Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷാഹിതയെ തളച്ചിട്ട വേലിക്കെട്ടുകൾ മക്കൾക്കു വേണ്ടി പൊളിച്ചുനീക്കി; ക്ഷേത്ര- അനുഷ്ഠാനകലകളെ മാറോടണച്ച് നടനകലയിലെ നിറസാന്നിദ്ധ്യമായ മുസ്ലിംകുടുംബത്തിന്റെ കഥ

ഷാഹിതയെ തളച്ചിട്ട വേലിക്കെട്ടുകൾ മക്കൾക്കു വേണ്ടി പൊളിച്ചുനീക്കി; ക്ഷേത്ര- അനുഷ്ഠാനകലകളെ മാറോടണച്ച് നടനകലയിലെ നിറസാന്നിദ്ധ്യമായ മുസ്ലിംകുടുംബത്തിന്റെ കഥ

തൃശൂർ : നടനകലയിലെ ത്രിമൂർത്തിസാന്നിദ്ധ്യം വിളിച്ചറിയിച്ചാണ് പൂരങ്ങളുടെ നാടായ തൃശിവപേരൂരിൽനിന്നുള്ള മുസ്ലിം കുടുംബം ശ്രദ്ധയാകർഷിക്കുന്നത്. യാഥാസ്ഥിതികതയുടെ അതിർവരമ്പുകൾ ഭേദിച്ച് നടനവൈഭവങ്ങളിൽ ഈ കുടുംബം പേരെടുത്തപ്പോൾ അതു ജാതിയുടെയും മതത്തിന്റെയും ചട്ടക്കൂടുകളിൽ മാത്രം ഒതുങ്ങിനിന്ന ഒരു കലയെ പുറംലോകത്തെത്തിക്കുന്ന പൊളിച്ചെഴുത്ത് കൂടിയായിരുന്നു. കലാമണ്ഡലം ഹൈദരലിയുടെ പാത പിന്തുടരുകയെന്ന മഹാദൗത്യം.

തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ ഒരു യാഥാസ്ഥിക മുസ്ലിം കുടുംബത്തിൽ ജനിച്ച ഷാഹിത എന്ന സ്‌കൂൾ അദ്ധ്യാപികയ്ക്ക് മനസിൽ ഏറെ മോഹമുണ്ടായിരുന്നു, ഒരു കലാകാരിയാകാൻ. എന്നാൽ സമുദായത്തിന്റെ ചിട്ടവട്ടങ്ങൾ ഭേദിക്കാൻ ഈ പെൺകുട്ടിക്കു ധൈര്യമുണ്ടായിരുന്നില്ല. വീടിനുള്ളിൽ അച്ചടക്കത്തോടെ കഴിയാനായിരുന്നു തീരുമാനം. വിധിയെയും വിലക്കുകളെയും മാനിച്ച് ജീവിതം നയിച്ച ഷാഹിത ഉലയിൽ ഊതിക്കാച്ചിയ പൊന്നുപോലെ മോഹങ്ങളെ മനസിൽ സൂക്ഷിക്കാൻ പഠിച്ചുകഴിഞ്ഞിരുന്നു.

വിവാഹശേഷം കൂടുതൽ സ്വതന്ത്രയായ ഈ അദ്ധ്യാപിക തന്റെ ഉള്ളിലെ മോഹങ്ങളെ ഭർത്താവിനു മുന്നിൽ അവതരിപ്പിച്ചു. കലാകാരിയാകണമെന്നുള്ള മോഹത്തിനുമുന്നിൽ ഭർത്താവ് അബ്ദുൽ റഹ്മാൻ എതിരുനിന്നില്ല. സ്‌നേഹസാന്ദ്രമായ പിന്തുണ ലഭിച്ചതോടെ മനസിലെ സ്വപ്‌നങ്ങൾക്ക് സാക്ഷാത്ക്കാരം നൽകാൻ ഷാഹിത ഇറങ്ങിത്തിരിച്ചു. കഠിന പരിശീലനത്തിലൂടെ ചുരുങ്ങിയ നാൾകൊണ്ട് നടനവേദിയിൽ ചുവടുറപ്പിച്ചു. മോഹിനിയാട്ടത്തിലും കുച്ചിപ്പുടിയിലും പ്രാവീണ്യം നേടി ഈ കലാകാരി.

സ്‌കൂൾ - കോളേജ് തലങ്ങളിൽ ആടിത്തിമിർക്കണമെന്ന മോഹം കുഞ്ഞുനാളിൽ മനസിൽ അടക്കിവച്ചതിന്റെ നഷ്ടബോധമുണ്ടായിരുന്നു. തനിക്കു നേടാനാകാത്തതു തന്റെ കുഞ്ഞുങ്ങൾ നേടണമെന്നാഗ്രഹിച്ച ഷാഹിത കുഞ്ഞുങ്ങളെ കലയുടെ ശ്രീകോവിലിലേക്കു കൈപിടിച്ചു നടത്തിച്ചു. ഇതിനായി മകൾ ജനഹാരയ്ക്കും മകൻ നിഹാലിനും കഠിനപരിശീലനം നല്കി. അങ്ങനെ ജഹനാര നൃത്തരംഗത്തെ നിറാസാന്നിദ്ധ്യമായി.

സ്‌കൂൾ- കോളേജ് തലങ്ങളിൽ ഈ കൊച്ചുമിടുക്കി നിറഞ്ഞാടി. ഒടുവിൽ ഉമ്മയുടെ സ്വപ്‌നങ്ങൾക്ക് നിറച്ചാർത്തേകി 2009 ൽ ജഹനാര സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ കൂടിയാട്ടത്തിൽ എ ഗ്രേഡ് നേടി ഒന്നാമതെത്തി. കൂടിയാട്ടത്തിൽ ഒന്നാമതെത്തിയ ആദ്യ മുസ്ലിം കലാകാരികൂടിയായി ജഹനാര. കലാമണ്ഡലം കനകകുമാറിന്റെ ശിക്ഷണത്തിൽ വളർന്ന ജഹനാര പീന്നീട് സ്‌കൂൾ കലോൽസവവേദിയിൽ കൂടിയാട്ടത്തിൽ ആധിപത്യം നേടുകയായിരുന്നു.

പിന്നീട് ചുവടുമാറ്റം നടത്തി കലാമണ്ഡലം വെങ്കിട്ടരാമന്റെ ശിക്ഷണത്തിൽ കഥകളിയും അഭ്യസിച്ച് മികവ് തെളിയിച്ചു. ഇപ്പോൾ നങ്ങ്യാർകൂത്തിൽ പരിശീലനം തുടരുന്ന ജഹനാര എറണാകുളം ഗവ.മെഡിക്കൽ കോളേജിലെ എം ബി ബി എസ് വിദ്യാർത്ഥിനിയാണ്. കൂടിയാട്ടവും കഥകളിയും നങ്ങ്യാർകൂത്തും ഒരുപോലെ അവതിരിപ്പിച്ച ജഹനാര ഇതോടെ ക്ഷേത്ര -അനുഷ്ഠാന കലകളെ പുറംലോകത്തെത്തിച്ച് ജനകീയമാക്കിയ വിപ്ലവകാരികൂടിയായി.

ഇത്തയുടെ ചുവടുപിടിച്ചാണ് അനുജൻ നിഹാൽ കലാരംഗത്തെത്തിയത്. കഴിഞ്ഞ സംസ്ഥാന കലോൽസവത്തിൽ കഥകളിയിലെ കേമനായാണ് നിഹാൽ രംഗം വിട്ടത്. തന്നിലെ കലാകാരന് കൂടുതൽ കരുത്തും വൈഭവവും വരുത്താൻ കഠിനപരിശീലനത്തിലാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ നിഹാൽ. മക്കളെ കലയുടെ ഉന്നതങ്ങളിലെത്തിക്കാൻ അശ്രാന്തപരിശ്രമം നടത്തുന്ന ഈ അദ്ധ്യാപിക.

ഇപ്പോൾ ഷാഹിത പ്രമുഖ അദ്ധ്യാപക സംഘടനയായ കെ പി എസ് ടി യുവിന്റെ വനിതാ വിഭാഗത്തിന്റെ ചെയർപേഴ്‌സൺ കൂടിയാണ്. ഈ പ്രയത്‌നത്തിനു പിന്നിലെ കരുത്തായ ഭർത്താവ് അബ്ദുൽ റഹുമാൻ തൃശൂരിലെ വ്യവസായിയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP