Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജറുസലേം നഗരവും വിലാപമതിലും-ഇസ്രയേൽ യാത്ര 6

ജറുസലേം നഗരവും വിലാപമതിലും-ഇസ്രയേൽ യാത്ര 6

മൗണ്ട് മോറിയ, മൗണ്ട് സിയോൺ, വെസ്റ്റേൺഹിൽ എന്നീ മൂന്നു മലകൾ, 76 ഏക്കർ സ്ഥലം, പല കാലങ്ങളിൽ ആയി നിർമ്മിച്ച ചുറ്റുമതിൽ. ആ മതിലിൽ എട്ടു ഗെയിറ്റുകൾ, ലോകത്തിലെ പ്രധാന മൂന്നു മതങ്ങളുടെയും അതിപ്രധാന ആരാധനാലയങ്ങൾ. ഈ 76 ഏക്കർ സ്ഥലം നാലായി വീതം വച്ചിരിക്കുന്നു. മുസ്ലിം ക്വാർട്ടർ, ജൂവിഷ് ക്വാർട്ടർ, ക്രിസ്റ്റ്യൻ ക്വാർട്ടർ, അർമേനിയൻ ക്വാർട്ടർ എന്നിങ്ങനെ. കഴിഞ്ഞ 2000 വർഷത്തെ ചരിത്രത്തിൽ കടൽ പോലെ മനുഷ്യ രക്തം ഈ മണ്ണിൽ ഒഴുകിയിട്ടുണ്ട്. ഇനിയും എത്ര രക്തം കൂടി ഒഴുകും എന്നു വിധിക്കാൻ ഒരു വിധികർത്താവിനും കഴിയില്ല. പിടിച്ചടക്കലുകളും കടന്നു കയറ്റങ്ങളും അടിച്ചമർത്തലുകളും പലായനങ്ങളും ഈ മണ്ണിൽ അനുസ്യുതം നടന്നു കൊണ്ടിരിക്കുന്നു.

ഇവിടെ സമാധാനം കൊണ്ടു വരാൻ ഒട്ടേറെ ലോക നേതാക്കൾ ശ്രമിച്ചിട്ടുണ്ട്. ഇന്നും അത് തുടർന്നു കൊണ്ടിരിക്കുന്നു. ഇതിന് സമാനമായ ഐറിഷ് പ്രശ്‌നം തീർത്ത പ്രഗത്ഭനായ രാഷ്ട്ര തന്ത്രജ്ഞൻ ടോണി ബ്ലെയർ ഈ പ്രശ്‌നം പരിഹരിക്കാൻ ഇപ്പോഴും യുഎൻ എൻവോയുടെ സ്ഥാനത്ത് നിന്ന് ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇസ്രയേൽ എന്ന രാഷ്ട്രത്തിന്റെ തലസ്ഥാനമാണിത്. പക്ഷെ ഒരു വിദേശ രാജ്യത്തിന്റെയും എംമ്പസി ഇവിടെ പ്രവർത്തിക്കുന്നില്ല. കാരണം യു. എൻ. ഇന്നും ഇസ്രയേലിന്റെ തലസ്ഥാനമായി ഈ സ്ഥലത്തെ അംഗീകരിച്ചിട്ടില്ല. 10 പ്രാവശ്യം ഈ പട്ടണം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. രണ്ടു പ്രാവശ്യം പൂർണ്ണമായും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇവിടുത്തെ മൂന്ന് മതക്കാരുടെയും ദേവാലയങ്ങൾ പല കാലങ്ങളിലായി തകർക്കപ്പെട്ടിട്ടുണ്ട്. 2900 വർഷം മുൻപ് ലോകത്തിലെ ആദ്യത്തെ ഏക ദൈവത്തെ ആരാധിക്കാൻ നിർമ്മിച്ച ദേവാലയം 2000 വർഷം മുൻപ് നടന്ന രണ്ടാമത്തെ തകർക്കലിന് ശേഷം പുന പ്രതിഷ്ഠിക്കാനുള്ള ശ്രമം ഇന്നും തുടരുന്നു.

ഈ ഭൂമിയുടെ അവകാശികളെ പൂർണ്ണമായി ഇല്ലായ്മ ചെയ്യാൻ ബോബിലോണിയസ്, റോമൻ രാജാവ് വെസ്പാസിയന്റെ മകൻ ടൈറ്റസ്, പേർഷ്യൻസ്, ജർമ്മൻ ചാൻസിലർ ആയിരുന്ന ഹിറ്റ്‌ലർ, ഈജിപ്റ്റിന്റെ പ്രസിഡന്റ് നാസ്സർ എന്നിവർ ശ്രമിച്ചിട്ടുണ്ട് .ഇപ്പോൾ ഇറാൻ പ്രസിഡന്റ് അഹമ്മദ് നിജാദ് ശ്രമിച്ച് കൊണ്ടിരിക്കുന്നു.

മിശിഹ വരുമ്പോൾ ആദ്യമായി മരിച്ചവരെ ഉയർപ്പിക്കുന്നത് ഇവിടെ നിന്നായിരിക്കും എന്ന് വിശ്വസിച്ച് ഇവിടെ നൂറ്റാണ്ടുകളായി അടക്കം ചെയ്ത മൂന്ന് മതസ്ഥരുടെ ശവ കുടീരങ്ങൾ മോക്ഷം പ്രതീക്ഷിച്ച് കിടക്കുന്നു.

നൂറ്റാണ്ടുകളായി ലോകത്തുണ്ടാകുന്ന പ്രശ്‌നങ്ങളുടെ എപ്പിക് സെന്റർ എന്നു പറയുന്നത് ഈ 76 ഏക്കർ സ്ഥലമാണ്. അങ്ങനെ പോകുന്നു ജറുശലേം എന്ന ഈ വിശുദ്ധ നഗരത്തിന്റെ ചരിത്രം. ഇനിയും ഒരു ലോക മഹായുദ്ധം ഉണ്ടായാൽ അതിന്റെ കാരണം ഈ നഗരവും ഇവിടെ താമസിക്കുന്നവരുടെ താല്പര്യങ്ങളും ആയിരിക്കും.


ഇന്നത്തെ ഞങ്ങളുടെ യാത്ര ജറുശലേം എന്ന വിശുദ്ധ നഗരം കാണുന്നതിന് വേണ്ടിയാണ്. രാവിലെ 4. 30 ന് ഞങ്ങൾ ഹോട്ടലിൽ നിന്നും റെഡിയായി പുറപ്പെട്ട് ജറുശലേമിനെ സംരക്ഷിച്ചു നിർത്തുന്ന ജറുശലേം മതിലിന്റെ ഹെറോദ് ഗേറ്റിലൂടെ പഴയ ജറുശലേമിൽ പ്രവേശിച്ചു. ഈ സ്ഥലം മുസ്ലിം ക്വാർട്ടർ ആണ് ഇവിടെയായിരുന്നു പീലാത്തോസിന്റെ അരമന. ഇവിടെ നിന്നും ആയിരുന്നു കൈ കഴുകി ക്രിസ്തുവിൽ കുറ്റം ഒന്നും കാണാതെ പീലാത്തോസ് യൂദന്മാർക്ക് അദ്ദേഹത്തെ ക്രൂശിക്കാൻ വിട്ടു കൊടുത്തത്. ഇവിടെ നിന്നുമാണ് കുരിശിന്റെ വഴി ഞങ്ങൾ ആരംഭിക്കുന്നത്. 11 സ്ഥലം കഴിഞ്ഞപ്പോൾ കുർബാനയ്ക്ക് സമയം പോകും എന്നത് കൊണ്ട് കുരിശിന്റെ വഴി ഞങ്ങൾ നിർത്തി. കുർബാനയുടെ സമയത്തിന്റെ പേരിൽ പീലാത്തോസിന്റെ അരമനയിൽ പണിതിരിക്കുന്ന പള്ളിയും കാണാൻ കഴിഞ്ഞില്ല. ഈ അരമനയുടെ സ്റ്റെപ്പുകളിലൂടെയാണ് ക്രിസ്തുവിനെ യൂദന്മാർ വലിച്ച് കൊണ്ട് പോയത്. സ്റ്റെപ്പുകൾ പറിച്ചെടുത്ത് കൊണ്ടു പോയി കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മ ഹെലന റോമിൽ ഒരു പള്ളി പണിതിട്ടുണ്ട്. സ്റ്റെപ്പ് ചർച്ച് എന്നാണ് ഈ പള്ളി അറിയപ്പെടുന്നത്. ഇതിലൂടെ മുട്ടു കുത്തി മാത്രമേ നമുക്ക് കയറി പോകാൻ കഴിയൂ.
ന'ന'

കുരിശിന്റെ വഴിയിൽ ഭിത്തിയിൽ ഒന്ന് രണ്ട് എന്നിങ്ങനെ റോമൻ അക്ഷരത്തിൽ ഓരോ സ്ഥലത്തെപ്പറ്റിയും എഴുതി വച്ചിട്ടുണ്ട്. കുരിശിന്റെ വഴി അവസാനിപ്പിച്ച് ക്രിസ്തുവിനെ ക്രൂശിച്ച് അടക്കം ചെയ്ത ഗാഗുൽത്ത മലയിലെ ഹോളി സെപൽച്ചർ പള്ളിയിൽ എത്തി. അവിടെ ക്രൂശിൽ തറച്ച സ്ഥലവും കുരിശിൽ നിന്ന് ഇറക്കി കിടത്തിയ സ്ഥലവും കണ്ടു. ക്രൂശിൽ തറച്ചപ്പോൾ ഉണ്ടായ ഭൂകമ്പത്തിൽ പിളർന്ന പാറയും ക്രൂശിൽ തറച്ച സ്ഥലത്തിനോട് ചേർന്ന് കാണാമായിരുന്നു. ക്രിസ്തുവിന്റെ ശരീര അടക്കം ചെയ്തിരിക്കുന്ന സ്ഥലം കാണുന്നതിന് വേണ്ടി കുറച്ച് സമയം ക്യു നിൽക്കേണ്ടി വന്നു. ഈ പള്ളിയുടെ പ്രധാന ഭാഗങ്ങൾ ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ നിയന്ത്രണത്തിലാണ്.


അർമേനിയൻ സഭയ്ക്കും കത്തോലിക്ക് സഭയ്ക്കും ഇവിടെ പള്ളികൾ ഉണ്ട്. കാതലിക്‌സിന്റെ കൈവശത്തിൽ ഇരിക്കുന്ന പള്ളിയുടെ ഭാഗത്ത് വച്ചാണ് ക്രിസ്തുവിന്റ വസ്ത്രങ്ങൾ അഴിച്ച് മാറ്റുകയും കുരിശിൽ വച്ച് ആണി അടിക്കുകയും ചെയ്തതെന്നാണ് വിശ്വാസം. ഹോളി സെപൽച്ചർ പള്ളിയുടെ ഒരു ചാപ്പലിൽ വച്ചായിരുന്നു ഞങ്ങളുടെ അന്നത്തെ കുർബാന. കുർബാന കഴിഞ്ഞതിന് ശേഷം പള്ളിയും ക്രിസ്തുവിന്റെ കാലത്ത് ഉണ്ടായിരുന്നു എന്നു വിശ്വസിക്കുന്ന ശവ കല്ലറകളും എല്ലാം കണ്ടു.


എ. ഡി. 326ൽ ജറുശലേം സന്ദർശിച്ച കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മ ഹെലന ഇവിടം കുഴിച്ച് ക്രിസ്തുവിന്റെ ശവകല്ലറയും കുരിശിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തു. ഇവിടെ ഹോളി സെപൽച്ചർ പള്ളി പണിയുകയുമാണ് ചെയ്തത്. ഹെലനയുടെ പേരിൽ ഒരു ചെറിയ പള്ളിയും വലിയ പള്ളിയോടു ചേർന്ന് പണിതിട്ടുണ്ട്. ഹെലന മൂന്ന് പള്ളികൾ ഹോളിലാന്റിൽ പണിതിട്ടുണ്ട്. ക്രിസ്തു ജനിച്ച ബേത്‌ലഹേമിലെ പള്ളിയും ഒലിവ് മലയിലെ അസൻഷൻ ചർച്ചും ആണ് അത് രണ്ടെണ്ണം. ഹോളി സെപൽച്ചർ പള്ളിയും പേർഷ്യൻ കാലഘട്ടത്തിലും മുസ്ലിം കാലഘട്ടത്തിലും നശിപ്പിച്ചിട്ടുണ്ട്. ഓട്ടോമൻ തുർക്കി ജറുശലേം കീഴ്‌പ്പെടുത്തിയത് മുതൽ ഈ പള്ളിയുടെ നിയന്ത്രണം ഇവിടുത്തെ ഒരു മുസ്ലിം കുടുംബത്തിനാണ്. അവരാണ് എന്നും രാവിലെ ഈ പള്ളി ഇപ്പോഴും തുറക്കുന്നതും അടയ്ക്കുന്നതും.

പഴയ ജറുശലേമിലെ തെരുവുകൾ വളരെ ഇടുങ്ങിയതാണ്. നടക്കുമ്പോൾ സൂക്ഷിച്ച് നടന്നില്ലെങ്കിൽ വീഴാൻ സാധ്യതയുണ്ട്. ആളുകൾ നടന്ന് നടന്ന് കല്ലുകൾ അത്രമാത്രം മിനുസപ്പെട്ടിട്ടുണ്ട്. മിക്കവാറും വഴികളിലൂടെ നടന്നു പോകാനേ കഴിയൂ. വളരെ അപൂർവ്വം വഴികളിലൂടെ മാത്രമേ കാറുകൾക്ക് പോകാൻ കഴിയൂ.


ഗാഗുൽത്തായിൽ നിന്നും ഞങ്ങൾ പോയത് ദാവീദ് രാജാവിനെ അടക്കം ചെയ്തു എന്ന് വിശ്വസിക്കുന്ന സ്ഥലത്തേയ്ക്കാണ്. അവിടെ അദ്ദേഹത്തിന്റെ ശവ കുടീരം കണ്ടതിന് ശേഷം മാതാവ് ശാശ്വതമായ ഉറക്കത്തിലേയ്ക്ക് പ്രവേശിച്ചു എന്ന് വിശ്വസിക്കുന്ന സ്ഥലത്തെ ജർമ്മൻകാരുടെ കൈവശത്തിൽ ഇരിക്കുന്ന പള്ളിയിലേക്കാണ് പോയത്. അവിടെ മാതാവ് എന്റേർണൽ സ്ലീപ് ചെയ്തിരിക്കുന്ന ഒരു പ്രതിമയുണ്ട്. മാതാവ് ഇവിടെ വച്ച് ശ്വാശതമായ ഉറക്കത്തിൽ പ്രവേശിച്ചു എന്നും ക്രിസ്തുവിന്റെ ശിഷ്യന്മാർ മാതാവിനെ ഒലിവ് മലയിലേയ്ക്ക് കൊണ്ടു പോകുകയും അവിടെ നിന്നും മാതാവ് സ്വർഗ്ഗാരോഹണം ചെയ്തു എന്നും ആണ് വിശ്വാസം.

ഇവിടെ നിന്നും ഞങ്ങൾ പോയത് ക്രിസ്തു അന്ത്യ അത്താഴം നടത്തി ദൈവവും മനുഷ്യനുമായി ബന്ധം സ്ഥാപിച്ച സ്ഥലവും ക്രിസ്തു മരിച്ചതിന് ശേഷം ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടു എന്ന് വിശ്വസിക്കുന്ന ലാസ്റ്റ് സപ്പർ പള്ളിയിലേക്കുമാണ്. ഈ പള്ളി ഓട്ടോമാൻ കാലഘട്ടത്തിൽ മോസ്‌ക് ആയി മാറ്റിയിരുന്നു. 1948ൽ ഇസ്രയേൽ പിടിച്ചെടുത്ത് വീണ്ടും പള്ളി ആക്കി മാറ്റുകയും ഇപ്പോഴും ഇസ്രയേൽ ഗവൺമെന്റിന്റെ കീഴിൽ നിലനിർത്തുകയും ചെയ്തിരിക്കുന്നു.


പിന്നീട് ജറുശലേം മതിലിൽ ഉള്ള ലയൺ ഗേറ്റും ന്യൂ ഗേറ്റും കണ്ടു. ഇതിൽ ലയൺ ഗേറ്റിൽ 1967ൽ നടന്ന യുദ്ധത്തിൽ പതിച്ച വെടിയുണ്ടകളുടെ പാടുകൾ കാണാമായിരുന്നു. ആകെയുള്ള എട്ടു ഗേറ്റുകളിൽ ഏഴ് എണ്ണം മാത്രമാണ് തുറക്കപ്പെട്ടിട്ടുള്ളത്. ഗോൾഡൺ ഗേറ്റ് ടർക്കി സുൽത്താൻ ആയിരുന്ന സുലൈമാൻ 1541 ൽ അടച്ച് പൂട്ടി ഈ ഗേറ്റിലൂടെ ആയിരുന്നു ക്രിസ്തു എപ്പോഴും ജറുശലേമിൽ പ്രവേശിച്ചിരുന്നത്. കാരണം ക്രിസ്തുവിനെ കാണാൻ എപ്പോഴും ആളുകൾ ഈ ഗേറ്റിൽ കാത്തു നിന്നിരുന്നു. ഓശാന ഞായറാഴ്ച അദ്ദേഹം ജറുശലേമിൽ പ്രവേശിച്ചത് ഈ ഗേറ്റിലൂടെ ആയിരുന്നു. ഈ ഗേറ്റും ജറുശലേം പള്ളി നശിപ്പിച്ചിരുന്ന കാലത്ത് നശിച്ചിരുന്നു. എ. ഡി. 520 ൽ പണിത ഗേറ്റായിരിക്കണം ഇപ്പോൾ നിലവിൽ ഉള്ളത് എന്നാണ് ചരിത്രം പറയുന്നത്. യഹൂദന്മാർ വിശ്വസിക്കുന്നത് ഈ ഗേറ്റിലൂടെയാണ് മിശിഹ അന്ത്യ ദിനത്തിൽ അവസാനത്തെ വിധി നടത്തുന്നതിന് വേണ്ടി ജറുശലേമിൽ പ്രവേശിക്കുന്നത് എന്നാണ്. അത് കൊണ്ട് മിശിഹായുടെ പ്രവേശനത്തെ തടയുന്നതിന് വേണ്ടിയാണ് ടർക്കി സുൽത്താൻ ഗേറ്റ് അടച്ച് പൂട്ടുകയും അതിന്റെ മുൻപിൽ ശവകോട്ട പണിയുകയും ശവം അടക്കുകയും ചെയ്തത് എന്ന്. ഇന്നും ഈ ഗേറ്റ് അടഞ്ഞ് കിടക്കുന്നു.

ഞങ്ങളുടെ അടുത്ത ലക്ഷ്യം വെസ്റ്റേൺ വാൾ അല്ലെങ്കിൽ വിലാപ മതിൽ എന്നറിയപ്പെടുന്ന ജറുശലേം ദേവാലയത്തിന്റെ അവശേഷിക്കുന്ന ഒരു ഭിത്തി കാണുക എന്നുള്ളതായിരുന്നു ഭൂമിയിലെ ഏറ്റവും പരിശുദ്ധമായ സ്ഥലം എന്ന യഹൂദന്മാർ വിശ്വസിക്കുന്ന ഈ സ്ഥലത്തേയ്ക്ക് പ്രവേശിക്കണമെങ്കിൽ യഹൂദന്മാരുടെ തൊപ്പി വച്ച് കൊണ്ട് വേണം കയറാൻ. തൊപ്പി അവിടെ സൗജന്യമായി നൽകുന്നുണ്ട്. സ്ത്രീകൾക്ക് പ്രാർത്ഥിക്കാൻ പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ട്.

ലോക ആരാധ്യനായ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഈ മതിലിൽ വന്ന് പ്രാർത്ഥിച്ച് കൊണ്ടാണ് ക്രിസ്ത്യൻ സമൂഹം യഹൂദന്മാർക്കെതിരെ നടത്തിയ ക്രൂരതകൾക്ക് ക്ഷമ പറഞ്ഞത്.

ഇവിടെ നിന്നാണ് സ്വർഗ്ഗത്തിന്റെ വാതിൽ തുറക്കുന്നത്. അതു കൊണ്ട് ഈ മതിലിൽ പ്രാർത്ഥിച്ചാൽ പ്രാർത്ഥന എത്രയും പെട്ടെന്ന് ദൈവ സന്നിധിയിൽ എത്തും എന്നാണ് യഹൂദൻ വിശ്വസിക്കുന്നത് ഈ മതിലിന്റ കല്ലുകൾക്കിടയിൽ ആളുകൾ അവരുടെ പ്രാർത്ഥനകൾ എഴുതി വച്ചിരിക്കുന്നത് കാണാമായിരുന്നു. യഹൂദർ ഈ മതിലിനോട് ചേർന്ന നിന്നാണ് അവരുടെ വേദ പുസ്തകമായ തോറ വായിക്കുന്നത്. മതിലിന് 488 മീറ്റർ നീളം ആണുള്ളത് ബി. സി. 965 നും 922 നും ഇടയിൽ സോളമൻ ചക്രവർത്തി ആയിരുന്നു ജറുശലേം ദേവാലയം ആദ്യം പണിതത്. അത് ബാബിലോണിയർ നശിപ്പിച്ചതിന് ശേഷം എ. ഡി. 20 ന് ഹെറോദ് രാജാവ് പണിത ദേവാലയത്തിന്റെ ഭാഗമാണ് വെസ്റ്റേൺ വാൾ. ഈ ദേവാലയം എ. ഡി. 70 ൽ നശിപ്പിച്ച റോമൻ ചക്രവർത്തിയുടെ മകൻ ടൈറ്റസ് ഈ മതിൽ മാത്രം നില നിർത്താൻ കാരണം ഇത്ര വലിയ കല്ലു കൊണ്ട് ഉണ്ടാക്കിയ പള്ളി നശിപ്പിക്കാൻ കഴിവുള്ളവരായിരുന്നു റോമൻ പട്ടാളക്കാർ എന്ന് വരും തലമുറ അറിയുന്നതിന് വേണ്ടിയാണ്. പള്ളിയുടെ ബാക്കി ഭാഗംഎല്ലാം തീയിട്ട് നശിപ്പിച്ചു. അതു മാത്രമല്ല യഹൂദന്മാർക്ക് ഈ മതിലിന്റെ അടുത്തേയ്ക്ക് വരാൻ ഉള്ള അവകാശവും റോമക്കാർ നിഷേധിച്ചിരുന്നു.

പിന്നീട് ബൈസാന്റിയൻ കാലഘട്ടത്തിൽ ദേവാലയം തകർത്ത ദിവസം യഹൂദർക്ക് മതിലിൽ പ്രാർത്ഥിക്കാൻ അവസരം കൊടുത്തു. അന്ന് അവർ വന്നു മതിലിൽ കരഞ്ഞ് പ്രാർത്ഥിച്ചു. അതു കൊണ്ടാണ് ഇതിനെ വിലാപ മതിൽ എന്നു കൂടി അറിയപ്പെടാൻ കാരണം. എ. ഡി. 636ൽ മുസ്ലിം ജറുശലേം കീഴ്‌പ്പെടുത്തുകയും ജറുശലേം പള്ളി തകർന്നടിഞ്ഞ് കിടന്ന അവശിഷ്ടങ്ങൾ മാറ്റി അവിടെ ഒരു മുസ്ലിം പള്ളി പണിയുകയും ചെയ്തു. മുസ്ലിംങ്ങൾ വിശ്വസിക്കുന്നത് ഈ പള്ളിയുടെ അകത്തിരിക്കുന്ന പാറയിലാണ് അബ്രഹാം തന്റെ മകൻ ഇസ്മയേലിനെ ബലി അർപ്പിക്കാൻ കൊണ്ട് പോയത് എന്നും അതുപോലെ ഈ പാറയിൽ നിന്നുമാണ് മുഹമ്മദ് നബി സ്വർഗ്ഗാരോഹണം നടത്തിയത് എന്നും ആണ്. എന്നാൽ ക്രിസ്ത്യൻസ് വിശ്വസിക്കുന്നത് ഇസഹാക്കിനെയാണ് ബലി അർപ്പിക്കാൻ കൊണ്ടുപോയത് എന്നാണ്. റോക്ക് ഓഫ് ദി ഡോം എന്നു പറയുന്ന ഈ മോസ്‌കിലേയ്ക്ക് മുസ്ലിം അല്ലാത്തവർക്ക് പ്രവേശനം ഇല്ല. യഹൂദർക്ക് വീണ്ടും ജറുശലേം ദേവാലയം പണിയണമെങ്കിൽ ഈ മുസ്ലിം പള്ളി പിടിച്ചെടുത്താൽ മാത്രമേ കഴിയൂ. അത് സംഭവിച്ചാൽ ഒരു ലോക മഹാ യുദ്ധത്തിലേയ്ക്ക് പോലും നയിക്കാൻ കാരണമായേക്കാം. ഞങ്ങൾക്ക് ഒലിവ് മലയിൽ നിന്നു കൊണ്ട് മാത്രമാണ് റോക്ക് ഓഫ് ദി ഡോം കാണാൻ കഴിഞ്ഞത്.

1967ൽ നടന്ന യുദ്ധത്തിലാണ് യഹൂദർ ഈ വെസ്റ്റേൺ വാൾ ജോർദാന്റെ കൈയിൽ നിന്നും പിടിച്ചെടുക്കുന്നത് 1948 ൽ നടന്ന യുദ്ധത്തിൽ ജോർദാന്റെ കീഴിൽ എത്തിയ വെസ്റ്റേൺ വാളിൽ യഹൂദർക്ക് പ്രവേശനം ഇല്ലായിരുന്നു. ഇന്ന് അവിടെ ലോക്കൽ മുസ്ലിമിന് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ ഈ മതിൽ സന്ദർശിച്ചപ്പോൾ അന്നത്തെ ഇസ്രയേൽ പ്രധാന മന്ത്രി മെനാഹം ബെഗിൻ പറഞ്ഞു ഇവിടെ നിന്നും ഡൊമസ്റ്റിക് കോൾ ആണ് സ്വർഗ്ഗത്തിലേയ്ക്ക് എന്ന്. അത്രമാത്രം ദൈവീകമാണ് ഈ സ്ഥലം എന്നാണ് യഹൂദർ വിശ്വസിക്കുന്നത്.

ഇവിടെ നിന്നും ഞങ്ങൾ പോയത് പത്രോസ് ക്രിസ്തുവിനെ തള്ളി പറഞ്ഞ സ്ഥലവും ക്രിസ്തുവിനെ പ്രധാന പുരോഹിതൻ കൈപ്പാസിന്റെ മുൻപിൽ ഹാജരാക്കുകയും ദൈവനിന്ദ ആരോപിച്ച് കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്ത സ്ഥലത്തേക്കാണ്. ക്രിസ്തുവിനെ അടച്ച കാരാഗൃഹം എന്നു വിശ്വസിക്കുന്ന സ്ഥലവും അവിടെ മൂന്ന് നിലകളിൽ ആയി നിർമ്മിച്ചിരിക്കുന്ന പള്ളിയും കണ്ടു. രണ്ടാമത്തെ നിലയിൽ നിന്നും കയറിൽ കെട്ടി ഒരു മനുഷ്യന് മാത്രം കടന്ന് പോകാവുന്ന ഒരു ഹോളിലൂടെയാണ് ഭൂമിക്കിടയിൽ ഉള്ള ഒരു മുറിയിലേയ്ക്ക് കുറ്റവാളികളെ ഇറക്കുന്നത് വെട്ടവും വെളിച്ചവും ഒന്നും ഇല്ലാത്ത ഭൂമിക്കടിയിലെ ഒരു മുറി അതായിരുന്നു കാരാഗൃഹം അത് കണ്ടതിന് ശേഷം ഞങ്ങൾ തിരിച്ച് ഹോട്ടലിലേയ്ക്ക് പോയി.

തുടരും...

കരിങ്കുന്നത്ത് നിന്നും ജറുസലേമിലേക്കുള്ള ദൂരം- ഇസ്രയേൽ യാത്ര 1
പൂക്കളുടെ നഗരം അഥവാ സീസേറിയ- ഇസ്രയേൽ യാത്ര 2
നസ്രത്തും മാതാവിന്റെ കിണറും- ഇസ്രയേൽ യാത്ര 3
ഇടുക്കിയിൽ കണ്ട യഹൂദനും ഇസ്രയേലിൽ കണ്ട യഹൂദനും- ഇസ്രയേൽ യാത്ര 4
ജെറുശലേമും ബത്‌ലഹേമിലെ പള്ളിയും- ഇസ്രയേൽ യാത്ര 5

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP