Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരക്കഥയിൽ കൈയടക്കത്തിന്റെ മാന്ത്രികസ്പർശം; 'തൊണ്ടിമുതലും ദൃക് സാക്ഷിയും' കണ്ട ആവേശത്തിൽ തിയേറ്ററിലെത്തുന്നവരെ പിടിച്ചിരുത്തി ചെറിയകഥയിൽ വലിയ കാര്യം പറയുന്ന മികവ്; സജീവ് പാഴൂർ വീണ്ടും വിസ്മയിപ്പിക്കുമ്പോൾ കെട്ടിലും മട്ടിലും പുതുമ സമ്മാനിച്ച് ജി.പ്രജിത്ത്; രണ്ടാം വരവിൽ തനി നാട്ടിൻപുറത്തുകാരിയുടെ റോളിൽ സംവൃതയുടെ കിടിലൻ പെർഫോമൻസ്; 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ' ഒരു ഫീൽ ഗുഡ് സിനിമ

തിരക്കഥയിൽ കൈയടക്കത്തിന്റെ മാന്ത്രികസ്പർശം; 'തൊണ്ടിമുതലും ദൃക് സാക്ഷിയും' കണ്ട ആവേശത്തിൽ തിയേറ്ററിലെത്തുന്നവരെ പിടിച്ചിരുത്തി ചെറിയകഥയിൽ വലിയ കാര്യം പറയുന്ന മികവ്; സജീവ് പാഴൂർ വീണ്ടും വിസ്മയിപ്പിക്കുമ്പോൾ കെട്ടിലും മട്ടിലും പുതുമ സമ്മാനിച്ച് ജി.പ്രജിത്ത്; രണ്ടാം വരവിൽ തനി നാട്ടിൻപുറത്തുകാരിയുടെ റോളിൽ സംവൃതയുടെ കിടിലൻ പെർഫോമൻസ്; 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ' ഒരു ഫീൽ ഗുഡ് സിനിമ

എം എസ് ശംഭു

തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും ശേഷം സജീവ് പാഴുർ തിരക്കഥയുമായി എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് മികച്ച വിജയം സമ്മാനിക്കുന്ന ചിത്രമാണ് 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ'. സജീവ് വീണ്ടുമെത്തുമ്പോൾ ദിലീഷ് പോത്തന് പകരം സംവിധാനം ഒരുക്കിയിരിക്കുന്നത് ജി.പ്രജിത്താണെന്ന പ്രത്യേകത മാത്രമേയുള്ളു. കെട്ടിലും മട്ടിലും കഥയിലും, സന്ദർഭങ്ങളിലുമെല്ലാം തന്നെ തൊണ്ടിമുതലിന്റെ ഇഫക്ട് നിലനിർത്തിയ ചിത്രം ശരാശരി പ്രേക്ഷകന്റെ പ്രതീക്ഷ നിറവേറ്റുന്നു.

ബിജു മേനോൻ, സംവൃത സുനിൽ, അലൻസിയർ, ശ്രീകാന്ത് മുരളി, സുധീഷ കോപ്പ സുധീഷ്, സൈജു കുറുപ്പ്, ഭഗത് മാനുവൽ തുടങ്ങി മലയാളത്തിന്റെ മികച്ച താരനിരയെ ചിത്രത്തിൽ അണിനിരത്തിയിട്ടുണ്ട്. സജീവ് പാഴൂരിന്റെ തിരക്കഥയിലെ സൂഷ്മതയും കഥാസൃഷ്ടിയും അതേ തോതിൽ തന്നെ പ്രേക്ഷകന് സമ്മാനിച്ച ചിത്രമാണ് 'സത്യം പറഞ്ഞാൽ വിശ്വസിക്കുമോ'. അസിസ്റ്റന്റ് ഡയറക്ടറായി നിന്ന് കരിയർ തുടങ്ങിയ ജി. പ്രജിത്തിന്റെ സംവിധാന കരിയറിലെ മികച്ച വിജയം തന്നെയായിരിക്കും ഈ കൊച്ചു ചിത്രം. ജേക്കബിന്റെ സ്വർഗരാജ്യം, ഒരു വടക്കൻ സെൽഫി, തിര, തട്ടത്തിൻ മറയത്ത് എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റായിട്ടുള്ള ജി പ്രജിത്ത് സ്വന്തം ചിത്രവുമായി എത്തുമ്പോൾശൈലിയിലും സംവിധാനത്തിലെ മികവിനും പ്രശംസ അർഹിക്കുന്നത് തന്നെ.

48 മണിക്കൂർ സുനിൽകുമാറെന്ന സുനിയുടെയും സുഹൃത്തുക്കളുടേയും ജീവിതത്തിലൂടെ കടന്നുപോകുന്ന സംഭവവികാസങ്ങളാണ് ഈ സിനിമ. സുനി എന്ന മേസ്തിരിയായി കടന്നെത്തുന്നത് ബിജു മോനോനാണ്. കൂട്ടാളികളായി കറുപ്പായി എന്ന റോളിൽ അലൻസിയർ, സുധീഷ് കോപ്പയുടെ അമ്പിൽ എന്നീ കഥാപാത്രങ്ങൾ സിനിമയിലേക്ക് കടന്നെത്തുന്നു. ഇവരെ കൂടാതെ, സൈജു കുറുപ്പ് , സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാർ, ശ്രുതി ജയൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സാധാരണ നാട്ടിൻ പുറത്തെ കോൺക്രീറ്റ് പണിക്കാരനായ സുനി, സുനിയുടെ ജീവിതവും പണിസ്ഥലവും വീടും വീട്ടുകാരുമെല്ലാം ഒന്നാം പകുതിയിൽ കൂട്ടികൊണ്ടുപോകുമ്പോൾ തനി നാട്ടിൻപുറത്തുകാരി ഭാര്യയായി ഗീത എന്ന റോളിൽ അരങ്ങിലെത്തുന്ന സംവൃതയുടെ പെർഫോമൻസാണ് കൈയടിച്ച് പോകുന്നത്. ഇടവേളയ്ക്ക് ശേഷം സംവൃത തിരിച്ചെത്തുമ്പോൾ പ്രേക്ഷകന് മനസിൽ തട്ടുന്ന റോൾ തന്നെയാണ് ഈ ചിത്രം സമ്മാനിച്ചത്. സാധാരണ കൂലിപ്പണിക്കാരനായ സുനിൽ പണി സൈറ്റിലെ പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിക്കുന്നു. ആദ്യ പകുതിയിൽ തന്നെ സുനിയുടെ ജീവിതരീതികളെല്ലാം കാട്ടിത്തരുന്നുണ്ട്. പണിസൈറ്റിലൈ ഒരു നർമരംഗത്തെ കാണിച്ചുകൊണ്ടാണ് ബിജു മേനോന്റെ കഥാപാത്രത്തിന്റെ തുടക്കം തന്നെ. പിന്നീട് നാട്ടിൻപുറത്തെ കൂലിപ്പണിക്കാരുടെ സ്ഥിരം കാഴ്ചകൾ. ഒത്തുചേർന്നുള്ള മദ്യപാനം. വൈകിട്ട് രണ്ടെണ്ണം അടിക്കാനുള്ള വഴി കണ്ടെത്തൽ അതൊക്കെ തന്നെ. ഇടയ്ക്ക് മരണവീട്ടിലേക്ക് മരണം കൂടാനെന്ന പേരിലെത്തിയിട്ട് അവിടേയും മദ്യപാന സദസൊക്കെ ഒരുക്കുന്നത് കാണാം.

രണ്ടാം വരവിൽ ലക്ഷ്യം പിഴയ്ക്കാതെ സംവൃത

ഒന്നാം പകുതി സുനിയുടെ ധൂർത്തും, മദ്യപാനവും, അടുപ്പ് പുകയാത്ത വീടും ഭാര്യയുടേയും കഷ്ടപ്പാടും എല്ലാം തന്നെ കാണിച്ചുതരുന്നു. സംവൃതയുടെ അസാധാരണമായ പെർഫോമൻസാണ് സിനിമയിൽ എടുത്ത് പറയേണ്ടത്. ഡയമണ്ട് നെക്ലക്സ് ഉൾപ്പടെ ക്യാരക്റ്റർ റോളുകളിൽ തിളങ്ങിയ സംവൃതയ്ക്ക് തീർത്തും വൈകാരിക ഭാവങ്ങൾ സമ്മാനിക്കുന്ന കഥാപാത്രം തന്നെയാണ് ഇത്. രസികനെന്ന ചിത്രത്തിൽ നാട്ടിൻപുറത്തുകാരി റോളിലെത്തി തകർത്ത സംവൃത രണ്ടാം വരവിലും സമാനമായ രീതിയുള്ള ഒരു കഥാപാത്രത്തെ അഭിനയിച്ച് തകർക്കുകയാണ്. സുനിയുടെ ജീവിതത്തിലെ ദുർച്ചെലവുകളും, മദ്യപാനവും മറ്റുള്ളവരിൽ നിന്നുള്ള പരിഹാസവുമെല്ലാം ഏൽക്കേണ്ട രംഗത്തിലും നിസഹായായി മാറുന്ന ഭാര്യയെ പലപ്പോഴും സംവൃതയിൽ പ്രേക്ഷകൻ കണ്ടിരിക്കും.

ഒന്നാം പകുതി പാട്ടും അൽപം കോമഡിയുമൊക്കൊയായി കഥ ഇങ്ങനെ കൊണ്ടുപോകുമ്പോൾ രണ്ടാംപകുതിയിൽ കാമ്പിലേക്ക് വരുന്നു. രണ്ടാം പകുതിയിൽ കടത്തിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നുമെല്ലാം രക്ഷപെടാനുള്ള സുനിയുടെ ശ്രമത്തിനിടയിൽ മദ്യവുമായി കടന്നെത്തുന്ന ഒരു ലോറി അപകടത്തിൽപെടുന്നതും തുടർന്ന് ഇതേ സാഹചര്യത്തിൽ അവിടെയുണ്ടാകുന്ന ഒരു യുവതിയുടെ തിരോധാനവും ഇവരിലേക്ക് നിഴലിക്കുന്ന അന്വേഷണവുമൊക്കെയാണ് ചിത്രം.

കോമഡി ത്രില്ലർ കാറ്റഗറിയിൽപെടുത്തുമ്പോൽ തന്നെ ക്രൈംത്രില്ലർ മൂഡിലേക്കും ചിത്രത്തിന്റെ രണ്ടാം പകുതി എത്തും. ഒന്നാം പകുതി സുനിലിന്റെ ധൂർത്തും അലക്ഷ്യമായ ജീവിതവും സമ്മാനിക്കുമ്പോൾ രണ്ടാം പകുതിയിൽ സുനിലിന്റെ ജീവിത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില സന്ദർഭങ്ങളുമാണ്. മലയാളത്തിലെ റിയലിസ്റ്റിക് സിനിമയുടെ ശ്രേണിയിൽപെടുത്താവുന്ന ചിത്രം എന്നതിനപ്പുറം വലിയ അഭിനയപ്രാധാന്യമുള്ള കഥാപാത്രമോ കഥയോ ആയി കണക്കാക്കാൻ കഴിയില്ല. ബിജു മേനോൻ നായകറോൾ ഉഗ്രനായി അഭിനയിക്കുമ്പോൾ അതിനൊപ്പം നിൽക്കുന്ന അഭിനയമാണ് സംവൃത അടക്കം പലരും കാഴ്ചവയ്ക്കുന്നത്.

അലൻസിയറിന്റെ കറുപ്പായി എന്ന കഥാപാത്രത്തെ എടുത്താൽ ചക്കിക്കൊത്ത ചങ്കരൻ എന്നൊക്കെ പഴമൊഴി പറയും പോലെ സുനിയുടെ ഗ്യാങ്ങിന് പറ്റിയ കൂട്ടാണ്. ജയിലിലുൾപ്പെടുള്ള സീനുകളിൽ അലൻസിയറിന്റെ പെർഫോമൻസ്. തീർത്തും രസികനായി സദാ സമയവും നിറഞ്ഞു നിന്ന സുധീഷ് കോപ്പയുടെ കഥാപാത്രം ഇവയൊക്കെ ജീവാംശം ഉൾക്കൊള്ളുന്ന കഥാപാത്രങ്ങളായി. ഇടയ്ക്ക് മലയാള സിനിമയിലേക്ക് കടന്നെത്തിയ ബംഗാളി റോൾ, ഇവയൊക്കെയാണ് എടുത്ത് പറയാവുന്ന മറ്റ് അഭിനയങ്ങൾ.

ഷെഹനാദ് ജലാലിന്റെ ഛായാഗ്രഹണത്തിലെ മികച്ച ഫ്രെയിമുകൾ, ഹരിനാരായണന്റെ രചനയിലുള്ള ഗാനം എന്നിവ പ്രശംസ അർഹിക്കുന്നു. ഗ്രീൻ ടിവി എന്റർടെയിനർ, ഉർവ്വശി തിയ്യേറ്റേഴ്‌സ് എന്നിവയുടെ ബാനറിൽ രമാദേവി,സന്ദീപ് സേനൻ, അനീഷ് എം തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷെഹനാദ് ജലാൽ ചായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് രഞ്ജൻ എബ്രഹാം എഡിറ്റിങ്ങ് നിർവ്വഹിക്കുന്നു. ഒരു വടക്കൻ സെൽഫിക്ക് വേണ്ടി സംഗീതമൊരുക്കിയ ഷാൻ റഹ്മാൻ തന്നെയാണ് ഇത്തവണയും പ്രജിത്ത് ചിത്രത്തിന് വേണ്ടി പാട്ടുകൾ ഒരുക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP