തിൽ തീരുമാനമാകും. ഇ-ഇൻവോയിസിങ് വേണമെന്നാണ് മറ്റൊരു ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP