Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജമാഅത്ത് രാഷ്ട്രീയത്തെ വെള്ളപൂശുന്ന പടമെന്ന് ഒരുകൂട്ടർ; മലബാർ മുസ്ലീങ്ങളെ അപമാനിക്കുന്ന ചിത്രമെന്ന് മറ്റൊരു കൂട്ടർ; സുഡാനിക്കു ശേഷം സക്കറിയ എടുത്ത ചിത്രം ഉയർത്തുന്നത് വിവാദങ്ങൾ; പക്ഷേ ഇത് കലാപരമായി മികച്ച ചിത്രം; ജോജുവും ഇന്ദ്രജിത്തുമൊക്കെ നല്ല ഫോമിൽ; ഗ്രേസ് ആന്റണി മലയാളം കാത്തിരുന്ന നായിക; ഹലാൽ ലൗവ് സറ്റോറി മൗദൂദി സിനിമയോ അതോ മാനവിക സിനിമയോ?

ജമാഅത്ത് രാഷ്ട്രീയത്തെ വെള്ളപൂശുന്ന പടമെന്ന് ഒരുകൂട്ടർ; മലബാർ മുസ്ലീങ്ങളെ അപമാനിക്കുന്ന ചിത്രമെന്ന് മറ്റൊരു കൂട്ടർ; സുഡാനിക്കു ശേഷം സക്കറിയ എടുത്ത ചിത്രം ഉയർത്തുന്നത് വിവാദങ്ങൾ; പക്ഷേ ഇത് കലാപരമായി മികച്ച ചിത്രം; ജോജുവും ഇന്ദ്രജിത്തുമൊക്കെ നല്ല ഫോമിൽ; ഗ്രേസ് ആന്റണി മലയാളം കാത്തിരുന്ന നായിക; ഹലാൽ ലൗവ് സറ്റോറി മൗദൂദി സിനിമയോ അതോ മാനവിക സിനിമയോ?

എം മാധവദാസ്

ടൂരിന്റെ മുഖാമുഖം എന്ന ചലച്ചിത്രം ഇറങ്ങിയ കാലം. കേരളത്തിൽ ഇടതുപക്ഷ നിരൂപകർ ഉറഞ്ഞുതുള്ളിയത് ഇത് അങ്ങേയറ്റം കമ്യൂണിസ്റ്റ് വിരുദ്ധ ചിത്രമാണെന്നാണ്. എന്നാൽ ചിത്രത്തിന് ജർമ്മനിയിലെ ഒരു ഫെസ്റ്റിവലിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടത്, ഇത് കമ്യൂണസത്തെ അനുകൂലിക്കുന്ന സിനിമയാണെന്ന് പറഞ്ഞുകൊണ്ടാണ്. കാരണം പാർട്ടിക്കപ്പുറത്ത് നല്ല കമ്യൂണിസം ഉണ്ടാകണം എന്ന ആശയമാണ് അത് മുന്നോട്ടുവെക്കുന്നതെന്നും, ചിത്രം കണ്ടാൽ കമ്യുണിസ്റ്റുകാരോട് അനുഭാവമാണ് തോന്നുകയെന്നുമായിരുന്നു പാശ്ചാത്യ നിരൂപകരുടെ വിലയുരുത്തൽ. കേരളത്തിൽ അന്ധവിശ്വാസം പരത്തുന്നുവെന്നും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് വളം വെക്കുമെന്നും ആരോപിക്കപ്പെട്ട സിനിമായിരുന്നു ജയരാജിന്റെ 'ദേശാടനം'.

എന്നാൽ വിശ്വാസത്തിന്റെ ചട്ടക്കൂടുകൾ, എങ്ങനെ ഒരു കുട്ടിയുടെ ബാല്യ കൗമാരങ്ങളെ ഇല്ലാതാക്കുന്നു എന്ന് കാണിക്കവഴി, ഈ ചിത്രം തീർത്തും പുരോഗമപരമായ പ്രമേയമാണ് മുന്നോട്ടുവെക്കുന്നത് എന്നാണ് ഒരു വിദേശ ചലച്ചിത്രമേളയിൽ പ്രകീർത്തിക്കപ്പെട്ടത്. ലോഹിതദാസിന്റെ തനിയാവർത്തനം ഇറങ്ങിയ കാലം. ഹിന്ദുക്കൾ മാത്രമുള്ള ഒരു വള്ളുവനാടൻ ഗ്രാമത്തിലെ മതബിംബങ്ങൾ എടുത്തുകൊണ്ട് അന്ധവിശ്വാസ പ്രചരണമാണ് ചിത്രം നടത്തുന്നതെന്ന് കമ്യൂണിസ്റ്റുകാരും ഒരു വിഭാഗം യുക്തിവാദികളും വ്യാപകമായി പ്രചാരണം അഴിച്ചു വിട്ടിരുന്നു. തലമുറകളായി പടരുന്നതാണ് മാനസികരോഗം എന്ന പ്രാകൃത അന്ധവിശ്വാസത്തിന്റെപേരിൽ നിരവധിപേരെ കുരുതി കൊടുത്തിട്ടും, ഒന്നും മനസ്സിലാവാതെ വീണ്ടും കൊച്ചുകുട്ടിയെ തെയ്യക്കോലം തൊഴീക്കുന്ന ഷോട്ടിലുടെയാണ് ചിത്രം അവസാനിക്കുന്നത്. ഇതിൽ കൂടുതൽ എങ്ങനെയാണ് ഞാൻ അന്ധവിശ്വാസത്തിനെതിരെ പ്രതികരിക്കേണ്ടത് എന്നായിരുന്നു സാക്ഷാൽ ലോഹിതദാസ് ഒരു അഭിമുഖത്തിൽ ചോദിച്ചത്.

പറഞ്ഞുവന്നത് ചലച്ചിത്രത്തിന്റെ രാഷ്ട്രീയം എന്ന് പറുന്നത് മലയാളിക്ക് അത്രയൊന്നും പിടികിട്ടാത്ത സാധനമാണെന്നതാണ്. നമ്മെ സംബന്ധിച്ച് ഫാസിസം തുലയട്ടെ എന്ന് തെരുവ് നാടക ശൈലിയിൽ വിളിച്ചു പറയാതെയുള്ള,അർഥഗർഭവും പ്രതീകാത്മകവുമായ പ്രതികരണങ്ങൾ എല്ലാം ഫാസിസ്റ്റ് അനുകൂല സിനിമകളാണ്. ഇപ്പോൾ ഈ കോവിഡ് കാലത്തും ഒരു കൊച്ചു സിനിമ സോഷ്യൽ മീഡിയയിൽ വ്യാപകമായി വിമർശിക്കപ്പെടുകയാണ്. അതാണ് ആമസോൺ പ്രൈം വഴി റിലീസ് ചെയ്ത 'ഒരു ഹലാൽ ലവ് സ്റ്റോറി'. സുഡാനി ഫ്രം നൈജീരിയ എന്ന ഒന്നാന്തരം ചിത്രമെടുത്ത് പ്രേക്ഷകരുടെ പ്രിയങ്കരനായ സക്കറിയയുടെ രണ്ടാമത്തെ ചിത്രമാണിത്. സുഡാനിയുടെ അത്രക്ക് ഉയർന്നില്ലെങ്കിലും, ഒട്ടും ബോറിടയില്ലാതെ, ലളിതമായ നർമ്മങ്ങളിലൂടെ, ഒന്നാന്തരം മാനുഷിക ബന്ധങ്ങളിലൂടെ കടന്നുപോകുന്ന ഒരു ചിത്രമാണിത്. ഈ ചിത്രം കാണുന്ന സമയം നിങ്ങൾക്ക് പാഴാകില്ല എന്ന് ഉറപ്പിച്ചു പറയാം.

ഇന്ദ്രജിത്തും, ജോജുവും, ഷറഫുദ്ദീനും, ഗ്രേസ് ആന്റണിയും, പാർവതിയും അടക്കമുള്ള ഒരാളും മോശമാക്കിയില്ല. നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകന്റെ ഭാഗത്തുനിന്ന്നോക്കിയാൽ ഇത് ഒരിക്കലും ഹറാമല്ല ഹലാൽ ആണെന്ന് കാണാം.

ജ്യൂസ് കുടിക്കുന്നതുവരെ ഹറാമാക്കുന്നവർക്ക് കിട്ടിയ പ്രഹരം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ഉയർത്തുന്ന വിമർശനം ഇത് ജമാഅത്തെ ഇസ്ലാമി എന്ന ഇസ്ലാമിക സംഘടനയെ വെള്ളപൂശാൻ എടുത്ത ചിത്രമാണെന്നാണ്. എന്നാൽ തിരിച്ചു പറഞ്ഞുകൂടെ. പലയിടത്തും മതാധിഷ്ഠിതമായ സംഘടനകളെ ആക്ഷേപഹാസ്യമായി ചിത്രം ഉപയോഗിക്കുന്നുണ്ട്. ഇത് കാണുന്ന ഒരു കട്ട ജമാഅത്ത്- സോളിഡാരിറ്റിക്കാരന് ഇത് തങ്ങളെ പരിഹസിക്കാൻ ബോധപുർവം ഉണ്ടാക്കിയതാണെന്നാണ് തോന്നുക. ആ രീതിയിൽ മലബാർ മുസ്ലീങ്ങളെ അപമാനിക്കാൻ എടുത്ത ചിത്രം എന്നൊക്കെയുള്ള പ്രചാരണങ്ങളും ഒരു ഭാഗത്ത് പൊടിപൊടിക്കുന്നുണ്ട്. അതിൽ നിന്നുതന്നെ ചിത്രം പൊളിറ്റിക്കലായി ന്യൂട്രൽ ആണെന്ന് വ്യക്തമാണ്.

ഒന്നാമത് സിനിമയുടെ രാഷ്ട്രീയം എന്ന് പറയുന്നത് അത് ഓരോരുത്തർക്കും ഓരോ രീതിയിലാണ് ഫീൽചെയ്യുക. സിനിമയുടെ ആസ്വാദനംപോലും വ്യക്തിനിഷ്ഠമാണ്. പക്ഷേ ഈ പടത്തെക്കുറിച്ച് മൗദൂദികളെ ന്യായീകരിക്കുന്നുവെന്ന വിമർശനം വ്യാപകമായി വന്നതിനെതുടർന്നാണ് ഇങ്ങനെ എഴുതേണ്ടി തന്നെ വരുന്നത്. ഒറ്റ ചോദ്യത്തിൽനിന്നുതന്നെ ഈ വാദം പൊളിയും. ഈ ചിത്രം കണ്ടാൽ ആർക്കെങ്കിലും ജമാഅത്തെ ഇസ്ലാമിയിൽ ചേരാൻ തോന്നുമോ? വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നു, എവിടെയും വിലക്കുകൾ ഉള്ള, എന്തും ഹറാമാണോ ഹലാൽ ആണോ എന്ന് നോക്കേണ്ടി വരുന്ന, നായിക സ്വന്തം ഭാര്യയായിട്ടുപോലും കെട്ടിപ്പിടിക്കുന്ന ദൃശ്യം ചിത്രീകരിക്കാൻ കഴിയാത്ത, മതസംഘടനാ സങ്കുചിത്വങ്ങൾ അല്ലേ ഈ ചിത്രം വരച്ചുകാട്ടുന്നത്.

ആ രീതിയിൽനോക്കുമ്പോൾ മതമൗലികാവാദികൾക്ക് ഏറ്റ പ്രഹരം കൂടിയാണ് ഈ ചിത്രം. ക്രിസ്ത്യാനികൾ കൂടുതലുള്ള ഒരു ഗ്രാമത്തിന്റെ കഥ പറയുമ്പോൾ അവിടെ കുരിശും കൊന്തയും പള്ളിയും കടന്നുവരുന്നപോലെ, മുസ്ലിം ഭൂരിപക്ഷമുള്ള ഏറനാട്ടിലെ ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ മോസ്‌ക്കും, ഇസ്ലാമിക സംബോധനകളും ഒക്കെ കടന്നുവരുന്നത് സ്വാഭാവികം. അത് എങ്ങനെ വർഗീയമാവും. തങ്ങളുടെ കുറ്റം കൊണ്ടല്ല ഒരാളും ഒരു മതത്തിൽ ജനിക്കുന്നത്. തങ്ങളുടെ സമ്മതത്തോടെയുമല്ല. ജനിച്ച മതത്തിൽ അവർ അങ്ങനെ കാലം കഴിക്കുന്നു. മുസ്ലിം ആയതുകൊണ്ടുമാത്രം ഒരാൾ അപകടകാരിയാവും എന്ന അപകടരമായ കൗണ്ടർ കൾച്ചറിസം സംഘപരിവാർ ഉയർത്തുന്ന കാലത്ത്, ഇത്തരം ചിത്രങ്ങൾ തീർച്ചയായും ഉണ്ടാവേണ്ടതാണ്.

ഇപ്പോഴും സിനിമയെയും സംഗീതത്തെയൊന്നും എല്ലാവിധ മുസ്ലിം സംഘടനകളും പൂർണ്ണമായും അംഗീകരിച്ചിട്ടില്ല. വനിതാ റിപ്പോർട്ടർമാർക്ക് അഭിമുഖം പോലും കൊടുക്കാത്ത മുസ്ലിം 'പണ്ഡിതന്മാർ' ഇപ്പോഴുമുണ്ട്. മുജാഹിദ് ബാലുശ്ശേരിയെയും, നൗഷാദ് ബാഖഫിയെപ്പോലുമുള്ളവർ സംഗീതത്തെ തൊട്ട് ജ്യൂസ് കുടിക്കുന്നതിനെ വരെ ഉൾപ്പെടുത്തി ഹറാം ലിസ്റ്റ് നീട്ടുകയാണ്. ഇത്തരക്കാരുടെ കരണത്തേറ്റ അടിയാണ് ഈ ചിത്രം. ചിത്രത്തിന്റെ ക്ലൈമാക്സ് നോക്കുക. സംഘടന ഇറക്കിയ ഹലാൽ സിനിമ ടീവിയിൽ ഇടങ്കണ്ണിട്ട് കണ്ടുകൊണ്ട് നിസ്‌ക്കരിക്കുന്ന ഒരു കുടുംബത്തിന്റെ ഷോട്ടോടുകൂടിയാണ് പടം അവസാനിക്കുന്നത്. പള്ളിയിൽനിന്ന് ബാങ്കുവിളികേട്ടാൽ പിണറായി വിജയൻപോലും പ്രസംഗം നിർത്തുന്ന കാലത്താണ് ഇതെന്ന് നോക്കണം.

ഇതിൽ കൂടുതൽ എങ്ങനെയാണ് സാമൂഹിക പരിഷ്‌ക്കരണത്തെ സിമ്പോളിക്കായി അവതരിപ്പിക്കുക. എന്നാൽ ആര്യാടൻ ഷൗക്കത്ത് അടക്കമുള്ളവർ ചിത്രീകരിക്കുന്നപോലെ മതപൗരോഹിത്യത്തിനുനേരെ നേരിട്ടുള്ള ഒരു ആക്രമണമല്ല ഈ സിനിമ. ഇന്റ്വലക്ച്ച്വൽ ജിഹാദ് എന്ന് ആക്ഷേപിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ അജണ്ടകൾ എങ്ങനെ കടുന്നുവരുന്നുവെന്നും ഈ ചിത്രം നർമ്മത്തിൽ ചാലിച്ച് കാണിച്ചു തരുന്നുണ്ട്. 'ഞങ്ങൾ മുതലാളിമാർക്ക് എതിരില്ല മുതലാളിത്തത്തിനാണ് എതിരെന്നും ആ 'ത്തം' ആണ് പ്രശനമെന്നും' ചിത്രത്തിൽ ഒരു കഥാപാത്രം പറയുന്നുണ്ട്. അതുപോലെ കൊക്കക്കോള കുടിക്കാനെടുക്കുന്ന സമയത്തൊക്കെ സംവിധായകൻ ഉപയോഗിക്കുന്ന സ്പൂഫുകൾ ലക്ഷ്യ ഭേദിയാണ്.

കുളിർ തെന്നൽ പോലെ ഒരു കൊച്ചു ചിത്രം

രാഷ്ട്രീയം വിട്ട് ചിത്രത്തിന്റെ കണ്ടന്റിലേക്ക് ഇറങ്ങിവന്നാൽ, ഒരു കമേർഷ്യൽ ചലച്ചിത്രം എന്ന നിലയിൽ ഒട്ടും മോശമല്ല ഈ പടം. കഥ നടക്കുന്നത് ഒരു മലപ്പുറം ഗ്രാമത്തിലാണ്. നിഷ്‌കളങ്കരായ കുറേ ഗ്രാമീണർ. കലാ സ്നേഹികളായ ഒരുപറ്റം ചെറുപ്പക്കാർ അവിടെയുണ്ട്. ഒരു ഇസ്ലാമിക പ്രസ്്ഥാനത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവർ ആണവർ. ബുഷിനെതിരെ കോലം കത്തിച്ചും, പ്ലാച്ചിമടയിലെ കൊക്കക്കോളക്കെതിരെ തെരുവ്നാടകം നടത്തിയും 2000ങ്ങളിലെ ക്ഷുഭിത ലോക രാഷ്ട്രീയത്തോടൊപ്പം അവർ സഞ്ചരിക്കുന്നു. മറ്റുമതസ്ഥർക്ക് വളരെ നിസ്സാരമെന്നു തോന്നാവുന്ന പല കാര്യങ്ങളും അവർക്കു ഹറാമാണ്. അവർക്കതിൽ പരാതിയില്ല.

കാരണം കാലാകാലങ്ങളായി ജീവിച്ചു പോരുന്ന ചട്ടക്കൂടുകൾക്കുള്ളിൽ നിൽക്കാനാണ് അവർക്കും താല്പര്യം. അങ്ങനെ നാടകങ്ങളും മറ്റുമായി ജീവിക്കുന്ന സമയത്താണ് അവർക്ക് ഒരു സിനിമയെടുക്കാൻ തോനുന്നത്. എന്നാൽ വലിയ കാൻവാസിൽ സിനിമയെടുക്കാൻ അവർക്ക് ബജറ്റില്ല. അതിനാൽ അവർ ഒരു ഹോം സിനിമ എടുക്കാൻ തീരുമാനിക്കുന്നു. ഫണ്ട് പ്രസ്ഥാനികരിൽനിന്ന് പിടിച്ചെടുക്കും. തൗഫീഖ് (ഷറഫുദീൻ) എന്ന ചെറുപ്പക്കാരനും പണ്ഡിതനായ യുവ പ്രാസ്ഥാനികന്റെ കഥ അവർ അതിനായി തിരഞ്ഞെടുക്കുന്നു. സിനിമ സംവിധാനം ചെയ്യാൻ സിറാജ് (ജോജു ) എന്ന സംവിധായകനെ അവർ തങ്ങളുടെ നാട്ടിലേക്കു കൊണ്ടു വരുന്നു. യഥാർഥ ജീവിതത്തിൽ ദമ്പതികളായ ഷെരീഫും (ഇന്ദ്രജിത്) സുഹ്‌റയും (ഗ്രേസ് ആന്റണിയും) ആ സിനിമയിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. ഹലാൽ ലവ് സ്റ്റോറി അവിടെയാണ് ചൂടുപിടിക്കുന്നത്.

എന്തിലും ഹലാലും ഹറാമും നോക്കി അവർ വലയുകയാണ്. യഥാർഥ ജീവിതത്തിലെ ഭാര്യയെയും ഭർത്താവിനെയും ഈ ചിത്രത്തിലും നായികാ നായകന്മാർ ആക്കുന്നതുതന്നെ ഹറാം ഭീതി മൂലമാണ്. അതായത് മറ്റൊരു പുരുഷനോടൊപ്പം ഒരു സ്ത്രീ അഭിനയിക്കുകയോ. പിന്നീട് അങ്ങോട്ട് സിനിമയ്ക്കുള്ളിലെ സിനിമ എന്ന ആശയത്തെ മുൻ നിർത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അവിടെ ഒരു കൃത്യമായ ജീവിതം കൊണ്ടുവരാൻ സംവിധായകന് കഴിയുന്നുണ്ട്. ഷെരീഫും സുഹറയും ചിത്രീകരത്തിനിടെ തെറ്റുന്നതും, സംവിധായകൻ സിറാജിന്റെ വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളും ഒക്കെ ചിത്രത്തിലൂടെ കടന്നുവരുന്നു. അപ്പോഴും ഹറാം പ്രശ്നങ്ങൾ ഉണ്ട്. ഒരിക്കലും ചേരാത്ത രണ്ടു കാര്യങ്ങൾ തമ്മിൽ ചേരുമ്പോഴുള്ള പൊരുത്തക്കേടുകളുടെ രസകരമായ ആഖ്യാനം പലയിടങ്ങളിലും സിനിമയെ കാഴ്ചക്കാരനിലേക്കു അടുപ്പിക്കും.

ഗ്രേസ് ആന്റണി എന്ന പുതിയ വാഗ്ദാനം

പക്ഷേ ഈ സിനിമയുടെ യഥാർഥ ശക്തി ഇന്ദ്രജിത്തിന്റെ ഭാര്യയായ സുഹറായി വേഷമിട്ട ഗ്രേസ് ആന്റണിയാണ്. ( കുമ്പള്ളങ്ങി നൈറ്റ്സിലെ നമ്മുടെ സൈക്കോ ഷമ്മിയുടെ ഭാര്യയായി വേഷമിട്ട നടി)നല്ല സ്വഭാവ നടിമാർക്ക് കടുത്ത ക്ഷാമമുള്ള ഈ ഇൻഡസ്ട്രയിൽ പുതിയ താരമാകും ഗ്രേസ്. സുഹറയുടെ ഹർഷ സംഘർഷങ്ങളെയും അത്മ നൊമ്പരങ്ങളും അവർ ഭംഗിയാക്കി.

ഈ ചിത്രം കൊണ്ട് ഏറ്റവും കൂടുതൽ ഗുണം ഉണ്ടായതും ഗ്രേസിന് തന്നെയാണ്. മലയാളത്തിൽ ആർക്കും അവഗണിക്കാൻ കഴിയാത്ത നടിയായി അവർ വളർന്നു കഴിഞ്ഞു. പ്രധാന വേഷങ്ങളിൽ എത്തിയ എല്ലാവരും വളരെ മികച്ച രീതിയിൽ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഷറഫുദീൻ, ജോജു, ഇന്ദ്രജിത് തുടങ്ങിയവർ കഥാപാത്രങ്ങളെ മികച്ചതാക്കിയപ്പോൾ, ചെറുതെങ്കിലും പ്രധാന വേഷങ്ങളിൽ എത്തിയ സൗബിൻ, പാർവതി തുടങ്ങിയ താരങ്ങളും സിനിമയുടെ മാറ്റ്കൂട്ടി. ജോജുവിന്റെയും ഇന്ദ്രന്റെയും ആക്ഷനുകൾ മനസ്സിൽനിന്ന് മായില്ല. പ്രത്യേകിച്ച് ഇന്ദ്രജിത്തിന്റെ പിരികം കൊണ്ടുള്ള ചില ആക്ഷനുകൾ. എതാനും സീനുകളിൽ മാത്രംം പ്രത്യക്ഷപ്പെടുന്ന പാർവതി പ്രസരിപ്പിക്കുന്ന ഒരു ഊർജമുണ്ട്. അത് കണ്ടുതന്നെ അറിയണം. മലയാള സിനിമയിൽനിന്ന് പാർവതിയെ മാറ്റിനിർത്തിയാൽ അത് എത്രമാത്രം വലിയ നഷ്ടമാണെന്ന് ഓർത്തുനോക്കുക.

സുഡാനിയിലെ പോലെ, മുഖ്യധാരാ സിനിമകളിൽ സജീവമല്ലാത്ത ഒരു പറ്റം അഭിനേതാക്കൾ ഈ ചിത്രത്തിലുമുണ്ട്. അവർക്കും എന്തൊരു സ്വാഭാവിക എന്ന് നോക്കണം. അതാണ് സംവിധായകന്റെ ബ്രില്ല്യൻസ്. മലപ്പുറം ജീവിതത്തിന്റെ നടു മുറിച്ചുവെച്ചപോലെയുണ്ട്. അജയ് മേനോന്റെ ഛായാഗ്രഹണം സിനിമയുടെ ചാരുത വർധിപ്പിച്ചു. ഷഹബാസ് അമൻ, ബിജിബാൽ എന്നിവർ ചേർന്നൊരുക്കിയ ഗാനങ്ങളും മനോഹരം. മുഹ്സിൻ പരാരി, ആഷിഫ് കക്കോടി എന്നിവർ സക്കറിയയ്‌ക്കൊപ്പം രചനയിൽ പങ്കാളികളാണ്. ആഷിക്ക് അബു അടക്കമുള്ള പ്രമുഖർ നിർമ്മാണ പങ്കാളികളും. അങ്ങനെ ഒരു വലിയ കൂട്ടായ്മയുടെ വിജയം ആണ് ഈ ചിത്രം. വ്യക്തികളുടെ രാഷ്ട്രീവും മുൻ കാലസംഘടനാബന്ധവും നോക്കി, മൂൻവിധികളോടെ സിനിമക്ക് മാർക്കിടുന്നത്, തീർച്ചയായും ഒരു വികല പ്രവണതയാണ്. ആഷിക് അബു കമ്മിയാണ്, മുഹസിൻ പരാരി എസ്ഐഒക്കാരനാണ് തുടങ്ങിയ കമന്റുകൾ കാണുമ്പോൾ പുഛമാണ് തോനുന്നത്.

അവസാനമായി പറയട്ടെ, ചിത്രത്തിൽ 'സലാം ചെല്ലുന്നതും മടുക്കുന്നതും ഒക്കെ കുറച്ച് കൂടിപ്പോയില്ലേ' എന്ന് ഫേസ്‌ബുക്കിൽ ചിലർ എഴുതുന്നതു കണ്ടു. ഇത്തരം മതസംഘടനകളെ അടുത്തറിഞ്ഞവർ എഴുതുന്നത് പക്ഷേ അത് കുറഞ്ഞുപോയി എന്നുമാണ്. എപ്പോഴും സലാം ചൊല്ലിയും എവിടെയും ഹറാമും ഹലാലും നോക്കി ജീവിക്കേണ്ടി വരുന്ന ഒരു ജനതയിലേക്ക്, സിനിമ എന്ന മാധ്യമത്തിലൂടെ ആധുനികതയുടെ വെട്ടം എത്തുമ്പോഴുള്ള പ്രതിസന്ധികൾ എത്ര രസകരമായാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത് എന്ന് ഈ പടം കണ്ടുതന്നെ അറിയുക.

വാൽക്കഷ്ണം: ഇത് സത്യത്തിൽ സലാം കൊടിയത്തൂർ എന്ന കോഴിക്കോട്ടെ ഹോം സിനിമാക്കാരന്റെ കഥയാണെന്നും പലരും ഫേസ്‌ബുക്കിൽ കുറിക്കുന്നുണ്ട്. ഒരു കമന്റ് ഇങ്ങനെ. 'നിലവിലുള്ള എല്ലാ ഫത് വകളെയും വിലക്കുകളെയും ധീരമായി എന്നാൽ വിവേകത്തോടെയും സമചിത്തതയോടെയും വെല്ലുവിളിക്കുകയായിരുന്നു സലാം. സലാമിന് മുസ്ലിം പൊതുധാരയിൽ നിന്ന് വിശിഷ്യാ ജമാഅത്ത് യുവജനങ്ങളിൽ നിന്ന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. പെരുന്നാളിനോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമി നേരിട്ടു തന്നെ മുൻകൈയെടുത്ത് ഒരു ഹോം സിനിമ നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ പെൺ അഭിനയം ചർച്ചാവിഷയമായി.

സക്കരിയ്യയുടെ സിനിമയുടെ സംഭവിക്കുന്നത് പോലെ അമീർ പറഞ്ഞിട്ട് നായകന്റെ ഭാര്യ തന്നെ അഭിനയിക്കുകയായിരുന്നുവെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതിലെ അവസാനത്തിലും ഭർത്താവ് ഭാര്യക്ക് മുത്തം കൊടുക്കുന്ന രംഗം സംഘടന ഇടപെട്ട് ഒഴിവാക്കുകയായിരുന്നുവെന്നും കേട്ടിട്ടുണ്ട്.' ഈ രീതിയിൽ നോക്കുമ്പോൾ കാലത്തിന്റെയും സംസ്‌ക്കാരത്തിന്റെയും മാറ്റം അതി സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന ചിത്രം കൂടിയാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP