Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മന്മോഹൻ ഭരണ കാലത്തു സോണിയ വഴി പ്രണബിലൂടെ സർക്കാരിനെ പിടിച്ചു നിർത്തിയ കച്ചവടക്കാരുടെ വാക്കുകൾ കേൾക്കാതെ നിർമലാ സീതാരാമന്റെ തീരുവ കൂട്ടൽ; നികുതി കൂട്ടുമ്പോൾ അത് ചാകരയാകുക കള്ളക്കടത്തുകാർക്കും; രാജ്യത്ത് സ്വർണ്ണ വില കൂടുമ്പോൾ കടത്തിലൂടെ ലോഹമെത്തിച്ച് കോടികളുണ്ടാക്കും; സമാന്തര വിപണിയായി മാറാൻ മഞ്ഞ ലോഹത്തിന് ഇനിയും സാധ്യതകൾ; കേരളത്തിൽ ഒരു പവന് 650 രൂപയെങ്കിലും കൂടും; ഇന്ത്യയുടെ നടുവൊടിക്കുന്നത് സ്വർണവും ഇന്ധന ഇറക്കുമതിയും തന്നെ

മന്മോഹൻ ഭരണ കാലത്തു സോണിയ വഴി പ്രണബിലൂടെ സർക്കാരിനെ പിടിച്ചു നിർത്തിയ കച്ചവടക്കാരുടെ വാക്കുകൾ കേൾക്കാതെ നിർമലാ സീതാരാമന്റെ തീരുവ കൂട്ടൽ; നികുതി കൂട്ടുമ്പോൾ അത് ചാകരയാകുക കള്ളക്കടത്തുകാർക്കും; രാജ്യത്ത് സ്വർണ്ണ വില കൂടുമ്പോൾ കടത്തിലൂടെ ലോഹമെത്തിച്ച് കോടികളുണ്ടാക്കും; സമാന്തര വിപണിയായി മാറാൻ മഞ്ഞ ലോഹത്തിന് ഇനിയും സാധ്യതകൾ; കേരളത്തിൽ ഒരു പവന് 650 രൂപയെങ്കിലും കൂടും; ഇന്ത്യയുടെ നടുവൊടിക്കുന്നത് സ്വർണവും ഇന്ധന ഇറക്കുമതിയും തന്നെ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: 750000 കിലോ സ്വർണം . ഇന്ത്യക്കാർ ഒരു വർഷം ഇറക്കുമതി ചെയ്തു ഉപയോഗിക്കുന്നതിന്റെ അളവാണിത് . ഇതിനു ചെലവാക്കുന്ന പണമാണെങ്കിൽ ഇന്നത്തെ മാർക്കറ്റ് വില അനുസരിച്ചു 2200 ബില്യൺ രൂപയും . സാമൂഹ്യ ബാധ്യതയുള്ള ഏതു സർക്കാരിനും ഇതിലൊരു ചെറിയ വിഹിതമെങ്കിലും കുറയ്ക്കാൻ ആയെങ്കിലോ എന്ന് തോന്നിയാൽ തെറ്റുപറയാനില്ല. മുൻകാലങ്ങളിൽ പലരും അതിനു ശ്രമിച്ചിട്ടുമുണ്ട് . ഏഴു വർഷം മുൻപ് മന്മോഹൻ സിങ് പ്രധാനമന്ത്രി ആയിരിക്കെ പ്രണബ് മുഖർജി അവതരിപ്പിച്ച ബജറ്റിൽ അതിനൊരു ചെറിയ ശ്രമം നടത്തിയിരുന്നു .

അന്ന് ചെറിയ തോതിൽ ഇറക്കുമതി സ്വർണത്തിനു നികുതി ഏർപ്പെടുത്തിയപ്പോൾ ഉത്തരേന്ത്യൻ സ്വർണ വ്യാപാരികൾ കട അടച്ചിട്ടാണ് സമരം ചെയ്തത് . അവർ സോണിയ ഗാന്ധി വഴി സമ്മർദം ചെലുത്തിയപ്പോൾ പ്രണബ് കൂട്ടിയത് പോലെ തന്നെ കുറയ്ക്കുകയും ചെയ്തു . പിന്നീട് പല ഘട്ടങ്ങളിലായാണ് ഇറക്കുമതി തീരുവ പത്തു ശതമാനം വരെ ആയി ഉയർന്നത് . ഇപ്പോൾ ധനമന്ത്രി നിർമല സീതാരാമൻ അത് 12.5 % ആയി ഉയർത്തുകയും ചെയ്തിരുന്നു . സ്വർണ വ്യാപാര രംഗത്തുള്ളവർ പത്തു ശതമാനം നികുതിയിൽ നിന്നും നാലായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണ് നിർമല സീതാരാമൻ വീണ്ടും രണ്ടര ശതമാനം നിരക്ക് ഉയർത്തിയിരിക്കുന്നത് .

എന്നാൽ ഇന്ത്യക്കാരാകട്ടെ , സർക്കാർ എത്ര വേണമെങ്കിലും കൂട്ടിക്കൊള്ളൂ, തങ്ങൾ സ്വർണം വിട്ടൊരു കളിയില്ല എന്ന നിലയിലാണ് . അതിനാൽ ഇറക്കുമതിക്കായി രാജ്യം ഉപയോഗിക്കുന്ന പണത്തിൽ കുറവ് വരുത്താൻ ഇപ്പോൾ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കം ഫലം ചെയ്യുമോ എന്നത് കണ്ടറിയേണ്ടി ഇരിക്കുന്നു . വില കൂടുന്തോറും പണക്കാർ കൂടുതലായും സ്വർണം വാങ്ങുകയും അതുകണ്ടു പാവങ്ങളുടെ കണ്ണ് മഞ്ഞളിക്കുകയും ചെയ്യുന്ന തിരിച്ചടിയും സംഭവിക്കാൻ സാധ്യത ഏറെയാണ് . ഇതോടെ ഏതു വിധേനെയും ഒരു തരി പൊന്നു കൈക്കലാക്കാൻ ഉള്ള ജനത്തിന്റെ ആഗ്രഹം കൂടുകയും അത് വീണ്ടും വില്പന ഉയർത്തുകയും ചെയ്യാനും ഇടയുണ്ട് . വില കൂടുകയും ഒപ്പം ഡിമാൻഡ് കൂടുകയും ചെയ്യുന്ന വ്യത്യസ്ത സാമ്പത്തിക ശാസ്ത്രമാണ് എല്ലാക്കാലത്തും ഈ മഞ്ഞ ലോഹം ഇന്ത്യയിൽ എങ്കിലും തെളിയിക്കുന്നത് .

ഡിമാൻഡ് കൂടിയാൽ അത് ഗുണം ചെയ്യുന്നത് കള്ളക്കടത്തുകാർക്കു ആണെന്നത് സംശയം ഇല്ലാതെ തെളിയിക്കുകയാണ് കേരളത്തിലെ സ്വർണ കടത്തു വിപണി . കഴിഞ്ഞ ആറു മാസമായി ഇന്ത്യയിൽ റെക്കോർഡ് നിലവാരത്തിലാണ് സ്വർണ കള്ളക്കടത്തു നടക്കുന്നത് . ഇതിൽ നല്ല പങ്കും ദക്ഷിണ ഇന്ത്യൻ എയർപോർട്ടുകൾ കേന്ദ്രീകരിച്ചാണ് താനും . തിരുവനന്തപുരം എയർപോർട്ടിൽ അടക്കം കംസ്റ്റസ് ജീവനക്കാരുടെ പങ്കു സ്വർണ കള്ളക്കടത്തിൽ തെളിയുകയും ചെയ്തു . സ്വർണത്തിനു പുതിയ നികുതി നിരക്ക് വരുന്നതോടെ ആഭ്യന്തര വിപണിയിൽ വില ഉയരുന്നതാണ് കള്ളക്കടത്തുകാർ കൂടുതൽ സജീവമാകാൻ കാരണം . കൂടുതൽ റിസ്‌ക് എടുത്താലും കൂടുതൽ ലാഭം ഉണ്ടാകും എന്നത് കള്ളക്കടത്തുകാർക്കു ആവശ്യത്തിലേറെ പ്രചോദനമായി മാറും . ആറുവർഷം മുൻപ് സ്വർണ വില ഉയർന്നു നിന്നപ്പോഴാണ് ഇറക്കുമതിയിൽ റെക്കോർഡ് ഉണ്ടായതു . അന്ന് 958 ടൺ സ്വർണമാണ് ഇന്ത്യയിൽ എത്തിയത് . ഇപ്പോൾ ഇറക്കുമതി 750 ടൺ ആയി കുറഞ്ഞിരിക്കുകയാണ് . എന്നാൽ സ്വർണ ഉപയോഗം കുറഞ്ഞതായി തെളിവില്ലാത്തതിനാൽ ഇറക്കുമതിയിൽ ഉണ്ടായ കുറവിൽ ഒരു ഭാഗം കള്ളക്കടത്തായി എത്തുന്നു എന്ന് ന്യായമായും സംശയിക്കാം . ഇപ്പോൾ ബഡ്ജറ്റ് നിർദ്ദേശത്തോടെ കള്ളക്കടത്തു സ്വർണത്തിന്റെ അളവ് കൂടാനും വഴി ഒരുങ്ങുകയാണ് . ഒരു പക്ഷെ സർക്കാർ ഉദ്ദേശിച്ചതിനു നേർ വിപരീത ഫലം ഉണ്ടാകാനും ഇടയുണ്ട് .

അഞ്ചു പതിറ്റാണ്ട് മുൻപ് , കൃത്യമായി പറഞ്ഞാൽ 1962 ൽ ഇന്ത്യൻ പ്രസിഡന്റ്‌റ് ഉത്തരവിട്ട ഓർഡിനൻസ് പ്രകാരം കച്ചവട ആവശ്യത്തിന് അല്ലാതെ വക്തികൾ സ്വർണം കൈവശം വയ്ക്കുന്നതിന് നിയന്ത്രണം ഉണ്ടായിരുന്നു . ആഭരണങ്ങൾക്കു ഇത് ബാധകം ആയിരുന്നില്ല . പിന്നീട് 1968 ൽ പാർലിമെന്റ് ഗോൾഡ് കണ്ട്രോൾ ആക്ട് പാസാക്കി . 1990 ജൂൺ ആറിന് പാർലിമെന്റ് ഈ നിയമം എടുത്തുകളഞ്ഞതോടെയാണ് ഇന്ത്യയിൽ സ്വർണ വ്യാപാരം ശക്തിപ്പെട്ടത് . ഇതേകാലത്തു തന്നെയാണ് ഇന്ത്യയിൽ സാമ്പത്തിക ഉദാരവൽക്കരണം ആരംഭിച്ചതും എന്ന് കൂട്ടിവായിക്കണം .

നിയന്ത്രണങ്ങൾ കൂടുതൽ ഉണ്ടായിരുന്ന സമയത്തു കള്ളക്കടത്തും നിയന്ത്രണ വിധേയം ആയിരുന്നു . എന്നാൽ നിയമം ലഘൂകരിക്കപ്പെട്ടപ്പോൾ കള്ളക്കടത്തും സജീവമായി എന്നതാണ് വസ്തുത . 1992 ൽ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി മന്മോഹൻ വിദേശത്തു നിന്ന് വരുന്ന ഇന്ത്യക്കാർക്ക് ബാഗേജിൽ അഞ്ചു കിലോ സ്വർണം വരെ കൊണ്ട് വരാം എന്ന നിർദ്ദേശം മുന്നോട്ടു വച്ചതു കള്ളകക്കടത്തു തടയുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാൽ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തിയതും കള്ളക്കടത്തുകാർ തന്നെയാണ് . പത്തു ഗ്രാം സ്വർണത്തിനു വെറും 450 രൂപയായിരുന്നു മന്മോഹൻ സിംഗിന്റെ നികുതി നിർദ്ദേശം .

ആവശ്യമുള്ളതിന്റെ പത്തു ശതമാനം പോലും ഉൽപ്പാദിപ്പിക്കാൻ കഴിയാത്ത രാജ്യമാണ് ഇന്ത്യ എന്നിരിക്കെ സ്വർണത്തോട് ഉദാര സമീപനം കാട്ടുക ആയിരുന്നു മന്മോഹൻ സർക്കാർ . എന്നാൽ സ്വർണത്തോടു വൈകാരികമായ അടുപ്പം കാട്ടുന്ന ഇന്ത്യക്കാർ രാജ്യത്തെ മറ്റേതൊരു നിക്ഷേപ മാർഗ്ഗത്തേക്കാളും വിശ്വാസത്തോടെ സ്വർണത്തെ കാണുന്ന സാഹചര്യം ഉള്ളതും ഉപയോഗം വർധിപ്പിക്കാൻ പ്രധാന കാരണമാണ് . ഏതു തരത്തിലുള്ള നിയന്ത്രണവും ഇതിനു അടിസ്ഥാനപരമായ മാറ്റം പൊടുന്നനെ കൊണ്ട് വരും എന്ന് പ്രവചിക്കാനാകില്ല . അതിനാൽ സ്വർണ ഇറക്കുമതി നിയന്ത്രിച്ചു നിർത്തണമെങ്കിൽ ജനത്തിന് വിശ്വാസത്തോടെ നിക്ഷേപം നടത്താൻ മറ്റു മേഖലകൾ തുറന്നു കിട്ടണം . ഇത് സാധിച്ചു കൊടുക്കാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ ലഭ്യമായ പണം മുഴുവൻ സ്വർണത്തിൽ നിക്ഷേപിക്കുന്ന രാജ്യമായി ഇന്ത്യ മാറുകയും ചെയ്യും .

സ്വർണത്തിനു ഓരോ തവണയും ധനമന്ത്രിമാർ നികുതി കൂട്ടുമ്പോൾ സ്വർണ കള്ളക്കടത്തു കൂടുന്നതായാണ് അനുഭവം . ഒരു തരം പാരലൽ എകണോമി തന്നെ സൃഷ്ട്ടിക്കാൻ രാജ്യത്തെ കള്ളപ്പണക്കാർക്കു ഇതുവഴി സാധിക്കുന്നുണ്ട് . കഴിഞ്ഞ മോദി സർക്കാർ നോട്ടു നിരോധനം നടപ്പാക്കിയപ്പോൾ ഇല്ലാതാക്കിയെന്നു അവകാശപ്പെടുന്ന കള്ളപ്പണ ലോബി പിന്നീട് സ്വർണ കള്ളക്കടത്തിൽ ശ്രദ്ധ നല്കുന്നതായാണ് അനുമാനിക്കപ്പപ്പടുന്നത് . ഒറ്റനോട്ടത്തിൽ സ്വർണ ഇറക്കുമതി നിയന്ത്രിച്ചു വിദേശ നാണ്യ ശേഖരം മെച്ചപ്പെടുത്താൻ ഉള്ള നിർദ്ദേശം എന്ന് തോന്നാമെങ്കിലും ഇതിലൂടെ സർക്കാർ കൈവശപ്പെടുത്തിന്റെ അനേക മടങ്ങു കള്ളക്കടത്തു സംഘങ്ങൾ സ്വന്തമാക്കാൻ സാധ്യത ഏറെയാണ് . ഇതുവഴി ബജറ്റ് നിർദ്ദേശം പരോക്ഷമായി കള്ളക്കടത്തു സംഘങ്ങളെയാണ് സഹായിക്കുക .

കള്ളക്കടത്തുകാരിൽ നിന്നും കിട്ടുന്ന സ്വർണം ഉപയോഗിച്ച് രാജ്യത്തെ സ്വർണ്ണക്കട മുതലാളിമാർ കൂടുതൽ സമ്പന്നർ ആകുകയും ചെയ്യും . ഇതിൽ കേരളത്തിൽ ഉള്ള ഒട്ടേറെ സ്വർണ കച്ചവടക്കാരും ഉണ്ടെന്നതും രഹസ്യമല്ല . ഭരണ പ്രതിപക്ഷ നേതാക്കളുമായി ഉള്ള സമ്പർക്കത്തിലൂടെ നിയമത്തിന്റെ ഇരുമ്പു മറ സൃഷ്ടിച്ചാണ് കേരളത്തിൽ സ്വർണ വ്യാപാരം തഴച്ചു വളരുന്നതെന്നും വെക്തം . ഈ സാഹചര്യത്തിന് നിർമല സീതാരാമന്റെ ബജറ്റ് നിർദ്ദേശം കൂടുതൽ തണലായി മാറുമെന്ന് ഉറപ്പായും പറയാൻ കഴിയും . ചുരുക്കത്തിൽ മാരക രോഗത്തിന് തൊലിപ്പുറമേ ഡോക്ടർ നടത്തുന്ന ചികിത്സയായി മാത്രമേ ഇറക്കുമതി സ്വർണത്തിന്റെ നികുതി വര്ധനയെ വിശേഷിപ്പിക്കാൻ സാധിക്കൂ . ഇതിനൊപ്പമാണ് ഇന്ധന വില ഉയർച്ച. ഇതുമൂലം കൂടുതൽ തുക ഇന്ധന ഇറക്കുമതിക്കായി മാറ്റി വയ്‌ക്കേണ്ടി വരും. അതുകൊണ്ട് തന്നെ ഇതും രാജ്യത്തിന് കടുത്ത വെല്ലുവിളിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP