Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഉയരെ' ഉന്നതങ്ങളിൽ തന്നെ; ആസിഡ് ആക്രമണ ഇരയുടെ കഥ പറഞ്ഞ് ഞെട്ടിച്ച് സഞ്ജയും ബോബിയും; നവാഗത സംവിധായകൻ മനു അശോകന് കൈയടിക്കാം; താര ഫാൻസുകാരുടെ ഓരിയിടലിൽ തളരാതെ പാർവതി; അഭിനയം വെച്ചുനോക്കുമ്പോൾ ഇവർ ശരിക്കും ലേഡി സൂപ്പർസ്റ്റാർ തന്നെ; പ്രണയപ്പകമൂലം കാമുകിയെ പച്ചക്ക് കൊളുത്തുന്നവരുള്ള കേരളത്തിൽ ഇത് സാമൂഹിക ക്ഷേമ വകുപ്പ് മൂൻകൈയെടുത്ത് സൗജന്യമായി കാണിക്കേണ്ട ചിത്രം

'ഉയരെ' ഉന്നതങ്ങളിൽ തന്നെ; ആസിഡ് ആക്രമണ ഇരയുടെ കഥ പറഞ്ഞ് ഞെട്ടിച്ച് സഞ്ജയും ബോബിയും; നവാഗത സംവിധായകൻ മനു അശോകന് കൈയടിക്കാം; താര ഫാൻസുകാരുടെ ഓരിയിടലിൽ തളരാതെ പാർവതി; അഭിനയം വെച്ചുനോക്കുമ്പോൾ ഇവർ ശരിക്കും ലേഡി സൂപ്പർസ്റ്റാർ തന്നെ; പ്രണയപ്പകമൂലം കാമുകിയെ പച്ചക്ക് കൊളുത്തുന്നവരുള്ള കേരളത്തിൽ ഇത് സാമൂഹിക ക്ഷേമ വകുപ്പ് മൂൻകൈയെടുത്ത് സൗജന്യമായി കാണിക്കേണ്ട ചിത്രം

എം മാധവദാസ്

വസാനം ആസിഡ് ആക്രമണത്തിലെ ഇരയുടെ കഥയും മലയാളത്തിൽ ചലച്ചിത്രമായി! പാണ്ടിപ്പടങ്ങളെ തോൽപ്പിക്കുന്ന രീതിയിലുള്ള താരാഭാസങ്ങളും, ന്യൂജൻ എന്ന പേരിലുള്ള ഒരേ അച്ചിലുള്ള കഥകളും കേട്ട് ഓക്കാനം വരുന്ന മലയാള സിനിമയിൽ, തീർത്തും വ്യത്യസ്തമായ പ്രമേയവുമായി വന്ന സഞ്ജയ്- ബോബി തിരക്കഥാ ഇരട്ടകളെ സമ്മതിക്കണം. എന്റെ വീട് അപ്പൂന്റേം, നോട്ട്ബുക്ക,് ട്രാഫിക്ക്, അയാളും ഞാനും തമ്മിൽ, മുംബൈ പൊലീസ് തുടങ്ങിയ തീർത്തും വ്യത്യസ്തമായ കഥകളിലൂടെ, മലയാള ചലച്ചിത്ര മേഖലയുടെ അമ്പരിപ്പിക്കുന്ന പ്രതിഭാദാരിദ്ര്യം കുറച്ചൊന്ന് പരിഹരിക്കാൻ ശ്രമിച്ച സഞ്ജയ്ക്കും ബോബിക്കും തന്നെയാണ് 'ഉയരെ' എന്ന കൊച്ചു ചിത്രത്തെ ഹൃദ്യമാക്കിയതിന്റെ ആദ്യ ക്രഡിറ്റ്. 'ട്രാഫിക്കി'ലൂടെ നവതരംഗം മലയാളത്തിൽ കൊണ്ടുവന്ന രാജേഷ് പിള്ളയുടെ ശിഷ്യനായ മനു അശോകൻ എന്ന നവഗാത സംവിധായകൻ, മലയാളത്തിന്റെ പ്രതീക്ഷ കൂടിയാണ്.

പക്ഷേ ഈ പടത്തിലെ യഥാർഥ താരം നടി പാർവതിയാണ്. പാർവതിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു മികച്ച കഥാപാത്രമാണ് ഈ ചിത്രത്തിലെ പല്ലവി. പാതിവെന്തമുഖവുമായി നിറഞ്ഞാടുന്ന പാർവതി അഭിനയം വെച്ചുനോക്കുമ്പോൾ ശരിക്കും ലേഡി സൂപ്പർസ്റ്റാർ തന്നെയാണ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും തൊട്ട് ദിലീപിന്റെ ഫാൻസ്വരെ ആഞ്ഞു കൂവിയിട്ടും, ട്രെയിലറിനും ടീസറിനും കൂട്ടത്തോടെ ഡിസ്ലൈക്ക് ബട്ടണമർത്തിയിട്ടും ഈ പാർവതി ചിത്രം ജനങ്ങൾ ഏറ്റെടുത്തിരിക്കയാണ്. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരാളെ തകർക്കാൻ ചിലർ ഇറങ്ങിത്തിരിച്ചാൽ അതിനു വഴങ്ങുന്നവരല്ല മലയാള ചലച്ചിത്ര പ്രേമികൾ എന്ന് തെളിയിക്കേണ്ടത് അത്യാവശ്യമാണ്. ആ രീതിയിൽ നോക്കുമ്പോൾ ഈ ചിത്രത്തിന്റെ സാമ്പത്തിക വിജയം ഒരു അനിവാര്യതയാണ്. അതുപോലെ തന്നെ അതീവ സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയത്തിലൂടെ, നമ്മുടെ ഉള്ളുപൊള്ളിച്ചുകൊണ്ടാണ് ചിത്രം കടന്നുപോകുന്നത്.

പ്രണയപ്പകമൂലം പ്രണയിനിയെ പച്ചക്ക് കൊളുത്തിയ രണ്ടു സംഭവങ്ങൾ ഈയിടെ മാത്രം ഉണ്ടായ നാടാണ് നമ്മുടെ പ്രബുദ്ധ കേരളം. ഒട്ടും പരിഷ്‌ക്കരിക്കാതെ 'മെയിൽ ഷോവനിസറ്റ് പിഗ്' എന്ന വിളിക്കാവുന്ന അവസ്ഥയിലാണ് ചില മലയാളി ചെറുപ്പക്കാരുടെയെങ്കിലും മസ്തിഷ്‌ക്കങ്ങൾ. അവർ തങ്ങൾക്കും ചുറ്റം കറങ്ങുന്ന ഉപഗ്രഹങ്ങളായിട്ടാണ് പ്രണയിനികളെയും കാണുന്നത്. എന്ത് വസ്ത്രം ധരിക്കണമെന്നും ഹെയർ സ്റ്റൈൽ എങ്ങനെ മാറ്റണമെന്നുമൊക്കെ കാമുകനോട് സമ്മതം വാങ്ങേണ്ട അവസ്ഥ. പ്രണയ നിരാസം എന്നത് അവരിൽ പലർക്കും താങ്ങാൻ കഴിയില്ല.

ഹൈലി അമ്പീഷ്യസായ പെൺകുട്ടികളെ ഹൈലി പൊസസ്സീവായ ആൺകുട്ടികളും തമ്മിലുള്ള ബാഡ് കെമിസ്ട്രിയാണ് ഈ ചിത്രം ചൂണ്ടിക്കാണിക്കുന്നത്. പരസ്പരം ഒരു ബ്രീത്തിങ്ങ് സ്‌പേസ് അനുവദിച്ചു കൊടുത്താലേ ഇരുവർക്കും ഉയരങ്ങളിലേക്ക് പറക്കാൻ സാധിക്കൂ. ഇരുവർക്കും ചിരിച്ചു കൊണ്ടിരിക്കാൻ സാധിക്കൂ. ഈ വിഷയം അതിശക്തമായി പറയുന്ന ചിത്രമാണിത്. അതുകൊണ്ടുതന്നെ കേരളത്തിലെ മുഴുവൻ കാമ്പസുകളിലും സാമൂഹിക ക്ഷേമ വകുപ്പ് മുൻകൈ എടുത്ത് സൗജന്യമായി പ്രദർശിപ്പിക്കേണ്ട ചിത്രമാണിത്. ആയിരം വാക്കുകളേക്കാൾ കരുത്തുള്ളതാണ് ഒരു ദൃശ്യം എന്നാണെല്ലോ പൊതുവെ പറയുക.

ഉയരങ്ങളിൽ പറക്കുന്ന സ്ത്രീകൾ

ഒറ്റവാക്കിൽ പറഞ്ഞാൽ ഉയരങ്ങളിൽ പറക്കാൻ ആഗ്രഹിക്കുന്ന മിടുക്കിയായ ഒരു പെൺകുട്ടിയുടെ കഥയാണ് ഉയരെ. റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ വിമാനത്തിൽ ഡൽഹിയിലേക്ക് പോകുമ്പോഴാണ് പല്ലവി ആദ്യമായി ഒരു വനിതാ പൈലറ്റിനെ പരിചയപ്പെടുന്നതും കോക്പിറ്റ് കാണുന്നതും. അന്നു തുടങ്ങിയ മോഹമാണ് പൈലറ്റാകണമെന്ന്, ഉയരങ്ങളിൽ പറക്കണമെന്ന്. അതിനുള്ള അവളുടെ തുടർച്ചയായ ശ്രമത്തിനൊപ്പമാണ് ആദ്യപകുതി. അതോടൊപ്പം അവർക്കുണ്ട് അങ്ങേയറ്റം അപകർഷതാ ബോധമുള്ളവനും, പൊസസീവും ചില ഘട്ടങ്ങളിൽ സൈക്കോയുമായി തോന്നുന്ന കാമുകൻ ഗോവിന്ദ് ( ചിത്രത്തിൽ ആസിഫലി). സ്‌കൂളിലെ ഒറ്റപ്പെട്ട അവസ്ഥയിൽ നിന്ന് പല്ലവിയെ പിടിച്ചുയർത്തികൊണ്ടുവന്ന മോട്ടിവേറ്ററായിരുന്നു ആദ്യ കാലത്ത് ഗോവിന്ദ്. പക്ഷേ ക്രമേണ അവൾ ഉയരങ്ങളിലേക്ക് നീങ്ങുകയും തനിക്ക് ഒരു നല്ല ജോലി ലഭിക്കാതാവുകയും ചെയ്യുന്നതോടെ ഗോവിന്ദിന് അപകർഷതാ ബോധവും വർധിക്കുന്നു.

പല്ലവി ഏവിയേഷൻ അക്കാദമിയിൽ പഠിക്കാൻ പോവുന്നതോടെ ഗോവിന്ദിന്റെ അസ്വസ്ഥതകൾ വർധിക്കുന്നു. കൂടുതൽ സ്വാർഥനും സംശയാലുവുമാകുകയാണ് അയാൾ. പല്ലവിയാണെങ്കിൽ ഇതിൽ ശ്വാസം മുട്ടുകയുമാണ്. മുടി പിന്നുന്നതിനും പൊട്ടു തൊടുന്നതിനും പോലും ഗോവിന്ദിനോട് സമ്മതം ചോദിക്കേണ്ട അവസ്ഥ. ഒരു ഘട്ടത്തിൽ അവളെ ഫോണിൽ കിട്ടാഞ്ഞതിന് അയാൾ ചെയ്തത് കൈയുടെ ഞരമ്പ് മുറിച്ച് ഫോട്ടോ അവൾക്ക് അയച്ചു കൊടുക്കുകയായിരുന്നു!

സംശയങ്ങളും, മോശം പെരുമാറ്റവും താങ്ങാൻ വയ്യാതായതോടെ ഗോവിന്ദുമായി ബ്രേക്കപ്പ് ആവാൻ പല്ലവി തീരുമാനിക്കുന്നു. അതിന് ഗോവിന്ദിന്റെ പ്രതികാരം ക്രൂരമായിരുന്നു. ആസിഡൊഴിച്ച് അവളുടെ ഒരു മുഖപ്പാതി കരിച്ച് വികൃതമാക്കി അവൻ. പല്ലവിയുടെ എല്ലാ സ്വപ്നങ്ങളും തീർന്നുവെന്ന് കരുതാൻ വരട്ടെ. അവൾ ഉയർത്തെഴുനേൽക്കയാണ്. ആ അതിജീവനത്തിന്റെ കഥയാണ് ഉയരെ.

പ്രണയ പെങ്കിളിത്തത്തിലേക്ക് വീഴാതെ

ഈ പടത്തിന്റെ കൃത്യമായി വിജയം അതുയർത്തുന്ന ശക്തമായ പൊളിറ്റിക്കൽ ഡിസ്‌കോഴ്സുകളാണ്. ആസിഡ് ആക്രമണക്കേസിലെ ഇരകളുടെ കഥ സിനിമയായ ചില ഹിന്ദി ചിത്രങ്ങളെപ്പോലെ ഇത് ഒരിക്കലും പ്രണയ പൈങ്കിളിത്തത്തിലേക്ക് പോവുന്നില്ല. പ്രണയത്തിന്റെ പേരിൽ ചെയ്ത സാഹസം, അവസാനം പൊറുത്തുകൊടുക്കാൻ സർവംസഹയായ സ്ത്രീ ബാധ്യസ്ഥയാണെന്ന, അങ്ങേയറ്റം സ്ത്രീവിരുദ്ധമായ കുലബോധത്തെ പല്ലവി തള്ളിക്കളയുന്നു. തന്റെ മുൻ കാമുകനോട് ഒരിക്കലും ക്ഷമിക്കാൻ അവൾ തയ്യാറാവുന്നില്ലെന്ന് മാത്രമല്ല, നിയമത്തിന്റെ ഏത് അറ്റംവരെയും പോയി അയാൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനും അവൾ തയ്യാറാകുന്നു. ഒരുഘട്ടത്തിൽ അവളെ വിവാഹം കഴിച്ചോളാമെന്ന പ്രതിയുടെ ഓഫർ ജഡ്ജി പറയുന്നത് പല്ലവിയെ രോഷാകുലയാക്കുകയാണ്. റേപ്പിസ്റ്റിനെ വിവാഹം കഴിക്കാൻ പറയുന്ന, ഉത്തരേന്ത്യൻ ഖാപ്പ് പഞ്ചായത്തുകളുടെ മനോഗതിയുള്ള ന്യായാധിപന്മാർ നമ്മുടെ കേരളത്തിലും അപൂർവമായെങ്കിലും ഉണ്ട്. സൂര്യനെല്ലി പെൺകുട്ടിയോട് ഓടി രക്ഷപ്പെട്ടുകൂടാമായിരുന്നോ എന്ന് പറഞ്ഞ് ഒരു വഷളൻ ചിരി ചിരിച്ച ഒരു മജിസ്ട്രേറ്റിനെ ഓർമ്മയില്ലേ. അതെ പല്ലവി എന്തൊക്കെയോ നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. തലച്ചോർ വേണ്ടാത്ത സമകാലീന ചിത്രങ്ങളിൽനിന്ന് കുതറി മാറി അത് എന്തൊക്കെയോ നമ്മെ ചിന്തിപ്പിക്കുന്നുണ്ട്. ഒരു ചലച്ചിത്രത്തിന്റെ വിജയം അവിടെ തന്നെയാണ്.

അടുക്കും ചിട്ടയും വൃത്തിയുമുള്ള സീനുകൾ ഒരുക്കുമ്പോഴും ഒരിക്കലും കഥയെ അതിഭാവുകത്വത്തിലേക്ക് കൊണ്ടുപോവാൻ സഞ്ജയ് ബോബിയും സംവിധായകനും ശ്രമിക്കുന്നില്ല. മറ്റുള്ള ടീമുകൾ ആണെങ്കിൽ കൊമേർഷ്യൽ സാധ്യത കണക്കിലെടുത്ത് വിമാന റാഞ്ചൽ വരെ ഈ ചിത്രത്തിൽ ഇട്ടേനെ. പക്ഷേ അത്തരം ചളങ്ങളിലേക്ക് പോകാതെ തീർത്തും വിശ്വസനീയമായാണ് കഥ മുന്നോട്ടു നീങ്ങുന്നത്. ക്ലൈമാക്സിൽ പോലും അനാവശ്യമായ മെലോഡ്രാമകൾ ചേർത്തിട്ടില്ല. പക്ഷേ ഇത്തരം യഥാകഥന രീതി എത്രകണ്ട് എന്റർടൈന്മെന്റ് മൂല്യമുണ്ട് എന്നതും പ്രശ്നമാണ്. ടൊവീനോയും പാർവതിയും ചേർന്നുള്ള ചില രംഗങ്ങളിൽ മാത്രമാണ് മാസ് ഓഡിയൻസിന് നന്നായി ഇഷ്ടപ്പെടുന്ന ചേരുവകൾ ഉള്ളത്.

ഫാൻസുകാരുടെ ഓരിയടിലിൽ തളരാതെ പാർവതി

സത്യത്തിൽ ഏറ്റവും വലിയ സ്ത്രീവിരുദ്ധരുടെയും അഭിപ്രായ സ്വതന്ത്ര്യ വിരുദ്ധരുടെയും കൂട്ടം എന്നു പറയുന്നത് മലയാള സിനിമയാണെന്ന് തോനുന്നു. നടിയെ ആക്രമിച്ച കേസും, wccയുടെ രൂപവത്ക്കരണവും, തുടർന്ന് ചലച്ചിത്ര ലോകത്ത് നില നിൽക്കുന്ന സ്ത്രീവിരുദ്ധതയെയും പരസ്യമായി ചോദ്യം ചെയ്തതിനും ഒക്കെയായി, താരങ്ങളുടെ 'ഫാനരന്മാർ' വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു പാർവതി എന്ന നടിയെ. പക്ഷേ ഈ ചിത്രത്തിലെ അഭിനയത്തിലൂടെയും അവർ ഒരിക്കൽകൂടി തെളിയിച്ചിരിക്കയാണ്, മലയാളത്തിലെ അവലൈബിൾ നമ്പർ വൺ നടി ഇപ്പോഴും താൻ തന്നെയാണെന്ന്. ആസിഡ് ആക്രമണത്തിന്റെ തീപ്പാതിയുള്ള മുഖവുമായി പാർവതിയുടെ ടൈമിങ്ങും മോഡുലേഷനും അതിശയിപ്പിക്കുന്നതാണ്. ഈ വേഷത്തിലേക്ക് മറ്റൊരു നടിയെ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല എന്നിടത്താണ് പാർവതിയുടെ വിജയം. എന്നിട്ടും നോക്കു... ഇത്രയും കാലിബറുള്ള ഒരു നടിക്ക് മലയാള സിനിമയിൽ വേഷങ്ങളില്ല. കാരണം എന്താണെന്ന് എല്ലാവർക്കും അറിയാം. ഫാസിസം ഫാസിസം എന്നു പറയുന്നത് ഇതൊക്കെയാണ്. കഴിവുണ്ടായിട്ടും അഭിപ്രായം പറഞ്ഞതിന്റെ പേരിൽ മാത്രം അവസരങ്ങൾ കുറയുന്നത് എന്തൊരു ഭീകരാവസ്ഥയാണ്!

പ്രതിനായക സ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച ആസിഫ് അലിയും തന്റെ പരമ്പരാഗത ഇമേജ് ബ്രേക്ക് ചെയ്യുകയാണ്. ടിപ്പിക്കൽ പൊസസ്സീവ് വെറുപ്പിക്കൽ മല്ലൂ യങ്ങ്സ്റ്ററായി വേഷമിടുന്ന ആസിഫ് തന്റെ യുവതാരമെന്ന ഇമേജിനൊന്നും യാതൊരു പ്രാധാന്യവും കൊടുക്കാതെയാണ് ഈ വേഷം ചെയ്തത്. അതിവേഗം കുതിച്ചുയരുന്ന കരിയറാണ് ടൊവീനോ തോമസ് എന്ന യുവ നടന്റെത്. എവിടെയൊക്കെ ടൊവീനൊയെ കാണുന്നോ, അവിടെയൊക്കെ ചിത്രത്തിന് മൊത്തത്തിൽ ഒരു പ്രസരിപ്പ് ഫീൽ ചെയ്യുന്നുണ്ട്. ഒരു നവാഗത സംവിധായകന്റെ കൈവിറയലുകൾ അശേഷമില്ലാതെ മനു അശാകൻ ഉയരെ മികച്ച രീതിയിൽ സംവിധാനം ചെയ്തിരിക്കുന്നു. ആകാശ ദൃശ്യങ്ങളുടെ ക്രിസ്റ്റൽ ക്ലാരിറ്റിയും വിന്യാസ ഭംഗിയും കണ്ടാൽ പല ഷോട്ടുകളും ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്നു. മുകേഷ് മുരളീധരന്റെ ഛായാഗ്രഹണവും ഉയരത്തിൽ തന്നെ. ഗോപീസുന്ദറിന്റെ ഗാനങ്ങളും നന്നായിട്ടുണ്ട്. പക്ഷേ ചിത്രം കഴിഞ്ഞ് തീയേറ്റർ വിട്ടിറങ്ങുമ്പോഴും നിങ്ങളുടെ മനസ്സിൽ ഉണ്ടാവുക പാർവതിയുടെ കഥപാത്രം തന്നെയായിരക്കും.

വാൽക്കഷ്ണം: 80കളിലും 90കളിലും അടിക്കടി ഹിറ്റുകളുടെ പരമ്പര തീർത്ത ഗൃഹലക്ഷ്മി പ്രൊഡക്ഷൻസാണ് ഈ കൊച്ചു ചിത്രത്തിന്റെ നിർമ്മാണം. ഒരു വടക്കൻ വീരഗാഥയടക്കമുള്ള മാസ്റ്റർ പീസുകൾ നിർമ്മിച്ച പി.വി.ഗംഗാധരന്റെ മക്കളായ ഷേണുക, ഷെഗ്ന, ഷെർഗ എന്നിവരാണ് നായികാ പ്രാധാന്യമുള്ള ഉയരെ നിർമ്മിച്ചിരിക്കുന്നത്. എന്നിട്ടും ഈ ചിത്രം എന്തുകൊണ്ട് മാർക്കറ്റിങ്ങിൽ പിറകോട്ടുപോയി എന്നത് അമ്പരപ്പിക്കുന്നതാണ്്. പറയത്തക്ക പ്രീ പബ്ലിസ്റ്റിയോ, പോസ്റ്റ് പബ്ലിസിറ്റിയോ ഒന്നും തന്നെ ഈ ചിത്രത്തിന് ഉണ്ടായിട്ടില്ല. ആകെയുള്ളത് നല്ല സിനിമയെ സ്നേഹിക്കുന്നവർ നൽകുന്ന മൗത്ത് പബ്ലിസിറ്റി മാത്രമാണ്. ആധുനിക കാലത്ത് സിനിമ നന്നായിട്ട് യാതൊരുകാര്യവുമില്ലെന്നും അത് കൃത്യമായി മാർക്കറ്റ് ചെയ്യാൻ പഠിക്കണമെന്നും, ഇത്രയും സിനിമാ പരിചയമുള്ള ഗൃഹലക്ഷ്മി ടീമിനെ ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP