Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202029Tuesday

നസ്രത്തും മാതാവിന്റെ കിണറും- ഇസ്രയേൽ യാത്ര 3

നസ്രത്തും മാതാവിന്റെ കിണറും- ഇസ്രയേൽ യാത്ര 3

1947 ജൂൺ 13-ാം തീയതി ഇന്ത്യയുടെ നിയുക്ത പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് യഹൂദ സമൂഹം ലോകത്തിന് സംഭാവന ചെയ്ത ഏറ്റവും പ്രഗൽഭനായ വ്യക്തികളിൽ ഒരാളായ സർ ആൽബർട്ട് ഐൻസ്റ്റീൻ നാല് പേജുള്ള ഒരു കത്തെഴുതി. ആ കത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു. നിങ്ങളുടെ ഭരണ ഘടന അസംബ്ലി കൂടി തൊട്ടു കൂട്ടായ്മയും തീണ്ടിക്കൂടായ്മയും നിർത്തലാക്കാൻ തീരുമാനിച്ചു. എന്നാൽ നിങ്ങളുടെ രാജ്യത്തെ അധസ്ഥിതരെക്കാൾ പീഡനം അനുഭവിച്ച ഒരു കൂട്ടം മനുഷ്യരാണ് യഹൂദർ. അവർ ലോകം മുഴുവൻ പീഡിക്കപ്പെട്ടു പൊതു സമൂഹത്തിൽ നിന്നും തീണ്ടാപ്പാടകലെ നിർത്തി. ആശ്രയം തേടി ലോകം മുഴുവൻ അലഞ്ഞു. കോൺസൻട്രേഷൻ ക്യാമ്പുകളിൽ അതി മൃഗീമായി കൊല ചെയ്യപ്പെട്ടു. അഭയം തേടി കഴിഞ്ഞ 2000 വർഷം ലോകം മുഴുവൻ അലഞ്ഞ ഞങ്ങൾക്ക് ഇസ്രയേൽ എന്ന രാജ്യം ഉണ്ടാക്കുന്നതിന് വേണ്ടി സഹായിക്കണം. ഇന്ത്യ യുഎൻഎയിൽ ഇസ്രയേലിന് വേണ്ടി വോട്ട് ചെയ്യണം എന്നായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. എന്നാൽ ജൂലൈ 11 ൽ നെഹ്‌റു ഐൻസ്റ്റീന് എഴുതിയ മൂന്ന് പേജുള്ള മറുപടി കത്തിൽ ഇങ്ങനെ പറഞ്ഞു എനിക്ക് യഹൂദന്മാരെയും അതുപോലെ തന്നെ അറബികളോടും അനുകമ്പയുണ്ട്. തീർച്ചയായും നിങ്ങളുടെ പ്രവർത്തനം കൊണ്ട് പാലസ്റ്റയിനിലെ ആളുകളുടെ ജീവിതം മെച്ചപ്പെടുമെന്നും ഞാൻ വിശ്വസിക്കുന്നു. എന്നാൽ അവരുടെ കൈവശം ഇരിക്കുന്ന അപ്പം നിങ്ങൾ തട്ടിയെടുക്കും എന്ന് അവർ വിശ്വസിക്കുന്നു. അവരുടെ ഇച്ഛാശക്തി കൂടി നിങ്ങൾക്ക് അനുകൂലമാകുന്നില്ലെങ്കിൽ നിങ്ങൾ സ്ഥാപിക്കുന്ന രാഷ്ട്രം ഒരിക്കലും സമാധാനത്തിൽ പുലരാൻ കഴിയില്ല എന്നു ഞാൻ വിശ്വസിക്കുന്നു.


നെഹ്‌റുവും ആയി വ്യക്തിപരമായി വളരെ അടുപ്പം പുലർത്തുകയും നെഹ്‌റുവിന്റെ വിശ്വ പ്രസിദ്ധമായ ഡിസ്‌കവറി ഓഫ് ഇന്ത്യ എന്ന പുസ്തകത്തിന് അവതാരിക എഴുതുകയും ചെയ്ത ഐൻസ്റ്റീന്റെ അഭ്യർത്ഥനയെ മാനിക്കാത്ത ഇന്ത്യ ഇസ്രയേൽ രാഷ്ട്ര രൂപീകരണത്തിനെതിരെ വോട്ടു ചെയ്‌തെങ്കിലും ഭൂരിപക്ഷം നേടി അവർ ഇസ്രയേൽ എന്ന രാഷ്ട്രം 1948ൽ സ്ഥാപിച്ചു.

Stories you may Like

വ്യക്തിപരമായി നെഹ്‌റുവിന് യഹൂദരോട് സഹതാപവും അനുകമ്പയും ഉണ്ടായിരുന്നെങ്കിലും ഇന്ത്യയുടെ അകത്ത് സ്വാധീനം ചെലുത്താൻ കഴിയുന്ന മുസ്ലിം ന്യൂനപക്ഷത്തെ ഭയപ്പെട്ടാണ് ഇന്ത്യ അങ്ങനെ ഒരു നയം സ്വീകരിക്കാൻ തയ്യാറായത് എന്നാണ് കേംബ്രിഡ്ജിലെ പ്രഫസർ ബെന്നി മോറീസ് 2005ൽ ഗാർഡിയൻസിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞിരിക്കുന്നത്. എന്താണെങ്കിലും ഒരു കാര്യം വസ്തുതയാണ്. നെഹ്‌റു ചൂണ്ടി കാണിച്ച അസ്സമാധാനത്തിന്റെ ചിഹ്നങ്ങൾ നമ്മൾക്ക് ഇസ്രയേലിലെ എല്ലാ പട്ടണങ്ങളിലെയും പട്ടാള സാന്നിദ്ധ്യം കൊണ്ട് തന്നെ തിരിച്ചറിയാൻ കഴിയും.

അടുത്ത ദിവസത്തെ ഞങ്ങളുടെ പര്യടനത്തിന്റെ ഭാഗമായി രാവിലെ തന്നെ എഴുന്നേറ്റ് 7 മണിക്ക് റെഡിയായി ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ വന്നപ്പം തന്നെ ഞങ്ങളുടെ സംഘത്തിൽ ഉണ്ടായിരുന്ന മിസ്റ്റർ അഗസ്റ്റിനും, മിസ്റ്റർ ജോസും കുടുംബാംഗങ്ങളും നേരത്തെ തന്നെ എഴുന്നേറ്റ് ഗലീലിയ കടലിലെ സൂരോദയം ദർശിച്ച് ഫോട്ടോയും എടുത്ത് തിരിച്ച് വന്നിരുന്നു. അവർ എടുത്ത ഫോട്ടോകൾ വളരെ മനോഹരമായി തോന്നി. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് എട്ട് മണിക്ക് ഞങ്ങൾ യാത്ര ആരംഭിച്ചു. ക്രിസ്തുവിന്റെ വീട് സ്ഥിതി ചെയ്തിരുന്ന നസ്രത്തിലേയ്ക്ക് ഞങ്ങൾ പോയത്. നസ്രത്ത് എന്നതിന്റെ അർത്ഥം ദൈവത്തോട് വിധേയപ്പെട്ട എന്നാണ്. അവിടെ മദർ മേരി വെള്ളം ശേഖരിച്ചിരുന്ന കിണർ ആണ് ആദ്യം കണ്ടത്. കിണറിനോട് ചേർന്ന് ഇരിക്കുന്ന പള്ളി ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ വകയാണ്. കാരണം ഗ്രീക്ക് ഓർത്തഡോക്‌സുകാർ വിശ്വസിക്കുന്നത് കിണറിന്റെ അടുത്തു വന്നപ്പോഴാണ് ഗബ്രിയേൽ മാലാഖ പ്രത്യക്ഷപ്പെട്ട് ദൈവ ഹിതത്താൽ അവർ ഗർഭം ധരിച്ചു എന്ന മംഗള വാർത്ത അവളെ അറിയിച്ചത് എന്നാണ്. കിണറിന്റെ അടിത്തട്ടിൽ ചെറുതായി വെള്ളം ഇപ്പോഴും കാണാം. കിണറിൽ ആരും പണം ഇടരുത് എന്ന് എഴുതി വച്ചിട്ടുണ്ടെങ്കിലും ലോകത്തിലെ ഒട്ടു മിക്ക നാണയങ്ങളും വിശ്വാസികൾ അവിടെ നേർച്ചയായി ഇട്ടിരിക്കുന്നത് കാണാമായിരുന്നു.

പള്ളിയും കിണറും കണ്ടതിന് ശേഷം മാതാവിന്റെ വീട് ഇരിക്കുന്ന കത്തോലിക്കരുടെ പള്ളിയിലേക്ക് പോയി ഒരു ചെറിയ കുന്ന് നടന്ന് കയറിയാണ് അവിടെ എത്തിയത്. മംഗള വാർത്ത പള്ളി എന്നാണ് ഈ പള്ളി അറിയപ്പെടുന്നത് (ചർച്ച് ഓഫ് അനൗൺസേഷൻ) മാതാവിന്റെ വീട് ഇരിക്കുന്നതിന്റെ ചുറ്റുമാണ് ഈ ബൃഹത്തായ പള്ളി പണിതിരിക്കുന്നത്. കത്തോലിക്കാ വിശ്വാസത്തിൽ മാതാവിന് ഗബ്രിയേൽ മാലാഖ പ്രത്യക്ഷപ്പെട്ട് മംഗള വാർത്ത അറിയിച്ചത് മാതാവിന്റെ ഭവനത്തിൽ വച്ചാണ്. ഏതാണ്ട് രണ്ട് നിലകളിലായി പണിതിരിക്കുന്ന പള്ളിയുടെ അടിത്തട്ടിൽ മാതാവിന്റെ വീടിന്റെ ഭാഗമായ ഒരു ഗുഹ കാണാം. അവിടെയാണ് മാലാഖ പ്രത്യക്ഷപ്പെട്ടത് എന്നാണ് വിശ്വാസം. 1969ൽ ആണ് പുതിയ പള്ളി പണിതത്. ആ കാലത്ത് മദ്ധ്യപൂർവ്വ ദേശത്തെ ഏറ്റവും വലിയ പള്ളി കൂടിയായിരുന്നു ഇത്. മൾട്ടി നാഷണൽ ചർച്ച് എന്നാണ് ഈ പള്ളിയെ അറിയപ്പെടുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സംഭാവനയിലൂടെയാണ് ഈ പള്ളി നിർമ്മിച്ചിരിക്കുന്നത്. പള്ളിക്ക് കിഴക്കൻ വാതിൽ സംഭാവന ചെയ്തിരിക്കുന്നത് അമേരിക്കയിൽ നിന്നും ആണ്. ഈ വാതിലിൽ മാതാവിന്റെ ജീവിതത്തിന്റെ എല്ലാ പ്രധാന സംഭവങ്ങളെയും കൊത്തിവച്ചിട്ടുണ്ട്. അതുപോലെ ലോകത്തെ വിവിധ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന മാതാവിന്റെ രൂപങ്ങൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും ഉള്ള മാതാവിന്റെ രൂപം ആയി വേളാങ്കണ്ണി മാതാവിനെയാണ് പ്രദർശിപ്പിക്കുന്നത്.

എല്ലാ രാജ്യത്തെ മാതാവിന്റെ രൂപത്തിലും അതാത് രാജ്യത്തെ മനുഷ്യരുടെ രൂപവും ആയി ചില സാദൃശ്യങ്ങൾ നമുക്ക് ദർശിക്കാൻ കഴിയും. ലോകത്തിലെ ഒട്ടു മിക്ക ഭാഷകളിലും മാതാവിനോടുള്ള പ്രാർത്ഥന ഭിത്തിയിൽ എഴുതി വച്ചിട്ടുണ്ട്. ബൈസാന്റയിൻ കാലഘട്ടത്തിൽ പണിത ഈ പള്ളി പിന്നീട് പല തവണ നശിക്കപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ എഴുതി വച്ചിരുന്ന മാതാവിനോട് ഉള്ള പ്രാർത്ഥന ഒക്കെ കണ്ട് ഞങ്ങൾ പുറത്തിറങ്ങി. പള്ളിയിൽ കയറുന്നതിന് മുൻപ് എല്ലാവരും തൊപ്പി എടുത്ത് മാറ്റണമെന്നും സ്ത്രീകൾ തല മറയ്ക്കണമെന്നും നിശബ്ദം ആയിരിക്കണം എന്നു ഗൈഡ് പറഞ്ഞിരുന്നു.


ചർച്ച് ഓഫ് അനൗൺസേഷനിൽ നിന്നും തൊട്ടടുത്ത സെന്റ് ജോസഫിന്റെ വീടിരിക്കുന്ന സെന്റ് ജോസഫ് പള്ളിയിലേയ്ക്ക് ഞങ്ങൾ പോയി അവിടെ ജോസഫിന്റെ പഴയ വീടും ആശാരി ജോലികൾ ചെയ്തിരുന്നു എന്നു വിശ്വസിക്കുന്ന സ്ഥലവും അക്കാലത്തെ മാർക്കറ്റിന്റെ അവശിഷ്ടങ്ങളും ഒക്കെ കാണാൻ കഴിഞ്ഞു.

നസ്രത്ത് ഇന്ന് ഒരു അറബ് പട്ടണമാണ്. 75% അറബികളും 25% യഹൂദരും ആണ് ഇവിടെ ജീവിക്കുന്നത്. 75% വരുന്ന അറബികളിൽ 10% മാത്രമാണ് ക്രിസ്ത്യാനികൾ .ക്രിസ്തുവിന്റെ ശിഷ്യന്മാരിൽ ബെർത്തലോമിയസ് നസ്രത്തിൽ നിന്നും ഉള്ള ശിഷ്യനാണ്. യോന പ്രവാചകനും ഇവിടുത്തുകാരനായിരുന്നു. നസ്രത്തിൽ നിന്നും അഞ്ചു മൈൽ അകലെയുള്ള കാനായിലേക്ക് ഞങ്ങൾ പുറപ്പെട്ടു. കാനായിൽ നടന്ന കല്ല്യാണത്തിനാണ് ക്രിസ്തു ആദ്യമായി അത്ഭുതം പ്രവർത്തിച്ചത്. കാനായിൽ അദ്ദേഹം വെള്ളം വീഞ്ഞാക്കി മാറ്റി, അതു പോലെയാണ് ഇവിടെയാണ് മാതാവ് മകനൊട് മാദ്ധ്യസ്ഥം അദ്യമായി അപേക്ഷിക്കുന്നത്. അവിടുത്തെ പള്ളിയും അവിടെ സൂക്ഷിച്ചിരിക്കുന്ന ക്രിസ്തുവിന്റെ കാലത്തെ കൽഭരണികളും പഴയ വീടിന്റെ അവശിഷ്ടങ്ങളും ഒക്കെ കണ്ടതിന് ശേഷം അവിടെ നടന്ന വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. വിവാഹജീവിതം നയിക്കുന്നവർക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി. 5 ഡോളർ കൊടുത്താൽ അവിടെ വിവാഹം നടത്തിയ സർട്ടിഫിക്കറ്റും ലഭിക്കുമായിരുന്നു. ഞങ്ങളുടെ കൂടെയുള്ള ചിലർ ഒക്കെ സർട്ടിഫിക്കറ്റ് വാങ്ങി. ഇവിടെ കത്തോലിക്കാ പള്ളിയുടെ എതിർവശത്തായി ഗ്രീക്ക് ഓർത്തഡോക്‌സ് പള്ളിയുണ്ട്. അവർ വിശ്വസിക്കുന്നത്. ആ പള്ളി ഇരുന്നിടത്താണ് കാനായിലെ കല്ല്യാണം നടന്ന വീടിരിക്കുന്നത് എന്നാണ്. ലോകത്തിന്റെ എല്ലാഭാഗത്തുമുള്ള സഞ്ചാരികളെയും അവിടെ കണ്ടിരുന്നു.

കാനായിൽ ഞങ്ങൾ നേരെ പോയത് ഗലീലിയ കടൽ തീരത്ത് വച്ച് ക്രിസ്തു 5 അപ്പവും 2 മീനും വർദ്ധിപ്പിച്ച് സ്ത്രീകളെയും കുട്ടികളെയും കൂടാതെ അയ്യായിരത്തോളം ആളുകൾക്ക് നൽകിയ സ്ഥലത്തേയ്ക്കാണ്. അവിടെ ഒരു ചെറിയ പള്ളിയും ഉണ്ടായിരുന്നു. ഇവിടുത്തെ പള്ളി ആദ്യം പണിതത് എഡി 28ൽ ടിബേറിയസ്‌കാരൻ ജോസഫ് എന്നയാളായിരുന്നു 614 ൽ പേർഷ്യൻ കടന്നുകയറ്റത്തിന്റെ കാലത്ത് ഇത് നശിക്കപ്പെട്ടു. പേർഷ്യൻ കാലഘട്ടത്തിൽ മാത്രം ഏകദേശം 300 പള്ളികൾ വിശുദ്ധ നാട്ടിൽ നശിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. അതിന് ശേഷം രാത്രി കാലത്ത് മുഴുവൻ മീൻ പിടിച്ച് തളർന്ന് ഒരു മീൻ പോലും കിട്ടാതെ വന്ന തന്റെ ശിഷ്യന്മാർക്ക് മരിച്ച് ഉയർന്ന് എഴുന്നേറ്റതിന് ശേഷം പ്രഭാത ഭക്ഷണം ഉണ്ടാക്കി കൊടുക്കുകയും തന്റെ കുഞ്ഞാടുകളെ നയിക്കാൻ പത്രോസിനെ ചുമതലപ്പെടുത്തുകയും ചെയ്ത മെന്മെ ക്രിസ്റ്റി എന്ന പള്ളിയിലേക്കാണ് പോയത്. അവിടെ ക്രിസ്തു പ്രഭാത ഭക്ഷണം ഒരുക്കി എന്ന് വിശ്വസിക്കുന്ന ഒരു പാറയാണ് പള്ളിയുടെ അകത്ത് കണ്ടത്. ഈ പള്ളിയുടെ ഭാഗത്ത് മാത്രമാണ് ആളുകൾക്ക് ഗലീലിയ കടലിലേക്ക് ഇറങ്ങാൻ വഴിയുള്ളത്. ഞങ്ങൾ അവിടെ ഇറങ്ങി മുഖവും കാലും എല്ലാം കഴുകി. ഇവിടുത്തെ പള്ളികൾ എല്ലാം തന്നെ ഫ്രാൻസിക്കൻ സഭയുടെ കീഴിൽ ആണ്.

അവിടെ നിന്നും ഞങ്ങൾ പോയത് കേപ്പർനൗമിലേക്കായിരുന്നു. ക്രിസ്തുവിന്റെ പൊതുജീവിതത്തിന്റെ സിംഹഭാഗവും ചിലവഴിച്ചത് കോപ്പർനൗമിൽ ആയിരുന്നു. 3 വർഷമാണ് അദ്ദേഹത്തിന്റെ പൊതുജീവിതം അതിൽ 20 മാസവും അദ്ദേഹം ചിലവഴിച്ചത് കേപ്പർനൗമിൽ ആയിരുന്നു. ക്രിസ്തുവിന്റെ അത്ഭുത പ്രവർത്തനങ്ങൾ കൂടുതലും നടന്നതും ഇവിടെ ആയിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാർ ഭൂരിപക്ഷവും ഇവിടുത്തുകാരായിരുന്നു എങ്കിലും അവിടുത്തെ ആളുകൾ അദ്ദേഹത്തിൽ വിശ്വസിക്കാത്തതു കൊണ്ട് അദ്ദേഹം ഈ പട്ടണത്തെ ശപിക്കുകയും ചെയ്തു. എഡി 749ൽ ഭൂകമ്പത്തിൽ ഈ പട്ടണം പൂർണ്ണമായി നശിച്ച് പോകുകയായിരുന്നു. 1905ൽ ജർമ്മൻ ആർക്കിയോളജിസ്റ്റുകാർ നടത്തിയ പരിവേഷണത്തിലാണ് ഈ പട്ടണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.


വിശുദ്ധ പത്രോസിന്റെ വീടും വളരെ പഴയ ഒരു സിനഗോഗിന്റെ അവശിഷ്ടങ്ങളും കഫർണാമിലെ പഴയ പട്ടണത്തിന്റെ അവശിഷ്ടങ്ങളും അവിടെ കാണാമായിരുന്നു. കിംങ്ങ് ഡേവിഡിന്റെ ചിഹ്നമായ നക്ഷത്രം കൊത്തിയ കല്ലുകൾ സിനിഗോഗിന്റെ നശിച്ച അവശിഷ്ടങ്ങളിൽ കാണാമായിരുന്നു. ഈ സിനഗോഗിലാണ് ക്രിസ്തു ജനങ്ങളെ പഠിപ്പിച്ചത്. ക്രിസ്തുവിന്റെ ശാപം കൊണ്ടായിരിക്കാം ഇന്നും കഫർണാമിൽ ഒരു കുടുംബവും താമസിക്കുന്നില്ല.

ഗലീലിയ കടൽക്കരയിൽ തന്നെ ഉള്ള ഒരു ഹോട്ടലിൽ നിന്നും വിശുദ്ധമായ ഈ കടലിൽ നിന്നും പിടിച്ച് മീൻ കൂട്ടി ഉച്ച ഭക്ഷണം കഴിച്ചതിന് ശേഷം ഞങ്ങൾ ജോർദ്ദാൻ നദിയിലേക്ക് പോയി. പഴയ നിയമത്തിൽ ഈപ്ജിപ്റ്റിന്റെ അടിമത്തത്തിൽ നിന്നും ഇസ്രയേൽ ജനതയെ രക്ഷിച്ചു കനാൻ ദേശത്ത് എത്തിച്ച ജോഷ്വാ ഈ നദി കടന്നാണ് കീഴടക്കൽ ആരംഭിച്ചത്. അതുപോലെ ക്രിസ്തു യോഹന്നാനിൽ നിന്നും സ്‌നാനം സ്വീകരിച്ചതും ഈ നദിയിൽ നിന്നും ആയിരുന്നു. ക്രിസ്തുവിന്റെ സ്‌നാനത്തിന് ശേഷം ഈ നദി ക്രിസ്ത്യാനികളെ സംബന്ധിച്ചടുത്തോളം പരിശുദ്ധമായ നദി ആയിട്ടാണ് അറിയപ്പെടുന്നത്. ക്രിസ്തുവിനെ സ്‌നാനം ചെയ്തത് ജെറിക്കോയ്ക്ക് 5 മൈൽ കിഴക്കുള്ള ജോർദ്ദാൻ നദിയിൽ ആയിരുന്നെങ്കിൽ ഞങ്ങൾ പോയത് ജോർദ്ദാൻ നദിയുടെ മറ്റൊരു ഭാഗത്തേക്കായിരുന്നു. ഫാ. എബ്രഹാം ഞങ്ങളുടെ സംഘങ്ങളെ എല്ലാം അവിടെ സ്‌നാനം ചെയ്യിച്ചു.

പിന്നീട് ഞങ്ങളുടെ യാത്ര ക്രിസ്തു മലയിലെ പ്രസംഗം നടത്തിയ മൗണ്ട് ഓഫ് ബീറ്റിറ്റൂഡിലേക്കായിരുന്നു. ലോക ചരിത്രത്തെ ക്രിസ്തുവിന് ശേഷവും ക്രിസ്തുവിന് മുൻപും എന്ന് കീറിമുറിക്കുവാൻ ഒരു പക്ഷെ പ്രചോദനമായത് ഈ മലയിലെ പ്രസംഗം ആയിരിക്കാം. അന്നു വരെ കണ്ണിന് കണ്ണ് എന്ന ക്രമം നില നിന്നിരുന്ന അവസ്ഥയിൽ നിന്നും ക്ഷമാശീലൻ ഭൂമി സ്വന്തമാക്കും, അതുപോലെ തന്നെ ഒരു ചെകിടിനിട്ട് അടിക്കുന്നവന് മറു കരണം കാണിച്ച് കൊടുക്കണം എന്നീ ആശയങ്ങൾ ലോകത്തിന് നൽകിയത് ഈ മലയിൽ വച്ചായിരുന്നു. ഈ ആശയമാണ് മഹാത്മാഗാന്ധിയെയും മാർട്ടിൻ ലൂതർ കിംങ്ങിനെയും, എബ്രഹാം ലിങ്കനെയും, മദർതരേസയെയും, നെൽസൺ മണ്ഡേലയെയും എല്ലാം നയിച്ചത്. അവിടെ സ്ഥാപിച്ചിട്ടുള്ള പള്ളിയിൽ എല്ലാവരും കയറി പ്രാർത്ഥിച്ചതിന് ശേഷം ജോൺപോൾ മാർപ്പാപ്പ പള്ളി സന്ദർശിച്ചപ്പോൾ നൽകിയ സമ്മാനങ്ങൾ ഒക്കെ കണ്ടതിന് ശേഷം ഗലീലിയ കടലിൽ ബോട്ടിങ്ങ് നടത്തുന്നതിനായി പുറപ്പെട്ടു.

32 മൈൽ വിസ്തൃതിയുള്ള ഗലീലിയ കടലാണ് ഇസ്രയേലിലെയും ജോർദ്ദാനിലെയും പ്രധാനമായ ശുദ്ധ ജല തടാകം. ഇവിടെ നിന്നുമാണ് ഇസ്രയേലിൽ മുഴുവൻ കൃഷിക്കും കുടി വെള്ളത്തിനും വെള്ളം കൊണ്ട് പോകുന്നത്. 1967ൽ നടന്ന 6 ദിവസം നടന്ന യുദ്ധത്തിൽ ഈ പ്രദേശം ജോർദ്ദാനിൽ നിന്നും ഇസ്രയേൽ പിടിച്ചെടുത്തതാണ്. ഇസ്രയേലിനെ സംബന്ധിച്ചടുത്തോളം വളരെ തന്ത്ര പ്രധാനമായ മേഖലയാണ് ഈ പ്രദേശം. ഇസ്രയേൽ ദേശീയ പതാകയോടൊപ്പം ഇന്ത്യയുടെ ദേശീയ പതാക കൂടി ഉയർത്തി ദേശീയ ഗാനവും ആലപിച്ച് കൊണ്ടാണ് ബോട്ടിൽ യാത്ര തിരിച്ചത് ഒരു മണിക്കൂർ ബോട്ടുയാത്ര നല്ല ഒരു അനുഭവം ആയിരുന്നു. പകൽ 40 ഡിഗ്രി ചൂട് ആയിരുന്നത് കൊണ്ട് എല്ലാവരും തന്നെ ക്ഷീണിതർ ആയിരുന്നു. ബോട്ടിങ്ങിന് ശേഷം ഞങ്ങൾ ഹോട്ടലിൽ തിരിച്ചെത്തി ഭക്ഷണം കഴിച്ച് കിടന്നുറങ്ങി.

തുടരും...
കരിങ്കുന്നത്ത് നിന്നും ജറുസലേമിലേക്കുള്ള ദൂരം- ഇസ്രയേൽ യാത്ര 1
പൂക്കളുടെ നഗരം അഥവാ സീസേറിയ- ഇസ്രയേൽ യാത്ര 2

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP