Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫോർഡ്, ജനറൽ മോട്ടോഴ്സ്, ഹാർലി ഡേവിഡ്സൺ... ഇന്ത്യയിലെ കച്ചവടം പൂട്ടി നാടുവിടാൻ ഒരുങ്ങി കൂടുതൽ വിദേശ കമ്പനികൾ; യു.എസിലെ അനുകൂല നിക്ഷേപ അന്തരീക്ഷം മടക്കത്തിന് കാരണമാകുന്നു; മോദിയുടെ സ്വപ്‌ന പദ്ധതിയായ 'മെയ്‌ക്ക് ഇൻ ഇന്ത്യ'ക്ക് അടക്കം തിരിച്ചടി; ഇന്ത്യൻ ഓഹരി വിപണിക്കും തിരിച്ചടിയായേക്കും

ഫോർഡ്, ജനറൽ മോട്ടോഴ്സ്, ഹാർലി ഡേവിഡ്സൺ... ഇന്ത്യയിലെ കച്ചവടം പൂട്ടി നാടുവിടാൻ ഒരുങ്ങി കൂടുതൽ വിദേശ കമ്പനികൾ; യു.എസിലെ അനുകൂല നിക്ഷേപ അന്തരീക്ഷം മടക്കത്തിന് കാരണമാകുന്നു; മോദിയുടെ സ്വപ്‌ന പദ്ധതിയായ 'മെയ്‌ക്ക് ഇൻ ഇന്ത്യ'ക്ക് അടക്കം തിരിച്ചടി; ഇന്ത്യൻ ഓഹരി വിപണിക്കും തിരിച്ചടിയായേക്കും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: രാജ്യത്തെ നിയമ പ്രശ്നങ്ങളും യു.എസിലെ അനുകൂല നിക്ഷേപ സാഹചര്യവും വിദേശ കമ്പനികൾ ഇന്ത്യ വിടാൻ ഒരുങ്ങുന്നു. യു.എസ് ആസ്ഥാനമായ ഫോർഡ്, ജനറൽ മോട്ടോഴ്സ്, ഹാർലി ഡേവിഡ്സൺ, മെട്രോ എ.ജി, സിറ്റി ബാങ്ക്, കാരെഫോർ തുടങ്ങിയ കമ്പനികളാണ് കച്ചവടം പൂട്ടി മടങ്ങാൻ തയ്യാറെടുക്കുന്നത്. കെട്ടിട നിർമ്മാണ സാമഗ്രികളുടെ ആഗോള കുത്തകയായ ഹോൾസിമും പിന്മാറാൻ തയ്യാറെടുക്കുന്നതിൽ ഉൾപ്പെടും. വിദേശ കമ്പനികളുടെ മടക്കത്തിന് രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

വൻകിട കമ്പനികൾ പിന്മാറുന്നത് വമ്പൻ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേകിച്ചും കോവിഡ് ആധിയൊഴിഞ്ഞു കമ്പോളം ഉണർവിലേക്കു വരുന്ന ഈ സാഹചര്യത്തിൽ. പിന്മാറ്റത്തിന് ഒരുങ്ങുന്ന കമ്പനികളെല്ലാം യു.എസും യൂറോപ്പും കേന്ദ്രമാക്കി പ്രവർത്തിക്കുന്നവയാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചില്ലറ വിൽപന രംഗത്തെ ആഗോള ശൃംഖലയും ജർമ്മൻ കമ്പനിയുമായ മെട്രോ എ ജിയും പിന്മാറ്റത്തിന് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്്. കമ്പനികളിൽ പലതും പ്രവർത്തനം ക്രമേണ നിർത്താനോ, തങ്ങളുടെ സാന്നിധ്യം കുറച്ചുകൊണ്ടുവരാനോ ശ്രമിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പല കമ്പനികളുടെയും ഇന്ത്യയിലെ മെച്ചമെല്ലാത്ത പ്രകടനവും നികുതി സംബന്ധമായത് ഉൾപ്പെടെയുള്ള നിയമ പ്രശ്നങ്ങളുമെല്ലാം പിന്മാറ്റത്തിലേക്കു നയിക്കുന്ന ഘടകങ്ങളാണ്. നഷ്ടം സഹിക്കാനാവാത്തതും ഇന്ത്യൻ മാർക്കറ്റിൽ കൂടിയ വിലക്ക് വിൽപ്പന ഉറപ്പാക്കാൻ സാധിക്കാത്തതും ഗ്രീൻ ഇന്റെസ്ട്രിയൽ പ്രോട്ടോകോളിലേക്കു ഇന്ത്യ നീങ്ങുന്നതുമെല്ലാം കമ്പനികളെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്.

നരേന്ദ്ര മോദി സർക്കാരിന് കനത്ത തിരിച്ചടിയാവും വിദേശ കമ്പനികളുടെ തിരിച്ചുപോക്കും വിദേശ നിക്ഷേപം വൻതോതിൽ രാജ്യത്തുനിന്നു ഇല്ലാതാവുന്നതും. എട്ടു വർഷം മുൻപ് കൊട്ടിഘോഷിക്കപ്പെട്ട് നടത്തിയ പ്രധാനമന്ത്രിയുടെ മെയ്ക് ഇൻ ഇന്ത്യ പദ്ധതിക്കും ഇത് വലിയ തിരിച്ചടിയാവും. യു.എസ് ഓട്ടോമൊബൈൽ ഭീമനായ ഫോർഡിനൊപ്പം യു.കെ ആസ്ഥാനമായ പ്രമുഖ ബാങ്കിങ് സ്ഥാപനമായ റോയൽ ബാങ്ക് ഓഫ് സ്‌കോട്ട്ലാന്റ് എന്നിവയെല്ലാം ഈ പട്ടികയിൽപ്പെടുമെന്നതാണ് കേന്ദ്ര സർക്കാരിനെ അസ്വസ്ഥാമാക്കുന്നത്. ചൈനക്ക് ബദലാവാൻ ഇന്ത്യ വിയർപ്പൊഴുക്കുമ്പോഴാണ് ഈ തിരിച്ചടിയെന്നതും കമ്പനികളുടെ പിന്മാറ്റ തീരുമാനം ഇരട്ടി ആഘാതമാക്കുന്നു.

2014നും 2021നും ഇടയിൽ 2,783 വിദേശ കമ്പനികളാണ് രാജ്യത്ത് പ്രവർത്തനം നിർത്തിയത്. ഇവയെല്ലാം ഇവിടെ രജിസ്ട്രേഡ് ഓഫീസുള്ളവയോ, സഹസ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നവയോ ആയിരുന്നുവെന്നും ഈ വിവരം വെളിപ്പെടുത്തിക്കൊണ്ട് വ്യവസായ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ലോകസഭയെ അറിയിച്ചിരുന്നു.

അതേസമയം ആഗോള സാഹചര്യങ്ങൾ ഇന്ത്യയ്ക്ക് പ്രതികൂലമായി ബാധിക്കാനും സാധ്യത കൂടുതലാണ്. സാഹചര്യങ്ങൾ പ്രതികൂലമായാൽ ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് വർഷം 10,000 കോടി ഡോളർ (7.8 ലക്ഷം കോടി രൂപ) വരെ വിദേശ മൂലധനം പിൻവലിക്കപ്പെടാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ മാസം മുന്നറിയിപ്പു നൽകിയിരുന്നു. മൊത്തം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ 3.2% വരും ഈ തുകയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കുകയുണ്ടായി.

ആഗോള സാമ്പത്തിക ചലനങ്ങളോട് ഏറ്റവും തീവ്രമായി പ്രതികരിക്കുന്ന ഇന്ത്യൻ സാമ്പത്തിക ഘടകമാണ് ഓഹരിവിപണിയിലെ വിദേശനിക്ഷേപം. യുഎസിലെ പലിശ നിരക്കു വർധന, ആഗോളതലത്തിൽത്തന്നെ പ്രകടമാകുന്ന വിലക്കയറ്റം, ഓഹരികളുടെ ഉയർന്ന വിലനിലവാരം തുടങ്ങിയ ഘടകങ്ങൾ ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വിദേശനിക്ഷേപകരുടെ പിന്മാറ്റത്തിനു കാരണമാകുകയാണ്. ഇക്കൊല്ലം ഇതുവരെ 2 ലക്ഷം കോടിയോളം രൂപ ഇങ്ങനെ പിൻവലിക്കപ്പെട്ടു. ഈ മാസം ഇതുവരെ 31540 കോടി രൂപ വിദേശനിക്ഷേപകർ പിൻവലിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP