Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തൊട്ടപ്പൻ എന്ന പറ്റിപ്പ്! വിനായകൻ നായകനായി സോഷ്യൽ മീഡിയയിൽ വലിയ ഹൈപ്പുയർത്തിയ ചിത്രം വെറും പൊള്ള; ഫ്രാൻസിസ് നൊറോണയുടെ ഒന്നാന്തരം കഥ കാടുകയറ്റി കുളമാക്കി സംവിധായകൻ ഷാനവാസ് ബാവക്കുട്ടി; മനോഹരമായ തുടക്കത്തിൽ നിന്ന് ചിത്രം കൂപ്പുകുത്തുന്നത് പതിവ് പ്രതികാര കഥയിലേക്ക്; കമ്മട്ടിപ്പാടത്തുനിന്ന് കരകയറാനാവാതെ വിനായകൻ; സ്ത്രീവിരുദ്ധതയും അരാഷ്ട്രീയവും അന്തർധാരയാവുമ്പോൾ അന്തംവിട്ട് സഹൃദയർ

തൊട്ടപ്പൻ എന്ന പറ്റിപ്പ്! വിനായകൻ നായകനായി സോഷ്യൽ മീഡിയയിൽ വലിയ ഹൈപ്പുയർത്തിയ ചിത്രം വെറും പൊള്ള; ഫ്രാൻസിസ് നൊറോണയുടെ ഒന്നാന്തരം കഥ കാടുകയറ്റി കുളമാക്കി സംവിധായകൻ ഷാനവാസ് ബാവക്കുട്ടി; മനോഹരമായ തുടക്കത്തിൽ നിന്ന് ചിത്രം കൂപ്പുകുത്തുന്നത് പതിവ് പ്രതികാര കഥയിലേക്ക്; കമ്മട്ടിപ്പാടത്തുനിന്ന് കരകയറാനാവാതെ വിനായകൻ; സ്ത്രീവിരുദ്ധതയും അരാഷ്ട്രീയവും അന്തർധാരയാവുമ്പോൾ അന്തംവിട്ട് സഹൃദയർ

എം മാധവദാസ്

 ഇതാണ് ശരിക്കും അത്യുത്തരാധുനിക പോക്കറ്റടി. പാർശ്വവത്കൃതരുടെ രാഷ്ട്രീയം പറയുന്ന ചിത്രമെന്നും, നടൻ വിനായകന്റെ അസാധ്യമായ അഭിനയമുള്ള ചിത്രമെന്നും, നാളിതുവരെയില്ലാത്ത പ്രമേയക്കരുത്ത് പ്രകടിപ്പിക്കുന്നുവെന്നുമൊക്കെ സോഷ്യൽ മീഡിയയിൽ തള്ളിക്കുക. ഇതുകണ്ട് ഓടിക്കൂടുന്ന സിനിമാപ്രേമികൾ, മൾട്ടിപ്ലക്സിലെ പോപ്ക്കോണിന്റെ കാശുപോലും മുതലാവാതെ അമ്പരന്നുപോവുകയാണ്. മലയാള സിനിമയുടെ എല്ലാ നടപ്പുശീലങ്ങൾക്കും വിരുദ്ധമായി നിൽക്കുന്ന ഒറ്റയാൻ വിനായകനെ നായകനാക്കി, ഷാനവാസ് ബാവുക്കുട്ടി ഒരുക്കിയ 'തൊട്ടപ്പൻ' എന്ന ചിത്രം ഒന്നാന്തരം പറ്റിപ്പുതന്നെയാണ്. അടുത്തകാലത്ത് വായിച്ച മികച്ച കഥയായിരുന്നു ഫ്രാൻസിസ് നൊറോണ എഴുതിയ തൊട്ടപ്പൻ. ആ കഥയിലെ മൂന്നോനാലോ കഥാപാത്രങ്ങളെ മാത്രമെടുത്ത് വികസിപ്പിച്ചുകൊണ്ട് ഒരുക്കിയ തൊട്ടപ്പൻ ചലച്ചിത്രം പക്ഷേ ഫലത്തിൽ എങ്ങുമെത്തിയില്ല. 'കിസ്മത്ത്' എന്ന ഒന്നാന്തരം ചിത്രത്തിനുശേഷം ഷാനവാസ് കെ ബാവക്കുട്ടി പ്രതീക്ഷ കാത്തില്ല.

ആരാധകർ തള്ളിവിടുന്നപോലെ ഞെട്ടിപ്പിക്കുന്നതൊന്നുമല്ല നടൻ വിനായകന്റെ ഈ ചിത്രത്തിലെ പ്രകടനം. കമ്മട്ടിപ്പാടത്തിലെ ഗംഗയുടെ ഹാങ്ങോവർ മാറിയിട്ടില്ലാത്ത ഈ കഥാപാത്രത്തെ പക്ഷേ വിനായകൻ മോശമാക്കിയിട്ടില്ലെന്നുമാത്രം. നൊറോണയുടെ കഥയുടെ മിസ്റ്റിസിസവും മാജിക്കും ചിത്രത്തിൽ നിലനിർത്താൻ സംവിധായകന് ആയിട്ടില്ല. രണ്ടാം പകുതിയുടെ പകുതി കഴിയുമ്പോൾ മോശമല്ലാത്ത ബോറടിയും തുടങ്ങുന്നുണ്ട്. പക്ഷേ ഒരു കാര്യത്തിൽ ഷാനവാസിനെ സമ്മതിക്കണം. അതിമനോഹരമായ ഫ്രയിമുകളിലൂടെ കഥപറയാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. പക്ഷേ ഇവിടെ പ്രശ്നം കഥയുടെ എല്ലുറപ്പില്ലായ്ക തന്നെയാണ്. ചെറുകഥാകൃത്ത് കൂടിയായ പി എസ് റഫീഖിന്റെ് തിരക്കഥ ഇവിടെ പറ്റെ പാളിപ്പോയിരിക്കുന്നുവെന്ന് പറയാതെ വയ്യ.

തുടക്കം ഗംഭീരം, പിന്നെ പതിവ് പ്രതികാരകഥ

മികച്ച സാഹിത്യകൃതികൾ സിനിമയാക്കുക എന്നത് സത്യത്തിൽ അങ്ങേയറ്റം പ്രതിഭയുള്ളവർക്ക് മാത്രം പറ്റിയ പണിയാണ്. കാരണം ഒരു കഥാകൃത്ത് തന്റെ തൂലികയിലൂടെ ആവാഹിച്ചെടുക്കുന്ന ആശയ പ്രപഞ്ചം പലപ്പോഴും അതേ ടെമ്പോയിൽ ക്യാമറയിൽ ഒപ്പിയെടുക്കാൻ കഴിയില്ല. ഇവിടെയും കഥ വികസിച്ചപ്പോൾ പണി പാളി. തൊട്ടപ്പൻ എന്ന കഥയിലെ തൊട്ടപ്പനും കുഞ്ഞാടും തമ്മിലുള്ള ബന്ധം, അവർക്കിടയിലെ വൈകാരികതകൾ, അവരുടെ ജീവിതരീതി, അവരുടെ ലോകം എന്നിവയൊക്കെ സിനിമയിൽ ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും കഥയുടെ പൂർണമായ ചലച്ചിത്രാവിഷ്‌കാരമല്ല സിനിമയെന്നാണ് ഷാനവാസ് ബാവക്കുട്ടി മുമ്പ് പറഞ്ഞിരുന്നത്. കഥയിലെ രണ്ടുമൂന്നു കഥാപാത്രങ്ങളെ എടുത്തുകൊണ്ട് കഥയിൽ പറയുന്ന കഥാപരിസരവും കഥാഭൂമികയും നഷ്ടപ്പെടാതെ ഒരു സിനിമയുണ്ടാക്കാനാണ് ഞങ്ങൾ ശ്രമിച്ചതെന്നും അദ്ദേഹം പറയുന്നുണ്ട്.

അതുശരിയുമാണ്. കഥാപരിസരവും, തുടക്കവും നമ്മെ പിടിച്ചിരുത്തുന്ന രീതിയിലാണ്. ഒരു വിഗ്രഹം മോഷ്ടിച്ചുകൊണ്ട് ഓടി വരുന്ന രണ്ടുകള്ളന്മാരിൽനിന്ന് ( ദിലീഷ് പോത്തൻ, വിനായകൻ) തുടങ്ങുന്ന ചിത്രം, ടൈറ്റിൽ കാർഡ് കാണിക്കുന്ന ആദ്യത്തെ എഴുമിനുട്ടുവരെയുള്ള സമയം സൂപ്പറാണ്. എന്നാൽ വിഗ്രഹമോഷണത്തിനുശേഷം ഒന്നാം കള്ളനായ ദിലീഷ് പോത്തനെ കാണാതാവുന്നതും, അയാളുടെ മകളുടെ തൊട്ടപ്പനായി വിനായകന്റെ കള്ളൻ കഥാപാത്രം മാറുന്നതും, പിതാവില്ലാത്ത ആ പെൺകുട്ടിക്ക് അയാൾ എല്ലാമാകുന്നതുമെല്ലാം ഹൃദ്യമായാണ് ഷാനവാസ് ചിത്രീകരിച്ചിരുക്കുന്നത്. അതും കായലും തുരുത്തും വഞ്ചിയും നിലാവുമൊക്കെ സമ്മേളിക്കുന്ന, ചിത്രംവരച്ച പോലുള്ള പ്രകൃതിഭംഗിയുടെ ജുഗൽബന്ദി ഒരുക്കിക്കൊണ്ട്. ഈ സമയത്തൊക്കെ 'ഓസം' എന്ന് വാട്സാപ്പിൽ മെസേജ് അയച്ചവരൊക്കെ, മോശം എന്ന് പച്ചമലയാളത്തിൽ പ്രാകുന്ന രീതിയിലേക്കാണ് പിന്നീടുള്ള കഥ നീങ്ങുന്നത്.

പിന്നീടങ്ങോട്ട് തനി സാധാരണ ചിത്രമാണ്. നാട്ടിൽ പുറത്തെ പെൺ വഴക്കുകൾ. കുളിക്കടവിലെ വർത്തമാനങ്ങൾ, സ്ത്രീവിരുദ്ധ തമാശകൾ, വെള്ളമടി, വേലിചാട്ടം, തല്ല്..കുത്ത്, പ്രതികാരം.... ഇടയിൽ മനോഹരമായ മൂന്ന് പാട്ടുകൾ ഉണ്ടെന്നുമാത്രം. രണ്ടാം പകുതി പകുതിയാവുമ്പോഴൊക്കെ കഥ പഴയ പാട്ട്കാസറ്റ് വലിയുന്ന പോലെ വലിയുകയാണ്. ഇമോഷൻസ് എവിടെയും കൊണ്ടുവരാൻ സംവിധായകന് ആയിട്ടില്ല എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പരാജയം. നെറോണ കഥയിലൂടെ സൃഷ്ടിച്ച വികാര പ്രപഞ്ചം സെല്ലുലോയ്ഡിൽ എത്തിയപ്പോൾ ആവിയായിപ്പോകുന്നു. തൊട്ടപ്പന്റെ മരണരംഗത്തുപോലും, വൈകാരിക മരവിപ്പാണ് പ്രേക്ഷകരിൽ എത്തുന്നത്. പാത്ര സൃഷ്ടിയിലെ വൈകല്യങ്ങളും പലയിടത്തും പ്രകടമാണ്. ഉദാഹരണമായി കളവ് പ്രോൽസാഹിപ്പിക്കുന്ന, മനോജ് കെ ജയൻ അവതരിപ്പിച്ച വികാരിയച്ചൻ, എന്തുകൊണ്ട് അങ്ങനെയായി എന്ന് കൃത്യമായി പ്രേക്ഷകർ കൺവിൻസ് ചെയ്യപ്പെടുന്നില്ല.

മറനീക്കുന്ന അരാഷ്ട്രീയം

ജാതി രാഷ്ട്രീയവും വിജാതീയ പ്രണയവുമൊക്കെ പറഞ്ഞ് കൃത്യമായ ഒരു പൊളിറ്റിക്കൽ മൂവിയായിരുന്നു ഷാനവാസ് ബാവക്കുട്ടിയുടെ ആദ്യ ചിത്രമായ കിസ്മത്ത്. പക്ഷേ പാർശ്വവത്കൃത രാഷ്ട്രീയം പ്രതീക്ഷിച്ച ബാവക്കുട്ടിയുടെ രണ്ടാം ചിത്രം പലയിടത്തും ആഘോഷിക്കുന്നത് അരാഷ്ട്രീയതയും സ്ത്രീവിരുദ്ധതയുമാണ്. ദലിത്- കീഴാളപക്ഷത്ത് നിൽക്കുന്നുവെന്ന പേരിലാണ്, പാർശ്വവത്കൃത സ്വത്വത്തിന്റെ സിനിമാ പ്രതീകമായി അറിയപ്പെടുന്ന വിനായകൻ നായകനായ ഈ ചിത്രം അറിയപ്പെട്ടത്. പക്ഷേ സിനിമയുടെ രാഷ്ട്രീയ 'അന്തർധാര' അങ്ങനെയല്ല. ഇത് സംവിധായകനും കൂട്ടരും അറിഞ്ഞ് ചെയ്താവാനും വഴിയില്ല.

കഥയുടെ മുഖ്യധാരയുമായി യാതൊരു ബന്ധവുമില്ലാത്ത സെ്ക്സ്ജോക്സ് എന്ന ചീപ്പ് ഗണത്തിൽ പെടുത്താവുന്ന 'തമാശ'കളും ചിത്രത്തിലുണ്ട്. തൊട്ടപ്പന്റെ അയൽവാസിയായ ഒരു വീട്ടമ്മയുടെയും അയാളെ പേടിച്ച് കഴിയുന്ന ഭർത്താവിന്റെയും ബന്ധം പറഞ്ഞുകൊണ്ട്. നൈറ്റ് ഡ്യൂട്ടിക്കാരാനായ ഭർത്താവ് ജോലിക്കുപോകുമ്പോൾ ഐസ്ഫാക്ടറിയിൽ ജോലിയുള്ള ജാരൻ അവിടെ പതിവായി വരുന്നെന്ന് ആരോപണമുണ്ട്. സാന്ദർഭികമായി ഈ കോമാളി ഭർത്താവ് ഭാര്യയോട് തുറന്നു പറഞ്ഞുപോവുകയാണ്. 'നീ പേടിക്കേണ്ട. അയാൾ ഉള്ളപ്പോൾ ഞാൻ വരില്ലെന്ന്.' അതുപോലെ ഇവർ തമ്മിലുള്ള ഒരു ലൈംഗിക ബന്ധത്തിന്റെ സാധ്യതകൾ സൃഷ്ടിച്ചുകൊണ്ട്, ട്രൗസറിന്റെ വള്ളിനിക്കറിൽ കുടുങ്ങിയ കയറുകാണിച്ച് വീണ്ടും തമാശിക്കുന്നുണ്ട് സംവിധായകൻ. പാവങ്ങളുടെ ലൈംഗിക ജീവിതത്തിലേക്കുള്ള ഒരുതരം ചീപ്പായ ഒളിച്ചുനോട്ടം, നിലവാരമുള്ളവരെന്ന് പറയുന്ന സംവിധായകരിൽ നിന്ന് ഉണ്ടാകുന്നത് കഷ്ടമാണ്. ഇനിയുള്ള ദിവസങ്ങളിൽ ഈ ഭാഗം എഡിററ് ചെയ്ത് കളയുന്നത് ചിത്രത്തിന് ഗുണം ചെയ്യുമെന്നാണ് ഈ ലേഖകൻ കരുതുന്നത്. ഈ രീതിയിൽ തുരുത്തിൽ ജീവിക്കുന്നവരും, അധ്വാനിക്കുന്നവരുമായ പാവങ്ങളെ സബ്സ്റ്റാൻഡോയി ചിത്രീകരിക്കാനുള്ള പ്രവണത ഈ ചിത്രത്തിൽ ഉടനീളം ഉണ്ട്.

അതുപോലെതന്നെ മലയാളത്തിലെ ന്യൂജൻ സിനിമകൾ കൊണ്ടുവന്ന റിയലിസ്റ്റിക്ക് സ്വഭാവത്തിനോട് നീതി പുലർത്താൻ ഈ പടത്തിന് ആവുന്നില്ല. നിയമവും നീതിയും ഒന്നുമില്ലാത്ത വെറും വെള്ളരിക്കാപ്പട്ടണത്തിലെ തുരുത്തിലാണ് കഥ നടക്കുന്നത് എന്നാണ് നമുക്ക് തോന്നുക. മൂല കഥയിൽ ഇല്ലാതെ വികസിപ്പിച്ചെടുത്ത ചില രംഗങ്ങൾ വല്ലാതെ മുഴച്ചുനിൽക്കുന്നുണ്ട്. വീട്ടിൽ ജോലിക്ക് നിൽക്കുന്ന ഒരു തമിഴ് പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത് ആശുപത്രിയിലാക്കിയിട്ടും ചോദിക്കാനും പറയാനും ആളില്ല. കേസുമില്ല, കൂട്ടവുമില്ല. ആ മുതലാളിയുടെ 'സുന' അറുത്തുകൊണ്ട് തൊട്ടപ്പനും കൂട്ടരും പ്രതികാരം ചെയ്തിട്ടും അന്വേഷണമില്ല. ആർക്കും ആരെയും കൊല്ലാനും പീഡിപ്പിക്കാനും കഴിയുന്ന തീർത്തും അരാഷ്ട്രീയ ഗ്രാമങ്ങൾ! സാധാരണഗതിയിൽ പരാമർശിക്കപ്പെടേണ്ടതല്ല ഇതൊന്നും. പക്ഷേ ഈ വിനായക ചിത്രം പുരോഗമപക്ഷത്ത് നിൽക്കുന്നുവെന്ന് അവകാശപ്പെടുന്നു എന്നതുകൊണ്ട് പറഞ്ഞതേയുള്ളൂ.

കമ്മട്ടിപ്പാടത്തിലെ ഗംഗയുടെ നിഴലിൽ വിനായകൻ

ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റായി ഉയർത്തിക്കാട്ടിയത് നടൻ വിനായകൻ നായകനാവുന്നു എന്നായിരുന്നു. പക്ഷേ അതിവൈകാരിക വീക്ഷണങ്ങളും തള്ളലുകളും ഒഴിവാക്കിയാൽ ഈ പടത്തിൽ വിനായകൻ എന്ന നടന് അഭിമാനിക്കാവുന്ന സംഭാവന ഉണ്ടോയെന്ന് സംശയമാണ്. ഇപ്പോഴും കമ്മട്ടിപ്പാടത്തിലെ ഗംഗൻ എന്ന ഗംഗയുടെ നിഴലിലാണ് ഈ നടൻ. തൊട്ടപ്പനിൽ പലയിടത്തും നമുക്ക് ഗംഗയുടെ പല അവസ്ഥാന്തരങ്ങളും കാണാം. വിനായകൻ എന്ന നടൻ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും ഈ സബാൾട്ടൻ -അംബേദക്കറിസ്റ്റ് പ്രതിച്ഛായയുടെ കഥാപാത്രങ്ങളിൽ നിന്നുള്ള കുതറിച്ചാടലാണ്. എന്നാൽ ഈ കഥാപാത്രത്തെ വിനായകൻ മോശമാക്കിയെന്ന് പറയാനാവില്ല. ഉള്ളത് നിലനിർത്തിയെന്നേയുള്ളൂ. മാത്രമല്ല ഈ പടത്തിൽ വിനായകന് എന്താണ് ഇത്ര നടിക്കാൻ ഉള്ളത് എന്നതും മനസ്സിലാവുന്നില്ല. മികവുറ്റ കഥാ സന്ദർഭങ്ങൾ ഉണ്ടാവുമ്പോൾ അല്ലേ അഭിനേതാവ് തിളങ്ങുകയുള്ളൂ. ഇത് ഏതൊരാൾക്കും ചെയ്യാൻ പറ്റുന്നതുമാണ്.

വിനായകൻ മാത്രമല്ല ചെറുതും വലുതുമായി ഈ ചിത്രത്തിൽ വേഷം ചെയ്ത ദിലീഷ് പോത്തനും, മനോജ് കെ ജയനും, യുവതാരം റോഷന്മാത്യുവും അടക്കം ആരും മോശമായിട്ടില്ല. പുതുമുഖം പ്രിയംവദയും പ്രതീക്ഷ ഉയർത്തുന്നു. ഛായാഗ്രഹണം സുരേഷ് രാജനും സംഗീത വിഭാഗവും അഭിനന്ദനം അർഹിക്കുന്നു.

വാൽക്കഷ്ണം: അതായത് ഈ ചിത്രത്തിന്റെ ക്യാമറ നന്ന്, സംഗീതം നന്ന്, കഥാപാത്രങ്ങളുടെ അഭിനയം നന്ന്. പക്ഷേ സിനിമ 'ആകെ മൊത്തം ടോട്ടലായി നോക്കുമ്പോൾ' നന്നാവുന്നില്ല. ഇത് മലയാളസിനിമ മൊത്തത്തിൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയാണെന്ന് തോനുന്നു.

ഒരു സുന്ദരമായ പ്രമേയത്തെ എങ്ങനെ വികസിപ്പിക്കണമെന്ന് അവർക്ക് അറിയില്ല. കഷ്ടം അല്ലാതെന്ത് പറയാൻ. ഇംഗ്ലീഷ് സിനിമകളും തമിഴ് സിനിമകളും ഒക്കെ ചെയ്യുന്നപോലെ 'സ്‌ക്രിപ്റ്റ് ഡോക്ടർമാർ' എന്ന സർഗാത്മക കൂട്ടായ്മ ഇവിടെയും ശക്തമാക്കേണ്ടിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP