Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹി എയർപോർട്ടും ആം ആദ്മിയാകുന്നു; വിഐപികൾക്കും ബിസിനസ്സ് ക്ലാസ് യാത്രക്കാർക്കും പ്രത്യേക ക്യൂ ഇല്ല; ഇനി ആദ്യം വരുന്നവർക്ക് ആദ്യം ചെക്ക് ഇൻ

ഡൽഹി എയർപോർട്ടും ആം ആദ്മിയാകുന്നു; വിഐപികൾക്കും ബിസിനസ്സ് ക്ലാസ് യാത്രക്കാർക്കും പ്രത്യേക ക്യൂ ഇല്ല; ഇനി ആദ്യം വരുന്നവർക്ക് ആദ്യം ചെക്ക് ഇൻ

പ്രസംഗവും പ്രവൃത്തിയും ഒന്നാക്കുന്നവരെ മാത്രമെ വാക്കിന് വിലയുള്ളവരെന്ന് വിളിക്കുകയുള്ളൂ. ഡൽഹിയിലെ വിഐപി സംസ്‌കാരം ഇല്ലാതാക്കുമെന്ന് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുമ്പോൾ പ്രഖ്യാപിച്ചിരുന്നു. ഇതിനെ പിന്തുണയ്ക്കുന്ന രീതിയിലുള്ള ഒരു പുതിയ നിർദ്ദേശങ്ങളാണിപ്പോൾ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) ഡൽഹി വിമാനത്താവളത്തിൽ നടപ്പിലാക്കാനൊരുങ്ങുന്നത്. ഇതനുസരിച്ച് വിഐപികൾക്കും ബിസിനസ്സ് ക്ലാസ് യാത്രക്കാർക്കും ഡൽഹി എയർപോർട്ടിൽ പ്രത്യേക ക്യൂ ഉണ്ടാകില്ല. ആദ്യം വരുന്നവർക്ക് ആദ്യം ചെക്കിൻ എന്ന മാന്യമായ കീഴ് വഴക്കത്തിലേക്ക് മാറാൻ ഡൽഹി വിമാനത്താവളം ഒരുങ്ങുകയാണ്.

ഫെബ്രുവരി 26 ന് പുറത്തിറക്കിയ ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ ഉടൻ ഡൽഹി വിമാനത്താവളത്തിൽ നടപ്പിലാക്കും. ഇതു സംബന്ധിച്ച ഉത്തരവ് ഒരു മാസത്തിന് ശേഷം വിശകലനം ചെയ്യുമെന്നാണ് സൂചന. തുടർന്ന് രാജ്യത്തുടനീളമുള്ള പ്രത്യേകിച്ച് മെട്രോനഗരങ്ങളിലെ എയർപോർട്ടുകളിൽ ഈ പരിഷ്‌കാരം നടപ്പിലാക്കും. പുതിയ നിർദ്ദേശ പ്രകാരം സെക്യൂരിറ്റി ചെക്കിംഗിനായി വിഐപികൾക്കും ബിസിനസ് ക്ലാസ് യാത്രക്കാർക്കും പ്രത്യേക ക്യൂ ഉണ്ടാകില്ല. അവർ ഇതിനായി സാധാരണ ക്യൂവിൽ നിലകൊള്ളണം. ഈ നിർദ്ദേശങ്ങൾ എല്ലാ രാഷ്ട്രീയക്കാർക്കും ബിസിനസ്സ് ക്ലാസ് യാത്രക്കാർക്കും കമേഴ്‌സ്യലി ഇംപോർട്ടന്റ് പഴ്‌സൺസിനും (സിഐപി) ബാധകമായിരിക്കും.

സിഐഎസ്എഫ്, ഡൽഹി പൊലീസ്, കസ്റ്റംസ് വകുപ്പ്, തുടങ്ങിയ നിരവധി ഏജൻസികൾ വിഐപികൾക്കുള്ള ക്യൂ ഇല്ലാതാക്കണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചിരുന്നു. വിമാനത്താവളത്തിൽ വിഐപികൾക്കുള്ള പ്രത്യേക പരിഗണന കഴിഞ്ഞ വർഷത്തേതിനേക്കാൾ 50 ശതമാനം ഈ വർഷം കുറച്ചിരിക്കുന്നുണ്ടെന്നാണ് സിഐഎസ്എഫും ഡൽഹി പൊലീസും വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ തങ്ങളുടെ ഫയലുകളിൽ നിന്ന് വിഐപി, വിവിഐപി എന്നീ പദങ്ങൾക്ക് പകരം സ്‌പെഷ്യൽ, അല്ലെങ്കിൽ ഹൈ പ്രൊഫൈൽ എന്നീ പദങ്ങൾ ഉപയോഗിക്കാൻ വിവിധ സെക്യൂരിറ്റി ഏജൻസികളോട് അഭ്യന്തരമന്ത്രാലയം പ്രത്യേകമായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വിമാനത്താവളങ്ങളിൽ പ്രമുഖർക്ക് നൽകുന്ന അമിത പരിഗണന കുറയ്ക്കണമെന്ന് സിഐഎസ്എഫിലെ എഡിജി, ഡിജി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സമീപകാലത്ത് വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന്മാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോൾ ഏതെങ്കിലും മന്ത്രിക്ക് സിഐഎസ്ഫിന്റെ സഹായം ആവശ്യമാണെങ്കിൽ ആ മന്ത്രി സിഐഎസ്എഫിന് ഒരു കത്തോ അല്ലെങ്കിൽ ഫാക്‌സോ അയക്കണമെന്നും സിഐഎസ്എഫ് ഉദ്യോഗസ്ഥർ പറയുന്നു. പ്രത്യേക ക്യൂ ഒഴിവാക്കുന്നതിന്റെ ഭാഗമായി വിഐപികൾക്കും സിഐപി, ബിസിനസ് ക്ലാസ് യാത്രക്കാർക്കുമുള്ള പ്രത്യേക ക്യൂ സംബന്ധിച്ച സൂചകഫലകങ്ങൾ വിമാനത്താവളത്തിൽ നിന്നും എടുത്തുമാറ്റിയതായി സിഐഎസ്എഫ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. എന്നാൽ വികലാംഗർക്കും മുതിർന്ന പൗരന്മാർക്കുമുള്ള പ്രത്യേക ക്യൂ തുടരും. എന്നാൽ ബിസിഎഎസിന്റെ പുതിയ നീക്കത്തിൽ ഡൽഹി എയർപോർട്ട് ഓപ്പറേറ്ററായ ദിയാലിന് അത്ര തൃപ്തിയില്ല. ദിയാൽ ഇതിനെതിരെ ചുവപ്പ് കൊടി കാണിച്ചിരിക്കുകയുമാണ്. ഈ ഉത്തരവ് പിൻവലിക്കാൻ ദിയാൽ ബിസിഎഎസിനെ സമീപിക്കാനും സാധ്യതകൾ തെളിയുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP