Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആറന്മുള പൊന്നമ്മയ്ക്കു ശേഷം ജെ സി ഡാനിയേൽ പുസ്‌കാര നിറവിൽ പെൺ മലയാളം; മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018ലെ പുരസ്‌കാരത്തിന്അർഹയായി മലയാളികളുടെ ഷീലാമ്മ; പുരസ്‌കാര സമർപ്പണം അടുത്ത മാസം 27ന് നിശാഗന്ധിയിൽ

ആറന്മുള പൊന്നമ്മയ്ക്കു ശേഷം ജെ സി ഡാനിയേൽ പുസ്‌കാര നിറവിൽ പെൺ മലയാളം; മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018ലെ പുരസ്‌കാരത്തിന്അർഹയായി മലയാളികളുടെ ഷീലാമ്മ; പുരസ്‌കാര സമർപ്പണം അടുത്ത മാസം 27ന് നിശാഗന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേൽ പുരസ്‌കാരം ഇക്കുറി ഷീലയ്ക്ക്. 2018 ലെ ജെ സി ഡാനിയേൽ പുരസ്‌കാരത്തിന് പ്രശസ്ത നടി ഷീലയെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ അറിയിച്ചു. പ്രശസ്ത സംവിധായകൻ കെ എസ് സേതുമാധവൻ ചെയർമാനും നടൻ നെടുമുടി വേണു, തിരക്കഥാകൃത്ത് ജോൺ പോൾ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ,സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

സംസ്ഥാന സർക്കാറിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് ജെ സി ഡാനിയേൽ അവാർഡ്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്ന അവാർഡ് ജൂലൈ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങിൽ സമ്മാനിക്കും. 2016ൽ അടൂർ ഗോപാലകൃഷ്ണനും 2017ൽ ശ്രീകുമാരൻ തമ്പിക്കുമാണ് ജെ.സി ഡാനിയേൽ പുരസ്‌കാരം ലഭിച്ചത്.

ജെ സി ഡാനിയേൽ അവാർഡ്

മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ജെ.സി ഡാനിയേലിന്റെ പേരിലാണ് ഈ പുരസ്‌കാരം മലയാളചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി കേരള സർക്കാരിനു കീഴിലുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് നൽകുന്നത്. സാംസ്‌കാരിക വകുപ്പ് പ്രത്യേകം നിയമിക്കുന്ന ജൂറിയാണ് എല്ലാ വർഷവും പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്. നിർമ്മാതാവും വിതരണക്കാരനുമായ ടി.ഇ വാസുദേവനാണ് പ്രഥമ പുരസ്‌കാരം നേടിയത്.

1997 വരെ സാംസ്‌കാരിക വകുപ്പ് നേരിട്ടാണ് ജേതാവിനെ തിരഞ്ഞെടുത്ത് പുരസ്‌കാരം നൽകിക്കൊണ്ടിരുന്നത്. എന്നാൽ 1998 - ൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി രൂപീകരിക്കുകയും പുരസ്‌കാര നിർണയം അക്കാദമിയുടെ ചുമതലയാക്കി മാറ്റി. 2005 ൽ പുരസ്‌കാരം ലഭിച്ച ആറന്മുള പൊന്നമ്മയാണ് ഇതിന് മുമ്പ് ജെ.സി. ഡാനിയേൽ പുരസ്‌കാരം വനിത.

മലയാളിയുടെ ഷീലാമ്മ

എംജിആർ നായകനായ 'പാശം' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഷീല വെള്ളിത്തിരയിൽ എത്തുന്നത്. 1962ൽ പി ഭാസ്‌കരൻ സംവിധാനം ചെയ്ത 'ഭാഗ്യജാതക'ത്തിലൂടെയാണ് മലയാളത്തിലെ അരങ്ങേറ്റം. തുടർന്നിങ്ങോട്ട് ശക്തരായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഷീല പ്രേക്ഷകമനസ്സുകൾ കീഴടക്കി. മികച്ച നടിക്കുള്ള സംസ്ഥാന സർക്കാറിന്റെ ആദ്യപുരസ്‌കാരം നേടിയത് ഷീലയാണ്.

1969ൽ 'കള്ളിച്ചെല്ലമ്മ' എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാർഡ്. 1971ൽ ഒരു പെണ്ണിന്റെ കഥ, ശരശയ്യ, ഉമ്മാച്ചു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് രണ്ടാം തവണയും മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. 1976ൽ 'അനുഭവം' എന്ന ചിത്രത്തിലെ അഭിനയത്തിന് മൂന്നാം തവണയും ഇതേ അംഗീകാരം ഷീലയെ തേടിയത്തെി. 2004ൽ 'അകലെ' എന്ന ചിത്രത്തിലെ മാർഗരറ്റ് എന്ന കഥാപാത്രം മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്തു. ഇതേ ചിത്രത്തിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള ദേശീയ പുരസ്‌കാരവും ഷീല കരസ്ഥമാക്കിയിരുന്നു.

ഒരു നായക നടനോടൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായികാവേഷം അവതരിപ്പിച്ചതിനുള്ള ഗിന്നസ് ലോക റെക്കോർഡിന് ഉടമയാണ് ഷീല. പ്രേംനസീറിനോടൊപ്പം 130 ഓളം ചിത്രങ്ങളിൽ ഷീല അഭിനയിച്ചിരുന്നു. 1980ൽ സ്ഫോടനം എന്ന ചിത്രത്തോടെ താൽക്കാലികമായി അഭിനയരംഗത്തു നിന്ന് വിടവാങ്ങി. 2003ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'മനസ്സിനക്കരെ' എന്ന ചിത്രത്തിലെ കൊച്ചുത്രേസ്യയായി ശക്തമായ തിരിച്ചുവരവ് നടത്തി. യക്ഷഗാനം, ശിഖരങ്ങൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. മമ്മൂട്ടി നായകനായ 'ഒന്നു ചിരിക്കൂ' എന്ന ചിത്രത്തിന്റെ കഥ ഷീലയുടേതാണ്. 'കുയിലിന്റെ കൂട്' എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP