Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പി എം സാദിഖലി - രാഷ്ട്രീയക്കാർക്കിടയിലെ കലാപ്രേമി: ചിത്രകലയെ സ്‌നേഹിക്കുന്ന യൂത്ത് ലീഗ് അധ്യക്ഷനെ അറിയുക

പി എം സാദിഖലി - രാഷ്ട്രീയക്കാർക്കിടയിലെ കലാപ്രേമി: ചിത്രകലയെ സ്‌നേഹിക്കുന്ന യൂത്ത് ലീഗ് അധ്യക്ഷനെ അറിയുക

കുട്ടിക്കാലത്തേക്ക് കൈപിടിച്ചു നടത്തുന്ന നല്ല ഓർമകളെ ചിലപ്പോഴൊക്കെ എത്ര ശ്രമിച്ചാലും മനസ്സിൽ നിന്ന് പുകച്ചുചാടിക്കാനാകില്ല. ഹൃദയത്തിനുള്ളിൽ മായാത്ത കുറെ ചിത്രങ്ങളായി അവ ചുരുണ്ടു കിടക്കും. അക്ഷരങ്ങളിലൂടെ ആ ഓർമകളെ വാരിപ്പുണരുന്ന ചിലരുണ്ട്. അവയിൽ ചിലത് ലോക സാഹത്യങ്ങളാകും. മറ്റു ചിലത് ചരിത്രത്തിൽ കൊത്തിവെക്കപ്പെട്ട ജീവചരിത്രങ്ങളാകും. മനസ്സിനുള്ളിൽ നിന്ന് ഇറങ്ങിപ്പോകാത്ത കുട്ടിക്കാലത്തെ നൊസ്റ്റാൾജിയ കലർന്ന ചില ഓർമകളെ വർണങ്ങൾ കൊണ്ട് തിരിച്ചുപിടിക്കാൻ ഇടക്കൊക്കെ തിരക്കു പിടിച്ച രാഷ്ട്രീയ ജീവിതത്തിനിടയിൽ സമയം കണ്ടെത്തുന്ന ആളാണ് പി എം സ്വാദിഖലി എന്ന യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റ്.

നാട്ടികക്കാരനായ പിഎം സാദിഖലി എന്ന രാഷ്ട്രീയക്കാരൻ എല്ലാവർക്കും സുപരിചതനാണ്. പക്ഷേ സാദിഖ് എന്ന ചിത്രകാരനെ കുറിച്ച് പലർക്കും പരിചയമുണ്ടാവില്ല. കുട്ടിക്കാലത്ത് നിരവധി സമ്മാനങ്ങളും അഭിനന്ദനങ്ങളും നേടിത്തന്ന ചിത്രകലയെ രാഷ്ട്രീയത്തിരക്കുകൾക്കിടയിൽ പലപ്പോഴും മടക്കി വെക്കേണ്ടി വന്നു. എന്നാലും ഇടയ്ക്ക് ഒഴിവുണ്ടാകുമ്പോൾ കാൻവാസിൽ വർണങ്ങൾ വിതറി കുട്ടിക്കാലത്തെയും ജീവിതാനുഭവങ്ങളെയും തിരിച്ചുപിടിക്കുകയാണ് അദ്ദേഹം. ചുരുങ്ങിയ കാലംകൊണ്ട് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച് യൂത്ത് ലീഗിനെ ജന ഹൃദയങ്ങളിലെത്തിച്ച അദ്ദേഹം, അധികമാരും അറിയപ്പെടാത്ത തന്റെ വരയുടെ ലോകത്തെ കുറിച്ച്, താൻ പ്രണയിച്ച വർണക്കൂട്ടുകളെ കുറിച്ച് തുറന്നുപറയുകയാണ്.....

നാട്ടിക മാപ്പിള സ്‌കൂളിൽ പഠിക്കുമ്പോൾ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് സത്താറിന്റെ വരകൾ കണ്ടിട്ടാണ് വരയോടുള്ള താൽപര്യം കൂടിയത്. ദിനേന വ്യത്യസ്തമായ ചിത്രങ്ങൾ വരച്ചുകൊണ്ടിരിക്കുന്ന പ്രകൃതമായിരുന്നു സത്താറിന്റേത്. പല സമയത്തും ഞാനത് ശ്രദ്ധയോടെ നോക്കിയിരിക്കും. മികച്ച ചിത്രങ്ങൾ കാണുമ്പോൾ കൂട്ടുകാർക്കിടയിൽ കാണിച്ച് അവനെ അഭിനന്ദിക്കാനും മടിക്കാറില്ല. സത്താറിന്റെ ചിത്ര രചന കണ്ട് ഞാനും വര തുടങ്ങി. ആദ്യമൊക്കെ കുറച്ച് പ്രയാസമുണ്ടായിരുന്നെങ്കിലും പിന്നീട് കുറച്ചുസമയം കൊണ്ടുതന്നെ പല ചിത്രങ്ങളും വരച്ചു തീർക്കാൻ സാധിച്ചു. പിന്നെ പിന്നെ വരയോടും വർണങ്ങളോടും പ്രണയം കൂടിക്കൂടിവരികയായിരുന്നു.

ആദ്യത്തെ മികച്ച ചിത്രം

ന്റെ വീടിനടുത്തു തന്നെയാണ് കാവിൽ മൂസക്കാക്ക. എല്ലാദിവസവും മീനും തുലാസുമായി കാവിൽ വന്നിരിക്കും. എല്ലാവരും അത് വാങ്ങാൻ വേണ്ടി കാവിലേക്ക് എത്തുകയാണ് പതിവ്. അത് ജീവിതത്തിൽ നിന്ന് മറക്കാൻ കഴിയാത്ത ഒരു ചിത്രമാണ്. ഓർത്തെടുക്കാൻ രസമുള്ള നല്ല അനുഭവം. പലപ്പോഴും ഇക്കയുടെ നിൽപ്പും ഇരുപ്പുമൊക്കെ നോക്കി ഞാൻ ചിത്രം വരച്ചു നോക്കും. അങ്ങനെ ഒരാഴ്ച നീണ്ട നിരീക്ഷണത്തിനൊടുവിൽ ഇക്ക മീൻ കൊണ്ടുവന്ന് ത്രാസും തൂക്കി നിൽക്കുന്നതിന്റെയും നാട്ടുകാർ വരിനിന്ന് മീൻ വാങ്ങുന്നതിന്റെയും ഒരു മികച്ച ഒരു ചിത്രം ഒപ്പിച്ചെടുത്തു. ഇക്കക്ക് തന്നെയാണ് ആദ്യം ആ ചിത്രം കാണിച്ചുകൊടുത്തതും. മീൻ മണക്കുന്ന പരുക്കൻ കൈകൊണ്ട് പുറത്തുതട്ടി ഇക്ക പറഞ്ഞു, ഇനി എന്നേക്കാൾ നല്ല ചിത്രം വരയ്ക്കണം ട്ടോ എന്ന്.. നാട്ടിലെ പലരും ആ ചിത്രം കണ്ട് അഭിനന്ദിച്ചു. വര നാട്ടുകാർക്കും ഇഷ്ട്‌പ്പെടുന്നുണ്ടെന്ന് മനസിലായതോടെ വരയെ കൂടുതൽ സ്‌നേഹിക്കാൻ തുടങ്ങി.

നാട്ടിലെ ബാങ്ക് ഉദ്യോഗസ്ഥനായ ഉശസ് രവിയാണ് ചിത്ര രചനയിൽ ഏറെ താൽപര്യം തോന്നിയ ഒരു വ്യക്തി. എംഎസ്എഫിൽ പ്രവർത്തിക്കുന്ന സമയത്ത് നാമ്പ് സുവനീറിന് വേണ്ടി വരച്ച ചിത്രം കണ്ടാണ് സ്‌ക്രീൻ പ്രിന്റിംഗിന്റെ രീതി മനസിലാക്കിയത്. ഉശസ് രവി ഇതിനായി നല്ല പ്രോത്സാഹനവും നൽകി. പിന്നീട് എംഎസ്എഫിന്റെ ജില്ലാ സെക്രട്ടറിയായിരിക്കുന്ന സമയത്ത് ഫാസിസത്തിനെതിരെ ചിന്തയും ശക്തിയും എന്ന പ്രമേയത്തിലുള്ള തന്റെ സ്‌ക്രീൻ പ്രന്റിങ് ഏറെ ശ്രദ്ധ നേടി. പല പ്രമുഖ നേതാക്കളും അന്ന് അഭിനന്ദനമറിയിച്ചിരുന്നു.

പിന്നീട് കൂടുതൽ ശ്രദ്ധ ഓയിൽ പെയിന്റിംഗിലായിരുന്നു. ഒഎൻവി കുറുപ്പിന്റെ ശാർങ്ങക പക്ഷികൾ കവിതയുടെ കവർ പേജ് കണ്ട് ആ ചിത്രമൊന്ന് വരച്ചു നോക്കി. മൂന്ന് പക്ഷികൾ നിൽക്കുന്ന ആ പെയിന്റിങ് ഫേസ്ബക്കിലിട്ടിരുന്നു. അതുകണ്ട് പലരും അഭിനന്ദനമറിയിക്കാൻ വിളിച്ചിരുന്നു.

നളിനി ടീച്ചറുടെ അഭിനന്ദനം

Displaying onv kuruppinte shargaka pakshikal cover page nokki varachath.JPGപൊതുവെ സ്‌കൂളിലും കോളജിലുമൊക്കെ പഠിക്കുമ്പോൾ രാഷ്ട്രീയപ്രവർത്തനവുമായി നടക്കുന്നവർ അത്ര പഠിപ്പിസ്റ്റൊന്നും ആവില്ല. അത്ര മോശമല്ലാത്ത പഠിപ്പുണ്ടെങ്കിലും സകൂളിലെ ഹെഡ് ടീച്ചർ നളിനി ടീച്ചർക്ക് എന്നെ നല്ല ഇഷ്ടായിരുന്നു. തന്റെ ചിത്ര രചനയിലുള്ള കഴിവ് വളർത്താൻ നളിനി ടീച്ചർ കൂടുതൽ പ്രത്സാഹനം നൽകിയിരുന്നു. രാഷ്ട്രീയപ്രവർത്തനം സ്‌കൂളുകളിൽ സജീവമായ കാലമാണ്. മിക്ക ക്ലാസുകളിലും എംഎസ്എഫിന് വേണ്ടി പ്രസംഗിക്കാൻ പോകും. ടീച്ചർ തന്റെ പ്രസംഗം പലപ്പോഴും ശ്രദ്ധിച്ചിരുന്നു. മിക്ക ടീച്ചർമാർക്കും സ്‌കൂൾ പഠന കാലത്ത് രാഷ്ട്രീക്കാരോട് അൽപം ദേഷ്യം പുറമെ കാണിക്കുമെങ്കിലും പലരുടേയും ഉള്ളിൽ വലിയ സ്‌നേഹമായിരിക്കും.

സ്‌കൂളിലെ ത്‌ന്നെ മറ്റൊരു അദ്ധ്യാപകനായ വാസുദേവൻ മാഷാണ് എന്നിലെ ചിത്രകാരനെ വെളിച്ചത്തിലെത്തിച്ച മറ്റൊരും വ്യക്തി. വരച്ച ചിത്രത്തിൽ ഇനി എന്തൊക്കെ ചെയ്താൽ കൂടുതൽ ഭംഗിയാക്കാം എന്നതാണ് മാഷ് പറഞ്ഞുതരാറുള്ളത്. അങ്ങനെ മാഷിന്റെ നിർദ്ദേശങ്ങൾ കേട്ട് ഹൈസ്‌കൂൾ തലത്തിൽ ചിത്ര രചനാ മത്സരത്തിൽ പങ്കെടുത്തു. രണ്ടു വർഷവും സമ്മാനവും കരസ്ഥമാക്കി. നളിനി ടീച്ചർ സ്‌കൂളിൽ നിന്നും വിരമിക്കുന്ന സമയത്ത് അസംബ്ലിയിൽ വച്ച് സ്‌കൂളിലെ ഏറ്റവും നല്ല കുട്ടിക്കുള്ള സമ്മാനവും ഏറ്റുവാങ്ങി. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത മുഹൂർത്തമായിരുന്നു അത്.

മുനീർ സാഹിബുമൊത്തുള്ള ചിത്ര വിശേഷം

എംഎസ്എഫിൽ പ്രവർത്തിക്കുന്ന സമയത്താണ് മുനീർ സാഹിബിനെ(മന്ത്രി.എംകെ മുനീർ)നെ അടുത്തറിയുന്നത്. മികച്ച ഒരു കലാകാരനാണ് അദ്ദേഹം. പാട്ട്,അഭിനയം, ചിത്ര രചന എന്നിവയിലെല്ലാം നല്ല കഴിവുള്ള വ്യക്തി. ഒരിക്കൽ ഞാൻ വരച്ച പെൻസിൽ ഡ്രോയിങ് കണ്ട് മുനീർ സാഹിബ് വിളിച്ച് അഭിനന്ദിച്ചു. പിന്നീട് മുനീർ സാഹിനെ കാണുമ്പോഴെല്ലാം സംസാരം ചിത്ര കലയെ കുറിച്ചാവും. നമുക്ക് ഒരു ചിത്ര പ്രദർശനം നടത്തണമെന്ന് മുനീർ സാഹിബ് പലപ്പോഴും പറയുമായിരുന്നു. പക്ഷേ തിരക്കുകൾ കാരണം അത് നടക്കാതെ പോയി. എന്തായാലും അടുത്തുതന്നെ ചിത്ര പ്രദർശനം നടത്തണമെന്നാണ് ആഗ്രഹം.
Displaying pm sadiq5.JPG
അരിക്കിരി പൂരം

ങ്ങളുടെ നാട്ടിലെ പ്രമുഖ ഉത്സവമാണ് അരിക്കിരിപൂരം. എന്റെ വീടിനടുത്തൂടെയാണ് അമ്പലത്തിലേക്ക് ആനകൾ പോകുക. പാടത്തിലൂടെ ആനകൾ വരിയായി പോകുന്നത് കാണാൻ തന്നെ വലിയ രസമാണ്. കുട്ടിക്കാലത്തിന്റെ മരിക്കാത്ത ചില ഓർമകളിൽ ആ ആനകളുടെ ചിത്രമുണ്ട്. പൂരത്തിന്റെ തലേന്നാൾ പെങ്ങൾ നേരത്തെ തന്നെ എണീപ്പിക്കും. പിന്നെ അന്ന് മുഴുക്കെ പൂരത്തിന് വരുന്ന ആനകളെ നോക്കിയിരിക്കലാണ് പണി. ചെറിയൊരു പുസ്തകമെടുത്ത് ആ ദൃശ്യങ്ങളൊക്കെ വരയാൻ ശ്രമിക്കും. അങ്ങനെ വരഞ്ഞ എത്രയോ പേജുകൾ ചിത്രം നന്നായിട്ടില്ലെന്ന് വിചാരിച്ച് കീറികളഞ്ഞിട്ടുണ്ട്. എന്നാലും വര നിർത്തിയില്ല.

ആനകൾ പാടങ്ങളിലൂടെ നടന്നുപോകുന്നത് കാണാൻ തന്നെ നല്ല ഭംഗിയാണ്. പാപ്പാന്റെ പിന്നാലെ ഞങ്ങളും നടന്ന് നീങ്ങും. കൊയ്ത്തുകഴിഞ്ഞ കാലത്തായിരിക്കും പൂരം ഉണ്ടാകുക. ആ സമയത്ത് ദൂരെ നിന്നു നോക്കുമ്പോൾ പാടങ്ങൾ സ്വർണനിറത്തിൽ കിടക്കുന്നത് കാണാം. ആ ഒരു ദൃശ്യത്തെ ഞാൻ മനോഹരമായി വരച്ചു. എന്നിട്ട് നാട്ടിലെ ചേട്ടന്മാർക്കും, ഇക്കാക്കമാർക്കുമെല്ലാം കാണിച്ചുകൊടുത്തു. അവരെല്ലാം നിറഞ്ഞ പ്രത്സാഹനവും നൽകി. ഇനിയും വരയ്ക്കണം...നല്ലൊരു ചിത്രകാരനാവണമെന്നും പറഞ്ഞു അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും അവർ മറന്നില്ല.
Displaying arikkiri pooram.JPG
പക്ഷേ, കാലം പിഎം സാദിഖലിയെ അറിയപ്പെട്ട ചിത്രകാരനാക്കിയില്ല. രാഷ്ട്രീയത്തിലിറങ്ങാനായിരുന്നു വിധി. എന്നാലും വരയോടുള്ള ഉള്ളിലെ പ്രണയത്തിന് ഒരു കുറവും വന്നിട്ടില്ല. തന്റെ വരകൾ പ്രദർശനങ്ങൾക്ക് വച്ചില്ലെങ്കിലും വലിയ ആനന്ദം നൽകുന്നുണ്ട്. തിരക്കുപിടിച്ച വേദികളിൽ വരെ ചുമ്മാ വരച്ചു കൊണ്ടിരിക്കാറുണ്ടെന്നും ചെറു പുഞ്ചിരിയോടെ അദ്ദേഹം സമ്മതിക്കുന്നു.

'അരിക്കിരി പൂരത്തെ കുറിച്ച് വരഞ്ഞ ചിത്രം ഫേസ് ബൂക്ക് പേജിൽ പ്രസിദ്ധീകരിച്ചിരുന്നു. അതോടൊപ്പം അദ്ദേഹം ഇത് കൂടി എഴുതി ചേർത്തു...
ഇന്ന് ജനുവരി 30, അരിക്കിരി പൂരം ഉറഞ്ഞുതുള്ളുന്ന ദിവസം. പക്ഷേ കുട്ടിക്കാലത്തെ പഴയ ആ പാടങ്ങളില്ല. വീടുകൾ ആ പാടങ്ങളെ അപഹരിച്ചെടുത്തിരിക്കുന്നു..ആനകൾ പണ്ടത്തെ പോലെ വരുന്നുണ്ട്...പോകുന്നുണ്ട്...പക്ഷേ അവയുടെ പിന്നാലെ ആർത്തുല്ലസിച്ച് നടക്കുന്ന പഴയ കുട്ടികൾ അപ്രത്യക്ഷരായിരിക്കുന്നു..വീട്ടുമുറ്റത്ത് നടക്കുന്ന പൂരത്തിന്റെ ദൃശ്യങ്ങൾ ലൈവായി ടി വിക്ക് മുമ്പിൽ ചമ്രം പടിഞ്ഞിരുന്ന തിരക്കിലാണ് അവരെല്ലാവരും.'......

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP