Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടക്കെപ്പോഴാ കിളി പോയി ഫഹദിന്റെ ട്രാൻസ്; കൊട്ടിഘോഷിച്ചുവന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണം മാത്രം; ഇത് പലരും പറയാൻ മടിച്ച വിഷയം; ഭക്തിയെ തൊട്ടാൽ പൊള്ളുമല്ലോ; പതിവുപോലെ തകർത്ത് ഫഹദ്; വ്യത്യസ്തമായ നായികാ കഥാപാത്രത്തിലൂടെ നസ്രിയയും ഞെട്ടിച്ചു; സിനിമ എങ്ങനെയുണ്ടെന്ന് വായിച്ചും ചോദിച്ചും അറിയുന്നതിനേക്കാൾ നല്ലത് സിനിമ കണ്ട് മനസിലാക്കുന്നതാവും; ട്രാൻസ് റിവ്യൂ..!

ഇടക്കെപ്പോഴാ കിളി പോയി ഫഹദിന്റെ ട്രാൻസ്; കൊട്ടിഘോഷിച്ചുവന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണം മാത്രം; ഇത് പലരും പറയാൻ മടിച്ച വിഷയം; ഭക്തിയെ തൊട്ടാൽ പൊള്ളുമല്ലോ; പതിവുപോലെ തകർത്ത് ഫഹദ്; വ്യത്യസ്തമായ നായികാ കഥാപാത്രത്തിലൂടെ നസ്രിയയും ഞെട്ടിച്ചു; സിനിമ എങ്ങനെയുണ്ടെന്ന് വായിച്ചും ചോദിച്ചും അറിയുന്നതിനേക്കാൾ നല്ലത് സിനിമ കണ്ട് മനസിലാക്കുന്നതാവും; ട്രാൻസ് റിവ്യൂ..!

പി എസ് സുവർണ്ണ

ങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ഫഹദ് ഫാസിലിന്റെ ട്രാൻസ് എത്തി. ഫഹദിന്റെ മറ്റൊരു വ്യത്യസ്തമായ കഥാപാത്രം, നസ്രിയ -ഫഹദ് താരജോഡികൾ വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു, എന്നിവയാണ് പ്രധാനമായും പ്രേക്ഷകരെ ട്രാൻസെന്ന സിനിമയിലേക്ക് ആകർഷിച്ചത്. അൻവർ റഷീദിന്റെ സംവിധാനത്തിലെത്തിയ സിനിമയിൽ ഉടനീളം ഫഹദിന്റെ വൺമാൻ ഷോയാണ്. മാത്രമല്ല വളരെ ഗൗരവമേറിയ ഒരു വിഷയം ചിത്രം കൈകാര്യം ചെയ്യുന്നുമുണ്ട്. നസ്രിയ നസിം, ഗൗതം മേനോൻ, ചെമ്പൻ വിനോദ്, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, വിനായകൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അൻവർ റഷീദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നതും അൻവർ റഷീദ് തന്നെയാണ്. തിരക്കഥ വിൻസെന്റ് വടക്കന്റേതാണ്.

ആകെ മൊത്തത്തിൽ ഒരു സൈക്കോ അന്തരീക്ഷമാണ് ചിത്രത്തിന്. ആ സൈക്കോ അന്തരീക്ഷം നിലനിർത്തിപോരാൻ ഫഹദെന്ന നടൻ നന്നായി തന്നെ കഷ്ടപ്പെട്ടിട്ടുണ്ട്. ഓരോ സെക്കന്റിലും പ്രേക്ഷകരെ കോരിത്തരിപ്പിക്കും വിധമായിരുന്നു ഫഹദിന്റെ അഭിനയം. അഭിനയം എന്ന് പറയാൻ പറ്റില്ല. കാരണം ഫഹദ് ഫാസിൽ എന്ന നടൻ എന്നും തനിക്ക് ലഭിക്കുന്ന കഥാപാത്രത്തിലൂടെ ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് പതിവ്. അത് തന്നെയാണ് ട്രാൻസ് എന്ന സിനിമയിലും ആവർത്തിച്ചിരിക്കുന്നത്. വിജു പ്രസാദെന്ന സാധാരണക്കാരനായ മോട്ടിവേഷണൽ സ്പീക്കറായി എത്തിയ താരം പിന്നീട് വിജുവിൽ നിന്ന് ജോഷ്വാ കാൾട്ടൻ എന്ന പാസ്റ്ററായി മാറുന്നതാണ് കഥയുടെ ഇതിവൃത്തം. വിജുവിൽ നിന്നും ജോഷ്വാ എന്ന പാസ്റ്ററിലേക്കുള്ള ട്രാൻസ്ഫർമേഷനാണ് ട്രാൻസ് എന്ന് വേണമെങ്കിൽ പറയാം. വിജുവിന്റെ ജീവിതത്തിലെ പല ഘട്ടങ്ങൾ.. അവയെല്ലാം വളരെ വൈകാരികമായി തന്നെ ഫഹദ് അഭിനയിച്ചു ഫലിപ്പിച്ചു. മാത്രമല്ല സിനിമയിലെ താരത്തിന്റെ അപ്പിയറൻസും വ്യത്യസ്തമാണ്. സാധാരണക്കാരനായ വിജുവിന്റെ ലുക്കിൽ നിന്നും സുന്ദരനായ ജോഷ്വോയിലേക്കുള്ള ഫഹദിന്റെ മാറ്റമാണ് അത്.

ഫഹദുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത നസ്രിയ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് 'കൂടെ'യെന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയായിരുന്നു. എന്നാൽ ഒരു ഗ്യാപ്പിന് ശേഷം താരം തിരിച്ചെത്തിയപ്പോൾ ഇനി എന്നാണ് ഫഹദ്- നസ്രിയ കോമ്പോയെ ഒന്നിച്ച് സ്‌ക്രീനിൽ കാണാൻ കഴിയുക എന്നതായിരുന്നു പ്രേക്ഷകരുടെ ചോദ്യം. ആ ചോദ്യത്തിനുള്ള ഉത്തരമാണ് ട്രാൻസെന്ന അൻവർ റഷീദ് ചിത്രം. ട്രെയിലറുകളിലും മറ്റും ഇരുവരെയും ഒന്നിച്ച് കണ്ട പ്രേക്ഷകർ വലിയ ആകാംക്ഷയിലായിരുന്നു.

എസ്തർ ലോപസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ സെക്കൻഡ് ഹാഫിലാണ് നസ്രിയയുടെ എൻട്രി. ഫഹദിന്റെ കൂടെയാണ് ഏറെയും സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്തിരിക്കുന്നത്. മൊത്തത്തിൽ അപ്പിയറൻസിലും ക്യാരക്ടറിലും ചെയിഞ്ചുമായിട്ടാണ് എന്തായാലും നസ്രിയ എത്തിയിരിക്കുന്നത്. എന്തെന്നാൽ ഇതുവരെയും നസ്രിയ കൈകാര്യം ചെയ്യാത്ത തരം കഥാപാത്രത്തെയാണ് ട്രാൻസിൽ കൈകാര്യം ചെയ്തിരിക്കുന്നത്. എന്തായാലും നസ്രിയയുടെ പുതിയ ലുക്കിലുള്ള എൻട്രി മോശമായില്ല. എങ്കിൽ പോലും നസ്രിയയ്ക്ക് സിനിമയിൽ കാര്യമായി ഒന്നും തന്നെ ചെയ്യാനില്ല.

നസ്രിയ -ഫഹദ് കോമ്പോ വീണ്ടും സ്‌ക്രീനിൽ ഒന്നിച്ചെത്തുമ്പോൾ ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങൾ പ്രതീക്ഷിച്ചവരും ഉണ്ടായേക്കാം. എന്നാൽ റൊമാൻസിന് യാതൊരു പ്രാധാന്യവും കൊടുക്കാത്ത ചിത്രമാണ് ട്രാൻസ്. മനുഷ്യ മനസുകളിലൂടെ, അവർ അനുഭവിക്കുന്ന സംഘർഷങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ. ഇന്ന് എവിടെയും എളുപ്പം കിട്ടാവുന്ന ഒന്നായി മാറിയിരിക്കുന്ന ഒന്നാണ് മോട്ടിവേഷണൽ ക്ലാസുകൾ. എന്നാൽ ഇത്തരം മോട്ടിവേഷണൽ സ്പീക്കേർസ് യഥാർത്ഥ ജീവിതത്തിൽ സക്‌സസ് ആണോ എന്ന് ചിത്രം പറയാതെ പറയുന്നുണ്ട്.

ഇനി ചിത്രത്തിൽ എടുത്ത് പറയേണ്ട ഒന്നാണ് മറ്റ് താരങ്ങളുടെ പെർഫോമെൻസ്. തമിഴിലെ പ്രമുഖ സംവിധായകൻ ഗൗതം മേനോനാണ് തന്റെ അഭിനയം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചത്. സിനിമയിൽ നെഗറ്റീവ് റോളിലാണ് താരം എത്തുന്നത്. താരത്തിനൊപ്പം തന്നെ സപ്പോർട്ടിങ്ങ് നെഗറ്റീവ് റോളുമായി എത്തുന്നത് ചെമ്പൻ വിനോദും, ദിലീഷ് പോത്തനുമാണ്. മൂന്നുപേരുടെയും അഭിനയം മികച്ച് നിൽക്കുന്നു. എങ്കിലും പ്രേക്ഷകരെ ഞെട്ടിച്ചത് ഗൗതം മേനോനാണ്. കൈയടിച്ചാണ് ഗൗതം മേനോന്റെ എൻട്രിയെ പ്രേക്ഷകർ വരവേറ്റത്. സൗബിനും, ശ്രീനാഥ്് ഭാസിയും, വിനായകനും, ഒറ്റ സീനിൽ മാത്രം വന്നുപോയ ജോജു ജോർജ്, ധർമജൻ ബോൾഗാട്ടി, ശ്രിന്റ എന്നിവരും തങ്ങളുടെ വേഷങ്ങൾ തന്മയത്തത്തോടെ തന്നെ കൈകാര്യം ചെയ്തു.

വിശ്വാസത്തെ വിറ്റ് കാശാക്കുന്ന ഒരുകൂട്ടം ആളുകളിലൂടെയാണ് ചിത്രത്തിന്റെ ഏറെക്കുറെ ഭാഗങ്ങളും സഞ്ചരിക്കുന്നത്. വിശ്വസത്തെ മുൻനിർത്തി ജനങ്ങളെ പറ്റിക്കാൻ വളരെ എളുപ്പമാണെന്നും. അത്തരം ചതിക്കുഴിയിലേക്ക് ജനങ്ങൾ സ്വമേധയാ വന്ന് വീഴുമെന്നും ചിത്രം വരച്ച് കാട്ടുന്നു. വിശ്വാസികളെയും വിശ്വാസത്തെയുമാണ് ചിത്രം ചോദ്യം ചെയ്യുന്നത് എന്ന് പറയാം. ഒരുപക്ഷേ സിനിമയിൽ ഇതുവരെയും ആരും കൈവെക്കാത്ത ഒരു വിഷയത്തെയാണ് അൻവർ റഷീദ് കൈകാര്യം ചെയ്തിരിക്കുന്നത് എന്ന് വേണം പറയാൻ. വിശ്വാസത്തെ വിറ്റ് കാശാക്കുന്ന ബിസിനസ്സ് ലോബികളെ കുറിച്ച് വ്യക്തമായ ഒരു ധാരണ ചിത്രം ഉണ്ടാക്കുന്നുണ്ട്. അതായത് ഭക്തി എന്നത് ഒരുതരം ലഹരിയാണെന്നാണ് ട്രാൻസ് പറയുന്നത്. വെറുതെ അങ്ങ് പറഞ്ഞുപോവുക എന്നല്ല, ഭക്തി വ്യവസായത്തിന് പിന്നിലുള്ള മാഫിയകളെ കുറിച്ചും കോടികളുടെ ബിസിനസുകളെ കുറിച്ചും സിനിമ തുറന്ന് സംസാരിക്കുന്നുണ്ട്. തൊട്ടാൽ പൊള്ളുന്ന വഷയമാണെന്ന് ഓർക്കണേ ഈ ഭക്തി...

ഇതിനോടൊപ്പം തന്നെ എടുത്ത് പറയേണ്ടതാണ് സിനിമയിലെ വിജു എന്ന കഥാപാത്രത്തിന്റെ സ്വകാര്യ ജീവിതവും. സിനിമയുടെ എവിടെയൊക്കെയോ വെച്ച് പ്രേക്ഷകൻ വളരെ ഇമോഷണലാവുന്നുണ്ട്. മാനസികമായി സംഘർഷങ്ങൾ നേരിടുന്ന ഒരാളെ അയാളുടെ ജീവിതത്തെ ഒട്ടും മായം ചേർക്കാതെ പ്രസന്റ് ചെയ്തിരിക്കുന്നു. പല എക്‌സ്ട്രീമിലുള്ള മാനസികാവസ്ഥകളെയും വളരെ മനോഹരമായാണ് ഫഹദ് അവരിപ്പിച്ചിരിക്കുന്നത്. കഥാപാത്രത്തിന് കൊടുക്കേണ്ടതിൽ കൂടുതൽ അഭിനയം കൊടുത്താലും കുറച്ച് കൊടുത്താലും മോശമായി പോകാമായിരുന്ന കഥാപാത്രത്തിനെ ഒട്ടും പോരായ്കൾ വരുത്താതെ അഭിനയിപ്പിച്ചു ഫലിപ്പിച്ചു. ഒരുപക്ഷേ മറ്റൊരു നടനും ഇങ്ങനെ ഒന്ന് സാധ്യമാവില്ല എന്ന് പറയാം. സമീപ കാലങ്ങളിലിറങ്ങിയ ഫഹദ് ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്‌ച്ചവെച്ച ചിത്രമായി മാറുകയാണ് ട്രാൻസ്. അങ്ങനെ മൊത്തത്തിൽ കുറെയേറെ ട്രാൻസ്ഫർമേഷനുകളിലൂടെയാണ് ട്രാൻസെന്ന ചിത്രം സഞ്ചരിക്കുന്നത്.

ഒരു സിനിമയെ മികച്ചതാക്കുന്നത് മികച്ച കഥയോ അഭിനയമോ മാത്രമല്ല മറിച്ച് സാങ്കേതികമായ മറ്റ് വശങ്ങൾ കൂടെ ചേരുമ്പോഴാണ്. എഡിറ്റിങ്ങും, സൗണ്ട് മിക്‌സിങ്ങും, ബാഗ്രൗണ്ട് സ്‌കോറും, ക്യാമറയുമെല്ലാം ഇതിന് പ്രധാന പങ്ക് വഹിക്കുന്നു. ട്രാൻസെന്ന സിനിമ എഡിറ്റിങ്ങിനും ബാഗ്രൗണ്ട് സ്‌കോറിനും ക്യാമറയ്ക്കും വളരെ ഏറെ ഇംപോർട്ടൻസ് കൊടുത്തിട്ടുണ്ട്. സൗണ്ട് ഡിസൈനിംഗിന് വളരെയധികം പ്രാധാന്യമുള്ള ചിത്രമാണ് ട്രാൻസ്. ട്രാൻസിന് വേണ്ടി അത് നിർവഹിച്ചിരിക്കുന്നത് ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്. വിനായക് ശശികുമാർ ഗാനരചന നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സുഷിൻ ശ്യാമും ജാക്‌സൺ വിജയനുമാണ് ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരു രക്ഷയുമില്ല. അമൽ നീരദിന്റെ ക്യാമറ കൂടെയായപ്പോൾ സൂപ്പർ.

സിനിമ കണ്ട് ഇറങ്ങുമ്പോൾ മൊത്തത്തിൽ ഒരു ഡൗട്ടാണ് എന്താണ് സിനിമ കണ്ടിട്ട് തോന്നിയതെന്ന്. മേക്കിങ്ങ് വശങ്ങളെല്ലാം മികച്ച് നിൽക്കുമ്പോൾ തിരക്കഥ ഇടക്കൊക്കെ ഒരു വില്ലനാവുന്നുണ്ട്. എന്തായാലും മോശം ചിത്രമെന്ന് പറയാൻ കഴിയില്ല. സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകർക്ക്. ഫഹദിന്റെ അഭിനയ മികവ് കൊണ്ട് ചിത്രം ഫുൾ എൻഗേജിങ്ങാണ്.. എന്നാലും എവിടെയൊക്കെയോ ഒരു മിസ്സിങ്ങ്. ഇടക്ക് ഒരു കിളിപോയ അവസ്ഥ. അതുകൊണ്ട് തന്നെ സിനിമ കണ്ട് ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങളാണ്. അതിനാൽ സിനിമകണ്ട് തന്നെ സിനിമയെക്കുറിച്ച് വിലയിരുത്തുക. അല്ലെങ്കിൽ വിലയിരുത്തേണ്ടിവരുന്ന ഒരു സിനിമയാണ് ട്രാൻസ്...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP