Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കറൻസി നോട്ടുകൾ കൂടാതെയുള്ള പുതിയ വിനിമയ മാർഗം; ഇ-രൂപയ്ക്ക് പലിശ ലഭിക്കില്ല; ആവശ്യമുള്ളപ്പോൾ ബാങ്ക് നിക്ഷേപം പോലെയുള്ള പണത്തിലേക്ക് ഇത് മാറ്റാം; രാജ്യത്തെ ധന സംബന്ധമായ ഇടപാടുകൾ കൂടുതൽ സുഗമവും വേഗമുള്ളതാക്കാനും ഇനി ഡിജിറ്റൽ രൂപ; ഇ-റുപ്പീ എത്തുമ്പോൾ

കറൻസി നോട്ടുകൾ കൂടാതെയുള്ള പുതിയ വിനിമയ മാർഗം; ഇ-രൂപയ്ക്ക് പലിശ ലഭിക്കില്ല; ആവശ്യമുള്ളപ്പോൾ ബാങ്ക് നിക്ഷേപം പോലെയുള്ള പണത്തിലേക്ക് ഇത് മാറ്റാം; രാജ്യത്തെ ധന സംബന്ധമായ ഇടപാടുകൾ കൂടുതൽ സുഗമവും വേഗമുള്ളതാക്കാനും ഇനി ഡിജിറ്റൽ രൂപ; ഇ-റുപ്പീ എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കാത്തിരിപ്പിനൊടുവിൽ ഡിജിറ്റൽ റുപ്പീ (ഇ-റുപ്പീ) എത്തുന്നു. മുംബൈയും ഡൽഹിയും ഉൾപ്പെടെ നാല് നഗരങ്ങളിലെ റീട്ടെയിൽ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമാണ് ഇ-റുപ്പീ ആദ്യ ഘട്ടത്തിൽ ഉപയോഗിക്കാൻ കഴിയുക. ഡിസംബർ ഒന്നു മുതൽ ഇ-റുപ്പീ എത്തും. നിയമപരമായ അംഗീകാരത്തിന്റെ അടിസ്ഥാനത്തിലുള്ള പണത്തെ പ്രതിനിധീകരിക്കുന്ന ഡിജിറ്റൽ ടോക്കണിന്റെ രൂപത്തിലായിരിക്കും ഇ-റൂപ്പീ. ഡിജിറ്റൽ രൂപ സൃഷ്ടിക്കൽ, വിതരണം, റീട്ടെയിൽ ഉപയോഗം എന്നിവയുടെ മുഴുവൻ പ്രക്രിയയുടെയും കരുത്ത് പരീക്ഷണഘട്ടത്തിൽ പരിശോധിക്കും. ഇതിൽനിന്നുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇ-റുപ്പീ ടോക്കണിന്റെയും ആർക്കിടെക്ചറിന്റെയും വ്യത്യസ്ത സവിശേഷതകളും പ്രയോഗങ്ങളും ഭാവി ഘട്ടത്തിൽ പരീക്ഷിക്കപ്പെടും.

രാജ്യത്തെ ധന സംബന്ധമായ ഇടപാടുകൾ കൂടുതൽ സുഗമവും വേഗമുള്ളതാക്കാനും ഡിജിറ്റൽ രൂപ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഇപ്പോഴുള്ള കറൻസി നോട്ടുകൾ കൂടാതെയുള്ള വിനിമയ മാർഗമായിരിക്കും ഇ-രൂപ. ഇതിന്റെ പ്രത്യേകത എന്തെന്നാൽ, ഇ-രൂപയ്ക്ക് പലിശ ലഭിക്കില്ല. അതേസമയം, ആളുകൾക്ക് ആവശ്യമുള്ളപ്പോൾ ബാങ്ക് നിക്ഷേപം പോലെയുള്ള പണത്തിലേക്ക് ഇത് മാറ്റാവുന്നതാണ്. ഇന്ത്യൻ കറൻസിയുടെ ഡിജിറ്റൽ രൂപമായ ഇ-റുപ്പീ സൗകര്യം മുംബൈയ്ക്കും ഡൽഹിക്കും പുറമെ ബംഗളൂരുവിലും ഭുവനേശ്വറിലുമാണു ഡിസംബർ ഒന്നു മുതൽ ലഭ്യമാകുക.

പിന്നീട് അഹമ്മദാബാദ്, ഗാങ്ടോക്ക്, ഗുവാഹതി, ഹൈദരാബാദ്, ഇൻഡോർ, കൊച്ചി, ലഖ്‌നൗ, പട്‌ന, ഷിംല എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും. ആവശ്യാനുസരണം കൂടുതൽ ബാങ്കുകളെയും ഉപയോക്താക്കളെയും സ്ഥലങ്ങളെയും ഉൾപ്പെടുത്തുന്നതിനായി പദ്ധതിയുടെ വ്യാപ്തി ക്രമേണ വിപുലീകരിക്കും. പങ്കാളികളാകുന്ന ഉപയോക്താക്കളും വ്യാപാരികളുമുള്ള ഒരു ക്ലോസ്ഡ് യൂസർ ഗ്രൂപ്പിനെ (സി യു ജി) പ്രതിനിധീകരിക്കുന്ന സ്ഥലങ്ങളാണ് പ്രാരംഭ ഘട്ടത്തിൽ ഉൾപ്പെടുകയെന്ന് ആർ ബി ഐ അറിയിച്ചു. നിലവിലെ കറൻസി നോട്ടുകൾക്കുപുറമെയായിരിക്കും ഇറുപ്പി വിനിമയം. ഇടപാടുകൾ കൂടുതൽ സുഗമവും വേഗത്തിലുമാകുമെന്ന് ആർബിഐ അറിയിച്ചു.

പദ്ധതിയിൽ പങ്കാളിത്തത്തിനായി എട്ട് ബാങ്കുകളെയാണ് ആർ ബി ഐ കണ്ടെത്തിയിരിക്കുന്നത്. നാല് നഗരങ്ങളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ സി ഐ സി ഐ ബാങ്ക്, യെസ് ബാങ്ക്, ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക് എന്നിവയാണ് ആദ്യ ഘട്ടത്തിലുണ്ടാവുക. തുടർന്ന് ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച് ഡി എഫ് സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയും പദ്ധതിയുടെ ഭാഗമാകും. നിലവിൽ പേപ്പർ കറൻസിയും നാണയങ്ങളും വിതരണം ചെയ്യുന്ന അതേ മൂല്യങ്ങളിൽ ഇ-റുപ്പീയും ലഭ്യമാകും. ഇത് ബാങ്ക് പോലുള്ള ഇടനിലക്കാർ വഴി വിതരണം ചെയ്യും. 'പങ്കാളികളായ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നതും മൊബൈൽ ഫോണുകളിലും മറ്റു ഡിവൈസുകളിലുള്ള ഡിജിറ്റൽ വാലറ്റ് മുഖേന ഉപയോക്താക്കൾക്ക് ഇ-റൂപ്പീ ഉപയോഗിച്ച് ഇടപാട് നടത്താൻ കഴിയുമെന്നാണ് ആർ ബി ഐ വ്യക്തമാക്കിയിരിക്കുന്നത്.

വ്യക്തികൾ തമ്മിലും (പി2പി) വ്യക്തിയിൽനിന്ന് വ്യാപാരിയിലേക്കും (പി2എം) ഇടപാട് നടത്താം. വ്യാപാര സ്ഥാപനങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്യുആർ കോഡുകൾ ഉപയോഗിച്ച് പേയ്‌മെന്റുകൾ നടത്താം. ''ഇ-റുപ്പീ വിശ്വാസവും സുരക്ഷയും പോലുള്ള ഫിസിക്കൽ ക്യാഷിന്റെ സവിശേഷതകൾ വാഗ്ദാനം ചെയ്യും. പണത്തിന്റെ കാര്യത്തിലെന്നപോലെ, ഇതിനു പലിശയൊന്നും ലഭിക്കില്ല. ബാങ്കുകളിലെ നിക്ഷേപം പോലെയുള്ള മറ്റു പണത്തിലേക്ക് പരിവർത്തനം ചെയ്യാം,''ആർ ബി ഐ പറഞ്ഞു.

ഇ-റുപ്പീ രണ്ടു തരം

ഉപയോഗത്തെയും ഡിജിറ്റൽ രൂപ നിർവഹിക്കുന്ന പ്രവർത്തനങ്ങളെയും അടിസ്ഥാനമാക്കി, വിവിധ തലത്തിലുള്ള പ്രവേശനക്ഷമത കണക്കിലെടുത്ത്, ഡിജിറ്റൽ രൂപയെ പൊതു ഉദ്ദേശ്യം (റീട്ടെയിൽ), മൊത്തവ്യാപാരം എന്നിങ്ങനെ രണ്ടു വിശാലമായ വിഭാഗങ്ങളായാണ്
ആർ ബി ഐ തിരിച്ചിരിക്കുന്നത്.

റീട്ടെയിൽ ഇ-റുപ്പീ പ്രധാനമായും റീട്ടെയിൽ ഇടപാടുകൾക്കായി ഉദ്ദേശിച്ചിട്ടുള്ള, പണത്തിന്റെ ഇലക്ട്രോണിക് പതിപ്പാണ്. ഇതു സ്വകാര്യ മേഖല, സാമ്പത്തികേതര ഉപയോക്താക്കൾ, ബിസിനസുകൾ എന്നിങ്ങനെ എല്ലാവരുടെയും ഉപയോഗത്തിനു സാധ്യതയുള്ളതായിരിക്കും. സെൻട്രൽ ബാങ്കിന്റെ നേരിട്ടുള്ള ബാധ്യതയായതിനാൽ പേയ്‌മെന്റിനും സെറ്റിൽമെന്റിനുമായി സുരക്ഷിതമായ പണത്തിലേക്കു പ്രവേശനമുണ്ടാകുകയും ചെയ്യും.

മൊത്തവ്യാപാര സി ബി ഡി സി, തിരഞ്ഞെടുത്ത ധനകാര്യ സ്ഥാപനങ്ങളിലേക്കുള്ള നിയന്ത്രിത പ്രവേശനത്തിനായി ആവിഷ്‌കരിച്ചിട്ടുള്ളതാണ്. ഗവൺമെന്റ് സെക്യൂരിറ്റീസ് (ജി-സെക്) സെഗ്മെന്റ്, ഇന്റർ-ബാങ്ക് മാർക്കറ്റ്, ക്യാപിറ്റൽ മാർക്കറ്റ് എന്നിവയിൽ ബാങ്കുകൾ നടത്തുന്ന സാമ്പത്തിക ഇടപാടുകൾക്കുള്ള സെറ്റിൽമെന്റ് സംവിധാനങ്ങളെ പ്രവർത്തനച്ചെലവ്, കൊളാറ്ററൽ, ലിക്വിഡിറ്റി മാനേജ്‌മെന്റ് എന്നിവയുടെ കാര്യത്തിൽ കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമാക്കാൻ ഇതിനു കഴിവുണ്ട്.

ഫിസിക്കൽ ക്യാഷ് മാനേജ്‌മെന്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രവർത്തനച്ചെലവുകൾ കുറയ്ക്കുക, സാമ്പത്തിക ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുക, പേയ്‌മെന്റ് സംവിധാനത്തിൽ ദൃഢതയും കാര്യക്ഷമതയും നൂതനത്വവും കൊണ്ടുവരൽ എന്നിവ ഇ റുപ്പീയുടെ നേട്ടങ്ങളാകുമെന്നാണ് വിലയിരുത്തൽ.

എല്ലാം നിയന്ത്രിക്കുക റിസർവ്വ് ബാങ്ക്

ഇന്ത്യൻ കറൻസിയുടെ ഡിജറ്റൽ പതിപ്പാണ് 'ഇ-റുപ്പി'. ക്രിപ്‌റ്റോ കറൻസികൾ രാജ്യത്ത് പ്രചാരം നേടിയതിന് പിന്നാലെ ഇന്ത്യൻ രൂപയുടെ ഡിജറ്റൽ പതിപ്പിനെ കുറിച്ചുള്ള ചർച്ചകളും ഉയർന്നിരുന്നു. തുടർന്ന് 202-23 സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റ് അവതരണ വേളയിലാണ് രാജ്യത്ത് ഡിജിറ്റൽ കറൻസി അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. ഇതിനായി ബ്ലോക്ക്ചെയിൻ അടക്കമുള്ള സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിസർവ് ബാങ്ക് 'ഇ-റുപ്പി'യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കിയത്.

ഇടപാടുകൾക്കും വിനിയോഗത്തിനുമായി നിയമപരമായ അവകാശത്തോടെ ആർബിഐ ഡിജിറ്റൽ രൂപത്തിൽ പുറത്തിറക്കുന്ന കറൻസിയാണ് സിബിഡിസി (സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി- CBDC). പേപ്പർ രൂപത്തിൽ ഇറക്കുന്ന കറൻസിക്ക് സമാനമായി ഇത് എവിടെയും ഉപയോഗിക്കാനാകും. ആർക്കു വേണമെങ്കിലും കൈമാറ്റം ചെയ്യാനുമാകും. പേപ്പർ കറൻസിയിൽ പരസ്പരം നേരിട്ടാണ് കൈമാറുണമെങ്കിൽ സിബിഡിസിയിൽ അത് ഓൺലൈൻ മുഖേനയാണെന്നുള്ള വ്യത്യാസം മാത്രമേയുള്ളൂ.

പേടിഎം, ഗൂഗിൾ പേ, വാട്സാപ്പ് പേ, ഫോൺ പേ എന്നിവ പോലുള്ള ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സിബിഡിസിയും തമ്മിലുള്ള പ്രധാന വ്യത്യാസം സെറ്റിൽമെന്റ് സംവിധാനത്തിലാണ്. അതായത്, യുപിഐ മുഖാന്തിരം ഗൂഗിൾ പേ പോലുള്ള ആപ്പുകൾ വഴി പണമിടപാട് ഓൺലൈൻ ആയി നടത്താമെങ്കിലും അതിന്റെ സെറ്റിൽമെന്റ് ഇത്തരം ആപ്പുകളിൽ ലിങ്ക് ചെയ്തിട്ടുള്ള ബാങ്കുകളിൽ തമ്മിലായിരിക്കും. അതായത് നിലവിലെ ഡിജിറ്റൽ പണമിടപാടിൽ ഉത്തരവാദിത്തം ബാങ്കുകൾക്ക് ആണെങ്കിൽ സിബിസിഡി ഉപയോഗപ്പെടുത്തിയുള്ള ഓൺലൈൻ ഇടപാടിന്റെ ചുമതല റിസർവ് ബാങ്കിനാണെന്ന് സാരം.

സിബിഡിസിയിൽ രണ്ടു ഇടപാടുകാർ തമ്മിൽ നേരിട്ടു നടത്തുന്ന കൈമാറ്റം ആയതിനാൽ സെറ്റിൽമെന്റ് പരാജയമാകുക പോലെയുള്ള റിസ്‌കുകൾ ഒന്നും തന്നെയില്ല. കൂടാതെ സിബിഡിസിയിൽ ഇടപാടുകൾ വളരെ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുകയും ചെയ്യും. ഇതോടെ കയറ്റുമതി ചെയ്യുന്നവർക്കും അതുപോലെ രാജ്യാന്തര വിനിമയം നടത്തുന്നവർക്കും തത്സമയം തന്നെ മധ്യസ്ഥരില്ലാതെ ഇടപാടുകൾ പൂർത്തിയാക്കാനാവും.

ബാങ്ക് അക്കൗണ്ട്

കൂടാതെ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ഇ-റൂപ്പി ഉപയോഗപ്പെടുത്തിയ കൈമാറ്റം സാധിക്കും. ഇതും മറ്റ് ഓൺലൈൻ പേയ്മെന്റിൽ നിന്നും ഇ-റുപ്പിയെ വേറിട്ടതാക്കുന്നു. അതായത് ബാങ്ക് അക്കൗണ്ടിൽ കിടക്കുന്ന പണത്തിന്റെ ഡിജിറ്റൽ രൂപമെന്നതിനേക്കാൾ ഉപരിയായി തനിച്ച് മൂല്യമുള്ളതാണ് ഇ-റുപ്പിയെന്ന് സാരം. അതുപോലെ അക്കൗണ്ടിലെ പണവും ഇ-റുപ്പിയായി മാറ്റിയെടുക്കാനാകും. ഇതിനായി മൊബൈൽ ഫോണിൽ പ്രത്യേക സിബിസിഡി വോലറ്റ് അവതരിപ്പിച്ചേക്കും.

ക്രിപ്റ്റോ കറൻസി പ്രചാരം നേടിയതോടെ ഉയർന്നുവന്ന വെല്ലുവിളികൾ നേരിടുന്നതിനും എന്നാൽ ബ്ലോക്ക്ചെയിൻ പോലെയുള്ള നവീന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഡിജിറ്റൽ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിനുമാണ് സിബിഡിസി പുറത്തിറക്കുന്നത് എന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. ഇതിനോടൊപ്പം കറൻസി അച്ചടി, വിതരണം, സൂക്ഷിക്കൽ എന്നിവയിലുള്ള ചെലവും ലാഭിക്കാനാകും. കൂടാതെ സ്വകാര്യ ക്രിപ്‌റ്റോ ആസ്തികളും ഡിജിറ്റൽ കറൻസിയും തമ്മിൽ കൃത്യമായ തരംതിരിവ് വ്യക്തമാക്കുന്നതിലൂടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടാൻ കഴിയുമെന്നാണ് പ്രതീക്ഷ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP