Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമിഴിൽ രാക്ഷസൻ പോലെ മലയാളത്തിൽ അഞ്ചാം പാതിരാ; ഇത് പക്കാ സൈക്കോളജിക്കൽ ത്രില്ലർ മൂവി; മിഥുൻ മാനുവലിന്റെ ഉറപ്പുള്ള കഥ ചാക്കോച്ചന് സമ്മാനിച്ചത് കരിയറിൽ രേഖപ്പെടുത്താവുന്ന സിനിമ; മികച്ച സംവിധാനവും ഒന്നാന്തരം ക്യാമറാ വർക്കുമായി പ്രേക്ഷനെ പിടിച്ചിരുത്തുന്നു ചിത്രം; കുറച്ചു സീനിൽ മാത്രം വരുന്ന ഇന്ദ്രൻസ് പോലും ഗംഭീരം; ത്രില്ലർ സിനിമകളെ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി പോയി കാണാവുന്ന അഞ്ചാം പാതിരാ

തമിഴിൽ രാക്ഷസൻ പോലെ മലയാളത്തിൽ അഞ്ചാം പാതിരാ; ഇത് പക്കാ സൈക്കോളജിക്കൽ ത്രില്ലർ മൂവി; മിഥുൻ മാനുവലിന്റെ ഉറപ്പുള്ള കഥ ചാക്കോച്ചന് സമ്മാനിച്ചത് കരിയറിൽ രേഖപ്പെടുത്താവുന്ന സിനിമ; മികച്ച സംവിധാനവും ഒന്നാന്തരം ക്യാമറാ വർക്കുമായി പ്രേക്ഷനെ പിടിച്ചിരുത്തുന്നു ചിത്രം; കുറച്ചു സീനിൽ മാത്രം വരുന്ന ഇന്ദ്രൻസ് പോലും ഗംഭീരം; ത്രില്ലർ സിനിമകളെ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി പോയി കാണാവുന്ന അഞ്ചാം പാതിരാ

പി എസ് സുവർണ്ണ

പൊലീസ് കൺസൾട്ടിങ് ക്രിമിനോളജിസ്റ്റെന്ന അൻവർ ഹുസൈനായി കുഞ്ചാക്കോ ബോബൻ എത്തിയ സിനിമയാണ് അഞ്ചാം പാതിരാ. ഒരു പക്കാ സൈക്കോളജിക്കൽ ത്രില്ലറാണ് ചിത്രം. 2020 ലെ ആദ്യ മലയാളം ഹിറ്റ് മൂവിയെന്ന വിശേഷണം അഞ്ചാം പാതിരായ്ക്ക് സ്വന്തം. ചിത്രത്തിൽ പറയുന്നത് പോലെ ഒരൊറ്റ ലൂപ്‌ഹോൾസും ഇല്ലാതെയുള്ള മേക്കിങ്ങ്. ആട്, ആന്മേരി കലിപ്പിലാണ്, തുടങ്ങിയ കോമഡി ഫീൽഗുഡ് സിനിമകൾ ചെയ്ത മിഥുൻ മാനുവലിൽ നിന്നും ഇത്തരമൊരു ക്രൈംത്രില്ലർ സിനിമ വരുന്നു എന്ന് അറിഞ്ഞപ്പോൾ മുതൽ അത് എങ്ങനെയായിരിക്കുമെന്നും. മിഥുനും ക്രൈംത്രില്ലറും കൂടി ചേരുമ്പോൾ എന്താവും സിനിമയെന്ന് ആലോചിച്ചവരെയുമെല്ലാം ഞെട്ടിച്ചുകൊണ്ടാണ് അഞ്ചാം പാതിരായുടെ വരവ്. ഇന്റെർവെല്ലിൽ വരെ പ്രേക്ഷകർ കൈയടിച്ച് ഇറങ്ങുക എന്ന് പറഞ്ഞാൽ തന്നെ വ്യക്തമാണ് സിനിമയുടെ ക്വാളിറ്റി. മിഥുൻ മാനുവൽ തന്നെ തിരക്കഥയും, സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന സിനിമ നിർമ്മിച്ചിരിക്കുന്നത് ആഷിഖ് ഉസ്മാനാണ്. ഷൈജു ഖാലിദിന്റേതാണ് ഛായാഗ്രഹണം. സിനിമയുടെ ഭൂരിഭാഗങ്ങളും കൊച്ചിയിൽ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഏതൊരു സൈക്കോ ത്രില്ലർ മൂവിയെയും പോലെ ഒരു സീരീസ് കില്ലറിന്റെ സാന്നിധ്യം വ്യക്തമാക്കുകയും, പിന്നീട് കില്ലറിലേക്ക് എത്തുന്നതുമായ രീതിയിൽ തന്നെയുള്ള സിനിമയാണ് ഇതും. എന്നാൽ വ്യത്യസ്തമായ ട്വിസ്റ്റുകളും പ്രേക്ഷകനെ ത്രസിപ്പിക്കാൻ കഴിയുന്ന മറ്റ് എലമെന്റുകളും ചേർത്താണ് ഈ ത്രില്ലർ ചിത്രത്തിന്റെ വരവ്. ഉറപ്പുള്ള കഥയും, നല്ല ഡയറക്ഷനും, ക്യാമറയും, എഡിറ്റിങ്ങും, ഛായാഗ്രഹണവും, കഥ പ്രേക്ഷകനിലേക്ക് ഒട്ടും ആർട്ടിഫിഷ്യലായി തോന്നാതെ അഭിനയിച്ച് എത്തിക്കാൻ കഴിയുന്ന അഭിനേതാക്കളും ഉണ്ടെങ്കിൽ ആ സിനിമ വിജയിച്ചു. അത്തരം സിനിമകൾ പ്രേക്ഷർ സ്വീകരിക്കും. അത് തന്നെയാണ് അഞ്ചാം പാതിരായ്ക്കും സംഭവിച്ചിരിക്കുന്നത്. നേരത്തെ പറഞ്ഞ മികച്ചൊരു സിനിമയ്ക്ക് വേണ്ട എലമെന്റുകളെല്ലാം തന്നെ ഈ ചിത്രത്തിനും ഉണ്ട്.

അൻവർ ഹുസൈൻ എന്ന പ്രധാന കഥാപാത്രമായി എത്തിയ കുഞ്ചാക്കോ ബോബനിൽ നിന്ന് തന്നെ തുടങ്ങാം. ഒരു ചോക്ലേറ്റ് ഹീറോയെന്ന ഇമേജിന് എതിരായുള്ള കഥാപാത്രങ്ങളെയാണ് ഇപ്പോൾ കുറച്ചുനാളായിട്ട് താരം തെരഞ്ഞെടുക്കുന്നത്. അതിന്റെ ഉദാഹരണമാണ് ട്രാഫിക്, ഹൗ ഓൾഡ് ആർ യു, ടേക്ഓഫ്, വൈറസ് എന്നീ സിനിമകൾ. ഈ സിനിമകളിലെല്ലാം മികച്ച പ്രകടനമാണ് താരം കാഴ്‌ച്ചവെച്ചത്. ആ വിശ്വാസത്തിൽ തന്നെയാണ് താരത്തിന്റെ ത്രില്ലർ മൂവി കാണാൻ പ്രേക്ഷകർ എത്തിയത്. ആ വിശ്വാസത്തെ ചാക്കോച്ചൻ നിരാശപ്പെടുത്തിയില്ല. ചാക്കോച്ചന്റെ തകർപ്പൻ പ്രകടനമാണ് തിയേറ്ററിൽ പ്രേക്ഷകർ കണ്ടത്. അമാനുഷിക ശക്തിയൊന്നും കാണിക്കാത്ത ബുദ്ധിക്ക് മുൻഗണന കൊടുക്കുന്ന സിനിമയിൽ തന്റെ വേഷത്തെ താരം നല്ല രീതിയിൽ കൈകാര്യം ചെയ്തു. ചാക്കോച്ചന് പുറമേ ഷറഫുദ്ദീൻ, ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, ഉണ്ണിമായ പ്രസാദ്, രമ്യ നമ്പീശൻ, ജിനു ജോസഫ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു.

സിനിമയിലെ ഓരോ അഭിനേതാവും മികച്ച പ്രകടനമാണ് കാഴ്‌ച്ചവെച്ചിരിക്കുന്നത്. കുറച്ച് സീനിൽ മാത്രമേ ഇന്ദ്രൻസിനെ കാണിക്കുന്നുള്ളെങ്കിലും താരത്തിന്റെ പ്രകടനം ഗംഭീരമാണ്. മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ പ്രേക്ഷകനിൽ ഭയം സൃഷ്ടിക്കുന്നു. കുഞ്ചാക്കോ ബോബന്റെ ഭാര്യയായി എത്തുന്ന രമ്യയ്ക്കും താരതമ്യേന വേഷം കുറവാണ്. എങ്കിൽ പോലും സിനിമ ആവശ്യപ്പെടുന്ന കഥാപാത്രം തന്നെയാണ്. പേരിന് വേണ്ടി തിരികി കയറ്റിയതാണെന്ന് പറയാൻ പറ്റില്ല. ശ്രീനാഥ് ഭാസിയുടെയും ഷറഫുദ്ദീന്റെയും എൻട്രിയാണ് പ്രേക്ഷകർ കൈയടിച്ചും ആർപ്പു വിളിച്ചും വരവേറ്റത്. വളരെ സീരിയസായി മുന്നോട്ട് പോവുന്ന സിനിമയിൽ കുറച്ചെങ്കിലും ഹ്യൂമറസായി തോന്നുന്നത് ശ്രീനാഥ് ഭാസിയുടെ കഥാപാത്രമാണ്. കുറച്ച് നാളുകൾക്ക് ശേഷം ശ്രീനാഥ് ഭാസിക്ക് കിട്ടിയ നല്ലൊരു സിനിമയാണ് അഞ്ചാം പാതിരാ..

ഇനി ഷറഫുദ്ദീന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണെങ്കിൽ.. അത് പറയുകയല്ല നിങ്ങൾ കണ്ട് അറിയുകയാണ് വേണ്ടത്. കാരണം ഇതൊരു ത്രില്ലർ മൂവിയാണല്ലോ.. എന്തായാലും ഇതുവരെയും കണ്ടതിൽ നിന്നും വ്യത്യസ്തമായ പ്രകടനമാണ് ഈ സിനിമയിൽ ഷറഫുദ്ദീൻ കാഴ്‌ച്ചവെച്ചിരിക്കുന്നത്. സീനിയർ പോസീല് ഓഫീസറായ് സിനിമയിൽ ഉടനീളം നിറഞ്ഞ് നിന്ന ഉണ്ണിമായ പ്രസാദും , മറ്റൊരു പൊലീസ് ഓഫീസറായി എത്തിയ ജിനു ജോസഫും തകർത്ത് അഭിനയിച്ചു. തണ്ണീർ മത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ സിനിമകളിൽ മികച്ച അഭിനയം കാഴ്‌ച്ചവെച്ച മാത്യൂ തോമസും ഒരു പ്രധാന വേഷം ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്.

സിനിമയുടെ ലൊക്കേഷനുകളെ കുറിച്ച് പറയുകയാണെങ്കിൽ സിനിമയുടെ ഏറെ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നതുകൊച്ചിയിലാണ്. മാത്രമല്ല സിനിമയുടെ ലൈറ്റിങ് പാറ്റേൺ വ്യത്യസ്തമാണ്. അത് സിനിമ കാണുമ്പോൾ മനസിലാവും. ഏകദേശം സിനിമയുടെ എഴുപത് ശതമാനവും നൈറ്റ് സീക്വൻസുകളാണ്. കൂടാതെ ഒട്ടും തന്നെ ലാഗ് വരുത്താതെ നിഗൂഢതകളെ സിനിമയിൽ ഉടനീളം നിലനിർത്താൻ സിനിമയുടെ എല്ലാ സെറ്റുകൾക്കും സാധിച്ചിട്ടുണ്ട്.

സിനിമയുടെ കഥ കണ്ട് അറിയേണ്ടതാണ്. പകരം ഒന്ന് പറയാം. സിനിമ കണ്ടിറങ്ങിയാൽ കാണേണ്ടിയിരുന്നില്ല എന്ന് തോന്നില്ല. കാരണം മിഥുൻ മാനുവൽ കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ എത്തിയ ഒരു അടിപൊളി ത്രില്ലർ മൂവിയാണ് ഇത്.
സിനിമയുടെ സാങ്കേതിക വശങ്ങൾ നോക്കുമ്പോൾ ഓരോ വശവും പെർഫെക്ട്. ഒരു ത്രില്ലർ സിനിമയ്ക്ക് വേണ്ട ഫോർമുലകൾ കറക്ട് അളവിൽ ഉപയോഗിച്ചിരിക്കുന്നു. ഷൈജു ഖാലിദിന്റെ ക്യാമറയും സൈജു ശ്രീധരന്റെ എഡിറ്റിങ്ങും. പെർഫക്ടാണ്. നീഗൂഡതകളിലേക്കുള്ള ക്യാമറയുടെ സഞ്ചാരം. അങ്ങനെ ഒപ്പിയെടുത്ത രംഗങ്ങളെ വൃത്തിയായി എഡിറ്റ് ചെയ്‌തെടുത്തിരിക്കുന്നു. പ്രേക്ഷകനിൽ ആകാംക്ഷയും ഭയവും നിറക്കുന്ന അതിന്റെ ആക്കം കൂട്ടുന്ന തരത്തിലുള്ള പശ്ചാത്തല സംഗീതം. എല്ലാം കൂടിയായപ്പോൾ സിനിമ പക്കാ ത്രില്ലറായി.

എന്തായാലും തമിഴിലെ രാക്ഷസൻ പോലെ മലയാളത്തിൽ ഒരു അഞ്ചാം പാതിരാ. മലയാളത്തിലെ ത്രില്ലർ വിഭാഗങ്ങളുടെ കൂട്ടത്തിൽ എടുത്ത് വയ്ക്കാവുന്ന സിനിമ. 2020 ൽ നല്ലൊരു മലയാളം സിനിമയ്ക്കായി കാത്തിരിക്കുന്നവർക്ക് തീർച്ചയായും പോയി കാണാവുന്ന അല്ലെങ്കിൽ പോയി കാണേണ്ട സിനിമയാണ് അഞ്ചാം പാതിരാ. ത്രില്ലർ സിനിമകളെ ഇഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്ക സിനിമാ പ്രേമികളും, അവരെ സംബന്ധിച്ചിടത്തോളം തൃപ്തി നൽകുന്ന ത്രില്ലറാണ് ഈ ചിത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP