Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കമ്മ്യുണിസ്റ്റുകാർ കൊന്ന രാജകുമാരിയും ഒലീവ് മലയും- ഇസ്രയേൽ യാത്ര 7

കമ്മ്യുണിസ്റ്റുകാർ കൊന്ന രാജകുമാരിയും ഒലീവ് മലയും- ഇസ്രയേൽ യാത്ര 7

2000 വർഷം മുൻപ് തങ്ങളുടെ ജന്മ ദേശത്ത് നിന്നും പലായനം ചെയ്യേണ്ടി വരികയും ഇന്ത്യയും അമേരിക്കയും ഒഴിച്ച് ചെന്ന ദേശത്തെല്ലാം ക്രൂരമായ പീഡനങ്ങൾ ഏൽക്കേണ്ടി വരികയും സർ ആൽബർട്ട് ഐസ്റ്റീന്റെ ഭാഷയിൽ പറഞ്ഞാൽ ഇന്ത്യയിലെ ഹീന ജാതിക്കാരെക്കാൾ മോശമായി ജീവിക്കേണ്ടി വന്ന ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയ്ക്ക് എന്തു കൊണ്ടാണ് ഈ ദുർഗതി വന്നത് എന്ന് അനേ്വഷിച്ചാൽ അതിന് ഒട്ടേറെ കാരണങ്ങൾ കണ്ടെത്താൻ കഴിയും.

ക്രിസ്തുവിനും വളരെ നൂറ്റാണ്ടുകൾക്ക് മുൻപ് ഇറാക്കിലെ യൂഫ്രട്ടീസ് ടൈഗ്രിസ് നദിക്കരയിലാണ് ഹീബ്രു ഭാഷ രൂപപ്പെടുന്നത്. മാതൃഭാഷയും സംസ്‌കാരവും ഉള്ള ജനത എന്ന നിലയിൽ വ്യത്യസ്ഥത പുലർത്തിയ അവർക്കെതിരെ ഉണ്ടായ അസ്സറിയൻസ് ആക്രമണത്തിൽ ഇറാക്കിൽ നിന്നും രക്ഷപെട്ട് ഫലസ്തീനിൽ എത്തി. അവിടെ ഒരു സമൂഹവും, സംസ്‌കാരവും സ്വന്തമായി ദൈവസങ്കൽപവും രൂപീകരിച്ച യഹൂദരെ ബാബിലോണിയൻസും അസ്സറിയൻസും ആക്രമിച്ചു. പിന്നീട് ഏക ദൈവത്തിൽ വിശ്വസിച്ചിരുന്ന അവരെ റോമിലെ ബഹു ദൈവ വിശ്വാസികൾ ആക്രമിച്ച് കീഴ്‌പ്പെടുത്തി. റോമൻ ദൈവങ്ങൾ ഇസ്രയേൽ ദൈവങ്ങളെ ആക്രമിച്ചു കീഴ്‌പെടുത്തി എന്നും അത് കൊണ്ട് ഇസ്രയേൽ ദൈവങ്ങൾ റോമൻ ദൈവങ്ങൾക്ക് ടാക്‌സ് കൊടുക്കണമെന്നും ആവശ്യപ്പെട്ടു.
ന'ന'
ക്രിസ്റ്റ്യാനിറ്റി പിറന്ന് വീണപ്പോൾ ക്രിസ്തുവിനെ ക്രൂശിച്ച് കൊന്നവർ എന്നായി ആരോപണം. ഈ ആരോപണം ബെനിഡിക്റ്റ് 16മൻ മാർപ്പാപ്പ ഈ അടുത്ത കാലത്ത് യഹൂദരുടെ തലയിൽ നിന്നും ഒഴിവാക്കി റോമൻസ് ആണ് ക്രിസ്തുവിനെ കൊന്നത് എന്ന് അദ്ദേഹം എഴുതിയ പുസ്തകത്തിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്.

പിന്നീട് യഹൂദർക്കെതിരെ ഉണ്ടായ പ്രധാന ആരോപണം അവർ ക്രിസ്റ്റ്യൻ കുട്ടികളെ കൊന്ന് രക്തം എടുത്ത് അവരുടെ ആരാധനയ്ക്ക് ഉപയോഗിക്കുന്നു എന്നായിരുന്നു. ഇത് ശരിയല്ല എന്ന് പിന്നീട് തെളിയിച്ചിട്ടുണ്ട്.

പിന്നീട് ഇസ്ലാം കാലഘട്ടത്തിൽ അള്ളാഹുവിന്റെ പ്രവാചകന്മാരെ അംഗീകരിക്കാത്ത ദൈവ നിഷേധികൾ എന്നായി ആരോപണം. പിന്നീട് കഴുത്തറുപ്പൻ പലിശക്കാരായി ചിത്രീകരിച്ച വില്യം ഷേക്‌സ്പിയറുടെ മർച്ചന്റ് ഓഫ് വെനിസിലെ ഷൈലോക്ക് ആയി യഹൂദർ ചിത്രീകരിക്കപ്പെട്ടു.
ന'ന'
പണം കടംവാങ്ങി തിരിച്ചുകൊടുക്കാനുണ്ടായിരുന്ന കുരിശുയുദ്ധക്കാർ 11 #ാ# നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ യോർക്കിൽ താമസിച്ചിരുന്ന യഹൂദരെ ഓടിച്ച് സ്റ്റഫോർഡ് ടവർ കൊണ്ട് പോയി. അവിടെ വച്ച് ചുട്ട് കൊന്ന കഥ പറഞ്ഞ് കൊണ്ട് യോർക്കിൽ ഇന്നും സ്റ്റഫോർഡ് ടവർ തല ഉയർത്തി നിൽക്കുന്നു. പിന്നീട് ഉണ്ടായ ആരോപണം ഒന്നാം ലോക യുദ്ധത്തിൽ ജർമ്മനിയെ ചതിച്ചവർ എന്നായി അങ്ങനെ പോകുന്നു.. ലോകം അവരുടെ മേൽ ചുമത്തിയ കുറ്റങ്ങൾ.

എന്തു കൊണ്ടാണ് യഹൂദർ ഇത്തരത്തിൽ ലോകം മുഴുവൻ ആക്രമിക്കപ്പെടാൻ കാരണം എന്ന് ലിവർപൂളിലെ റബ്ബി മർധച്ചായി വൂളൻ ബർഗും ആയി ഈ ലേഖകൻ നടത്തിയ ഇന്റർവ്യൂവിൽ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇതാണ്.


'യഹൂദർ എവിടെ ചെന്നാലും ശക്തമായ കുടുംബ ഘടനയും സാമൂഹിക ഐക്യവും കാത്തു സൂക്ഷിക്കുന്നവരാണ് അത് കൊണ്ട് തന്നെ അവർ പെട്ടെന്ന് അദ്ധ്വാനിച്ച് വളരും പരസ്പര സഹകരണത്തിലൂടെ ഉള്ള വളർച്ചയിൽ മറ്റു സമൂഹങ്ങൾക്കുണ്ടാകുന്ന അസ്സൂയ ആണ് ഇതിന് കാരണം.' എന്നാണ്.

യഹൂദർ യഹൂദരെ മാത്രമെ സഹായിക്കൂ എന്നും അത് പോലെ മറ്റു സമൂഹവും ആയി ലയിച്ച് പോകാൻ കാണിക്കുന്ന അസഹിഷ്ണുതയാണ് ഇതിന് കാരണം എന്ന് ഒരാരോപണം ചരിത്രത്തിൽ കാണുന്നില്ലെ എന്ന ചോദ്യത്തിന് അത് ശരിയല്ല എന്നാണ് അദ്ദേഹം പറഞ്ഞ മറുപടി.

യഹൂദർ പൊതുവെ അവർ ആണ് ഏറ്റവും ഉയർന്ന ആളുകൾ എന്ന അഹം ബോധം കൊണ്ട് നടക്കുന്നവരും ഞങ്ങളുടെ സംസ്‌കാരവും ഭാഷയും ഏറ്റവും ശ്രേഷ്ഠമായത് എന്നു കരുതുന്നവരും തന്നെയാണ്. അത് കൊണ്ടാണല്ലോ ജറുശലേം ദേവാലയത്തിൽ യഹൂദൻ അല്ലാത്തവൻ കയറിയാൽ പിടിച്ച് കൊന്ന് കളഞ്ഞിരുന്നത്.

എന്താണെങ്കിലും ഒരു കാര്യം ശരിയാണ് പൊതു സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് നിന്ന യഹൂദരോട് സമാധാനം പ്രസംഗിക്കുന്ന മതങ്ങൾ ചെയ്ത ക്രൂരതയ്ക്ക് സമാനതകളില്ല. ഒരു കാര്യം വസ്തുതയാണ് യഹൂദ സമൂഹം കാലാകാലങ്ങളിൽ ആരെയൊക്കെ സഹായിച്ചിട്ടുണ്ടോ അവർ ലോകത്തിന്റെ മേൽ കൈ നേടിയതായി അമേരിക്കയുടെയും ബ്രിട്ടന്റെയും ടർക്കിയുടെയും ഒക്കെ ചരിത്രം പരിശോധിച്ചാൽ കാണാൻ കഴിയും.

ഇന്നത്തെ ഞങ്ങളുടെ സന്ദർശനം ഒലിവ് മലയിലാണ് തുടങ്ങുന്നത്. ജറുശലേമിലെ ഒലിവ് മല ഇന്ന് അറിയപ്പെടുന്നത് മൗണ്ട് ഓഫ് എജ്യുക്കേഷൻ എന്നാണ് കാരണം ലോകത്തെ അറിയപ്പെടുന്ന യൂണിവേഴ്‌സിറ്റികളിൽ ഒന്നായ ഹീബ്രു യൂണിവേഴ്‌സിറ്റി ഈ മലയിലാണ് സ്ഥിതി ചെയ്യുന്നത്. ആത്മീയ തലത്തിലും ഈ മലയുടെ പ്രസ്‌ക്തി വളരെ വലുതാണ് ക്രിസ്തു ഇടയ്ക്കിടയ്ക്ക് ജറുശലേമിൽ വരുമ്പോൽ ധ്യാനിക്കുന്നതും പ്രാർത്ഥിക്കുന്നതും ഇവിടെ ആയിരുന്നു. അദ്ദേഹം രാത്രിയിൽ പലപ്പോഴും ഉറങ്ങിയിരുന്നതും ഇവിടുത്തെ മരങ്ങളുടെ ചുവട്ടിലോ അല്ലെങ്കിൽ ഗുഹകളിലോ ആയിരുന്നു. കാരണം ജറുശലേം അദ്ദേഹത്തിന് സുരക്ഷിതമായിരുന്നില്ല.

രാവിലെ എട്ട് മണിക്ക് തന്നെ ഞങ്ങൾ റെഡിയായി ബസ്സിൽ കയറി നേരെ ഒലിവ് മലയിലെ ക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്തു എന്നു വിശ്വസിക്കുന്ന ദി ചാപ്പൽ ഓഫ് ദി അസ്സൻഷൻ എന്ന പള്ളിയിൽ എത്തി. പള്ളിയുടെ അകത്ത് ഒരു പാറ കാണാം. അവിടെ നിന്നും ആണ് ക്രിസ്തു സ്വർഗ്ഗത്തിലേയ്ക്ക് പോയത് എന്നാണ് വിശ്വസിക്കുന്നത്. ഈ പാറയിൽ കാണുന്ന കാൽ പാട് ക്രിസ്തുവിന്റെതാണ് എന്നാണ് ഗൈഡ് പറഞ്ഞത്. എല്ലാവരും ആ പാറയിൽ തൊട്ട് പ്രാർത്ഥിക്കകയും പള്ളി ചുറ്റി നടന്ന് കാണുകയും ചെയ്തതിന് ശേഷം പുറത്തിറങ്ങി. ഈ പള്ളിയും കോൺസ്റ്റയിൻ ചക്രവർത്തിയുടെ അമ്മ ഹെലന പണിതതാണ്. എന്നാൽ പേർഷ്യൻ കാലഘട്ടത്തിലും മുസ്ലിം കാലഘട്ടത്തിലും ഈ പള്ളിയും തകർക്കപ്പെട്ടിരുന്നു.

ഇപ്പോൾ കാണുന്ന പള്ളി കുരിശ് യുദ്ധക്കാർ പണിതതാണ്. ഇത് പിന്നീട് മോസ്‌ക് ആക്കി മാറ്റി. ഇപ്പോഴും ഈ പള്ളി മുസ്ലിം നിയന്ത്രണിത്തിലാണ് അത് കൊണ്ട് തന്നെ ഇതിനെ ഡോം ഓഫ് അസ്സൻഷൻ എന്നു കൂടി അറിയപ്പെടുന്നു. ഒലിവ് മലയിൽ നിന്നും പഴയ ജറുശലേമിന്റെ കാഴ്ച എന്നു പറയുന്നത് വളരെ മനോഹരമാണ്. ഞങ്ങൾ എല്ലാവരും അവിടെ നിന്നും ഫോട്ടോയൊക്കെ ഒക്കെ എടുത്തു. അതിന് ശേഷം ഞങ്ങൾ ഒലിവ് മലയിൽ വച്ച കർത്താവ് ശിഷ്യന്മാരെ സ്വർഗ്ഗസ്ഥനായ പിതാവെ എന്ന പ്രാർത്ഥന പഠിപ്പിച്ച സ്ഥലം കാണുന്നതിനു വേണ്ടി പോയി. അവിടെ ലോകത്തിലെ 62 ഭാഷകളിൽ സ്വർഗ്ഗസ്ഥനായ പിതാവെ എന്ന പ്രാർത്ഥന എഴുതി വച്ചിട്ടുണ്ട്. ഇപ്പോൾ ഈ സ്ഥലം ഫ്രാൻസിന്റെ കൈവശത്തിലാണ്. ഇവിടെ ഉണ്ടായിരുന്ന പള്ളിയും പേർഷ്യൻ കാലഘട്ടത്തിലും മുസ്ലിം കാലഘട്ടത്തലും തകർപ്പെട്ടിട്ടുള്ളതാണ്. ഇവിടുത്തെ പള്ളിയെ അറിയപ്പെടുന്നത് ദി ചർച്ച് ഓഫ് ദി പാറ്റർ നോസ്റ്റർ എന്നാണ്. ഇവിടെ വച്ചായിരുന്നു ക്രിസ്തു ജറുശലേമിന്റെ ഭയാനകമായ ദുരന്തത്തെ പറ്റി പ്രവചിച്ചിരുന്നത്. ഇവിടെ ക്രിസ്തുവിനെ ധരിപ്പിക്കാൻ മുൾ കിരീടം ഉണ്ടാക്കാൻ ഉപയോഗിച്ച പീന ക്രിസ്റ്റി എന്ന മരവും കണ്ടു.

അടുത്തതായി ഞങ്ങൾ പോയത് ഓശാന ഞായറാഴ്ച ജറുശലേമിലേയ്ക്കുള്ള യാത്രാ മദ്ധ്യേ ഒലിവ് മലയിൽ വച്ച് അദ്ദേഹം ജറുശലേമിന്റെ ദുരന്തം ഓർത്ത് കരയുകയും വിയർക്കുകയും ചെയ്ത സ്ഥലത്തേക്കയിരുന്നു. അവിടെ കുരിശു യുദ്ധക്കാരുടെ കാലഘട്ടത്തിൽ പണിത പള്ളി തകർക്കപ്പെട്ടിരുന്നു. പിന്നീട് 1591 ൽ പണിത ചർച്ചാണ് ഇപ്പോൾ കാണുന്നത്. ഇവിടെ നിന്നും ജറുശലേം കാണാൻ വളരെ മനോഹരമാണ്.

ഇന്നത്തെ ഞങ്ങളുടെ കുർബാന ഡൊമിനസ് ഫ്‌ളെവിറ്റ് അല്ലെങ്കിൽ ദി ലോർഡ് വെപ്റ്റ് എന്നറിയപ്പെടുന്ന ഈ പള്ളിയിൽ വച്ചായിരുന്നു. ഈ പള്ളിയോട് ചേർന്നാണ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ശവക്കല്ലറകൾ സ്ഥിതി ചെയ്യുന്നത്. കാരണം മിശിഹ അന്ത്യദിനത്തിൽ വരുമ്പോൾ ആദ്യം ഉയർത്തെഴുന്നേൽക്കുന്നത് ഇവിടെ അടക്കം ചെയ്തിരിക്കുന്നവരെയാണ് എന്നാണ് വിശ്വാസം. മൂന്ന് മതങ്ങളുടെയും വിശ്വസികളെയും ഇവിടെ അടക്കം ചെയ്തിട്ടുണ്ട്. യഹൂദന്മാരുടെയും ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും കല്ലറകൾ വ്യത്യാസ്തമാണ്. യഹൂദന്മാരുടെ കല്ലറകൾ അവരുടെ ബന്ധുക്കൽ സന്ദർശിക്കുമ്പോൾ ഓരോ ചെറിയ കല്ലുകൾ എടുത്ത് വച്ചിട്ട് പോകും. ആ കല്ലുകളുടെ എണ്ണം നോക്കിയാൽ എത്ര പ്രാവശ്യം ബന്ധുക്കൾ കല്ലറ സന്ദർശിച്ചിട്ടുണ്ട് എന്ന അറിയാൻ കഴിയും. ഇത് യഹൂദ പാരമ്പര്യത്തിന്റെ ഭാഗമാണ് എന്നാണ് ഗൈഡ് പറഞ്ഞത്. അത്തരത്തിൽ ഒട്ടേറെ ചെറിയ കല്ലുകൾ വച്ചിരുന്ന കല്ലറകൾ അവിടെ കാണാമായിരുന്നു.

ഇവിടെ നിന്നും നോക്കിയാല് വളരെ മനോഹരമായ റഷ്യൻ ചർച്ച് കാണാമായിരുന്നു. ഇത് നിർമ്മിച്ചിരിക്കുന്നത് ഉള്ളിയുടെ മാതൃകയിൽ ആയതുകൊണ്ട് ഇതിനെ ഒണിയൻ ചർച്ച് എന്നുകൂടി അറിയപ്പെടുന്നുണ്ട്. റഷ്യ ഭരിച്ചിരുന്ന സാർ ചക്രവർത്തിയുടെ അമ്മയുടേ പേരിലാണ് ഇത് പണിതിരിക്കുന്നത്. 1918 ൽ കമ്മ്യുണിസ്റ്റ് വിപ്ലവകാരികൾ കൊന്നോടുക്കിയ ചക്രവർത്തിയുടെ സഹോദരി അലക്‌സാണ്ട്രിയയെ അവരുടെ ആഗ്രഹപ്രകാരം ഇവിടെയാണ് അടക്കിയത്.

പിന്നീട് ഞങ്ങൾ പോയ്ത് ഗത്സമൻ തോട്ടത്തിലേയ്ക്കാണ് ഇവിടെ വച്ചാണ് ക്രിസ്തു വളരെ അധികം മാനസിക യാതന അനുഭവിക്കുകയും കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നും ഒഴിവാക്കണമെന്ന പ്രാർത്ഥിക്കുകയും ചെയ്തത്. ഇവിടെ വച്ചാണ് യൂദാസ് അദ്ദേഹത്തെ ഒറ്റു കൊടുക്കകയും അറസ്റ്റ് ചെയ്ത് കൈപാസിന്റെ മുൻപിൽ കൊണ്ട് പോകുകയും നുണ വിചാരണ നടത്തകുയും കൽതുറങ്കിൽ അടയ്ക്കുകയും ചെയ്തത് ഇവിടെ ക്രിസ്തു പ്രാർത്ഥിച്ച കാലത്തെ ഒലിവ് മരങ്ങൾ ഇപ്പോഴും ഉണ്ട് എന്നാണ് വിശ്വാസം. 3000 വർഷത്തിൽ കൂടുതൽ പഴക്കം ചെന്ന എട്ടോളം ഓളം ഒലിവ് മരങ്ങൾ ഇവിടെ കാണാം. ഒലിവ് മരത്തിന്റെ പ്രത്യേകത എന്ന് പറയുന്നത് ഇത് ഒരിക്കലും നശിച്ച് പോകുന്നില്ല. ഒന്നു പ്രയമായി നശിക്കുമ്പോൾ അവിടെ നിന്നും പുതിയത് മുള പൊട്ടി വളരുന്നു. അത് കൊണ്ടാണ് ക്രിസ്തു പ്രാർത്ഥിച്ച മരങ്ങൾ ഇവിടെ ഉണ്ട് എന്നു വിശ്വസിക്കുന്നത്. ഒലിവ് മരത്തെ സംബന്ധിച്ച മറ്റൊരു വിവക്ഷ കൂടിയാണ് ഒലിവ് പഴയ നിയമവും പുതിയ നിയമവും കൂടിയാണ് കാരണം പഴയ മരത്തിൽ പുതിയ മരം പൊട്ടി മുളയ്ക്കുന്നത് പോലെയാണ് പഴയ നിയമത്തിൽ നിന്നും പുതിയ നിയമവും രൂപപ്പെട്ടിരിക്കുന്നത് എന്നാണ് ക്രിസ്റ്റ്യൻ വിശ്വാസം. ഇവിടുത്തെ പള്ളിയുടെ പേര് ദി ചർച്ച് ഓഫ് ഗത്സമൻ എന്നാണ് ഈ പള്ളിയുടെ ആൽത്താരയുടെ കീഴിൽ കാണാവുന്ന പാറയിലാണ് ക്രിസ്തു ഗത്സമൻ തോട്ടത്തിൽ പ്രാർത്ഥിച്ചത് എന്നാണ് വിശ്വസിക്കുന്നത്. ഈ പള്ളി അറിയപ്പെടുന്നത് ചർച്ച് ഓഫ് ഓൾ നേഷൻ എന്നാണ്. കാരണം ലോകത്തിലെ 16 രാഷ്ട്രങ്ങളിൽ നിന്നും ഉള്ള സംഭാവന കൊണ്ടാണ് ഈ പള്ളി പണിതിരിക്കുന്നത്. പള്ളിയുടെ മുൻപിൽ നിന്നും നോക്കിയാൽ ജറുശലേം മതിലിന്റെ ഏറ്റവും വിശുദ്ധമായ ഗോൾഡൻ ഗേറ്റ് കാണാൻ കഴിയും. ക്രിസ്തു എപ്പോഴും ജറുശലേമിൽ പ്രവേശിക്കുന്നത് ഈ ഗേറ്റിലൂടെയായിരുന്നു. ഗേറ്റിന്റെ പ്രാധാന്യത്തെപറ്റി കഴിഞ്ഞ ലക്കത്തിൽ പ്രതിപാദിച്ചിരുന്നു.

പിന്നീട് ഞങ്ങൾ പോയത് പരിശുദ്ധ മാതാവിനെ അടക്കം ചെയ്തിരിക്കുന്ന സ്ഥലത്തേയ്ക്കാണ്. മാതാവ് ശാശ്വതമായ ഉറക്കത്തിലേയ്ക്ക് പ്രവേശിച്ചപ്പോൾ ശിഷ്യന്മാർ മാതാവിനെ ഒലിവ് മലയിൽ കൊണ്ട് വന്നു എന്നും ഇവിടെ നിന്നും സ്വർഗ്ഗാരോഹണം ചെയ്തു എന്നും കത്തോലിക്കർ വിശ്വസിക്കുന്നു. എന്നാൽ മറ്റ് ക്രിസ്ത്യൻസ് വിശ്വസിക്കുന്നത് മാതാവിനെ ഇവിടെ അടക്കം ചെയ്തു എന്നാണ്. മാതാവിന്റെ ശവകുടീരം കാണാൻ കുറച്ച് സമയം ക്യൂ നിൽക്കേണ്ടി വന്നു. മാതാവിന്റെ ശവകുടീരത്തിനടുത്തു തന്നെ മാതാവിന്റെ അപ്പനെയും അമ്മയെയും അടക്കിയിരിക്കുന്ന ശവ കുടീരം കാണാം. ഈ പള്ളിയുടെ നിയന്ത്രണം ഗ്രീക്ക് അർമേനിയൻ സഭകൾക്കാണ് ഇവിടെ മുസ്ലിംങ്ങൾക്ക് പ്രാർത്ഥിക്കാൻ അവകാശമുണ്ട് ഇവിടെ മുസ്ലിം സന്ദർശകരെയും കാണാമായിരുന്നു.

ഒലിവ് മലയിലെ ഞങ്ങളുടെ സന്ദർശനം പൂർത്തീകരിച്ച 2 മൈൽ അകലെയുള്ള ബെഥനിയിലെ ലാസറിനെ ക്രിസ്തു ഉയർപ്പിച്ച ദി ചർച്ച ഓഫ് ലാസറസ് കാണാൻ പോയി. പള്ളിയുടെ അകത്ത് നിന്നും 22 സ്റ്റെപ്പുകൾ നടന്ന് താഴെയിറങ്ങി വേണം ലാസറിന്റെ ശവക്കല്ലറയിൽ എത്താൻ ഈ ശവക്കല്ലറയിലേയ്ക്കുള്ള ഒർജിനൽ വഴി മുസ്ലിം കാലഘട്ടത്തിൽ അടച്ചിരുന്നു. സ്ഥലം കൈവശപ്പെടുത്തി വീടുകൾ നിർമ്മിച്ചിരുന്നു പിന്നീട് ഫ്രാൻസിസ്‌ക്കൻ സഭ ഈ സ്ഥലവും കെട്ടിടങ്ങളും വിലയ്ക്ക് വാങ്ങി പള്ളി പണിയുകയും 1949 ൽ ശവക്കല്ലറ എക്‌സ്‌കവേറ്റ് ചെയ്ത് കണ്ടെത്തുകയുമാണ് ചെയ്തത്. ഇവിടെ വച്ചാണ് ക്രിസ്തുവിന്റെ കാലിൽ വില കൂടിയ സുഗന്ധ ദ്രവ്യം ലാസറിന്റെ സഹോദരി മേരി പൂശിയത്. ഈ പള്ളിയിൽ വച്ചിരിക്കുന്ന ഒരു ചിത്രത്തിൽ ക്രിസ്തു ഒരു കസേരയിൽ ഇരിക്കുന്നു. മാർത്ത തൊട്ടടുത്ത് അല്പം ഉയർന്ന് ഇരിക്കുന്നു. മേരി നിൽക്കുന്നു സാധാരണ യഹൂദ പാരമ്പര്യം അനുസരിച്ച് റബ്ബി കസേരയിൽ ഇരിക്കുകയും അദ്ദേഹം പഠിപ്പിക്കുമ്പോൾ ശിഷ്യ ഗണങ്ങൾ നിലത്ത് ചമ്രം പടഞ്ഞ് ഇരിക്കുകയും ആണ് ചെയ്യുന്നത്. ഇവിടെ മാർത്ത ഉയർന്നിരുന്നാണ് ക്രിസ്തുവിനെ ശ്രവിക്കുന്നത് ഇതിന് കാരണം ക്രിസ്തു യഹൂദന്മാരിൽ നിന്നും വ്യത്യസ്തമായി സ്ത്രീകളെ പുരുഷന് സമാനമായി ആണ് പരിഗണിച്ചിരിക്കുന്നത് എന്നാണ് ഗൈഡ് പറഞ്ഞത്.

ലാസറിന്റെ ശവകുടീരം ചർച്ച് ഓഫ് ലാസറസും ഒക്കെ കണ്ടതിന് ശേഷം ഞങ്ങൾ മിൽക്ക് ഗ്രൂട്ടോ കാണാൻ പോയി. ഇവിടെ മാതാവും ഔസേപ്പ് പിതാവും ഉണ്ണിയേശുവിനെയും കൊണ്ട് ഈജിപ്റ്റിലേയ്ക്ക് രക്ഷപ്പെടുന്നതിനിടയിൽ ഹെറോദ് രാജാവിന്റെ പട്ടാളക്കാരിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി ഒളിച്ചിരുന്ന ഗുഹയും ഇവിടെ അവർ മറഞ്ഞിരുന്ന ഒരു കല്ലും കാണാം. ഇവിടെ വച്ച് മാതാവ് ഉണ്ണിയെ പാലൂട്ടിയപ്പോൾ ഒരു തുള്ളി തെറിച്ച് വീഴുകയും ആ ഗുഹ മുഴുവൻ വെളുപ്പ് ആയി മാറി എന്നാണ് വിശ്വാസം. ആ ഗുഹയിൽ നിന്നും എടുത്ത പൊടി കഴിച്ചാൽ കുട്ടികൾ ഉണ്ടാകാത്തവർക്ക് കുട്ടികൾ ഉണ്ടാകുമെന്നും മാറാരോഗങ്ങൾ മാറും എന്നാണ് വിശ്വാസം. ഒരു ഡോളർ കൊടുത്താൽ ഇവിടുത്തെ ഫ്രാൻസിക്കൻ ഫാദർ പൊടി തരും. ഈ പൊടി വാങ്ങി കഴിച്ച അസുഖങ്ങൾ മാറിയവരും കുട്ടികൾ ഉണ്ടായവരുടെയും ചിത്രങ്ങൾ അവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇവിടുത്തെ ഗുഹയും പള്ളിയും ഒക്കെ കണ്ട് തിരിച്ച് പോരുന്ന വഴിയിൽ ആദ്യത്തെ ക്രിസ്റ്റ്യൻ രക്ത സാക്ഷി സെന്റ് സ്റ്റീഫന്റെ പേരിൽ ജറുശലേം മതിലിൽ ഉള്ള സെന്റ് സ്റ്റീഫൻ ഗേറ്റ് കണ്ടതിന് ശേഷം പോരുന്ന വഴിയിൽ യൂദാസ് തൂങ്ങിചത്ത അക്കൽദാമയും കണ്ട് തിരിച്ച് ഞങ്ങൾ ഹോട്ടലിൽ എത്തി. ഇന്നത്തെ രാത്രിയോട് കൂടി പരിശുദ്ധ നാട്ടിലെ ഞങ്ങളുടെ രാത്രി അവസാനിക്കുകയാണ്. അത് കൊണ്ട് ഞങ്ങൾക്ക് വേണ്ടി ഒരുക്കിയിരുന്ന ഫെയർ വെൽ പാർട്ടിയിൽ പങ്കെടുത്ത് ഭക്ഷണവും ഒക്കെ കഴിച്ച് പരിശുദ്ധ നാട്ടിലെ അവസാനത്തെ രാത്രി ആസ്വദിക്കാൻ ഞങ്ങൾ റൂമിലേയ്ക്ക് പോയി.

തുടരും..
കരിങ്കുന്നത്ത് നിന്നും ജറുസലേമിലേക്കുള്ള ദൂരം- ഇസ്രയേൽ യാത്ര 1
പൂക്കളുടെ നഗരം അഥവാ സീസേറിയ- ഇസ്രയേൽ യാത്ര 2
നസ്രത്തും മാതാവിന്റെ കിണറും- ഇസ്രയേൽ യാത്ര 3
ഇടുക്കിയിൽ കണ്ട യഹൂദനും ഇസ്രയേലിൽ കണ്ട യഹൂദനും- ഇസ്രയേൽ യാത്ര 4
ജെറുശലേമും ബത്‌ലഹേമിലെ പള്ളിയും- ഇസ്രയേൽ യാത്ര 5
ജറുസലേം നഗരവും വിലാപമതിലും-ഇസ്രയേൽ യാത്ര 6

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP