Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടെലികോം രംഗത്ത് അംബാനിയോട് നേരിട്ട് മുട്ടാനുറച്ച് അദാനിയും? 5-ജി സ്‌പെക്ട്രം ലേലത്തിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ട്; ഇതുവരെ പരസ്പ്പരം ഏറ്റുമുട്ടാത്ത ഗുജറാത്തിൽ നിന്നുള്ള ബിസിനസ് ഭീമന്മാർ നേർക്കു നേർ വരുമ്പോൾ എന്തു സംഭവിക്കമെന്ന ആകാംക്ഷയിൽ ബിസിനസ് ലോകം

ടെലികോം രംഗത്ത് അംബാനിയോട് നേരിട്ട് മുട്ടാനുറച്ച് അദാനിയും? 5-ജി സ്‌പെക്ട്രം ലേലത്തിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ട്; ഇതുവരെ പരസ്പ്പരം ഏറ്റുമുട്ടാത്ത ഗുജറാത്തിൽ നിന്നുള്ള ബിസിനസ് ഭീമന്മാർ നേർക്കു നേർ വരുമ്പോൾ എന്തു സംഭവിക്കമെന്ന ആകാംക്ഷയിൽ ബിസിനസ് ലോകം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിന്റെ പിൻബലത്തിലാണ് ഗൗതം അദാനി ബിസിനസ് രംഗത്ത് വൻ കുതിപ്പു നടത്തിയതെന്ന വാർത്തകൾ കുറച്ചുകാലമായി തന്നെ നിലനിൽക്കുന്നുണ്ട്. അതിവേഗം അനുദിനം തന്റെ വ്യവസായ സാമ്രാജ്യം വികസിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധ പുലർത്തുന്ന ശതകോടീശ്വരനാണ് ഗൗതം അദാനി. ഇപ്പോൾ അദ്ദേഹം അമ്പരപ്പിക്കുന്ന പുതിയ നീക്കവുമായി രംഗത്തെത്തി.

ജൂലൈ അവസാനം നടക്കാൻ പോകുന്ന 5-ജി ടെലികോം സേവനത്തിനായുള്ള ലേലത്തിൽ അദാനി ഗ്രൂപ്പ് പങ്കെടുത്തേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഈ രംഗത്തെ അഗ്രഗണ്യന്മാരായ മുകേഷ് അംബാനിയുമായി നേരിട്ടു ഏറ്റുമുട്ടലിനാണ് വഴിയൊരുങ്ങുന്നത്. രാജ്യത്തെ മുൻനിര വ്യവസായികളായ അദാനി ഗ്രൂപ്പ് ടെലികോം രംഗത്തേക്കു കടക്കുന്നതായി റിപ്പോർട്ടുകൾ. ഈ മാസം അവസാനം നടക്കുന്ന 5ജി സ്പെക്ട്രം ലേലത്തിൽ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പങ്കെടുക്കുമെന്നാണ് സൂചന. ഇതോടെ അദാനി ഗ്രൂപ്പ് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയുമായും സുനിൽ ഭാരതി മിത്തലിന്റെ എയർടെല്ലുമായും നേരിട്ടുള്ള മത്സരത്തിനു കളമൊരുങ്ങും.

ഈ മാസം ഇരുപത്തിയാറിനു നടക്കുന്ന സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ നൽകുന്നതിനുള്ള സമയം ഇന്നലെ അവസാനിച്ചു. നാലു കമ്പനികൾ ലേലത്തിൽ പങ്കെടുക്കാൻ അപേക്ഷിച്ചതായാണ് സൂചനകൾ. ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികൾ അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നാലാമത്തെ കമ്പനി അദാനി ഗ്രൂപ്പ് ആണെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

അദാനി ഗ്രൂപ്പിന് അടുത്തിടെ നാഷനൽ ലോങ് ഡിസ്റ്റൻസ് (എൻഎൽഡി), ഇന്റർനാഷനൽ ലോങ് ഡിസ്റ്റൻസ് (ഐഎൽഡി) ലൈസൻസുകൾ ലഭിച്ചിരുന്നു. എന്നാൽ സ്പെക്ടം ലേലത്തിൽ പങ്കെടുക്കുന്നതായി അദാനി ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടില്ല. ലേലത്തിൽ പങ്കെടുക്കുന്നത് ആരൊക്കെയെന്ന വിവരങ്ങൾ ജുലൈ 12ന് ടെലികോം വകുപ്പ് പുറത്തുവിടും.

അദാനി ഗ്രൂപ്പ് ടെലികോം ബിസിനസിലേക്കു ചുവടുവയ്ക്കുന്ന പക്ഷം അംബാനിയുമായി നേരിട്ടുള്ള മത്സരത്തിനായിരിക്കും തുടക്കമിടുക. ഗുജറാത്തിൽനിന്നുള്ള ഈ ബിസിനസ് ഭീമന്മാർ നിലവിൽ ഒരു രംഗത്തും നേരിട്ട് ഏറ്റുമുട്ടുന്നില്ല. എണ്ണ, പെട്രോകെമിക്കൽ മുതൽ ടെലികോം, റീട്ടെയ്ൽ വരെ നീളുന്നതാണ് അംബാനി സാമ്രാജ്യം. അദാനിയാവട്ടെ, തുറമുഖങ്ങൾ, കൽക്കരി, ഊർജ വിതരണം, ഏവിയേഷൻ എന്നിവയിലാണ് ശ്രദ്ധ ഊന്നുന്നത്.

അദാനി അടുത്തിടെയാണ് പെട്രോകെമിക്കൽ ബിസിനസ് മേഖലയിൽ ഉപകമ്പനി രൂപീകരിച്ചത്. ക്രൂഡ്ഓയിലുമായി ബന്ധപ്പെട്ട സംരംഭങ്ങളിലൂടെയാണ് മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനി റിലയൻസ് സാമ്രാജ്യത്തിന് അടിത്തറ കെട്ടിയത്. സമാനമായി അദാനി മുന്നേറിക്കഴിഞ്ഞ ഊർജ മേഖലയിൽ ശതകോടികളുടെ പുത്തൻ സംരംഭങ്ങൾ അംബാനിയും കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ജൂലൈ 26-ന് നടക്കുന്ന ടെലികോം ലേലത്തിൽ അദാനി പങ്കെടുക്കുന്നുണ്ടെങ്കിൽ അംബാനിയോട് നേരിട്ട് മത്സരിക്കുന്ന ആദ്യ വേദിയായി അത് മാറും.

ടെലികോം മന്ത്രാലയം ആയിരിക്കും ലേലം സംഘടിപ്പിക്കുക. പല ഘട്ടങ്ങളിലായി ഇ-ലേലം ആയിരിക്കും നടത്തുക. നേരത്തെ നിശ്ചയിച്ച അടിസ്ഥാന വിലയിൽ നിന്നും 39 ശതമാനം ഇളവ് നൽകിയിട്ടുണ്ട്. ടെലികോം സേവന നിയന്ത്രണ ഏജൻസിയായ ട്രായിയുടെ ശുപാർശ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതിനെ തുടർന്നാണിത്. അതേസമയം 600 മെഗാഹെട്‌സ്, 700 മെഗാഹെട്‌സ്, 800 മെഗാഹെട്‌സ്, 900 മെഗാഹെട്‌സ്, 1,800 മെഗാഹെട്‌സ്, 2,100 മെഗാഹെട്‌സ്, 2,300 മെഗാഹെട്‌സ്, 3,300 മെഗാഹെട്‌സ് 26 ഗിഗാഹെട്‌സ് ബാൻഡ് തുടങ്ങിയ ഫ്രീക്വൻസികളിൽ ആയിരിക്കും ലേലം നടക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP