Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഞ്ചാരം ഒരുവന്റെ ആന്തരികത്വരയാണ്; അലച്ചിൽ വേട്ടയാടപ്പെടുന്ന അനുഭവമാണ്; നടപ്പ് സ്വന്തം ശരീരത്തിൽ തന്നെ നമ്മെ കാഴ്ചക്കാരാക്കുന്നു; ക്രിസ്തുവും ചെഗുവേരയും ഏറ്റവും വലിയ സഞ്ചാരികൾ: ലോക സഞ്ചാര ദിനത്തിൽ ചില സഞ്ചാര ചിന്തകളുമായി ജിജോ കുര്യൻ എഴുതുന്നു...

സഞ്ചാരം ഒരുവന്റെ ആന്തരികത്വരയാണ്; അലച്ചിൽ വേട്ടയാടപ്പെടുന്ന അനുഭവമാണ്; നടപ്പ് സ്വന്തം ശരീരത്തിൽ തന്നെ നമ്മെ കാഴ്ചക്കാരാക്കുന്നു; ക്രിസ്തുവും ചെഗുവേരയും ഏറ്റവും വലിയ സഞ്ചാരികൾ: ലോക സഞ്ചാര ദിനത്തിൽ ചില സഞ്ചാര ചിന്തകളുമായി ജിജോ കുര്യൻ എഴുതുന്നു...

ജിജോ കുര്യൻ

സെപ്റ്റംബർ 27- ഇന്ന് ലോകസഞ്ചാദിനമാണ്. സഞ്ചാരം ഒരു പ്രവർത്തിയല്ല, ഒരാളിലെ ആന്തരീക ത്വരയാണ്. അവധിക്കാലങ്ങളിൽ ഹൈറേഞ്ചിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോൾ ചുരംകയറി, മലകൾ പിന്നിട്ട്, കാട്ടുവഴികളിലൂടെ പോകുന്ന ബസിന്റെ സൈഡ് സീറ്റിൽ ഇടംപിടിക്കുന്ന കുട്ടിയായിരുന്നു അവനിലെ ആദ്യസഞ്ചാരി. ഇന്നും യാത്രയിലൊക്കെ അവൻ ജാലകപ്പടിയിലെ ആ പഴയ കുട്ടിയാണ്. കൗമാരത്തിൽ കുടുംബജീവിതം വേണ്ടെന്ന് വച്ച് വീടിനോട് വിട പറയുമ്പോൾ അതിരുകൾ ഇല്ലാത്ത ലോകമായിരുന്നു അവന്റെ മുന്നിൽ. ദേശങ്ങളുടെ, സംസ്‌ക്കാരങ്ങളുടെ വൈവിധ്യമറിഞ്ഞ്, തലമുറകളുടെ കാല്പാടുകൾ അവർ നടന്ന മണ്ണിൽ തേടി, സമയ-ദേശങ്ങളെ അതിലംഘിച്ച് പോകുന്ന ഒരു നീണ്ടയാത്ര. ലോകത്തെ വെറുത്തതുകൊണ്ടല്ല, ലോകവുമായി അത്രെയേറെ പ്രണയത്തിൽ ആയതുകൊണ്ടായിരുന്നു അവന്റെ വഴി ഒരു സന്യാസിയുടെ നിയതിയായിരിക്കണം എന്നവൻ തീരുമാനിച്ചത്. ചില മനുഷ്യർ അങ്ങനെയാണ്, അവരിൽ വനവാസിയും നാടോടിയുമായ പ്രാചീനമനുഷ്യൻ ഇന്നും ഉറങ്ങിക്കിടപ്പുണ്ട്.

കായ്കനികൾ ശേഖരിച്ചും വേട്ടയാടിയും ദേശദേശാന്തരങ്ങളിലൂടെ നാടോടിയായി സഞ്ചരിച്ചതിന്റെ രേഖപ്പെടുത്താത്ത ആയിരക്കണക്കിന് വർഷങ്ങളുടെ കഥ മനുഷ്യചരിത്രത്തിനുണ്ട്. വീടുകെട്ടി ഭൂമിയുടെ ഒരു കൊച്ചുതുണ്ടത്തിൽ സ്ഥിരതാമസക്കാരനായ മനുഷ്യന്റെ ചരിത്രം സഞ്ചാരിയായ മനുഷ്യന്റെ ചരിത്രത്തോട് തുലനം ചെയ്താൽ എത്ര ഹൃസ്വമാണ്! -ഏതാനും ആയിരം വർഷങ്ങളുടെ ചരിത്രം മാത്രം. സഹസ്രാബ്ദങ്ങൾ നീണ്ട ചരിത്രത്തിലൂടെ മനുഷ്യൻ ദേശാടകനായി നടന്നു. അതിരുകളില്ലാതെ, വേലികളില്ലാതെ, ചുറ്റുമതിലുകളില്ലാതെ ഭൂമി അവന്റെ മുന്നിൽ വിശാലമായി തുറന്നുകിടന്നു. കാണാത്ത കാഴ്ചകൾ, കേൾക്കാത്ത ശബ്ദങ്ങൾ, നുകരാത്ത സുഗന്ധങ്ങൾ, നുണയാത്ത രുചികൾ.... എല്ലാം അവന്റെ അനുഭവലോകത്തേയ്ക്ക് ഓരോ ദിവസവും വാതിൽ തുറന്നെത്തിക്കൊണ്ടിരുന്നു. ജീവിതം ഓരോ ദിവസവും പുതുമ നിറഞ്ഞതായി. അന്ന് മനുഷ്യന് ദൈവം പോലും സഞ്ചാരിയായിരുന്നു. പ്രപഞ്ചം മുഴുവനിലും തൂണിലും തുരുമ്പിലും ദൈവം ഒളിഞ്ഞും തെളിഞ്ഞും സഞ്ചരിച്ചു.

സ്ഥിരവാസിയായി ഭൂമിയിൽ കൂടുകൂട്ടിയ കാലം മുതൽ അനുഭവത്തിന്റെ തനിയാവർത്തനങ്ങളുടെ പഴകിവളിച്ച ഒരു ലോകത്തിലേയ്ക്ക് മനുഷ്യൻ പ്രവേശിക്കുകയായിരുന്നു. എല്ലാ ദിവസവും ഒരേ പുലരികൾ, ഒരേ ഭക്ഷണം, ഒരേ കാഴ്ചകൾ, ഒരേ ശബ്ദങ്ങൾ. ഒപ്പം അലയുന്നവന്റെ സ്വാതന്ത്ര്യവും അവന് നഷ്ടമായി. ഗോത്രങ്ങൾക്കിടയിൽ, പട്ടണങ്ങൾക്കിടയിൽ, രാജ്യങ്ങൾക്കിടയിൽ അതിരുകൾ ഉയർന്നു. അതിരുകൾ ഭേദിക്കാൻ ശ്രമിച്ചവരൊക്കെ കലാപകാരികളായി. അങ്ങനെ യുദ്ധങ്ങളായി. ഭൂമി മുറിക്കപ്പെട്ടു, ഭൂപടങ്ങൾ നിർമ്മിക്കപ്പെട്ടു, കാവലാളുകൾ നിയോഗിക്കപ്പെട്ടു...... എല്ലാം സ്വകാര്യവത്ക്കരിക്കപ്പെട്ടു. അങ്ങനെ യാത്രയ്ക്കുള്ള സ്വതന്ത്രലോകം നിഷേധിക്കപ്പെട്ട മനുഷ്യർ, ഹിപ്പോയിലെ അഗസ്റ്റ്യൻ പറഞ്ഞതുപോലെ, ലോകമെന്ന തുറന്ന പുസ്തകത്തിൽനിന്ന് ഒരേടുമാത്രം വായിച്ച് കടന്നുപോകുന്ന അല്പബുദ്ധികളായി.

സഞ്ചാരം ഒരുവന്റെ ആന്തരികത്വരയാണ്. എന്നാൽ അലച്ചിലുകളെ സഞ്ചാരമായി തെറ്റിദ്ധരിച്ച് അലയുന്നവന്റെ ഭാഗ്യത്തെക്കുറിച്ച് ദിവാസ്വപ്നങ്ങൾ കണ്ട് എ.സി. മുറിയുടെ സുഖശീതളിമയിൽ മയങ്ങുന്ന ഒരു കാലം രൂപപ്പെടുന്നുണ്ട്. അലച്ചിൽ വേട്ടയാടപ്പെടുന്ന അനുഭവമാണ്. അവിടെ മനുഷ്യൻ അലയുന്നത് അരക്ഷിതമായ ജീവിതത്തിന്റെ പുറംപോക്കുകളിലാണ്. അത്തരമൊരു ചരിത്രപരമായ അലച്ചിലിന്റെ കഥ പറയുന്ന ചിത്രമാണ് പീറ്റർ വിയറിന്റെ 'തിരിച്ചുള്ള വഴി' (The Way Back). രണ്ടാം ലോകമഹായുദ്ധകാലത്ത് സൈബീരിയായുടെ കൊടും ശൈത്യത്തിലേയ്ക്ക് സെനോഫോബിക്കായി മാറിയ റഷ്യൻ ഭരണകൂടം നാടുകടത്തിയ ഒരു കൂട്ടം മനുഷ്യരുടെ കഥയാണിത്. സ്വാതന്ത്ര്യത്തിന്റെ ലോകം കൊതിച്ച അവരിൽ ചിലർ അവിടെനിന്ന് രക്ഷപെട്ട് റഷ്യയുടെ ശൈത്യവും മംഗോളിയൻ മരുഭൂമിയുടെ പൊടിക്കാറ്റും ടിബറ്റിന്റെ അപ്രാപ്യമായ ഉയരങ്ങളും ഹിമാലയത്തിന്റെ താഴ്‌വാരങ്ങളും പിന്നിട്ട് കാൽനടയായി ഇന്ത്യയിൽ എത്തുന്നു. പുറപ്പെടുന്നത് എട്ടുപേരെങ്കിലും കാലാവസ്ഥയുടെ ക്രൂരവിളയാട്ടങ്ങളെ മറികടന്ന് എത്തിച്ചേരാനാവുന്നത് മൂന്നുപേർക്ക് മാത്രമാണ്. യാത്രയിൽ ഒപ്പം കൂടിയ ഒരു പോളിഷ് പെൺകുട്ടിയടക്കം ബാക്കി ആറുപേരും ഹിമാലയൻ ഉയരങ്ങളിൽ എത്തുന്നതിന് മുമ്പ് തന്നെ മരുഭൂമിയിലോ മഞ്ഞിലോ വിശന്നോ ദാഹിച്ചോ മരിച്ചുവീഴുകയാണ്.

വിപ്രവാസത്തിന്റെയും പുറപ്പാടുകളുടെയും ആന്തോളനങ്ങൾക്കിടയിലാണ് യഹൂദന്റെ ചരിത്രം ഉരുത്തിരിഞ്ഞത്. ജന്മനാ സഞ്ചാരിയായ ഒരു ഇടയസമൂഹം ഭൂമിയിൽ സ്ഥിരവാസികളാകാൻ ശ്രമിച്ചതിന്റെ അനന്തരഫലമാണ് അത്. മറ്റാരുടെയോ മണ്ണ് സഹസ്രാബ്ദങ്ങൾക്കപ്പുറം വെട്ടിപ്പിടിച്ചെടുത്ത് അവിടെ സ്ഥിരതാമസമാക്കിയ ഇടയസഞ്ചാരിയായ അബ്രാഹത്തിന്റെ മക്കൾക്ക് ചരിത്രത്തിലൊരിക്കലും സ്വസ്ഥത കിട്ടിയിട്ടില്ല. നിരന്തര പലായനമാണ് യഹൂദന്റെ ചരിത്രത്തിന്റെ നാൾവഴിപുസ്തകം നിറയെ. യഹൂദന്റെ സഞ്ചാരജീവിതത്തെ തിരിച്ചുപിടിക്കുന്നത് ക്രിസ്തു എന്ന യഹൂദനാണ്. മുപ്പത്തിമൂന്നു വർഷം മാത്രം നീണ്ട അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഏറിയ പങ്കും സഞ്ചാരം തന്നെയായിരുന്നു -പട്ടണങ്ങളിൽ നിന്നു പട്ടണങ്ങളിലേക്ക്, ഗ്രാമങ്ങളിൽ നിന്നു ഗ്രാമങ്ങളിലേക്ക്, ജനസമൂഹത്തിൽനിന്നു വിജനതയിലേക്ക്, കുന്നിൻ മുകളിൽനിന്ന് കടലോരങ്ങളിലേക്ക്- അങ്ങനെ അദ്ദേഹം നിരന്തര യാത്രയിലായിരുന്നു. തന്റെ ജീവിതത്തെക്കുറിച്ച് ക്രിസ്തു ഇങ്ങനെ പറയുന്നു; ''കുറുനരികൾക്ക് മാളങ്ങളുണ്ട്, ആകാശപ്പറവകൾക്ക് കൂടുകളുണ്ട്, മനുഷ്യപുത്രനു തല ചായ്ക്കാൻ ഇടമില്ല.'' ഫലസ്തീനായിലെ അദ്ദേഹത്തിന്റെ ചരിത്രം രേഖപ്പെടുത്തപ്പെട്ട മൂന്നു കൊല്ലത്തിൽ തന്നെ അദ്ദേഹം നടന്നുതീർത്തത് ആയിരക്കണക്കിനു കിലോമീറ്ററുകളാണ്. ഇരുന്നൂറു കിലോമീറ്ററിലേറെ ദൂരവ്യത്യാസമുള്ള ഗലീലിയായിൽനിന്ന് ജറുസലേമിലേയ്ക്ക് മൂന്നു വർഷത്തിനുള്ളിൽ ചുരുങ്ങിയത് മൂന്നു പ്രാവശ്യമെങ്കിലും, ഗലീലിയായിൽ നിന്ന് സമറായറുടെ നാട്ടിലേയ്ക്ക് പലവട്ടം, ഗലീലിയിൽനിന്ന് സിറിയയുടെ അതിർത്തിയിലെ കേസറിയായിലേയ്ക്ക് ചുരുങ്ങിയത് ഒരു പ്രാവശ്യം, പിന്നെ ഗദറായരുടെ നാട്ടിൽ, ഗലീലിയയുടെ എല്ലാ മലമുകളിലും തീരങ്ങളിലും. യാത്രയെക്കുറിച്ച് ക്രിസ്തുവിന്റെ വചനങ്ങൾ ഏററവും മനോഹരമായി കുറിക്കപ്പെട്ടത് തോമസിന്റെ സുവിശേഷത്തിലാണ്. ''യാത്രക്കാരാവുക. ഈ ലോകം ഒരു പാലം മാത്രമാണ്. അവിടെ ആരും വീടുകെട്ടി താമസിക്കാതെ കരയിൽനിന്നു കരയിലേക്ക് കുറുകെ കടന്നുപോകുക.''

സഞ്ചാരിയായ ക്രിസ്തുവിന്റെ കാലടികളെ തേടി നടന്ന ഒരു മനുഷ്യനുണ്ടായിരുന്നു, അസ്സീസിയിലെ ഫ്രാൻസിസ്. അയാൾ യാത്രികൻ മാത്രമായിരുന്നില്ല, യാത്രയുടെ ചരിത്രത്തിലെ ഒരു ചലനം തന്നെയായിരുന്നു. ക്രിസ്തുശിഷ്യനായിരിക്കുക എന്നതിന്റെ മറുവാക്ക് നിരന്തരം വഴിയിലായിരിക്കുക എന്നാണെന്ന് അയാൾ വിശ്വസിച്ചു. അയാൾ കൂടുതലും നടന്നത് ഓരം ചേർന്നായിരുന്നു. ഈ ലോകത്തിൽ 'പരദേശികളെപ്പോലെയും തീർത്ഥാടകരെ'പ്പോലെയും ജീവിക്കാൻ ഫ്രാൻസിസ് തന്റെ സഹോദരന്മാരോടു പറഞ്ഞു. സുബാസിയോ കാടുകളിലൂടെ, സ്പൊളേറ്റോ താഴ്‌വാരത്തിലൂടെ, അസ്സീസിയിൽ നിന്നു ജറൂസലേമിലേയ്ക്ക്, അസ്സീസിയിൽ നിന്നു റോമിലേയ്ക്ക്, ലവേർണാ മലമുകളിലേയ്ക്ക്, പെറുജിയായിലേയ്ക്ക്, അപൂല്യായിലേയ്ക്ക്, ഗൂബിയോയിലേയ്ക്ക്, സ്പെയിനിലേയ്ക്ക്, ഈജിപ്തിലേയ്ക്ക്, ഉംബ്രിയായുടെ എല്ലാ ഗ്രാമങ്ങളിലേയ്ക്കും. എല്ലാ യാത്രകൾക്കും ശേഷം തിരിച്ച് തന്റെ അസ്സീസിയിലേയ്ക്ക്.

വാഹനങ്ങൾ ഇല്ലാതിരുന്ന പത്ത് നൂറ്റാണ്ടുകൾക്കപ്പുറം കുതിരപ്പുറത്ത് കയറാൻ വിസമ്മതിച്ച ഈ കൊച്ചു മനുഷ്യൻ വെറും ഇരുപത് വർഷം കൊണ്ട് ഇത്രയേറെ കാതം എങ്ങനെ നടന്നുതീർത്തു എന്ന് അത്ഭുതം തോന്നിയിട്ടുണ്ട്! ഗുരുപാരമ്പര്യങ്ങളിലൊക്കെയുണ്ട് ഒരു ദേശാടനത്തിന്റെ കഥ. അത് ഇന്ത്യയെ കണ്ടെത്താനലഞ്ഞ വിവേകാനന്ദനിലാകട്ടെ, ബോധോദയം തേടി കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാർത്ഥനിലാകട്ടെ, പലായനത്തിന്റെയും തീർത്ഥാടനത്തിന്റെയും ദൂരങ്ങൾ മക്കയ്ക്കും മദീനയ്ക്കുമിടയിൽ നടന്നുതീർത്ത മുഹമ്മദിലാകട്ടെ നടവഴികൾ മാറുന്നുവെന്നേയുള്ളൂ.

നടപ്പ് സ്വന്തം ശരീരത്തിൽ തന്നെ നമ്മെ കാഴ്ചക്കാരാക്കുന്നു. നടക്കുന്നവൻ എന്താണ് തന്റെയുള്ളിൽ നടക്കുന്നതെന്ന് നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെയാണ് എണ്ണായിരത്തോളം കിലോമീറ്റർ നീണ്ട ഒരു മോട്ടോർസൈക്കിൾ യാത്രയിൽ ചെഗുവേര തന്നെത്തന്നെ കണ്ടുമുട്ടുന്നത്. ഒരു യാത്രയാണ് അയാൾക്ക് വെളിപാടായി മാറിയത്. ''മോട്ടോർ സൈക്കിൾ ഡയറികൾ'' എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹൊസെ റിവേര പറയുന്നതിങ്ങനെയാണ്: ''ഓരോ തലമുറയ്ക്കും ഓരോ യാത്രയുടെ കഥ പറയാനുണ്ടാവണം. കണ്ടുമുട്ടുന്ന ദേശത്തിന്റേയും സംസ്‌കാരത്തിന്റേയും ജനതകളുടേയും വൈവിധ്യംകൊണ്ട് തലമുറകൾ രൂപപ്പെടുന്ന കഥ''.

'ഭൂഗ്രഹസഞ്ചാരി' എന്നു വിശേഷിപ്പിക്കപ്പെട്ട ഒരു മനുഷ്യന്റെ കഥ കൂടി പറഞ്ഞില്ലെങ്കിൽ ഈ സഞ്ചാരക്കുറിപ്പ് തികച്ചും അപൂർണ്ണമായി നിലനിൽക്കും. അത് ജോൺ ഫ്രാൻസിസ് എന്ന ആഫ്രിക്കൻ വംശജനായ അമേരിക്കക്കാരന്റേതാണ്. 22 വർഷങ്ങൾ നിരന്തരമായി നടന്നുകൊണ്ടിരുന്നു ആ മനുഷ്യൻ, അതിൽ 17 കൊല്ലം പരിപൂർണ്ണമൗനത്തിൽ. ഒരു ചുവടുവയ്‌പ്പുകൊണ്ട് ഈ ലോകത്തെ രൂപാന്തരപ്പെടുത്താനാകുമെന്ന് അയാൾ വിശ്വസിച്ചു. ഇങ്ങനെയാണയാൾ നടപ്പിനെക്കുറിച്ചു പറയുന്നത്: ''നടക്കുക എന്ന സർവ്വസാധാരണമായ പ്രവൃത്തിയിൽ ആത്മീയവും പരിശുദ്ധവുമായ എന്തോ ഒന്നുണ്ട്. ഞാൻ വയ്ക്കുന്ന ഓരോ ചുവടും, രൂപരേഖകളും ദിശാസൂചികളും ഇല്ലാത്ത ഏതോ ഒരു അനന്തയാത്രയുടെ തുടക്കമാണ്. അനിശ്ചിതത്വത്തിലേയ്ക്കുള്ള ഓരോ യാത്രയും എന്നെ ഭയപ്പെടുത്തുകയും ഒപ്പം ആവേശം കൊള്ളിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു''.


ഓരോ നടപ്പും തന്നിലേയ്ക്കു തന്നെയുള്ള മടക്കയാത്രയുടെ തുടക്കമാണ്. എന്താവാം യാത്ര പോകാനാഗ്രഹിക്കുന്ന ഒരു മനസ്സ് എല്ലാ മനുഷ്യരും ഒരു പ്രാചീനചോദന പോലെ കൊണ്ടുനടക്കുന്നത്? കാലുകൾ തളർന്നയൊരാൾ ജാലകപ്പടിയിൽ മുഖം ചേർത്തുവച്ച് പോലും ഏതൊക്കെ സ്വപ്നലോകങ്ങളിലേയ്ക്കാണ് യാത്രപോകുന്നത്! ചക്രവാളത്തിലെ ചെമ്മാനത്തുടിപ്പിൽ പോയി മറയുന്ന എരണ്ടക്കൂട്ടങ്ങൾ, സമുദ്രത്തിന്റെ അനന്ത നീലിമയിലേയ്ക്ക് മുങ്ങാംകുഴിയിട്ടു പോകുന്ന പരലുകൾ... ഇവയൊക്കെ നമ്മെ നിരന്തരം ഭ്രമിപ്പിക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ - നിന്നുള്ളിൽ ആ പ്രാചീന നാടോടി ഇനിയും മരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP