Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

വാക്കിന് പകരം തോക്കുചൂണ്ടുന്നവരുടെ കാലത്ത് സ്വപ്‌നാടനം പോലെ ജീവിതം! ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ അവസ്ഥയുടെ ചൂട് പേറി ദീപൻ ശിവരാമന്റെ നാടകം ദി കാബിനറ്റ് ഓഫ് ഡോ.കാലിഗരി വീണ്ടും അരങ്ങത്ത്; നാൽപതിലധികം വേദികൾ കണ്ട നാടകത്തിൽ മുഖ്യവേഷത്തിൽ പ്രകാശ് ബാരെ; ഫെബ്രുവരി 8 മുതൽ മൂന്നുനാൾ കൊച്ചിയിലും ആറുഷോകൾ

വാക്കിന് പകരം തോക്കുചൂണ്ടുന്നവരുടെ കാലത്ത് സ്വപ്‌നാടനം പോലെ ജീവിതം! ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ അവസ്ഥയുടെ ചൂട് പേറി ദീപൻ ശിവരാമന്റെ നാടകം ദി കാബിനറ്റ് ഓഫ് ഡോ.കാലിഗരി വീണ്ടും അരങ്ങത്ത്; നാൽപതിലധികം വേദികൾ കണ്ട നാടകത്തിൽ മുഖ്യവേഷത്തിൽ പ്രകാശ് ബാരെ; ഫെബ്രുവരി 8 മുതൽ മൂന്നുനാൾ കൊച്ചിയിലും ആറുഷോകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പുരോഗമനവാദം പറഞ്ഞതിന്, അന്ധവിശ്വാസത്തിനും, അനാചാരത്തിനും എതിരെ ശബ്ദം ഉയർത്തിയതിന് ഒരേ തോക്ക് ഉപയോഗിച്ച് മൗലികവാദികൾ നിശ്ശബ്ദരാക്കിയത് മൂന്നുപേരെയാണ്.വാക്കിന് പകരം ചൂണ്ടിയ തോക്കിന് ഇരയായത് ഗൗരി ലങ്കേഷും, എം.എം.കൽബുർഗിയും, ഗോവിന്ദ് പൻസാരെയും. ചോദ്യം ചെയ്യുന്നവരെ വകവരുത്തുകയോ മാനസികമായി തകർക്കുകയോ ചെയ്യുന്ന ഫാസിസ്റ്റ് രീതിയാണിത്. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ തെളിഞ്ഞുനിൽക്കുന്ന പ്രവണതയെ ദൃശ്യവൽകരിക്കുകയാണ് ദീപൻ ശിവരാമൻ തന്റെ പുതിയ നാടകത്തിലൂടെ. ദി കാബിനറ്റ് ഓഫ് ഡോ.കാലിഗരി. അമേച്വർ നാടകരംഗത്ത് പുതുചരിത്രം കുറിച്ച ഖസാക്കിന്റെ ഇതിഹാസം നാടകത്തിന് ശേഷം പുതിയ സർഗാത്മക പരീക്ഷണം. തൃശൂർ സംഗീത നാടക അക്കാദമിയിലായിരുന്നു നാടകത്തിന്റെ കന്നി പ്രദർശനം. എറണാകുളം മഹാരാജാസ് കോളേജിലെ സെന്റിനറി ഓഡിറ്റോറിയത്തിൽ വീണ്ടും അരങ്ങേറുകയാണ് ദി കാബിനറ്റ് ഓഫ് ഡോ.കാലിഗരി. ഫെബ്രുവരി 8, 9, 10 തിയതികളിൽ വൈകുന്നേരം 6.30നും 8.30നുമായി നാടകത്തിന്റെ ആറ് ഷോകളാണ് അരങ്ങേറുക.

കാബിനറ്റ് ഓഫ് കാലിഗരി

റോബർട്ട് വെയിൻ സംവിധാനം ചെയ്ത വിഖ്യാത ജർമൻ ചലച്ചിത്രം കാബിനറ്റ് ഓഫ് കാലിഗരിയുടെ രംഗഭാഷയാണ് നാടകം. 1920ൽ പുറത്തിറങ്ങിയ കാബിനറ്റ് ഓഫ് കാലിഗരി എന്ന ചിത്രം ജർമനിയിലെ ഫാസിസത്തെ തുറന്നു കാട്ടുന്നതായിരുന്നു. നിശബ്ദ, ഹൊറർ ചിത്രം ലോകസിനിമാചരിത്രത്തിലെ ഒരു നാഴികക്കല്ലും ചലച്ചിത്രപ്രവർത്തകർക്ക് എന്നും ഒരു പാഠപുസ്തകവുമാണ്. ഹിറ്റ്ലറുടെ ഉയർച്ചയെ ഏകദേശം ഒരു ദശകം മുൻപുതന്നെ വളരെ ശക്തമായി പ്രവചിച്ച ഒരു കലാസൃഷ്ടിയും കൂടിയാണ്

ചോദ്യം ചെയ്യുന്നവരെ മനോരോഗികളാക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ഫാസിസ്റ്റ് രീതിയെപറ്റിയാണ് സിനിമയും ഒപ്പം നാടകവും പറയുന്നത്. ഒരു സ്വപ്നാടകനെ ഉപയോഗിച്ചു മന:ശാസ്ത്രജ്ഞൻ നടത്തുന്ന കൊലപാതകങ്ങളിലൂടെയാണ് നാടകം കടന്ന് പോകുന്നത്. ഇന്ത്യയുടെ സമാകാലിക അവസ്ഥ കൂട്ടിച്ചേർത്താണ് ദീപൻ ശിവരാമൻ നാടകം ഒരുക്കിയിരിക്കുന്നത്. ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽ ദൃശ്യഭാഷയ്ക്ക് പ്രാധാന്യം നൽകിയാണ് ആവിഷ്‌കരണം. പ്രകാശ് ബാരെയാണ് പ്രധാന വേഷത്തിലെത്തുന്നത്. ഡൽഹി, ബംഗലൂരൂ എന്നിവിടങ്ങളിലെ നാടക പ്രവർത്തകരും അണിയറയിലുണ്ട്. സംവിധായകൻ ദീപനും, ഡ്രാമറ്റർജ് പുരവ് ഗോസ്വാമിയും രണ്ട് പ്രധാന വേഷങ്ങൾ ചെയ്യുന്നു.

ബെംഗളൂരുവിലെ ബ്ലൂ ഓഷ്യൻ തിയറ്ററും, നെകാബും, ഡൽഹി ആസ്ഥാനമായ പെർഫോമൻസ് ആർട് കളക്ടീവും സംയുക്തമായി അവതരിപ്പിക്കുന്ന ദി ക്യാബിനറ്റ് ഓഫ് ഡോ.കാലിഗരി ഇതിനകം ബെംഗളൂരു, ഡൽഹി, ജയ്പൂർ, ചൈന തുടങ്ങിയ ഇടങ്ങളിലായി 40ൽ പരം പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ഇറ്റ്‌ഫോക്, ഭാരത് രംഗ് മഹോത്സാവ്, മെറ്റാ, വുഷേൻ തുടങ്ങിയ അന്താരാഷ്ട്ര നാടകോത്സവങ്ങളിൽ ഈ നാടകം വലിയ പ്രേക്ഷകപ്രശംസയാണ് നേടിയത്. ദി ക്യാബിനറ്റ് ഓഫ് ഡോ.കാലിഗരിയുടെ കൊച്ചിയിലെ ഷോയ്ക്ക് ബുക്ക് മൈ ഷോയിൽ ടിക്കറ്റുകൾ ലഭ്യമാണ്.

ഖസാഖിന്റെ ഇതിഹാസം

ഒ.വി. വിജയന്റെ പ്രശസ്ത നോവൽ ഖസാക്കിന്റെ ഇതിഹാസത്തിനെ ആസ്പദമാക്കിയാണ് ദീപൻ ശിവരാമനാണ് നാടകം അരങ്ങിലെത്തിച്ചത്. രവിയും, അപ്പുക്കിളിയും, അള്ളാപ്പിച്ച മൊല്ലാക്കയും, മൈമുനയുമൊക്കെ വേദിയിൽ നിറഞ്ഞു നിന്നു.

ഇൻസ്റ്റലേഷനും, പാവനാടകസങ്കേതവും, വീഡിയോ ദൃശങ്ങളുമൊക്കെ അതിവിദഗ്ധമായി നാടകത്തിൽ സന്നിവേഷിപ്പിച്ചിട്ടുണ്ട്. തൃക്കരിപ്പൂർ കെ.എം.കെ കലാസമിതിയാണ് ഖസാക്കിന്റെ ഇതിഹാസം അരങ്ങിലെത്തിച്ചത്. മൂന്നര മണിക്കൂർ ദൈർഘ്യമുള്ള നാടകം ഖസാക്കിന്റെ പുനർവായനയും കൂടിയാണ്. രവി മാത്രമല്ല ഖസാക്ക് എന്നാണ് ദീപൻ ശിവരാമൻ പറയുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP