Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓറിയന്റൽ ബാങ്കും യുണൈറ്റഡ് ബാങ്കും ലയിക്കുമ്പോൾ പഞ്ചാബ് നാഷണൽ ബാങ്ക് രാജ്യത്തെ രണ്ടാമത്തേയും സിൻഡിക്കേറ്റ് ബാങ്ക് ലയിക്കുമ്പോൾ കാനറാ ബാങ്ക് നാലാമത്തെയും വലിയ ബാങ്കായി മാറും; കോർപ്പറേഷൻ ബാങ്കും ആന്ധ്രാ ബാങ്കും ലയിക്കുന്നത് യൂണിയൻ ബാങ്കിൽ; അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിൽ ലയിക്കുമ്പോൾ രാജ്യത്ത് ഇനി 12 പൊതു മേഖലാ ബാങ്കുകൾ മാത്രം; ഇന്നലെ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച ബാങ്ക് ലയനത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ

ഓറിയന്റൽ ബാങ്കും യുണൈറ്റഡ് ബാങ്കും ലയിക്കുമ്പോൾ പഞ്ചാബ് നാഷണൽ ബാങ്ക് രാജ്യത്തെ രണ്ടാമത്തേയും സിൻഡിക്കേറ്റ് ബാങ്ക് ലയിക്കുമ്പോൾ കാനറാ ബാങ്ക് നാലാമത്തെയും വലിയ ബാങ്കായി മാറും; കോർപ്പറേഷൻ ബാങ്കും ആന്ധ്രാ ബാങ്കും ലയിക്കുന്നത് യൂണിയൻ ബാങ്കിൽ; അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിൽ ലയിക്കുമ്പോൾ രാജ്യത്ത് ഇനി 12 പൊതു മേഖലാ ബാങ്കുകൾ മാത്രം; ഇന്നലെ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച ബാങ്ക് ലയനത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

നൂഡൽഹി: പത്തു പൊതുമേഖലാ ബാങ്കുകൾ ലയിപ്പിച്ച് നാലെണ്ണമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുമ്പോൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് എന്ത് സംഭവിക്കുമെന്ന് ചിന്തിക്കുകയാണ് സാമ്പത്തിക ശാസ്ത്രജ്ഞർ. ഇതോടെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 27-ൽ നിന്ന് 12 ആകും. വിപണിയിലും ഉപഭോക്താക്കളിലും കൂടുതൽ ഇടപെടൽ നടത്തി വളർച്ച കൈവരിക്കലാണു ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞകൊല്ലം ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേനാ ബാങ്ക് എന്നിവ ലയിപ്പിച്ചത് വിജയകരമായിരുന്നു. ജീവനക്കാരെ ആരെയും ഒഴിവാക്കാതെ പൂർത്തിയാക്കിയ ലയനംവഴി ബാങ്ക് ഓഫ് ബറോഡ വളർച്ചയുടെ പാതയിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കടബാധ്യതയിലുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ നിർണായക തീരുമാനം. പത്ത് പ്രധാനപൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്.

പഞ്ചാബ് നാഷണൽ ബാങ്കിൽ ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സും യുണൈറ്റഡ് ബാങ്കും പി.എൻ.ബി.യും ആണ് ലയിക്കുന്നത്. ഇനി ഇത് രാജ്യത്തെ രണ്ടാം വലിയ പൊതുമേഖലാ ബാങ്കായിരിക്കുമിത്. 17.95 ലക്ഷം കോടി രൂപയുടെ വ്യാപാരം ഉണ്ടാകും. പുതിയ ബാങ്കിൽ 10,43,659 കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടാവുക. 11,437 ശാഖകളിലായി 1,00,649 ജീവനക്കാരുണ്ടാവും. കനറാ ബാങ്കിൽ സിൻഡിക്കേറ്റ് ബാങ്ക് ലയിക്കും. ഇതോടെ ഇത് നാലാം വലിയ ബാങ്കാവും. 15.20 ലക്ഷം കോടി രൂപയുടെതായിരിക്കും ബിസിനസ്. 8,58,930 കോടി രൂപയുടെ നിക്ഷേപവും 10,342 ശാഖകളിലായി 89,885 ജീവനക്കാരും ഉണ്ടാവും. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവ ചേർന്നത്)- അഞ്ചാം വലിയ ബാങ്ക്. 14.59 ലക്ഷം കോടി രൂപയുടെ ബിസിനസും 1,84,568 കോടി രൂപയടെ നിക്ഷേപവും ഉണ്ടാവും. 9,609 ശാഖകളിലായി 75,384 ജീവനക്കാർ. ഇന്ത്യൻ ബാങ്ക് (അലഹാബാദ് ബാങ്കും ഇന്ത്യൻ ബാങ്കും ചേർന്നത്)- ഏഴാം വലിയ പൊതുമേഖലാ ബാങ്ക്. 8.08 ലക്ഷം കോടി രൂപയുടെ ബിസിനസും 4,56,411 കോടി രൂപയുടെ നിക്ഷേപവും. 6,104 ശാഖകളിലായി 42,814 ജീവനക്കാർ-ഇതാണ് ലയനത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

നിലവിലെ ശാഖകളുടെ പ്രവർത്തനത്തെയോ ജീവനക്കാരെയോ ലയനം ബാധിക്കില്ല. ലയനം എന്നു പ്രാബല്യത്തിലാവുമെന്നു പ്രഖ്യാപിച്ചിട്ടില്ല. ലയിപ്പിക്കുന്ന ബാങ്കുകളുടെ ഡയറക്ടർ ബോർഡ് വേവ്വേറെ യോഗം ചേർന്ന് ലയനനിർദ്ദേശങ്ങൾ അംഗീകരിക്കുകയും സർക്കാരിനെ അറിയിക്കുകയും വേണം. അതിനുശേഷം റിസർവ് ബാങ്കുമായി ആലോചിച്ചാവും ലയനത്തിയതി തീരുമാനിക്കുക. അതിനിടെ രാജ്യത്തെ ബാങ്ക് ലയനത്തെ അംഗീകരിക്കാനാവില്ലെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു. രാജ്യത്തെ സാമ്പത്തിക മേഖലയെ തകർക്കുന്ന നീക്കങ്ങളെ ചെറുക്കണമെന്നും ബാങ്ക് ജീവനക്കാർ ആവശ്യപ്പെട്ടു. ലയനം ഗ്രാമീണ - കാർഷിക ബാങ്കിങ് മേഖലയെ കാര്യമായി ബാധിക്കുമെന്നും അവർ പറയുന്നു. രാജ്യത്ത് വീണ്ടും ബാങ്ക് ലയനം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകം. സാമ്പത്തിക മേഖലയിലെ വികസനത്തെ മുരടിപ്പിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എച്ച് വെങ്കിടാചലം പ്രതികരിച്ചത്. കാർഷിക മേഖലയേയും ചെറിയ ബാങ്കുകളെയും ഇല്ലാതാക്കുന്ന നീക്കത്തെ ചെറുക്കണമെന്നും അദേഹം പറഞ്ഞു.

എസ്.ബി.ടി - എസ്.ബി.ഐ ലയനത്തിലൂടെ തൊഴിൽ നഷ്ടപ്പെട്ടവർ നിരവധിയാണ്. സാമ്പത്തിക ഭദ്രതയെ തകർക്കുകയാണ് സർക്കാർ ചെയ്യുന്നത്. ലയനത്തിലൂടെ വലിയ ബാങ്കുകളെ മാത്രം നിലനിറുത്തുക മാത്രമാണ് ലക്ഷ്യമിടുന്നത്. സാധാരണക്കാരെ ബാങ്കുകളിൽ നിന്ന് അകറ്റുന്നതാണ് സർക്കാർ ചെയ്യുന്നതെന്നും ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആരോപിച്ചു.

ഇനി 12 ബാങ്കുകൾ ബ്രാക്കറ്റിൽ ബിസിനസ് മൂല്യം

1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (52.05 ലക്ഷംകോടി)
2. ബാങ്ക് ഓഫ് ബറോഡ-(16.13 ലക്ഷം കോടി).
3.പഞ്ചാബ് നാഷണൽ ബാങ്ക് -17.94 ലക്ഷം കോടി.
4. കനറാ ബാങ്ക് 15.20 ലക്ഷം കോടി.
5. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 14.59 ലക്ഷം കോടി.
6.ഇന്ത്യൻ ബാങ്ക് 8.08 ലക്ഷം കോടി
7. ബാങ്ക് ഓഫ് ഇന്ത്യ 9.03 ലക്ഷം കോടി
8.സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 4.68 ലക്ഷം കോടി.
9.ഇന്ത്യൻ ഓവർസീസ് ബാങ്ക് 3.75 ലക്ഷം കോടി.
10.യുക്കോ ബാങ്ക് 3.17 ലക്ഷം കോടി.
11.ബാങ്ക് ഓഫ് മഹാരാഷ്ട്ര 2.34 ലക്ഷം കോടി
12.പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് 1.71 ലക്ഷം കോടി.

ബാങ്ക് ദേശസാൽക്കരണത്തിന്റെ 50-ാം വർഷത്തിലാണു 10 ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ചതെങ്കിലും 2 നടപടികളും തമ്മിൽ താരതമ്യം ചെയ്യുന്നതിൽ കാര്യമില്ലെന്നു മന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. സോഷ്യലിസ്റ്റ് സമീപന രീതിയും ലൈസൻസ് രാജും ഉണ്ടായിരുന്നപ്പോഴായിരുന്നു ദേശസാൽക്കരണം. ഇപ്പോൾ സമ്പദ്വ്യവസ്ഥയെ പോഷിപ്പിക്കാനും ബാങ്കുകളുടെ ദേശീയ, ആഗോള സാന്നിധ്യം മെപ്പെടുത്താനുമാണ് ശ്രമം. നടപടിയെ വിമർശിക്കാൻ കോൺഗ്രസിന് അർഹതയില്ല. അവരുടെ ഭരണകാലത്താണ് കിട്ടാക്കടം പെരുകിയതും വായ്പ തട്ടിപ്പുകാർക്കു പ്രോൽസാഹനം ലഭിച്ചതും. റിസർവ് ബാങ്കിൽനിന്നു ലഭിച്ച 1.76 ലക്ഷം കോടി രൂപ എങ്ങനെ വിനിയോഗിക്കണമെന്നതിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. ബാങ്കുകളെ ഉത്തേജിപ്പിക്കാൻ 70,000 കോടിയാണ് നൽകുന്നത്. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത് ലയനത്തിനല്ല, മൂലധന ഉത്തേജനത്തിനുള്ള പണമാണ്.

ബാങ്കുകളുടെ എണ്ണം കുറയുന്നതോടെ മൽസരം കുറയുമെന്നും അത് ഇടപാടുകാർക്കു ഗുണകരമല്ലെന്നുമുള്ള വിലയിരുത്തൽ ശരിയല്ല. കരുത്തുറ്റ ബാങ്കുകൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ സാധിക്കും. ലയനം നടപ്പാക്കുമ്പോൾ ജീവനക്കാരെ പിരിച്ചുവിടുന്ന പ്രശ്‌നമില്ലെന്നു ധനകാര്യ സെക്രട്ടറി രാജീവ് കുമാർ വിശദീകരിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP