Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടികാലത്ത് ആരംഭിച്ച സംഗീതസപര്യ; ദേവരാജൻ മാസ്റ്ററുടെ അരുമ ശിഷ്യനായത് വഴിത്തിരിവായി; ബാങ്ക് മാനേജരായി ജോലി നോക്കുമ്പോഴും സംഗീതം ഉപേക്ഷിക്കാതെ മുറുകെ പിടിക്കുന്ന ആത്മാർപ്പണം; പട്ടം സനിത്തിന് സംഗീതമേ ജീവിതം

കുട്ടികാലത്ത് ആരംഭിച്ച സംഗീതസപര്യ; ദേവരാജൻ മാസ്റ്ററുടെ അരുമ ശിഷ്യനായത് വഴിത്തിരിവായി; ബാങ്ക് മാനേജരായി ജോലി നോക്കുമ്പോഴും സംഗീതം ഉപേക്ഷിക്കാതെ മുറുകെ പിടിക്കുന്ന ആത്മാർപ്പണം; പട്ടം സനിത്തിന് സംഗീതമേ ജീവിതം

സ്വന്തം ലേഖകൻ

ട്ടം സനിത്തിന്റെ പ്രൊഫഷൻ ബാങ്കിങ് ആണെങ്കിലും അദ്ദേഹത്തിന്റെ മനസ് സംഗീതത്തിലാണ്. താളരാഗലയങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതം എന്നുവേണമെങ്കിൽ പറയാം. അല്ലെങ്കിലും സംഗീത ചക്രവർത്തി ജി.ദേവരാജൻ മാസ്റ്ററുടെ പ്രിയശിഷ്യന് അങ്ങനെ ആകാതിരിക്കാൻ തരമില്ലല്ലോ.

ലൗ ലാൻഡ്, ഏഴുവർണങ്ങൾ എന്നീ ചിത്രങ്ങളിലൂടെ ആസ്വാദകരുടെ മനസ്സിൽ നിറവസന്തം തീർത്ത ഗായകനാണ് പട്ടം സനിത്ത്. ലൗ ലാൻഡിലെ 'മനസ്സിന്റെയുള്ളിൽ നിന്ന്...' എന്നു തുടങ്ങുന്ന ഗാനം അമ്മയെ സ്നേഹിക്കുന്ന ഒരാൾക്കും മറക്കാനാകില്ല. തുടർന്ന് ഏഴു വർണ്ണങ്ങൾ, ലൗസ്റ്റോറി എന്നീ ചിത്രങ്ങളിലും പാടി. ലളിതഗാനങ്ങളും ദേശഭക്തി ഗാനങ്ങളും പാടുന്നതിന് അവസരമുണ്ടായി. ഇന്ത്യയിലും വിദേശത്തുമായി 1000ലേറെ സ്റ്റേജുകളിൽ പ്രശസ്തരായ ഗായകർക്കൊപ്പം പാടിയിട്ടുള്ള അദ്ദേഹം 20 വർഷമായി ഒരു പ്രമുഖ ബാങ്കിലെ മാനേജർ കൂടിയാണ്. ഒ.എൻ.വി കുറുപ്പിന്റെ രചനയിൽ ദേവരാജൻ മാസ്റ്റർ സംഗീതം നൽകി തരംഗിണി പുറത്തിറക്കിയ നിരവധി ആൽബങ്ങളിലും സനിത്തിനിന്റെ ശബ്ദമാധുര്യം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം പട്ടം സ്വദേശിയായ സനിത് പ്രസിദ്ധ സംഗീത തറവാടായ ഇടവാങ്കോട് കുടുംബാംഗമാണ്. അമ്മയും അച്ഛനും ഗായകരായിരുന്നു. മാതാപിതാക്കളുടെ പ്രോത്സാഹനവും സനിതിന് സംഗീതത്തോട് അടുക്കാൻ ഊർജം നൽകി.

സംഗീതത്തിന്റെ ലോകത്തേയ്ക്ക്

മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴേ സംഗീതത്തിൽ അഭിരുചിയുണ്ടായിരുന്നു. സ്‌കൂൾ തലത്തിൽ നടന്ന മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും വാരിക്കൂട്ടി. സ്‌കൂൾ തലത്തിൽ അക്കാഡമിക് കൗൺസിൽ ആദ്യമായി മത്സരം തുടങ്ങുമ്പോൾ സനിത് പങ്കെടുത്തു. ബാലകലോത്സവങ്ങളിൽ സമ്മാനങ്ങളും നേടിയിരുന്നു. 1989ൽ പാലക്കാട് മലമ്പുഴയിൽ വച്ച് നടന്ന സംസ്ഥാന യുവജനോത്സവത്തിൽ ഒഎൻവി കുറുപ്പ് രചിച്ച, ജി.ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ ഗാനത്തിന് ഒന്നാം സമ്മാനവും ലഭിച്ചു. വളരെ ചുരുങ്ങിയ കാലയളവ് മാത്രമേ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ളു. ആദ്യകാലത്ത് തന്നെ സിനിമയിൽ പിന്നണി പാടണമെന്ന് സനിത് ആഗ്രഹിച്ചിരുന്നെങ്കിലും അത് നടക്കാതെ പോയി. സ്ഥിരമായി ഒരു തൊഴിൽ കണ്ടെത്താതെ വെറുതെ പാടാൻ അവസരം തേടി നടക്കുന്നതിൽ കാര്യമില്ലെന്ന അമ്മയുടെ ഉപദേശം ഒരു ജോലി കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് കാരണമായി. അങ്ങനെയാണ് സനിത് ബാങ്ക് ഉദ്യോഗത്തിലേക്ക് കടക്കുന്നത്. ജോലിക്കൊപ്പവും സംഗീതത്തെയും സനിത് ഒപ്പം കൂട്ടി.

മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി ഒരു വേദിയിൽ ഗാനം ആലപിച്ചത്. അന്ന് ലഭിച്ച അഭിനന്ദനവും കയ്യടികളും ഇന്നലെയെന്ന പോലെ സനിതിന്റെ മനസിലുണ്ട്. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ആവശ്യപ്രകാരമാണ് സനിത് ആദ്യമായി ഒരു വേദിയിൽ പാടുന്നത്. സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലെ 'തേടിവരും കണ്ണുകളിൽ' എന്ന ഗാനമായിരുന്നു ആലപിച്ചത്.

സംഗീതത്തിലേയ്ക്കുള്ള വഴി

സംഗീതത്തോടുള്ള അഭിരുചിക്ക് പൂർണ പിന്തുണ നൽകിയത് അമ്മയാണെന്ന് സനിത് പറയുന്നു. 'അമ്മയാണ് എന്റെ പിൻബലം. അമ്മയാണ് പാട്ടുകളെല്ലാം തിരഞ്ഞെടുത്ത് തന്നിരുന്നത്. ചേച്ചി പാട്ട് റേഡിയോയിൽ കേട്ട് എഴുതിത്ത്ത്തരും.'

1987-89 കാലഘട്ടങ്ങളിലാണ് സനിത് ദേവരാജൻ മാസ്റ്റർക്കൊപ്പം ചേരുന്നത്. അദ്ദേഹത്തിന്റെ അരുമ ശിഷ്യനായിരുന്നു സനിത്. അങ്ങനെ ആരെയും പെട്ടെന്ന് ഒപ്പം കൂട്ടുന്ന പ്രകൃതക്കാരനല്ല ദേവരാജൻ മാസ്റ്റർ. കർക്കശ സ്വഭാവക്കാരനായിരുന്നു. മാഷ് പറയുന്ന സംഗതികൾ അണുവിട തെറ്റാതെ പടിയില്ലെങ്കിൽ പിന്നെ ഒന്നും നോക്കണ്ട, സിനിത്ത് പറയുന്നു.

സിനിമയുടെ ലോകം

വളരെ ആകസ്മികമായിട്ടാണ് സനിതിന് സിനിമയിൽ അവസരം ലഭിക്കുന്നത്. ഒരു ഓണക്കാലത്ത് തിരുവനന്തപുരം ലയൺസ് ക്ലബ്ബിൽ സനിത് ഒരു ഗാനം ആലപിച്ചിരുന്നു. സനിതിന്റെ ഗാനം കേട്ട സംവിധായകൻ എ. ഹാജമൊയ്തീനാണ് സനിതിനെ പുതിയ ചിത്രത്തിൽ അവസരം നൽകിയത്. അങ്ങനെ 'മനസിന്റെ ഉള്ളിലെവിടെയോ' എന്ന ഗാനത്തിലൂടെയായിരുന്നു പിന്നണി ഗാന രംഗത്തേക്കുള്ള തുടക്കം. തിരുവനന്തപുരത്തെ എസ്എസ് സ്റ്റുഡിയോയിലായിരുന്നു റെക്കോർഡിങ്. സനിത്തിന്റെ ആദ്യ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

അർഹതയ്ക്ക് അംഗീകാരങ്ങൾ

1989-ൽ പാലക്കാട് മലമ്പുഴയിൽ നടന്ന സംസ്ഥാന യുവജനോത്സവത്തിൽ ലഭിച്ച ഒന്നാം സമ്മാനമാണ് സിനിത്തിന്റെ ജീവിതത്തിലെ ആദ്യത്തെ വലിയ അംഗീകാരം. ഒ.എൻ.വി കുറുപ്പ് രചിച്ച് ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ ഗാനത്തിനാണ് അന്ന് ഒന്നാം സ്ഥാനം ലഭിച്ചത്. സ്‌കൂൾ, കോളേജ്, സംസ്ഥാന കലോത്സവങ്ങളിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 2014-ൽ ശങ്കർ മഹാദേവൻ അക്കാഡമി അഖിലേന്ത്യാതലത്തിൽ നടത്തിയ സംഗീത മത്സരത്തിൽ സ്പെഷ്യൽ അപ്രീസിയേഷനോടുകൂടി വിജയിയായി. 2015-ൽ മികച്ച ഗായകനുള്ള ലയൺസ് ഇന്റർനാഷണൽ പുരസ്‌കാരം, 2018-ലെ മികച്ച ഗായകനുള്ള നടൻ സുകുമാരൻ സ്മാരക ചലച്ചിത്ര അവാർഡ്, 2019ൽ ബാലഭാസ്‌കർ അവാർഡ് എന്നിവയെല്ലാം സനിത്തിനെ തേടിയെത്തി.

സ്വദേശത്തും വിദേശത്തുമായി നിരവധി വേദികളിൽ ഗാനമേളകൾ അവതരിപ്പിക്കാൻ സനിത്തിന് കഴിഞ്ഞിട്ടുണ്ട്. ആകാശവാണി, ദൂരദർശൻ തുടങ്ങി നിരവധി ചാനലുകളിൽ അദ്ദേഹം പ്രോഗ്രാം അവതരിപ്പിക്കുന്നു. ജന്മസിദ്ധമായി ലഭിച്ച സ്വരമാധുര്യം ഇക്കാലയളവിലും നിലനിർത്തി വരുന്ന പട്ടം സനിത്ത് സംഗീത വഴിയിൽ തന്റെതായ ഇടം കണ്ടെത്തി യാത്ര തുടരുകയാണ്. സരോജിനി അമ്മയുടെയും രാമസ്വാമിയുടെയും മകനാണ്. ഭാര്യ: രതിക. മകൻ: എസ്. അനൂപ് (ലയോള സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥി)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP