Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോഹന നടനമീ ജീവിതം....

മോഹന നടനമീ ജീവിതം....

മോഹിനിയാട്ടത്തെ ആത്മാർത്ഥമായി സ്‌നേഹിക്കുന്ന, കേരള കലാമണ്ഡലത്തിൽ പി.എച്ച്.ഡി. ചെയ്യുന്ന കലാമണ്ഡലം രാമകൃഷ്ണൻ തന്റെ ഗുരുക്കളുടെ അനുഗ്രഹത്തോടെ മോഹിനിയാട്ടം പുരുഷവേഷത്തിൽ രംഗാവതരണം ചെയ്യാൻ തയാറെടുക്കുകയാണ്.

ഒരു മലയാളിയും നർത്തകനുമായതുകൊണ്ട് മോഹിനിയാട്ടം എന്ന മാദ്ധ്യമത്തിലൂടെ തനിക്ക് പറയാനുള്ള കാര്യങ്ങൾ പറയുക എന്നതാണ് ഈ നർത്തകന്റെ ലക്ഷ്യം. സഹോദരൻ കലാഭവൻ മണി സിനിമയിലൂടെ ആത്മാവിഷ്‌കാരം നടത്തി മുന്നേറുമ്പോൾ ചാലക്കുടിയിൽ 'നൃത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിങ് ആർട്‌സ് നടത്തിവരുകയാണ് കലാമണ്ഡലം രാമകൃഷ്ണൻ.

കുടുംബം

ഞങ്ങൾ എട്ടുമക്കളാണ്. അഞ്ച് സഹോദരികളും രണ്ട് സഹോദരന്മാരും. ഈയിടെ ഒരു ചേട്ടൻ നിര്യാതനായി. ഞാനാണ് ഏറ്റവും ഇളയത്. എന്റെ തൊട്ടു മൂത്തസഹോദരൻ നിങ്ങൾക്കെല്ലാവർക്കുമറിയാവുന്ന കലാഭവന്മണി. പാടാൻ കഴിവുള്ളവരാണ് എല്ലാവരും. പക്ഷേ നൃത്തത്തിൽ എനിക്ക് മാത്രമേ കഴിവ് ലഭിച്ചിട്ടുള്ളൂ. എങ്ങനെ ലഭിച്ചു എന്നു ചോദിച്ചാൽ ഒരു വഴികാട്ടി എന്നു പറയാൻ എന്റെ അടുത്ത കുടുംബത്തിൽ ആരുമുണ്ടായിരുന്നില്ല. എല്ലാവരിലും താളം എന്നു പറയുന്നത് ജീവിതതാളംപോലെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ടായിരുന്നു എന്നു തോന്നുന്നു. പാട്ടുപാടുന്നതിനു പുറമേ എന്റെ സഹോദരന്മാർ നാടൻവാദ്യങ്ങൾ വായിക്കാറുണ്ട്. അച്ഛനും പാടുമായിരുന്നു.

നൃത്തം

നാലാമത്തെ വയസിലാണ് ഞാൻ നൃത്തം അഭ്യസിക്കാൻ തുടങ്ങിയത്. സ്‌കൂളിൽ ചെറിയ ചെറിയ പ്രോഗ്രാമ്‌സിനുവേണ്ടി പഠിപ്പിക്കുമായിരുന്നു. ശാസ്ത്രീയനൃത്തം ആറാംക്ലാസിൽ ആയപ്പോഴാണ് പഠിക്കാൻ തുടങ്ങിയത്. ആർ.എൽ.വി. ആനന്ദ് ആയിരുന്നു ഗുരു. സ്‌കൂൾ യുവജനോത്സവങ്ങളിൽ അന്ന് പങ്കെടുക്കുവാൻ എനിക്ക് സാധിച്ചിരുന്നില്ല. കാരണം പക്കമേളത്തോടെയുള്ള നൃത്തം അവതരിപ്പിക്കുന്നത് വലിയ ചെലവു തന്നെയായിരുന്നു. അന്ന് കലാഭവന്മണി കലാഭവനിൽ കൂടിയിരുന്നില്ല. അച്ഛന്റെ കൂലിപ്പണിയിൽനിന്നും ഒരു വലിയ കുടുംബം പോറ്റുന്നതിനിടയിൽ എനിക്ക് കലയിൽ അധികമൊന്നും ചെയ്യാൻ കുട്ടിക്കാലത്ത് കഴിഞ്ഞില്ല. ആ സമയത്ത് ഒരു 25 രൂപപോലും മാറ്റിവയ്ക്കുവാൻ പറ്റാത്ത അവസ്ഥയായിരുന്നു. രംഗാവതരണം ചെയ്തില്ലെങ്കിലും ഞാൻ എന്റെ നൃത്തപഠനം തുടർന്നുകൊണ്ടേയിരുന്നു.

അരങ്ങേറ്റം

പത്താംക്ലാസിൽ വച്ചാണ് എന്റെ അദ്ധ്യാപകരുടെ സഹായത്തോടെ ഞാൻ ആദ്യമായി ഒരു കച്ചേരിക്കായി അരങ്ങേറുന്നത്. അരങ്ങേറ്റം എന്നു പറയാൻ ചടങ്ങൊന്നും ഉണ്ടായിരുന്നില്ല. നൃത്തത്തിൽ എനിക്കുണ്ടായിരുന്ന കമ്പം കണ്ട് അദ്ധ്യാപകർ പിരിവിട്ട് ചാലക്കുടി ഉപജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിച്ചു. അന്നും ലൈവ് ഓർക്കെസ്ട്ര ആവശ്യമായിരുന്നു. അരങ്ങേറ്റമെന്നു പറയാൻ പറ്റില്ല, ക്ലാസിക്കൽ നൃത്തത്തിൽ രംഗപ്രവേശം ചെയ്തുവെന്നു പറയാം. 1995ൽ ആയിരുന്നു അത്. നാട്ടുക്കുറുഞ്ചി രാഗത്തിൽ ഒരു വർണ്ണമായിരുന്നു അന്നു ഞാൻ ചെയ്തത്. 'സ്വാമി ഉൻ അടിമൈനാൻ.... എന്നാൽ എന്തുകൊണ്ടോ പകുവതിവച്ചു ഞാൻ നിർത്തി. രംഗത്തുനിന്നും ഇറങ്ങിവന്നു. ടെൻഷൻ കാരണമായിരുന്നിരിക്കാം. മറ്റു കുട്ടികളുടെ കൂടെ അവരുടെ മാതാപിതാക്കൾ വെള്ളവും മറ്റും പിടിച്ച് കൂടെ നില്ക്കുമ്പോൾ എന്റെ കൂടെ കുടുംബാംഗങ്ങൾ ആരും ഉണ്ടായിരുന്നില്ല. സ്‌കൂളിൽനിന്നും അദ്ധ്യാപകരുടെ കൂടെ പോയി, മേയ്ക്കപ്പ് ചെയ്തു. സ്റ്റേജിൽ കയറി. ഇങ്ങനെയൊരു സംവിധാനം ആദ്യമായിട്ടു കാണുന്നതിനാൽ ഞാൻ സംഭ്രമിച്ചുപോയി. അങ്ങനെ എന്റെ ആദ്യത്തെ രംഗപ്രവേശം തന്നെ പിഴച്ചു. ചിലർ പറയും ആദ്യമായി രംഗത്ത് കയറുമ്പോൾ തെറ്റിക്കണം എന്ന്. എങ്കിലേ പിന്നീട് കൂടുതൽ ശ്രദ്ധയോടെ പഠിക്കുകയുള്ളൂ എന്ന്.

പഠനം

പത്താംക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രിക്ക് ചേർന്നു. അന്ന് ഉപരിപഠനത്തിന് വഴികൾ തിരഞ്ഞെടുക്കാൻ ഇന്നത്തെ കുട്ടികളുടെപോലെ ഒരു ധാരണയും വൈഭവവും അന്നത്തെ കുട്ടികൾക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സെക്കന്റ് ഗ്രൂപ്പ് എടുത്തു പഠിച്ചുവെങ്കിലും എനിക്ക് തീരെ താല്പര്യം തോന്നിയില്ല. രണ്ടാംവർഷം ചിക്കൻപോക്‌സ് വന്നതോടുകൂടി ഞാൻ പ്രീഡിഗ്രി നിർത്തിപോന്നു. നൃത്തം അപ്പോഴും തുടർന്നുകൊണ്ടിരുന്നു. മാസ്റ്ററുടെ ചില വേദികളിൽ അവതരിപ്പിച്ചു പോന്നു.

പ്രീഡിഗ്രി നിർത്തിയതിനുശേഷം എറണാകുളത്തിനടുത്തുള്ള ആർ.എൽ.വി. കോളജ് തൃപ്പൂണിത്തുറയിൽ നൃത്തത്തിൽ ഡിപ്ലോമ കോഴ്‌സിനു ചേരാൻ തീരുമാനിച്ചു. ഭരതനാട്യം മുഖ്യവിഷയമായി പഠിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ അപ്പോൾ അതിൽ സീറ്റുണ്ടായിരുന്നില്ല. എവിടെ ചെന്നാലും എനിക്കൊരു മുടക്കുണ്ട്. വേറെ ഒന്നു എനിക്ക് വച്ചിട്ടുണ്ട് എന്നതുപോലെ മോഹിനിയാട്ടത്തിൽ പ്രവേശനം ലഭിച്ചു. ദൈവം ഒരു വഴികാട്ടി തന്നപോലെയായിരുന്നു അത്. ഫസ്റ്റ് ക്ലസോടെ ഡിപ്ലോമ പാസായി തുടർന്ന് മോഹിനിയാട്ടത്തിൽ തന്നെ ബിരുദവും ബിരുദാനന്തരബിരുദവും ഫസ്റ്റ് റാങ്കോടെ പാസായി. അതിനുശേഷം 3 വർഷം ആർ.എൽ.വി. കോളജിൽ തന്നെ ഗസ്റ്റ് ലക്ചറർ ആയി സേവനം അനുഷ്ഠിച്ചു.

എം.എയ്ക്ക് പഠിക്കുമ്പോൾ (2002ൽ) എം.ജി. യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ പ്രതിഭയാവാനുള്ള ഭാഗ്യം ലഭിച്ചു. ഭരതനാട്യം, കുച്ചിപ്പുടി, ഓട്ടൻതുള്ളൽ, നാടോടിനൃത്തം, പ്രച്ഛന്നവേഷം എന്നിവയിലാണ് പങ്കെടുത്തത്. അന്നും ഇന്നും യുവജനോത്സവത്തിൽ ആണുങ്ങൾക്ക് മോഹിനിയാട്ട മത്സരവേദിയില്ല. അതിനിടെ 1998ൽ എനിക്ക് ഒരു ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി. കേരളത്തെ പ്രതിനിധീകരിച്ച് സൗത്ത്‌സോൺ മത്സരത്തിൽ വിജയിച്ച് യുവ കലാപുരസ്‌കാരം ലഭിക്കുകയുണ്ടായി. ഈ രണ്ട് പുരസ്‌കാരങ്ങൾ കലാരംഗത്ത് പിടിച്ചുനില്ക്കാനുള്ള ഉത്തേജനം നല്കി. ഈ മത്സരങ്ങളിൽ പങ്കെടുക്കുമ്പോഴുള്ള ദുരിതങ്ങളും വിജയിച്ചു കഴിഞ്ഞപ്പോഴുള്ള സന്തോഷവും ഇന്നും എന്റെ മനസിൽ ഞാൻ കാത്തുസൂക്ഷിക്കുന്നു.

ആർ.എൽ.വി. കോളജിൽ ഗസ്റ്റ് ലക്ചറർ ആയിരുന്നപ്പോൾ കാലടി സംസ്‌കൃതസർവകലാശാലയിലും മൂന്നുവർഷം ഗസ്റ്റ് ലക്ചററായി അവസരം ലഭിച്ചു. എല്ലാവരുടെയും പ്രോത്സാഹനംകൊണ്ട് അവിടെവച്ച് മോഹിനിയാട്ടം രംഗാവതരണം ചെയ്യണമെന്നുള്ള ഒരു തീരുമാനമുണ്ടായി. ആൺവേഷത്തിൽ തന്നെ മോഹിനിയാട്ടം ചെയ്യണമെന്നായിരുന്നു എന്റെ മനസിൽ. പണ്ടുകാലത്ത് കുച്ചിപ്പുഡിയും ഒഡിസീയും ആണുങ്ങൾ പെൺവേഷത്തിലാണ് അവതരിപ്പിച്ചിരുന്നത്. എന്നാൽ കാലത്തിന്റെ മാറ്റങ്ങൾ അനുസരിച്ച് ആണുങ്ങൾ ആൺവേഷത്തിലും സ്ത്രീകൾ സ്ത്രീവേഷത്തിലുമാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്.

യുവജനോത്സവങ്ങളെപ്പറ്റി..?

നൃത്തം പ്രൊഫഷനലായി കൊണ്ടുപോകാൻ വിരലിൽ എണ്ണാവുന്ന കുറച്ച് നർത്തകർക്കേ സാധിക്കുന്നുള്ളൂ. കേരളത്തെ സംബന്ധിച്ച് യുവജനോത്സവവും മറ്റു മത്സരങ്ങളും ആസ്പദമാക്കിയാണ് മിക്ക കലാകാരന്മാരും പിടിച്ചുനിന്നു പോകുന്നത്. ഒരുപരിധിവരെ നമുക്കിതൊരാശ്വാസമാണ്. പക്ഷേ ഇതിന്റെ തനിമയെന്തെന്നറിയാതെയാണ് വിദ്യാർത്ഥികൾ ശാസ്ത്രീയനൃത്തമഭ്യസിക്കുന്നത്.

കേരളത്തിന്റെ കലാരൂപമായിട്ടുപോലും മോഹിനിയാട്ടമല്ല ആദ്യം അഭ്യസിപ്പിക്കുന്നത്. ഭരതനാട്യമാണ്. അപ്പോൾ തന്നെ നമ്മുടെ കേരളത്തിന്റെ സ്ഥാനം പിന്നിലേക്കായിപ്പോയി. ഭരതനാട്യവും കുച്ചിപ്പുഡിയും കഴിഞ്ഞിട്ടാണ് മോഹിനിയാട്ടത്തിനു സ്ഥാനം വരുന്നുള്ളൂ. മറ്റു രണ്ടു കലാരൂപങ്ങളുടെയും കലർപ്പ് തീർച്ചയായിട്ടും മോഹിനിയാട്ടത്തിൽ വരും.

വളരെ കുറച്ച് വിദ്യാർത്ഥികൾ മാത്രം ഓരോ കലാരൂപവും അതിന്റെ സങ്കേതങ്ങൾ തിരിച്ചറിഞ്ഞ് അതിന്റെ തനത് ശൈലിയിൽ അവതരിപ്പിക്കുന്നുണ്ട് എന്നിരുന്നാലും, ഭുരിഭാഗം കുട്ടികളും ശൈലിഭേദമറിയാതെ എല്ലാം കലർന്നുകൊണ്ടാണ് അവതരിപ്പിക്കുന്നത്. എന്റെ അഭിപ്രായത്തിൽ ഒരു കലാകാരിക്ക് അവരുടെ ശരീരത്തിലൂടെ ഏതു കലാരൂപമാണ് അവർ ഭംഗിയായി അവതരിപ്പിക്കുന്നത് ആ നൃത്തരൂപം തന്നെ അഭ്യസിച്ച് രംഗാവതരണം ചെയ്യണമെന്നാണ്. ഇതാണ് എനിക്ക് ഇന്നത്തെ സമൂഹത്തിൽ പറയാനുള്ളത്.

കൂടുതൽ ഇഷ്ടം തോന്നുന്ന നൃത്തരൂപമേതോ, അതിൽ ശ്രദ്ധിക്കുയാണെങ്കിൽ പ്രൊഫഷണലായി ആ കലാരൂപം കൊണ്ടുപോകാനുള്ള സാധ്യതയുണ്ട്. പക്ഷേ പ്രൊഫഷണൽരംഗത്ത് നൃത്തം കൊണ്ടുപോകുന്നവർക്ക് വേദികൾ ചുരുക്കമാണ്.

കലാഭവൻ മണിയുടെ പിന്തുണ?

ചേട്ടന്റെ സപ്പോർട്ടുംകൊണ്ടു തന്നെയാണ് ഞങ്ങൾ ഇപ്പോൾ പിടിച്ചുനിന്നു പോകുന്നത്. ഞങ്ങളുടെ കുടുംബത്തിൽ വേറെയാർക്കും കല അഭ്യസിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ചേട്ടന്റെ ഭാഗത്തുനിന്നും എല്ലാ പിന്തുണയും എനിക്ക് ലഭിക്കുന്നുണ്ട്.

ശാസ്ത്രീയനൃത്തം തിരഞ്ഞെടുക്കാനുള്ള കാരണം?

ചെറുപ്പം മുതലേ ശാസ്ത്രീയനൃത്തത്തിനോടും സംഗീതത്തിനോടും പ്രിയമുണ്ടായിരുന്നു. അടുത്തവീട്ടിൽ റേഡിയോയിൽനിന്നും പാട്ടുകേൾക്കുമ്പോൾ സ്റ്റെപ്പ് അറിയില്ലെങ്കിൽകൂടി തിമിർത്തു കിടന്നാടും. ശാസ്ത്രീയനൃത്തം പഠിക്കണമെന്ന ഒരാഗ്രഹം മനസിൽ കടന്നുകയറി. ഫീസ് ഒന്നും വാങ്ങാതെയാണ് എന്റെ ഗുരു ആർ.എൽ.വി. ആനന്ദ് എന്നെ പഠിപ്പിച്ചത്. അങ്ങനെ ക്ലാസിക്കൽ ഡാൻസ് പഠിച്ചു. പക്ഷേ ഇന്ന് ക്ലാസിക്കലിലെ 'ക്ലാസ് എന്താണെന്ന് തിരിച്ചറിയാനുള്ള മൂഡിലാണ് ശാസ്ത്രീയനൃത്തത്തെ ആഴത്തിലറിയാൻ ഇപ്പോൾ സാധിക്കുന്നുണ്ട്.

നമ്മുടെ കലാരൂപങ്ങൾ പൗരാണികകഥകളെ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ പുരാണകഥകളുടെ ഇതിവൃത്തങ്ങളും മുദ്രകളുടെ വിനിയോഗങ്ങളും കൂടുതൽ അറിയാനുള്ള ത്വര ഇപ്പോൾ എന്നിൽ വർദ്ധിച്ചിരിക്കുന്നു. ഇതെല്ലാം മനസിലാക്കിയാലേ ഒരു കലാരൂപമെന്തെന്ന് ഒരു കലാകാരന് മനസിലാക്കാൻ പറ്റുകയുള്ളൂ. ഒരു ഭാഷ പഠിക്കണമെങ്കിൽ അക്ഷരങ്ങൾ മാത്രമറിഞ്ഞിരുന്നാൽ പോരല്ലോ. അത് കൂട്ടി വായിക്കാനും അർത്ഥമറിയുകയും ചെയ്യണം. പുരാതനകഥകൾ അറിഞ്ഞാലേ ക്ലാസിക്കൽ നൃത്തവും മനസിലാവുകയുള്ളൂ; അവയെ കൂടുതൽ ഇഷ്ടപ്പെടാനും സാധിക്കുകയുള്ളൂ.

ഇന്നത്തെ യുവജനങ്ങളെ ആകർഷിക്കാൻ ക്ലാസിക്കൽ നൃത്തത്തിൽ എന്തെങ്കിലും മാറ്റങ്ങളാവശ്യമാണോ?

ഒരു കലാരൂപം ഭാവിയിൽ തികച്ചും വ്യത്യസ്തമായ വേറൊരു കലാരൂപമായി തീരുന്ന മാറ്റം വരരുത്. പുതുമകൾ ആവശ്യമാണ്. എന്നാൽ ഒരു കലാരൂപത്തിനു ചേരാത്ത പുതുമകൾ കൊണ്ടുവന്നിട്ടു കാര്യമില്ല. ശാസ്ത്രീയ കലാരൂപമെന്നു പറഞ്ഞാൽ ഒരിക്കലും നശിക്കാത്ത കലാരൂപമെന്നാണർത്ഥം. അടിത്തറയുള്ള കലാരൂപമായതിനാൽ ഈ അടിത്തറയിൽനിന്നുകൊണ്ടുതന്നെ വേണം പ്രവർത്തിക്കാൻ. ഒരു കലാകാരന്റെ കഴിവെന്തെന്നു ചോദിച്ചാൽ, പ്രേക്ഷകരെ മുഷിപ്പിക്കാതെ അവതരിപ്പിക്കാനുള്ളത് ആകർഷകമായി അവതരിപ്പിക്കുക എന്നതാണ്. ലോകവൃത്താനുകരണമാണല്ലോ നാട്യം എന്നു പറയുന്നത്. അപ്പോൾ ലോകത്തിൽ വരുന്ന മാറ്റങ്ങൾ നാട്യത്തിലും പ്രതിഫലിക്കണം.

കേരളത്തിൽ സ്ത്രീകൾ അധികം നൃത്താവതരണരംഗത്ത് ശോഭിക്കാത്തതെന്തുകൊണ്ടാണ്?

വേദികളില്ല എന്നതൊരു കാരണമാണ്. പിന്നെ കേരളത്തിലെ ഒരു കൺസെപ്റ്റ് വച്ചു നോക്കുമ്പോൾ ഒരു ഭാര്യയാകുമ്പോൾ ഉണ്ടാകുന്ന തടസങ്ങൾ ഒരു പരിധിവരെ അവരെ ബാധിക്കുന്നുണ്ട്. പിന്നെ നമ്മുടെ കേരളത്തിൽ മാത്രം കാണാൻ സാധിക്കുന്ന ഒരു ഈഗോ മിക്ക ചില മുതിർന്ന ഗുരുക്കളിലും കലാകാരന്മാരിലുമുള്ളത് ഇവിടെ കഴിവുള്ള കലാകാരന്മാരെ വളർന്നുവരാൻ പ്രോത്സാഹിപ്പിക്കാത്ത രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.

ഗുരുക്കന്മാരുടെ മക്കൾ അല്ലെങ്കിൽ അവർ ആഗ്രഹിക്കുന്ന ശിഷ്യർ മാത്രമേ മുന്നോട്ടു വരാൻ പാടുള്ളൂ എന്ന ഒരു ചൂഷണമനോഭാവം പല നർത്തകരെയും വളർന്നു വികസിക്കാൻ പറ്റാതെയാക്കുന്നുണ്ട്. ഇവർ ഈ സ്വാർത്ഥമനോഭാവം മാറ്റിയാലേ ഒരു തുല്യമായ വേദി എല്ലാവർക്കും ലഭിക്കുകയുള്ളൂ. മറ്റുള്ള സംസ്ഥാനങ്ങളിലെ അദ്ധ്യാപകരെ അപേക്ഷിച്ച് നോക്കുമ്പോൾ ഇവിടെ തളയ്ക്കുന്ന മനോഭാവമാണ് കാണുന്നത്. ഇത് ചൂണ്ടിക്കാണിക്കാതെ വയ്യ. ഇത് മാറണം. ഞാൻ എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്.മോഹനിയാട്ടത്തിനേക്കാൾ സ്‌ത്രെ#െണതയും ലാസ്യവും നിറഞ്ഞ ഒഡിസിയിൽ കേളുചരൺ മാഹാപത്രപോലുള്ള ഗുരുക്കൾ പുരുഷവേഷത്തിൽ തന്നെ രംഗാവതരണം നടത്തിയിരിക്കുമ്പോൾ മോഹിനിയാട്ടവും പുരുഷന്മാർ തീർച്ചയായിട്ടും പുരുഷവേഷത്തിൽ അവതരിപ്പിക്കാവുന്നതാണ്.

കേരളത്തിന്റെ തനതായ നൃത്തരൂപമാണ് മോഹിനിയാട്ടം എന്നിരുന്നാലും ഭരതനാട്യവും കൂച്ചിപ്പുഡിയുമാണല്ലോ? കേരളീയർ അധികവും ഇഷ്ടപ്പെടുന്നത്?

മോഹിനിയാട്ട കച്ചേരിയിലെ ഇതിവൃത്ത സ്വീകാര്യത ഒരു പരിധിവരെ ഇതിന്റെ ഇഴച്ചിലുകൾക്ക് ഇടയായിട്ടുണ്ട്. മറ്റു കലാരൂപങ്ങൾ ഇത്ര ആസ്വാദ്യകരമാകാനുള്ള കാരണം അതിൽ വന്നിരിക്കുന്ന മാറ്റങ്ങളാണ്. തീർച്ചയായിട്ടും ഇന്നു പുഴയൊഴുകിയ സ്ഥലത്തല്ല നാളെ പുഴയൊഴുകുക. ഈ കലാരൂപങ്ങളെല്ലാം പണ്ട് വേറെ രൂപത്തിലായിരിക്കാം അവതരിപ്പിച്ചിരുന്നത്. ഇന്ന് കാണുന്നത് വേറെ രൂപത്തിൽ കലകൾ മാത്രമല്ലല്ലോ ജീവിതശൈലിയും മാറിക്കൊണ്ടിരിക്കുന്നു. ഈയൊരു മാറ്റം മോഹിനിയാട്ടത്തിനും ആവശ്യമാണ്. കേരളീയർ സാമ്പാറുകൂട്ടി ഊണുകഴിക്കും, രസംകൂട്ടും, അവിയൽ, കാളൻ, ഓലൻ, ഇഞ്ചിപുളി, നാരങ്ങ എന്നിങ്ങനെ നിരവധി രുചികൾ അഥവാ രസങ്ങൾ ഇഷ്ടപ്പെടുന്നവരാണ് ഇങ്ങനെയുള്ള കേരളീയവർക്ക് പല രസങ്ങളുള്ള കലകളോടാണ് ഇഷ്ടം കൂടാനുള്ള സാധ്യത. ചേരുവകളെല്ലാം ചേർത്താലെ നമുക്കാസ്വാദനയുണ്ടാവുകയുള്ളൂ.

കടപ്പാട് മംഗളം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP