Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലയാളികൾ ഇന്ന് ഉത്രാടപ്പാച്ചിലിൽ; മഴയും മാറിനിന്ന് മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ പ്രധാന നഗരങ്ങളില്ലെലാം പൂക്കട മുതൽ പുടവക്കടയിൽ വരെ അനുഭവപ്പെടുന്നത് വൻ തിരക്ക്; പ്രവാസ ലോകവും ഓണത്തിന്റെ ലഹരിയിൽ ഓടുമ്പോൾ ഓണത്തിന് കൈവരുന്നത് ആഗോള ഉത്സവ പ്രതീതി; മാനുഷേരെല്ലാരും ഒന്നുപോലെ എന്ന മാനവ ചിന്ത പാടിയുറപ്പിച്ച് നാളെ തിരുവോണം; സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും

മലയാളികൾ ഇന്ന് ഉത്രാടപ്പാച്ചിലിൽ; മഴയും മാറിനിന്ന് മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ പ്രധാന നഗരങ്ങളില്ലെലാം പൂക്കട മുതൽ പുടവക്കടയിൽ വരെ അനുഭവപ്പെടുന്നത് വൻ തിരക്ക്; പ്രവാസ ലോകവും ഓണത്തിന്റെ ലഹരിയിൽ ഓടുമ്പോൾ ഓണത്തിന് കൈവരുന്നത് ആഗോള ഉത്സവ പ്രതീതി; മാനുഷേരെല്ലാരും ഒന്നുപോലെ എന്ന മാനവ ചിന്ത പാടിയുറപ്പിച്ച് നാളെ തിരുവോണം; സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾ ഉത്രാടപ്പാച്ചിലിൽ. ഇന്ന് ഇരുട്ടിവെളുക്കുന്നത് പെന്നിൻ ചിങ്ങത്തിലെ തിരുവോണ നാളിലേക്ക്. പ്രജാവത്സലനായ മഹാബലിയെ എതിരേൽക്കാൻ കുളിച്ച് കോടിയുടുത്ത് പൂക്കളവും തീർത്ത് മലയാളി തിരുവോണ സദ്യയൊരുക്കുന്ന ദിവസം. തിരുവോണത്തെ അവിസ്മരണീയമാക്കാൻ അവസാനവട്ട ഓട്ടത്തിലാണ് മലയാളികൾ. പച്ചക്കറിക്കടകൾ മുതൽ തുണിക്കടകൾ വരെയുള്ള ഇടങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഓണക്കോടി വാങ്ങുന്നതിനുള്ള തിരക്കാണ് തുണിക്കടകളിൽ ഏറെയും. സ്വർണക്കടകളിലും തിരക്കിന് കുറവില്ല. ഇന്ന് രാത്രി വൈകിയും കടകളിലെ തിരക്ക് തുടരും.

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ തന്നെ അനുഭവപ്പെട്ടത്. ഉത്രാട ദിനത്തിലും തിരക്കിന് കുറവൊന്നുമുണ്ടായില്ല. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോഴും തലസ്ഥാന നഗരിയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാൻ പൊലീസ് നിതാന്ത ജാഗ്രതയാണ് പുലർത്തുന്നത്.

പ്രത്യേക സ്റ്റാളുകൾ തുറന്നും ഇളവുകൾ പ്രഖ്യാപിച്ചും ഗൃഹോപകരണ വിപണികൾ സജീവമാണ്. കവലകളിൽ പുതുമയാർന്ന രീതിയിൽ വിഭവങ്ങൾ പ്രദർശിപ്പിച്ച് പച്ചക്കറി സ്റ്റാളുകളും ഏറെയുണ്ട്. വിലക്കയറ്റം കാരണം സാധാരണക്കാരന്റെ കീശ കീറാതിരിക്കാൻ സപ്ലൈക്കോ, കൺസ്യൂമർ ഫെഡ്, ഹോർട്ടികോർപ് എന്നിവയുടെ നേതൃത്വത്തിലുള്ള വിപണികളുമുണ്ട്.

15 മുതൽ 40 ശതമാനം വരെ വിലക്കിഴിവോടെയാണ് സർക്കാർ വിപണികൾ പ്രവർത്തിക്കുന്നത്.വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ ദിവസങ്ങളായി നല്ല തിരക്ക് അനുഭവപ്പെടുന്നു. ചിങ്ങം പിറന്നതോടെ സ്വർണ വില കുതിച്ചുയർന്നെങ്കിലും വിവാഹ മുഹുർത്തങ്ങൾ ഏറെയുള്ളതിനാൽ സ്വർണാഭരണ കടകളിൽ തിരക്കിനു കുറവില്ല. പൂക്കളമിടാനുള്ള പൂവാങ്ങാൻ പൂക്കടകളിലും തിരക്കു തന്നെ. ബന്തിപ്പൂവിനും വാടാമുല്ലയ്ക്കും അരളിക്കും തിരുവോണമെത്തിയതോടെ വില കൂടി.

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്നു തിരിതെളിയും. വൈകിട്ട് ആറിനു നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണു തിരിതെളിക്കുക. ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസും കീർത്തി സുരേഷും മുഖ്യാതിഥികളാകും.കെ.എസ് ചിത്രയുടെ ഗാനമേളയാണ് ആദ്യ ദിവസത്തെ പ്രത്യേകത.ഈ മാസം 16 വരെ ജില്ലയിലെ വിവിധയിടങ്ങളിൽ 29 വേദികളിൽ അരങ്ങേറുന്ന കലാസദ്യയ്ക്കാണ് ഉത്രാടനാളിൽ മുഖ്യമന്ത്രി തുടക്കം കുറിക്കുന്നത്.

കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളം വേദിയെ ധന്യമാക്കും.മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഓണസന്ദേശം നൽകും. തുടർന്നാണു ചിത്ര നയിക്കുന്ന ഗാനമേള.പരമ്പരാഗതവും തനിമയാർന്നതുമായ കലാരൂപങ്ങൾക്കു പുറമേ ആധുനിക കലകളും സംഗീത-ദൃശ്യ വിരുന്നും ഓണാഘോഷത്തിനു മാറ്റുകൂട്ടും.

മികച്ച കലാകാരന്മാരുടെ മാസ്മരിക പ്രകടനത്തിന് ഇനിയുള്ള ഏഴു നാളുകൾ നഗരം സാക്ഷ്യം വഹിക്കും. രണ്ടു പ്രകൃതി ദുരന്തങ്ങൾ നേരിടേണ്ടിവന്ന കേരളത്തിന് ഓണം പകരുന്ന പ്രത്യാശ അതിജീവനത്തിനും നവകേരള നിർമ്മാണത്തിനും കരുത്തു പകരും.16നു വൈകിട്ട് അഞ്ചിനു വെള്ളയമ്പലത്തു നിന്ന് തുടങ്ങി കിഴക്കേകോട്ടയിൽ അവസാനിക്കുന്ന ഘോഷയാത്രയോടെയാണ് ഓണാഘോഷത്തിനു തിരശീല വീഴുക.

വിശ്വാസവും ആഘോഷവും ആചാരവും കൂടിക്കലർന്ന ഓണം

മലയാളിക്ക് ദേശീയ ഉത്സവനമാണ് ഓണം. ജാതിമത ഭേദമന്യേ എല്ലാവരും ഓണം ആഘോഷിക്കുന്നു. സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിൽ വിവിധങ്ങളായ ആചാരങ്ങളും ചടങ്ങുകളും ഓണവുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും ചടങ്ങുകളും തിരുവോണത്തിന് നടത്തുന്നു.

കേരളത്തിൽ വ്യത്യസ്തമായാണ് ഓണാഘോഷ ചടങ്ങുകൾ ആചരിച്ചുവരുന്നത്. പൊതുവേ തിരുവോണ നാളിൽ കുളിച്ച് പുതുവസ്ത്രമണിഞ്ഞ് ക്ഷേത്ര ദർശനം നടത്തുന്നു. പിന്നീട് പൂക്കളം ഇട്ടശേഷം ഓണസദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങുകയായി. പൂർവ്വികർക്കായി ആദ്യം സദ്യ വിളമ്പുന്നു. ഇവർ വന്ന് സദ്യ ഉണ്ട് തൃപ്തിപ്പെടുമെന്നാണ് ഇതിന് പിന്നിലെ സങ്കൽപ്പം. ഇതിന് ശേഷം പക്ഷിമൃഗാദികൾക്കും ജീവജാലങ്ങൾക്കും മധുരം നൽകുന്ന ഒരു പതിവുണ്ട്. പിന്നീടാണ് കുടുംബത്തിലെ അംഗങ്ങൾ ഒത്തുകൂടി സദ്യ കഴിക്കുന്നത്.

ഓണത്തപ്പന്റെ സങ്കൽപരൂപത്തിന് മുന്നിൽ മാവ് ഒഴിച്ച്, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളിൽ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്. കളിമണ്ണിലാണ് രൂപങ്ങൾ മെനഞ്ഞെടുക്കുന്നത്. രണ്ടുദിവസം വെയിലത്താണിവ ഉണ്ടാക്കിയെടുക്കുന്നത്. മറ്റു പൂജകൾ പോലെതന്നെ തൂശനിലയിൽ ദർഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുകയും അദ്ദേഹത്തിന് അട നിവേദിക്കുകയും ചെയ്യുന്നു.

ഓണത്തിന്റെ മാറ്റുകൂട്ടുന്ന ചടങ്ങാണ് ഓണക്കളി. ആട്ടക്കളം കുത്തൽ, കൈകൊട്ടിക്കളി, പുലിക്കളി, കുമ്മാട്ടിക്കളി, ഓണത്തല്ല്, ഓണംകളി, കമ്പിത്തായം കളി, ഭാരക്കളി, നായയും പുലിയും വയ്ക്കൽ, ആറന്മുള വള്ളംകളി, തലപന്തു കളി, കിളിത്തട്ടുകളി, സുന്ദരിക്ക് പൊട്ടുകുത്ത്, വടംവലി, ഓണപ്പാട്ട് തുടങ്ങിയവയെല്ലാം ഓണമെന്ന ആഘോഷത്തെ എന്നും ഓർമ്മപ്പെടുത്തുന്ന കാര്യങ്ങളാണ്.

ഓണം ഐതിഹ്യങ്ങൾ

മഹാബലി
വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്‌ത്തിയ പ്രജാവത്സലനനായ മഹാബലിയെന്ന രാജാവ് തന്റെ ജനങ്ങളെ കാണാൻ എത്തുന്നുവെന്നാണ് ഓണക്കാലത്തെ കുറിച്ചുള്ള ഐതിഹ്യം. ഓണത്തെ കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും കേരളത്തിന് ഓണമെന്നത് വിളവെടുപ്പിന്റെയും അവയുടെ വ്യാപാരത്തിന്റെയും ഉത്സവം കൂടിയാണ്.

പരശുരാമൻ
പരശുരാമ കഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടുണ്ട്. വരുണനിൽ നിന്ന് കേരളക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്മണർക്ക് ദാനം നൽകിയ പരശുരാമൻ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യർത്ഥനയെ തുടർന്ന് വർഷത്തിലൊരിക്കൽ തൃക്കാക്കരയിൽ അവതരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ഓണമെന്നും സങ്കൽപ്പമുണ്ട്.

ശ്രീബുദ്ധൻ
സിദ്ധാർത്ഥ രാജകുമാരൻ ബോധോദയത്തിന് ശേഷം ശ്രവണപദത്തിലേക്ക് പ്രവേശിച്ചത് ശ്രാവണ മാസത്തിലെ തിരുവോണ നാളിലായിരുന്നുവെന്ന് ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നു. ബുദ്ധമതത്തിന് ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണമെന്ന് അവർ സമർത്ഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന് ശക്തമായ തെളിവാണ്.

ചേരമാൻ പെരുമാൾ
മലബാർ മാന്വലിന്റെ കർത്താവായ ലോഗൻ ഓണാഘോഷത്തെ ചേരമാൻപെരുമാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. പെരുമാൾ ഇസ്ലാംമതം സ്വീകരിച്ച് മക്കത്തു പോയത് ചിങ്ങമാസത്തിലെ തിരുവോണത്തിൻ നാളിലായിരുന്നുവെന്നും ഈ തിർത്ഥാടനത്തെ ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണാഘോഷത്തിന് നിമിത്തമായതെന്നും ലോഗൻ ഓണത്തെപ്പറ്റി എഴുതിയിട്ടുണ്ട്.

സമുദ്രഗുപതൻ-മന്ഥരാജാവ്
ക്രിസ്തുവർഷം നാലാം ശതകത്തിൽ കേരളരാജ്യത്തിന്റെ തലസ്ഥാനം തൃക്കാക്കരയായിരുന്നു. ഓണം നടപ്പാക്കിയത് അന്ന് ഇവിടം ഭരിച്ചിരുന്ന മന്ന രാജാവ് ആണ് എന്ന് അലഹബാദ് ലിഖിതങ്ങളിൽ നിന്ന് മനസ്സിലാക്കാനുള്ള തെളിവുകൾ ഉള്ളതിനാൽ ഇത് ഒരു ചരിത്ര വസ്തുതയാകാമെന്ന് ചിലർ കരുതുന്നു. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന മന്ഥാതാവ് പ്രസിദ്ധനായിരുന്ന കേരള രാജാവായിരുന്നു. സമുദ്രഗുപ്തൻ ദക്ഷിണേന്ത്യ ആക്രമിച്ച കൂട്ടത്തിൽ തൃക്കാക്കര ആക്രമിക്കുകയും എന്നാൽ മന്ഥരാജാവ് നടത്തിയ പ്രതിരോധത്തിലും സാമർത്ഥ്യത്തിലും ആകൃഷ്ടനായ സമുദ്രഗുപ്തൻ സന്ധിക്കപേക്ഷിക്കുകയും തുടർന്ന് കേരളത്തിനഭിമാനാർഹമായ യുദ്ധപരിസമാപ്തിയിൽ ആ യുദ്ധവിജയത്തിന്റെ സ്മരണക്കായി രാഷ്ട്രീയോത്സവമായി ഓണം ആഘോഷിക്കാൻ രാജാവ് വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു എന്നും ലിഖിതങ്ങളിൽ പറയുന്നു.

പ്രവാസ ലോകവും ഉത്സവ പ്രതീതിയിൽ

ഓണം ഇപ്പോൾ കേരളത്തിലേക്കാൾ കൂടുതൽ ആഘോഷിക്കുന്നത് വിദേശ രാജ്യങ്ങളിലെ മലയാളി സമൂഹമാണ്. ഗൾഫ് നാടുകളിലും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും എല്ലാമുള്ള മലയാളി സമൂഹം ഓണത്തിന്റെ ലഹരിയിലാണ്. ഏറ്റവും കൂടുതൽ പ്രവാസികളുള്ള ഗൾഫ് നാടുകളിൽ തന്നെയാണ് ഓണലഹരിയും ഏറെയുള്ളത്.

പ്രവാസികൾക്ക് ഓണത്തിന് അവധിയില്ലെങ്കിലും ആഘോഷത്തിൽ ആരും പിന്നിലല്ല. ഓഫിസുകളിൽ ഓണം ഗംഭീരമായി ആഘോഷിക്കുന്നു. എല്ലാ നാട്ടുകാർക്കും ഓണവും സദ്യയും സുപരിചിതം. സാമ്പാറും അവിയലും കൂട്ടി സദ്യയുണ്ണാൻ സ്വദേശികൾ പോലും ഇഷ്ടപ്പെടുന്നു. സ്വദേശി വീടുകളിലെ മലയാളി പാചകക്കാർ വർഷങ്ങൾക്കു മുൻപേ കേരളീയ വിഭവങ്ങൾ പരിചയപ്പെടുത്തിക്കഴിഞ്ഞു. ചില ഓഫിസുകളിൽ മലയാളികൾ വിഭവങ്ങൾ തയ്യാറാക്കിക്കൊണ്ടുവരുന്ന പതിവുമുണ്ട്. മലയാളികൾ പൊതുവേ ഇന്ന് ഓഫിസുകളിൽ നിന്നു നേരത്തെയിറങ്ങും. പച്ചക്കറിയും മറ്റും വാങ്ങി രാത്രിയിൽ തന്നെ പല വിഭവങ്ങളും തയ്യാറാക്കുന്നതാണ് പൊതുവായ രീതി.

വിദേശ രാജ്യങ്ങളിലെ ഓണം ഒരു ദിവസംകൊണ്ടു തീരുന്നതല്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും സംഘടനകളുടെ നേതൃത്വത്തിലും ആഴ്‌ച്ചകളോളം ഓണാഘോഷവും കലാപരിപാടികളും ഉണ്ടാകും.

തിരുവോണം പ്രമാണിച്ച് ഓഫീസ് അവധി ആണെങ്കിലും നാളെ(11/09/2019) മറുനാടൻ മലയാളിയും മറുനാടൻ ടിവിയിലും പ്രധാനപ്പെട്ട വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുന്നതാവും. എല്ലാ വായനക്കാർക്കും മറുനാടൻ ടീമിന്റെ ഓണാശംസകൾ-എഡിറ്റർ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP