Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദി ഓസ്‌കർ ഗോസ് ടു..! സംഗീതജ്ഞനായ ഫ്രെഡ്ഢി മെർക്കുറിയായി ജീവിച്ച റമി സയീദ് മാലിക് മികച്ച നടൻ; ദ ഫേവറൈറ്റിലൂടെ മികച്ച നടിയായി ഒലീവിയ കോൾമാൻ; 'റോമ' എന്ന സ്പാനിഷ് ചിത്രത്തിലൂടെ മികച്ച സംവിധായകനായി അൽഫോൻസോ ക്യുറോൺ; മികച്ച ചിത്രമായി തിരഞ്ഞെടുത്തത് 'ഗ്രീൻ ബുക്കിനെ'; പ്രത്യേകതകൾ ഏറെയുള്ള  91ാം ഓസ്‌കാർ പുരസ്‌കാരത്തിൽ വിവാദങ്ങളും

ദി ഓസ്‌കർ ഗോസ് ടു..! സംഗീതജ്ഞനായ ഫ്രെഡ്ഢി മെർക്കുറിയായി ജീവിച്ച റമി സയീദ് മാലിക് മികച്ച നടൻ; ദ ഫേവറൈറ്റിലൂടെ മികച്ച നടിയായി ഒലീവിയ കോൾമാൻ; 'റോമ' എന്ന സ്പാനിഷ് ചിത്രത്തിലൂടെ മികച്ച സംവിധായകനായി അൽഫോൻസോ ക്യുറോൺ; മികച്ച ചിത്രമായി തിരഞ്ഞെടുത്തത് 'ഗ്രീൻ ബുക്കിനെ'; പ്രത്യേകതകൾ ഏറെയുള്ള  91ാം ഓസ്‌കാർ പുരസ്‌കാരത്തിൽ വിവാദങ്ങളും

മറുനാടൻ ഡെസ്‌ക്‌

സിനിമയിലെ ഏറ്റവും പ്രസ്റ്റീജിയസ് അവാർഡുകളിലൊന്നായ ഓസ്‌കാർ പുരസ്‌കാര പ്രഖ്യാപനം ഡോൽബി തിയേറ്ററിൽ പുരോഗമിക്കുന്നു.വിഖ്യാത സംഗീതജ്ഞനായ ഫ്രെഡ്ഢി മെർക്കുറിയുടെ ജീവിതം വരച്ചുകാട്ടിയ ബൊഹീമിയൻ റാപ്‌സഡി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റമി സയീദ് മാലിക് മികച്ച നടനുള്ള ഓസ്‌കർ പുരസ്‌കാരം നേടിയത്. വൈസ് എന്ന ചിത്രത്തിലെ അവിസ്മരണീയമായ അഭിനയത്തിന് ക്രിസ്റ്റ്യൻ ബെയിലിനേയും, എ സ്റ്റാർ ഈസ് ബോൺ എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ്‌ലി കൂപ്പറിനേയും പിന്തള്ളിയാണ് മാലിക് പുരസ്‌കാരം സ്വന്തമാക്കിയത്.

എയ്ഡ്‌സ് ബാധിതനായി 1991ൽ മരിച്ച ബ്രിട്ടീഷ് റോക്ക് സംഗീതജ്ഞൻ ഫ്രെഡ്ഢി മെർക്കുറിയായി മാലിക് ജീവിച്ചു. ടെലിവിഷൻ സീരീസായ മി. റോബോട്ടിലെ മികച്ച പ്രകടനത്തിലൂടെയാണ് മാലിക് ശ്രദ്ധേയനാവുന്നത്.ലിയറ്റ് ആൽഡേഴ്‌സൺ എന്ന ഹാക്കറുടെ വേഷമാണ് അദ്ദേഹം ചെയ്തത്. പുരസ്‌കാര വേദിയിൽ തന്റെ മാതാപിതാക്കളോടാണ് മാലിക് ആദ്യം നന്ദി പറഞ്ഞത്. ഓഡിറ്ററോയത്തിൽ ഉണ്ടായിരുന്ന തന്റെ മാതാവിനോട് 'നിങ്ങളെ ഞാൻ സ്‌നേഹിക്കുന്നു' എന്ന് മാലിക് പറഞ്ഞു. 'ഒരു സ്വവർഗരതിക്കാരനെ കുറിച്ചുള്ള ചിത്രമായിരുന്നു അത്, യാതൊരു വിധത്തിലും കീഴ്‌പ്പെടാതെ ജീവിച്ച ഒരു കുടിയേറ്റക്കാരന്റെ ജീവിതമായിരുന്നു ഈ ചിത്രം,' മാലിക് വേദിയിൽ പറഞ്ഞു.

ഈജിപ്തിൽ നിന്നും കുടിയേറി പാർത്ത മാതാപിതാക്കളുടെ മകനായി ലോസ് ആഞ്ജൽസിലാണ് മാലിക് വളർന്നത്. 1978ലാണ് അദ്ദേഹത്തിന്റെ മാതാപിതാക്കളായ സയീദ് മാലിക്കും നെല്ലി അബ്ദുൽ മാലിക്കും കെയ്‌റോവിൽ നിന്ന് കാലിഫോർണിയയിൽ എത്തിയത്. ഒരു സാധാരണ ടൂർ ഗൈഡ് ആയിരുന്ന മാലിക്കിന്റെ പിതാവിനെ ഒരു അമേരിക്കൻ പൗരനാണ് അമേരിക്കയിൽ എത്താൻ സഹായിച്ചത്. ഇന്ത്യാനയിൽ ഇവാൻസ്വില്ലെ സർവകലാശാലയിലാണ് മാലിക് സിനിമാ പഠനം നടത്തിയത്. ചെറു ചിത്രങ്ങളിലും ടെലിവിഷനിലും സഹനടനായിട്ടായിരുന്നു തുടക്കം.

മികച്ച നടിയായി ഒലീവിയ കോൾമാൻ (ദ ഫേവറൈറ്റ്) എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നടിയെ തേടി പുരസ്‌കാരം എത്തിയത്. ഗ്ലെൻ ക്ലോസ് (ദ വൈഫ്), ലേഡി ഗാഗ (എ സ്റ്റാർ ഈസ് ബോൺ), മെലീസ മകാർത്തി (കാൻ യു എവർ ഫോർഗീവ് മി), എലിറ്റ്സ അപരിഷ്യോ (റോമ) എന്നിവരായിരുന്നു നോമിനേഷനിൽ ഉണ്ടായിരുന്ന മറ്റു താരങ്ങൾ.

ചരിത്രം കുറിച്ച്, അപ്രതീക്ഷിത നേട്ടവുമായി 'ഗ്രീൻ ബുക്ക്'. ഓസ്‌കാർ 2019 ലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി 'ഗ്രീൻ ബുക്ക്'. ഏറെ സാധ്യതകളോടെ നോമിനേഷൻ ലിസ്റ്റിൽ മുന്നിട്ട് നിന്നിരുന്ന 'റോമ'(Roma), 'ബ്ലാക്ക് പാന്തർ'(Black Panther), ബ്ലാക്ക്ലാൻസ്മാൻ(BlacKkKlansman), ബൊഹീമിയൻ റാപ്സോഡി(Bohemian Rhapsody), ദ ഫേവറൈറ്റ്‌സ് (The Favourites), എ സ്റ്റാർ ഈസ് ബോൺ (A Star Is Born), വൈസ് (Vice) എന്നീ ചിത്രങ്ങളെയെല്ലാം പിന്നിലാക്കിയാണ് 'ഗ്രീൻ ബുക്ക്' അഭിമാനകരമായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ക്രിട്ടിക്‌സ് ചോയിസ് അവാർഡും ബാഫ്ത അവാർഡുമൊക്കെ മുൻപു തന്നെ നേടിയ 'റോമ'യായിരുന്നു ഓസ്‌കാർ സാധ്യതയിൽ മുൻപന്തിയിൽ ഉണ്ടായിരുന്നത്.

ഒരുപാട് വിവാദങ്ങൾക്കൊടുവിലാണ് ഓസ്‌കാർ അവാർഡുകൾ പ്രഖ്യാപിക്കപ്പെടുന്നത്. നാല് ഓസ്‌കാർ പുരസ്‌കാരങ്ങൾ ഓഫ് സ്‌ക്രീനിൽ നൽകാം എന്ന അക്കാദമിയുടെ തീരുമാനമായിരുന്നു ഏറ്റവും ഒടുവിൽ വിവാദങ്ങൾക്ക് വഴിവെച്ചത്.മൂന്നു മണിക്കൂറുകൾക്കുള്ളി ഓസ്‌കാർ ബ്രോഡ്കാസ്റ്റിങ് പരിമിതപ്പെടുത്തണം എന്ന പ്ലാനാണ് ഇത്തവണത്തെ ഓസ്‌കാർ നിശയുടെ പ്രത്യേകതകളിൽ ഒന്ന്.

മികച്ച സംവിധായകനുള്ള പുരസ്‌കാരവും 'റോമ'യിലൂടെ അൽഫോൻസോ ക്വോറോൺ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യം മുതൽ ബെസ്റ്റ് ഡയറക്ടർ പുരസ്‌കാരത്തിന് ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന പേരുകളിലൊന്നായിരുന്നു അൽഫോൻസോ ക്വോറോണിന്റെയാണ്. 'റോമ' എന്ന തന്റെ സ്പാനിഷ് ചിത്രത്തിലൂടെ ഗോൾഡൻ ഗ്ലോബ്, ദ ക്രിട്ടിക്‌സ് ചോയിസ് അവാർഡ്, ബാഫ്ത അവാർഡുകൾ അൽഫോൻസോ ക്വോറോൺ കരസ്ഥമാക്കിയിരുന്നു. ക്വോറോണിനെ കൂടാതെ ബെസ്റ്റ് ഡയറക്ടർ കാറ്റഗറിയുടെ നോമിനേഷൻ ലിസ്റ്റിലുണ്ടായിരുന്നത് യോർഗോസ് ലാൻതിമോസ് (The Favourite), സ്‌പൈക്ക് ലീ (BlacKkKlansman), ആദം മാകെ (Vice), പവേൽ പോളികോസ്‌കി (Cold War) എന്നിവരായിരുന്നു. ഓസ്‌കാറിൽ ഇടം നേടിയ ആദ്യ നെറ്റ്ഫ്‌ളിക്‌സ് ചിത്രമെന്ന രീതിയിലും 'റോമ' ചരിത്രം കുറിച്ചിരുന്നു.

91ാമത് അക്കാദമി അവാർഡിൽ നേട്ടം കൊയ്ത് ബ്രയാൻ സിംഗർ സംവിധാനം ചെയ്ത 'ബൊഹീമിയൻ റാപ്സഡി'യും റ്യാൻ കൂഗ്ലർ സംവിധാനം ചെയ്ത സൂപ്പർഹീറോ ചിത്രം 'ബ്ലാക്ക് പാന്തറും'. വസ്ത്രാലങ്കാരത്തിനും പ്രൊഡക്ഷൻ ഡിസൈനിനുമുള്ള പുരസ്‌കാരങ്ങൾ ബ്ലാക്ക് പാന്തർ നേടിയപ്പോൾ സൗണ്ട് എഡിറ്റിങ്, സൗണ്ട് മിക്സിങ്, എഡിറ്റിങ് പുരസ്‌കാരങ്ങൾ ബൊഹീമിയൻ റാപ്സഡി നേടി. അതേസമയം പത്ത് നോമിനേഷനുകൾ നേടിയ അൽഫോൻസോ ക്വറോൺ ചിത്രം 'റോമ' രണ്ട് പുരസ്‌കാരങ്ങളാണ് ഇതുവരെ നേടിയത്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രത്തിനുതന്നെയാണ് മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡും. സംവിധായകൻ ക്വറോൺ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത്.

ബൊഹീമിയൻ റാപ്സഡിയിൽ ബ്രിട്ടീഷ് ഗായകൻ ഫ്രെഡി മെർകുറിയെ അവതരിപ്പിച്ച റമി മാലിക് മികച്ച നടനായപ്പോൾ സഹനടിക്കുള്ള പുരസ്‌കാരം റജീന കിംഗിനാണ്. ഈഫ് ബിൽ സ്ട്രീറ്റ് കുഡ് ടോക്കിലെ അഭിനയമാണ് റജീനയെ അവാർഡിന് അർഹയാക്കിയത്. ഇവരുടെ ആദ്യ ഓസ്‌കറാണിത്. ഗ്രീൻ ബുക്കിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാർഡ് മഹേർഷല അലി നേടി. നേരത്തെ മൂൺലൈറ്റിലെ അഭിനയത്തിന് സഹനടനുള്ള അവാർഡ് നേടിയിട്ടുണ്ട് അദ്ദേഹം.

ഓസ്‌കർ 2019 പുരസ്‌കാര പട്ടിക

നടൻ- റമി മാലിക് (ബൊഹീമിയൻ റാപ്സഡി)

ഗാനം- 'ഷാലോ' (ഫ്രം എ സ്റ്റാർ ഈസ് ബോൺ)

ഒറിജിനൽ സ്‌കോർ- ബ്ലാക്ക് പാന്തർ

അവലംബിത തിരക്കഥ- ബ്ലാക്ക്ക്ലാൻസ്മാൻ

ഒറിജിനൽ സ്‌ക്രീൻപ്ലേ- ഗ്രീൻ ബുക്ക്

ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം- സ്‌കിൻ

വിഷ്വൽ എഫക്ട്സ്- ഫസ്റ്റ് മാൻ

സഹനടി- റെജിന കിങ് (ഈഫ് ബീൽ സ്ട്രീറ്റ് കുഡ് ടാക്ക്)

ഡോക്യുമെന്ററി ഫീച്ചർ- ഫ്രീ സോളോ

മേക്കപ്പ് ആൻഡ് ഹെയർ സ്‌റ്റൈലിങ്- വൈസ്

വസ്ത്രാലങ്കാരം- ബ്ലാക്ക് പാന്തർ

പ്രൊഡക്ഷൻ ഡിസൈൻ- ബ്ലാക്ക് പാന്തർ

സിനിമാറ്റോഗ്രഫി- റോമ (അൽഫോൻസോ ക്വറോൺ)

സൗണ്ട് എഡിറ്റിങ്- ബൊഹീമിയൻ റാപ്സഡി

സൗണ്ട് മിക്സിങ്- ബൊഹീമിയൻ റാപ്സഡി

വിദേശഭാഷാ ചിത്രം- റോമ (മെക്സിക്കോ)

എഡിറ്റിങ്- ബൊഹീമിയൻ റാപ്സഡി

സഹനടൻ- മഹെർഷാല അലി (ഗ്രീൻ ബുക്ക്)

അനിമേറ്റഡ് ഫീച്ചർ- സ്പൈഡർ-മാർ: ഇൻടു ദി സ്പൈഡർ-വേഴ്സ്

അനിമേറ്റഡ് ഷോർട്ട്- ബാവൊ

ഡോക്യുമെന്ററി ഷോർട്ട്- പിരീഡ്. എൻഡ് ഓഫ് സെന്റൻസ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP