Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

നാണമില്ലേ നിനക്ക് പെൺമക്കളെയും കൂട്ടി വേദിയിൽ കയറാൻ! മക്കളെ ചേർത്ത് പിടിച്ച് വിമർശനത്തെ കൈയടിയാക്കിയ മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ സലീം; ഈരാറ്റുപേട്ടയിൽ സംഘാടകന് ചുട്ട മറുപടി നൽകിയ സജ്‌ലിയുടെ കരുത്ത് പിതാവിനൊത്തുള്ള അനുഭവങ്ങൾ; അറിയണം കണ്ണൂർ സലീമിന്റെ സംഗീത കുടുംബത്തെ

നാണമില്ലേ നിനക്ക് പെൺമക്കളെയും കൂട്ടി വേദിയിൽ കയറാൻ! മക്കളെ ചേർത്ത് പിടിച്ച് വിമർശനത്തെ കൈയടിയാക്കിയ മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ സലീം; ഈരാറ്റുപേട്ടയിൽ സംഘാടകന് ചുട്ട മറുപടി നൽകിയ സജ്‌ലിയുടെ കരുത്ത് പിതാവിനൊത്തുള്ള അനുഭവങ്ങൾ; അറിയണം കണ്ണൂർ സലീമിന്റെ സംഗീത കുടുംബത്തെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയാണ് ഈരാറ്റുപേട്ട നഗരോത്സവത്തിൽ മാപ്പിളപ്പാട്ടുമാത്രം പാടിയാൽ മതിയെന്നും അല്ലെങ്കിൽ അടിക്കുമെന്നും പറഞ്ഞ സംഘാടകരിലൊരാൾക്ക് ഗായിക ചുട്ടമറുപടി നൽകുന്നത്.കണ്ണൂർ സ്വദേശിനിയും ഗായികയുമായ സജ്‌ല സലീമാണ് തനിക്കെതിരെയുണ്ടായ മോശം അനുഭവത്തിന് അതേ സമയത്ത് തന്നെ മറുപടി നൽകി സോഷ്യൽ മീഡിയയുടേതുൾപ്പടെ കയ്യടി നേടുന്നത്.തനിക്ക് നേരെയുണ്ടായ പെരുമാറ്റത്തിൽ മാത്രമല്ല കലയ്ക്ക് നേരെയുണ്ടായ വേർതിരിവിന് നേരെക്കൂടിയാണ് തന്റെ പ്രതികരണമെന്നായിരുന്നു സജ്‌ല സലീം പ്രതികരിച്ചത്.

ഇത്തരത്തിൽ ധൈര്യപൂർവ്വമുള്ള പെരുമാറ്റത്തിന് സജ്‌ലയെ പ്രാപ്തയാക്കിയത് പിന്നിട്ടുവന്ന വഴികൾ നൽകിയ കരുത്തും കണ്ടുവളർന്ന പിതാവിന്റെ ജീവിതം കൂടിയാണ്.ഇന്ന് മാപ്പിളപ്പാട്ട് കലാരംഗത്ത് സജ്‌ല സലീം- സജ്‌ലീം സഹോദരികൾ കൈയടി നേടുമ്പോൾ അതിന് പിന്നിൽ മാപ്പിളപ്പാട്ടിനെ ജനകീയ മാക്കുന്നതിൽ പങ്കുവഹിച്ച പുതുതലമുറയിലെ പ്രധാനികൂടിയായ ഒരു പിതാവിന്റെ കഥകൂടിയുണ്ട്..സാക്ഷാൽ കണ്ണൂർ സലീമിന്റെ.. പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ കണ്ണൂർ സലീമിന്റെ നാലുമക്കളിലെ രണ്ടുപേരാണ് സജ്‌ലയും സജ്‌ലിയും..പിതാവിന്റെ വഴി പിന്തുടർന്ന് വീടു തന്നെ ഒരു പാട്ട് വീടാക്കിയ കുടുംബത്തിന്റെ കഥ മാപ്പിളപ്പാട്ടിന്റെ മാറ്റത്തിന്റെ കഥ കൂടിയാണ്..

മലബാറും മാപ്പിളപ്പാട്ടും പിന്നെ കണ്ണൂർ സലീമും

ഒരോ കലയ്ക്കും ഒരോ ഈറ്റില്ലമുണ്ടെന്ന് പറയുന്നത് പോലെ മാപ്പിളപ്പാട്ടിന് അത് മലബാറാണ്. പ്രത്യേകിച്ചും കണ്ണൂരും കോഴിക്കോടും.അത് പാട്ടെഴുത്തിൽ മാത്രമല്ല..ആലാപനത്തിനും അവകാശപ്പെടാം.ടി ഉബൈദിൽ തുടങ്ങുന്ന ആ പാരമ്പര്യം കാലങ്ങൾ കടന്ന് അനുസൃതമായ മാറ്റങ്ങളോടെ ഇന്ന് കൂടുതൽ ജനപ്രിയമാകുകയാണ്.

മലബാർ മുസ്ലിംകളുടെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു മാപ്പിളപ്പാട്ടുകൾ. കല്യാണവീടുകൾ, പൊതുപരിപാടികൾ, ആഘോഷ രാവുകൾ തുടങ്ങി സന്തോഷത്തിന്റെ ഏതൊരു നിമിഷത്തിലും മാപ്പിളപ്പാട്ട് ഒഴിച്ചു കൂടാനാവാത്തതായിരുന്നു അവർക്ക്. ഏതൊരു കലാരൂപവുമെന്ന പോലെ പരിണാമങ്ങളിലൂടെ കടന്നു പോയിട്ടുണ്ട് മാപ്പിളപ്പാട്ടും. അറബി മലയാളത്തിൽ രചിക്കപ്പെട്ടിരുന്നത് പിന്നീട് ലളിത മലയാളത്തിലേക്ക് മാറി. ഒപ്പം ആലാപന ശൈലിയിലും പ്രമേയങ്ങളിലും കാതലായ മാറ്റങ്ങൾ വന്നു ഭവിച്ചു.

മാപ്പിളപ്പാട്ട് ഒന്നു കൂടി ജനകീയമുഖം നേടിയപ്പോൾ അതിൽ മിന്നിത്തിളങ്ങിയ നിരവധി പേരുകളുണ്ട്.പീർ മുഹമ്മദ്, എരഞ്ഞോളി മൂസ തുടങ്ങിയവർക്കു പിറകെ ഒട്ടനവധി പ്രതിഭാധനരായ ഗായകരെ കണ്ണൂർ മാപ്പിളപ്പാട്ടിന് സംഭാവന ചെയ്തിട്ടുണ്ട്.അതിൽ ശ്രദ്ധേയമായ പേരാണ് കണ്ണൂർ സലീമിന്റെത്.മാപ്പിളപ്പാട്ടിന്റെ തനിമ ചോരാതെ എന്നാൽ കാലാനുസൃതമായ മാറ്റങ്ങളുമായി കൂടുതൽ ജനപ്രിയമാക്കുന്നതിന് സാധിച്ചുവെന്നതാണ് കണ്ണൂർ സലീമിനെ ഈ കൂട്ടത്തിൽ വേറിട്ടതാക്കുന്നത്.

സ്വന്തമായി ഒരു ശൈലി തന്നെ രൂപപ്പെടുത്തിയെടുത്ത് മാപ്പിളപ്പാട്ടിന് പുതിയ ചിറകുകൾ നല്കാൻ അദ്ദേഹം നന്നായി പരിശ്രമിച്ചിരുന്നു. ചെറുപ്പം മുതലേ സംഗീതാഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന കണ്ണൂർ സലിം വളപട്ടണം ഗവ. ഹൈസ്‌കൂളിലെ വിശാലാക്ഷി ടീച്ചറിൽ നിന്നാണ് സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ നുകർന്നത്. തലശ്ശേരിയിലെ ബാലൻ ഭാഗവതർക്കു കീഴിൽ 10 വർഷം സംഗീതമഭ്യസിച്ചതോടെ സലീം എന്ന ഗായകൻ കൂടുതൽ തിളക്കം കൈവരിച്ചു.

പ്രീഡിഗ്രിക്കു ശേഷം പാലക്കാട് സ്വാതി തിരുനാൾ കോളേജിൽ നിന്നു ഗാനഭൂഷണം പാസായ കണ്ണൂർ സലീം പിന്നീട് മാപ്പിളപ്പാട്ട് വേദികളിൽ സജീവമാകുകയായിരുന്നു.പതിനഞ്ചോളം സിനിമകളിൽ ഗാനങ്ങളാലപിച്ച സലീം അകാലത്തിൽ വാഹനാപകടത്തെത്തുടർന്നാണ് മരണമടഞ്ഞത്. അദ്ദേഹം പാടി ഫലിപ്പിച്ച പല ഗാനങ്ങളും ഇന്നും നമ്മുടെ കാതുകൾക്ക് കുളിരു പകരുന്നുണ്ട്. എന്തിനാണീ കള്ള നാണം,യാ ഹബീബി തുടങ്ങി സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് ശബ്ദമായിട്ടുണ്ട് കണ്ണൂർ സലീം.

തന്റെ സംഗീത പാരമ്പര്യം കൈവിടാത്ത ഒരു തലമുറയെ വാർത്തെടുത്താണ് കണ്ണൂർ സലീം വിട വാങ്ങിയത്. വീടകത്തു നിന്നു തന്നെ ഒരു ട്രൂപ്പിനെ വാർത്തെടുത്താണ് അദ്ദേഹം യാത്രയായത്. തന്റെ നാലു മക്കളേയും അദ്ദേഹം സംഗീതലോകത്തേക്ക് കൈപിടിച്ചു നടത്തുകയായിരുന്നു.

പിതാവിന്റെ പാത വിടാതെ വീടിനെ പാട്ടുവീടാക്കിയ നാലുമക്കൾ

സലീജ് സലീം, സജ്‌ല സലീം, സലീൽ സലീം, സജ്‌ലി സലീം എന്നിങ്ങനെ നാല് മക്കളാണ് കണ്ണൂർ സലീമിന്.പിതാവിന്റെ അകാല വിയോഗത്തോടെ തളർന്ന് പോകാൻ ഈ നാലു മക്കളും ഒരുക്കമായിരുന്നില്ല.മറിച്ച് പിതാവ് കാട്ടിത്തന്ന പാതയെ കൂടുതൽ സംഗീത സാന്ദ്രമാക്കി മൂന്നോട്ട് പോകാനായിരുന്നു ഈ നാൽവർ സംഘത്തിന്റെ തീരുമാനം.ഓഡിയോ കാസറ്റിൽ നിന്ന് യൂട്യൂബ് ചാനലിന്റെ ഒക്കെ സാധ്യതകളിലേക്ക് ലോകം മാറിയപ്പോൾ അവിടെ ഒക്കെയും പിതാവിന്റെ പാട്ടിനെ നെഞ്ചേറ്റി ഈ നാൽവർ സംഘം തങ്ങളുടെ ഇടം കണ്ടെത്തി.

ഒരു തലമുറ ആസ്വദിച്ച ഗാനങ്ങൾ കാലത്തിനിപ്പുറം പുതുശബ്ദത്തിലുടെ എത്തിയപ്പോൾ ഇന്നത്തെ തലമുറയും ആ പാട്ടുകൾ ഏറ്റെടുത്തു.സംഗീത വഴിയിൽ ഏറെ മുന്നോട്ടു ചലിച്ചു കഴിഞ്ഞു കണ്ണൂർ സലീമിന്റെ മക്കളൊക്കെയും. ഇളയ മകൾ സജിലി സലീം സംഗീത ലോകത്ത് ഇന്ന് അറിയപ്പെടുന്ന വ്യക്തിത്വമായി മാറിക്കഴിഞ്ഞു.

ചെറുപ്പത്തിലേ പിതാവിന്റെ വഴിയോട് ചേർന്നു സഞ്ചരിക്കാനായിരുന്നു സജിലിക്ക് താല്പര്യം. ഉപ്പയുടെ സഞ്ചാരഗതികളോരോന്നും വീക്ഷിച്ച് ആലാപനത്തിന്റെ ഓരോ പാഠങ്ങളും പഠിച്ചെടുത്താണ് സജിലി വളർന്നത്. സംഗീത കുടുംബമായതിനാൽ തന്നെ സംഗീതത്തോടുള്ള താല്പര്യം ജന്മസിദ്ധമായി ലഭിച്ചിരുന്നു. അല്പസ്വല്പമൊക്കെ പാടി നോക്കുമായിരുന്ന സജിലി ആലാപനവുമായി ഗോദയിലേക്കിറങ്ങുന്നത് ആറാം വയസിലാണ്.

പിതാവും സഹോദരി സജ്‌ലയും ഒരുമിച്ചു പാടിയ വിളിച്ചില്ലല്ലോ ബാപ്പ വിളിച്ചില്ലല്ലോ എന്ന ഗാനത്തിനുള്ള മറുപടി ഗാനമെന്ന നിലക്ക് പുറത്തിറക്കിയ വന്നു വന്നു എന്റെ ബാപ്പ എന്ന ഗാനമാലപിച്ചു കൊണ്ടായിരുന്നു അരങ്ങേറ്റം. പിന്നീടങ്ങോട്ട് നിരവധി ഗാനങ്ങൾക്ക് സജിലി ശബ്ദമായി. ഉപ്പയ്ക്കും സഹോദരങ്ങൾക്കുമൊപ്പമായിരുന്നു സജ്‌ലിയുടെ സംഗീത യാത്രകളൊക്കെയും. അത് സജിലിയുടെ ആലാപനത്തെ എളുപ്പമാക്കി.

കർണാടിക് സംഗീതമാണ് സജിലി ആദ്യം അഭ്യസിച്ചിരുന്നത്. ഗസലുകളോടുള്ള ഇഷ്ടം പിന്നീട് സജിലിയെ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുന്നതിലേക്ക് നയിച്ചു. കോഴിക്കോട് സൂരജ മാസ്റ്ററുടെ കീഴിലാണ് സജിലി ഇപ്പോൾ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുന്നത്.

ഉപ്പയും സഹോദരങ്ങളുമടങ്ങുന്നതായിരുന്നു സജ്‌ലിയുടെ സംഗീത ബാൻഡ്. കണ്ണൂർ സലീം മരണപ്പെടുന്നതു വരേയും സഹോദരങ്ങളാരും മറ്റൊരു സംഘത്തോടൊപ്പവും പോയിരുന്നില്ല. സജിലി പാടിത്തുടങ്ങിയതിനു ശേഷം സഹോദരങ്ങളും പിതാവുമൊരുമിച്ച് 12ലധികം ആൽബം ചെയ്തിട്ടുണ്ട്. അവയൊക്കെയും ഹിറ്റുകളുമായി.

നിനക്ക് നാണമാകുന്നില്ലെ മക്കളെയും കൂട്ടി സ്റ്റേജിൽ കയറാൻ! വിമർശനങ്ങളെ അതിജീവിച്ച സജ്‌ലി

പാട്ടിലൂടെ കൈയടി നേടുമ്പോഴും സജ്‌ലിയുടെ പാട്ടിലേക്കുള്ള യാത്ര അത്ര സുഖകരമായിരുന്നില്ല.വിമർശനങ്ങൾ ഒരുപാട് നേരിട്ടാണ് അവർ ഈ വഴികളത്രയും പിന്നിട്ടത്. അതും സ്വന്തം പിതാവിനൊപ്പം വേദി പങ്കിടുമ്പോൾ പോലും.ഈരാറ്റുപേട്ടയിലെ വിഷയത്തിന് മറുപടി പറയുമ്പോൾ ഇത്തരം വിഷയങ്ങൾ കണ്ടാൽ ഞാൻ പ്രതികരിച്ച് പോകും എന്ന് ഗായിക പറഞ്ഞത് ഈ അനുഭവങ്ങളിൽ നിന്ന് നേടിയ കരുത്തുകൊണ്ട് തന്നെയാണ്.

ഓരോ വേദികളിൽ നിന്നും സജ്‌ലിയെത്തേടി അഭിനന്ദന പ്രവാഹമായിരുന്നു. പിതാവിനൊപ്പം ചെറുപ്പ കാലത്തു തന്നെ അനവധി വേദികളിൽ സ്വദേശത്തും വിദേശത്തുമായി സജ്‌ലി ഗാനമാലപിക്കുകയും ആസ്വാദകരുടെ മനം കവരുകയും ചെയ്തിരുന്നു. നല്ല അനുഭവങ്ങളാണ് ഓരോ വേദിയും സമ്മാനിച്ചിരുന്നതെങ്കിലും അല്പം ചില ദുഃഖകരമായ അനുഭവങ്ങളെയും സജ്‌ലിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

സ്ത്രീകളോട് വിവേചനം പുലർത്തിയിരുന്ന ഒരു സാമൂഹികാന്തരീക്ഷത്തിൽ നിന്ന് മോചിതമായിത്തുടങ്ങുന്ന കാലഘട്ടത്തിലാണ് കണ്ണൂർ സലീം തന്റെ മക്കളെ വളർത്തിക്കൊണ്ടു വരുന്നത്. രണ്ട് ആണ്മക്കളേയും രണ്ട് പെണ്മക്കളേയും ചേർത്ത് പിടിച്ച് സംഗീതത്തിന്റെ പാതയിൽ അദ്ദേഹം സഞ്ചരിച്ചു തുടങ്ങിയപ്പോൾ തന്നെ ഏറെ ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. പ്രധാനമായും പെൺകുട്ടികളെ വേദിയിൽ കൊണ്ടു വരുന്നതിനെതിരെയായിരുന്നു പല സംസാരങ്ങളും.

നിനക്കു നാണമാകുന്നില്ലേ ഈ പെൺകുട്ടികളേയും കൊണ്ട് വേദികൾ കയറിയിറങ്ങി നടക്കാൻ എന്ന തരത്തിലുള്ള ചോദ്യങ്ങൾ അദ്ദേഹത്തിനു നേരെ വന്നു പതിച്ചു. ആ ചോദ്യങ്ങളെ ഭയക്കാതെ മക്കളെ നെഞ്ചോടു ചേർത്തു പിടിച്ചു നടന്നതിന്റെ ഫലമാണ് സജ്‌ലി സലീം , സജ്‌ല സലീം എന്നീ ഗായകരുടെ പിറവി.പിതാവ് കണ്ണൂർ സലീം സജ്‌ലിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അദ്ദേഹമാണ് സജ്‌ലി എന്ന ഗായികയെ വാർത്തെടുത്തത് എന്നു തന്നെ പറയാൻ സാധിക്കും.

മാപ്പിളപ്പാട്ടുകൾക്കൊപ്പം തന്നെ ഇതര ഗാന ശാഖകളേയും പാടാൻ അദ്ദേഹം തന്റെ മക്കളെ പ്രേരിപ്പിച്ചിരുന്നു. സജ്‌ലി മറ്റു ഗാനശാഖകളെ നെഞ്ചോടു ചേർക്കാനുള്ള കാരണവും പിതാവിന്റെ ഈ സമീപനമായിരുന്നു. സജ്‌ലിയെ ഗസലുകളുടെ ലോകത്തേക്ക് നയിക്കുന്നതും പിതാവു തന്നെയാണ്.

'ഡിയർ വാപ്പി' പോലൊരു ബാപ്പയും മകളും

സഹോദരങ്ങളോടൊപ്പം ഗാനസദസുകളിൽ സംബന്ധിക്കുന്നതിനായി പ്രത്യേക വസ്ത്രങ്ങൾ ഉണ്ടാകണമെന്ന നിർബന്ധമുള്ളയാളായിരുന്നു പിതാവ് കണ്ണൂർ സലീം. ഓരോ പരിപാടിക്കുമായി പുതിയ മോഡലുകളിൽ വസ്ത്രങ്ങൾ തുന്നിയെടുക്കേണ്ടതുണ്ടായിരുന്നതിനാൽ ആ ജോലി തനിക്കെന്തു കൊണ്ടായിക്കൂടാ എന്ന് സജ്‌ലി ചിന്തിക്കുകയും സ്വന്തമായി വസ്ത്രം ഡിസൈൻ ചെയ്യാനാരംഭിക്കുകയും ചെയ്തു. വീട്ടിൽ നിന്നു തുടങ്ങിയ ആ ശ്രമം വിജയകരമായപ്പോൾ അത് പിന്നീട് തലശ്ശേരിയിലേക്ക് മാറ്റി.

സലാ ബൗടിക് എന്ന പേരിൽ ഒരു സ്ഥാപനം സജ്‌ലി സ്വന്തമായുണ്ട്. പിന്നാലെ പൊന്നാനിയിൽ സലാ ക്ക് ഒരു ശാഖ ആരംഭിക്കാനും സജ്‌ലിക്ക് ആയിട്ടുണ്ട്.ആത്യന്തികമായി സജ്‌ലിക്ക് ഊർജമായി നിലനില്ക്കുന്നത് കണ്ണൂർ സലീം എന്ന പിതാവിന്റെ പേരു തന്നെയാണ്. അദ്ദേഹത്തിന്റെ മകൾ എന്നു പറയുന്നതിൽ ഏറെ അഭിമാനിക്കുന്നുണ്ട് സജ്‌ലി. കണ്ണൂർ സലീം എന്ന പേരും മാപ്പിളപ്പാട്ടുമാണ് തനിക്ക് ഒരഡ്രസുണ്ടാക്കിയത് എന്നാണ് സജ്‌ലി വിശ്വസിക്കുന്നത്.

കീ ബോർഡ് വായിക്കുന്ന സഹോദരനും പാട്ടിലൂടെ മറുപടി തരുന്ന സഹോദരിയും

സഹോദരി സജ്‌ല സലീം കേരളത്തിലെ അറിയപ്പെടുന്ന ഒരു ഗായിക കൂടിയാണ്. എട്ടാം വയസ്സിലാണ് സജ്ല ഗാനരംഗത്തേക്ക് കടന്നു വരുന്നത്. സ്‌കൂളുകളിലും മറ്റും വിവിധ ആലാപന മത്സരങ്ങളിൽ പങ്കെടുത്തുകൊണ്ടിരുന്ന സജ്ല, ഉപ്പക്കൊപ്പം ആദ്യ ഗാനം പാടിയതോടെ താരമായി മാറി. വിളിച്ചില്ലല്ലോ ബാപ്പ വിളിച്ചില്ലല്ലോ എന്ന സൂപ്പർ ഹിറ്റ് ഗാനമായിരുന്നു ആദ്യ ഗാനം. പിന്നീട് നിരവധി സ്റ്റേജ് ഷോകളുമായി സംഗീത രംഗത്ത് സജ്ല നിറഞ്ഞു നിന്നു. ആയിടക്കാണ് പട്ടുറുമാലിന്റെ വേദിയിലേക്ക് സജ്ല എത്തുന്നത്.

കടുത്ത മത്സരങ്ങൾക്കൊടുവിൽ സജ്ല രണ്ടാം സ്ഥാനം നേടുകയും ചെയ്തു. ഇത് സജ്ലയുടെ കരിയറിന് കരുത്തായി മാറി. ഏഷ്യാനെറ്റ്, കൈരളി, ഫൽവേഴ്സ്, സീ കേരളം തുടങ്ങിയ ചാനലുകളിൽ വിവിധ റിയാലിറ്റി ഷോകൾക്ക് ജഡ്ജാണ് അവർ. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന തമിഴ് സിനിമയിൽ ഒരു പാട്ടും സജ്ല പാടിയിട്ടുണ്ട്. സ്വദേശത്തും വിദേശത്തുമായി സ്റ്റേജ് ഷോകളുടെ തിരക്കിലാണ് ഇപ്പോൾ സജ്ല. മാപ്പിളപ്പാട്ടിനെ നെഞ്ചോടു ചേർക്കുന്നവർക്കൊക്കെയും ഏറെ പ്രിയപ്പെട്ട പേരാണ് സജ്‌ലയുടേത്.

മറ്റൊരു സഹോദരൻ സലീൽ ബാൻഡ് 630 പി എം എന്ന ബാൻഡിലെ ലീഡ് ഗായകൻ ആണ്. പൊതുവെ പാടാൻ മടിയായിരുന്ന സലീലിനെ പിതാവ് കണ്ണൂർ സലീം തന്നെയാണ് പാട്ടിലേക്ക് കൈ പിടിക്കുന്നത്. തന്റെ സഹോദരങ്ങളുടെ ആലാപനത്തിന് ചുവടൊപ്പിച്ച് നൃത്തം വെച്ചിരുന്ന സലീൽ ആറാം ക്ലാസിൽ വച്ചാണ് ആദ്യമായി പാടുന്നത്. ആ ചുവടു വെപ്പ് പിന്നെ ബാൻഡ് 630 പി എം എന്ന ബാൻഡിൽ എത്തി നില്ക്കുന്നു.മൂത്ത സഹോദരൻ സലീജ് നല്ല ഒരു ഗായകനും കീബോർഡ് പ്ലയറുമാണ്. കേരളത്തിലെ മുൻ നിര ഗായകർക്കൊക്കെയും ബാക്ക് ചെയ്യാനുള്ള അവസരം സലീജിനെ തേടിയെത്തിയിട്ടുണ്ട്.

സജ്‌ലിയുടെ സംഗീത ജീവിതം അനുക്രമമായി ഉന്നതികൾ സമ്മാനിക്കുന്നതായിരുന്നു. ആൽബങ്ങളും സ്റ്റേജ് പ്രോഗ്രാമുകളും പിന്നിട്ട് മൈലാഞ്ചിയിൽ എത്തിയത് സജ്‌ലിയുടെ സംഗീത ജീവിതത്തിൽ വലിയ വഴിത്തിരിവു സമ്മാനിച്ച ഒന്നായിരുന്നു. എട്ടു സീസണുകളിൽ സജ്‌ലി മൈലാഞ്ചിയുടെ ഭാഗമായിരുന്നു. കേരളം സജ്‌ലിയുടെ പ്രതിഭ തിരിച്ചറിയുന്നത് മൈലാഞ്ചി വഴിയായിരുന്നു. വളരെ ചുരുങ്ങിയ ആളുകളിലേക്ക് മാത്രം എത്തിപ്പെടാമായിരുന്ന സജ്‌ലിയുടെ പ്രതിഭയെ കേരളീയർക്ക് മുഴുക്കെ പരിചയപ്പെടുത്തുന്നതിൽ സർഗോ വിജയരാജ് എന്ന വ്യക്തിക്ക് വലിയ പങ്കുണ്ട്.

മൈലാഞ്ചി, സ രി ഗ മ പ തുടങ്ങിയ റിയാലിറ്റി ഷോകളിൽ ഭാഗമാക്കുക വഴി സജ്‌ലിക്ക് വിശാലമായ വാതായനങ്ങൾ തുറന്നു നല്കുകയായിരുന്നു അദ്ദേഹം. സജ്‌ലിയുടെ കരിയറിലെ ഏറ്റവും മനോഹരവും അഭിമാനകരവുമായ നിമിഷങ്ങൾ സമ്മാനിച്ചത് ഈ രണ്ടു ഷോകളുമാണ്. മാപ്പിളപ്പാട്ട് ഗായിക എന്നതിൽ നിന്നും കേരളം മുഴുക്കെ അറിയപ്പെടുന്ന ഒരു ഗായിക എന്ന തരത്തിലേക്ക് സജ്‌ലിയെ മാറ്റി നടുന്നതിൽ സർഗോ വിജയരാജ് എന്ന വ്യക്തി വലിയ പങ്കുവഹിച്ചിട്ടുണ്ട്. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കിയ സജ്‌ലി ഭർത്താവ് ശബാബിനും മകൻ റയാൻ ഹനി സലീമിനുമൊപ്പം മുഴുപ്പിലങ്ങാടിലാണ് താമസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP