Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ശ്രീരാമപാദ സ്പർശമേറ്റു പുളകിതയായ ഭൂമി; കോല മഹർഷിയുടെ യാഗശാലകളിൽ നിന്നുയർന്ന മന്ത്രധ്വനികൾ ഇന്നും അലയടിക്കുന്ന അന്തരീക്ഷം; കേരളത്തിനു പുറത്ത് അതിരാത്ര യാഗം നടന്ന ഭാരതത്തിലെ പുണ്യസ്ഥലം: കീസരഗുട്ടയിലേക്കൊരു യാത്ര; രവികുമാർ അമ്പാടി എഴുതുന്നു

ശ്രീരാമപാദ സ്പർശമേറ്റു പുളകിതയായ ഭൂമി; കോല മഹർഷിയുടെ യാഗശാലകളിൽ നിന്നുയർന്ന മന്ത്രധ്വനികൾ ഇന്നും അലയടിക്കുന്ന അന്തരീക്ഷം; കേരളത്തിനു പുറത്ത് അതിരാത്ര യാഗം നടന്ന ഭാരതത്തിലെ പുണ്യസ്ഥലം: കീസരഗുട്ടയിലേക്കൊരു യാത്ര; രവികുമാർ അമ്പാടി എഴുതുന്നു

രവികുമാർ അമ്പാടി

രാവണവധം കഴിഞ്ഞെത്തിയ ശ്രീരാമന് പക്ഷെ മനസ്സുതുറന്ന് ആഹ്‌ളാദിക്കാനിയില്ല. മനസ്സിലെന്തോ വിഷമം ഉരുണ്ടുകൂടുന്നു. രാക്ഷസകുലാധിപൻ ആയിരുന്നെങ്കിലും രാവണൻ ബ്രഹ്മജ്ഞാനം സിദ്ധിച്ചവനായിരുന്നു, ബ്രാഹ്മണനായിരുന്നു. ബ്രാഹ്മണഹത്യ ഒരു കൊടുംപാപം തന്നെ. അതിൽ നിന്നും മുക്തി നേടിയേപറ്റു.അതയിരുന്നു ശ്രീരാമന്റെ ദുഃഖത്തിനു കാരണം.

'അചഞ്ചലനായ ശിവഭക്തനായിരുന്നു രാവണൻ. ശിവനെ ഭജിച്ച് പ്രത്യക്ഷപ്പെടുത്തുക, ശിവലിംഗ പ്രതിഷ്ഠ നടത്തുക.' അതായിരുന്നു പണ്ഡിതർ നൽകിയ ഉപദേശം.

അങ്ങനെ എവിടെയെങ്കിലും പ്രതിഷ്ഠ നടത്തിയിട്ട് കാര്യമില്ല, അതിന് അനുയോജ്യമായ ഒരു ഭൂമകയായിരിക്കണം. ശ്രീരാമന്റെ അന്വേഷണം അവസാനിച്ചത്, ദക്ഷിണഭാരതത്തിലെ ഒരു കൊച്ചു ഗ്രാമത്തിലായിരുന്നു. ഗ്രാമാതിർത്തിയിൽ തലയുയർത്തി നിൽക്കുന്ന ഒരു ചെറിയ കുന്ന്. ചുറ്റും നിബിഡവനം. കുന്നിൻ മുകളിൽ കയറിനിന്നാൽ, വനങ്ങൾക്കപ്പുറം വിശാലമായ കൃഷിഭൂമി. സമാധാനത്തോടെ പുൽത്തടങ്ങളിൽ മേയുന്ന കാലിക്കൂട്ടം. അന്തരീക്ഷത്തിൽ അലയടിക്കുന്ന കാറ്റിന്റെ ഓംകാര മന്ത്രധ്വനി. ഇതുതന്നെ ശിവലിംഗ പ്രതിഷ്ഠ നടത്താൻ ഏറ്റവും അനുയോജ്യമായ സ്ഥലം. ഭഗവാൻ തീരുമാനിച്ചു.

ഏതാജ്ഞയം ശിരസ്സാവഹിക്കാൻ തയ്യാറായി നിൽക്കുന്ന, തന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്തനായ ആഞ്ജനേയനോട് ഭഗവാൻ കല്പിച്ചു.

'എത്രയും വേഗം വാരാണസിയിലേക്ക് യാത്രയാവുക. എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ഒരു ശിവലിംഗം എത്രയും പെട്ടെന്നുതന്നെ എത്തിക്കുക. മുഹൂർത്തം തെറ്റരുത്.' സ്വാമിയുടെ ആജ്ഞകേട്ടതും മാരുതി യാത്രയായി. വാരാണസിയിൽ എത്തിയ അദ്ദേഹത്തെ വരവേറ്റത് നൂറുകണക്കിന് ശിവലിംഗങ്ങളായിരുന്നു. ഭഗവാന് വേണ്ടത് ഏതായിരിക്കുമെന്നറിയാതെ അദ്ദേഹം വിഷമിച്ചു. കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം അവിടെ കണ്ട ശിവലിംഗങ്ങൾ മുഴുവൻ കൈയിൽ എടുത്ത് മാരുതി മടക്കയാത്രയാരംഭിച്ചു.

ഇതിനിടയിൽ മുഹൂർത്തം അടുത്തിട്ടും ഹനുമാൻ എത്താതതിൽ വിഷമിച്ചു നിൽക്കുകയായിരുന്ന ശ്രീരാമന് മുന്നിൽ മഹാദേവൻ പ്രത്യക്ഷപ്പെട്ടു. താൻ എന്നും പൂജചെയ്യാറുള്ള ശിവലിംഗം അദ്ദേഹത്തിന് കൈമാറി, മുഹൂർത്ത സമയത്ത് തന്നെ പ്രതിഷ്ഠിക്കുവാൻ നിർദ്ദേശിച്ചു. പ്രതിഷ്ഠ നടന്നയുടൻ അവിടെയെത്തിയ ആഞ്ജനേയൻ തന്റെ ദൗത്യം വ്യർത്ഥമായതറിഞ്ഞ് കോപവും ദുഃഖവും സഹിക്കാതെ കൊണ്ടുവന്ന നൂറുകണക്കിന് ശിവലിംഗങ്ങൾ വലിച്ചെറിഞ്ഞു.

റൈഡിംഗിനിടെയായിരുന്നു കഥ പൂർത്തിയാക്കിയത്. അല്ലെങ്കിലും അത് കണ്ണന്റെ പതിവാണ്. എവിടെ പോവുകയാണെങ്കിലും അവനറിയേണ്ടത് അവിടവുമായി ബന്ധപ്പെട്ട ത്രില്ലിങ് കഥകൾ ഉണ്ടോ എന്നാണ്. ശൈത്യകാലത്തിന്റെ അവസാന ഞായറാഴ്ചകളിൽ അവിചാരിതമായി കീസരിഗുട്ടക്ക് യാത്രതിരിക്കുമ്പോഴും അവനറിയേണ്ടത് കീസരഗുട്ടയെക്കുറിച്ചുള്ള ത്രില്ലിങ് കഥകളായിരുന്നു.

ചെർള്ളപ്പള്ളിയിലേയും രാംപള്ളിയിലേയും ട്രാഫിക് ബ്ലോക്ക് കടന്ന് താരതമ്യേന തിരക്ക് കുറഞ്ഞ സ്റ്റേറ്റ് ഹൈവേയിൽ കയറി. റോഡിന് ഇടതുഭാഗത്ത് തലയുയർത്തി നിൽക്കുന്ന അഷ്ടലക്ഷ്മി ക്ഷേത്രത്തിന്റെ കമാനവും കടന്ന് മുന്നോട്ട് പോയാൽ നെഹ്‌റു ഔട്ടർ റിങ് റോഡിന്റെ എട്ടാം നമ്പർ എക്‌സിറ്റ്. റിങ് റോഡിനടിയിലൂടെ മറുപുറത്തെത്തി ഒരു അഞ്ച് കിലോമീറ്റർ പോയാൽ കീസര വില്ലേജ് എത്തി. അവിടെനിന്നും ഏഴ് കിലോമീറ്ററാണ് കീസരഗുട്ട ക്ഷേത്രത്തിലേക്ക്. സ്റ്റേറ്റ് ഹൈവേയുടെ വലത് ഭാഗത്ത് വലിയൊരു കമാനത്തിനു കീഴിലൂടെ ഗ്രാമീണപാത നീണ്ടു കിടക്കുന്നു. കയറ്റവും ഇറക്കവും ഉള്ള റോഡിലൂടെ വണ്ടി ഓടിക്കുമ്പോഴായിരുന്നു കണ്ണന്റെ ചോദ്യം.

'അച്ഛാ, ഈ ശ്രീരാമൻ വന്ന കാലത്തും ഈ സ്ഥലത്തിന്റെ പേര് കീസരഗുട്ട എന്നായിരുന്നോ ?'
ത്രില്ലിങ് സ്റ്റോറിയുടെ രണ്ടാം ഭാഗം നടക്കുന്നത് ആ ഗ്രാമീണ റോഡിലൂടെയുള്ള യാത്രയ്ക്കിടയിലാണ്. ഇരുവശത്തും കൃഷിഭൂമികൾ ഇടയ്ക്കൊക്കെ ചെറിയ ചെറിയ കടകൾ, ഒന്നുരണ്ട് ഭക്ഷണശാലകൾ.

ഹനുമാന്റെ ദുഃഖവും സങ്കടവും കണ്ട് ശ്രീരാമനും വിഷമമായി. അദ്ദേഹം തന്റെ ഭക്തനെ അടുത്തുവിളിച്ച് നെഞ്ചോട് ചേർത്ത് നിർത്തി ആശ്വസിപ്പിച്ചു.

'ഇവിടം ഇന്നുമുതൽ നിന്റെ പേരിൽ അറിയപ്പെടും, കേസരിയായ നിന്റെ പേരിൽ, കേസരഗിരി എന്നപേരിൽ. മാത്രമല്ല, ഇവിടെ ദർശനത്തിനെത്തുന്നവർ ആദ്യം നിന്നെ ദർശിച്ചശേഷം മാത്രമേ ശിവദർശനത്തിനെത്തൂ...'

ഗിരി അഥവാ കുന്ന് എന്നതിന്റെ തെലുങ്ക് പദമായ ഗുട്ട എന്ന വാക്ക് ചേർത്ത് ഈ സ്ഥലം പിന്നീട് കേസരഗുട്ട എന്നപേരിൽ അറിയപ്പെടാൻ തുടങ്ങി. കാലക്രമേണ, സംസാരഭാഷയിൽ വരുന്ന സ്വാഭാവികവ്യതിയാനമനുസരിച്ച് കീസരഗുട്ടയായി മാറി.

ഇടയ്ക്കൊരല്പം കുത്തനെയുള്ള കയറ്റമെത്തിയപ്പോൾ കണ്ണന് ചെറിയൊരു അന്ധാളിപ്പ്.
'അച്ഛാ, വണ്ടി ഇവിടെ പാർക്ക് ചെയ്ത് നമുക്ക് നടന്നുപോയാലോ?'
'പത്തുനൂറു ശിവലിംഗങ്ങൾ കൊണ്ടുവന്ന ഹനുമാൻ സ്വാമി നമ്മുടെ വണ്ടിയും മുകളിലെത്തിക്കും. ഡോണ്ട് വറി ബീ ഹാപ്പി'.
അതൊരു മന്ത്രമാണ്, ഡോണ്ട് വറി ബീ ഹാപ്പി എന്നത്. എത്ര സങ്കടത്തിലാണെങ്കിലും ഭയത്തിലാണെങ്കിലും എന്റെ വായിൽ നിന്നും അത് കേട്ടാൽ പിന്നെ അവൻ ഉഷാറാകും. ഇന്നും തെറ്റിയില്ല.
'എന്നാൽ വണ്ടി വിട്......'

പാർക്കിങ് ഏരിയയിൽ നിന്നും നോക്കിയാൽ അഞ്ചുനിലയുള്ള വെളുത്ത ഗോപുരം കാണാം. കുന്നിൻ മുകളിൽ അവിടവിടെയായി ചിതറിക്കിടക്കുന്ന ശിവലിംഗ പ്രതിഷ്ഠകൾ. അന്ന് ആഞ്ജനേയൻ വലിച്ചെറിഞ്ഞവയാണ് ഓരോന്നും. ഇന്ന് അവയെല്ലാം യഥാവിധി പ്രതിഷ്ഠിച്ചിരിക്കുന്നു. ഗോപുരത്തിലൂടെ അകത്ത് കിടക്കുന്നതിനു മുൻപ് ഇടതുഭാഗത്ത് പൂജാ സാധനങ്ങൾ വിൽക്കുന്ന ഒരു ചെറിയ കടയുണ്ട്. നെയ്ത്തിരിയാണ് പ്രധാന വഴിപാട്. തിരിനൂലിന്റെ ഒരു കട്ട നെയ്യിൽ മുക്കി ഒരു തട്ടത്തിൽ തരും കൂടെ കുറച്ച് പനിനീർപ്പൂക്കളും കുങ്കുമവും മഞ്ഞളും. നാലമ്പലത്തിനകത്തേക്ക് പ്രവേശിക്കുന്നതിനു മുൻപുള്ള ധ്വജസ്തംഭത്തിനു മുന്നിൽ ആ തിരി കത്തിച്ചു വയ്ക്കണം. ധ്വജസ്തംഭത്തിന്റെ പീഠത്തിനുമുകളിൽ പൂവിതളുകളും കുങ്കുമവും മഞ്ഞപ്പൊടിയും അർപ്പിക്കണം. പിന്നെ നാലമ്പലത്തിനകത്തേക്ക്.

ആധുനിക രീതിയിൽ മാർബിൾ വിരിച്ച നാലമ്പലം. ആധുനിക ശില്പകലയുടെ ഭാഗമായ കൊത്തുപണികൾ നിറഞ്ഞ സ്തംഭങൾ. അതു പിന്നീട്ടാൽ ഇന്നും പൗരാണികത ചോർന്നു പോകാത്ത ഗർഭഗൃഹത്തിനുള്ളിൽ വലിയൊരു ശിവലിംഗ പ്രതിഷ്ഠ. ശ്രീരാമാനാൽ പ്രതിഷ്ഠിക്കപ്പെട്ടതിനാൽ രാമലിംഗേശ്വര ലിംഗം എന്നറിയപ്പെടുന്ന ഇത്, സ്വയംഭൂ ലിംഗങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

അവിടെ ദർശനം നടത്തി വലതുഭാഗത്തുകൂടി പുറത്തിറങ്ങി കുറച്ചു ചവിട്ടുപടികൾ കയറിപ്പോയാൽ അവിടെയുമുണ്ടൊരു ശിവലിംഗ പ്രതിഷ്ഠ. ശ്രീരാമന്റെ സാന്ത്വന വാക്കുകൾ കേട്ട് ദേഷ്യവും ദുഃഖവും മാറിയപ്പോഴാണ് ആഞ്ജനേയസ്വാമിക്ക് തന്റെ തെറ്റ് മനസ്സിലായത്. ശിവലിംഗങ്ങൾ വലിച്ചെറിയരുതായിരുന്നു. പശ്ചാത്താപ വിവശനാായ അദ്ദേഹം അതിലൊരു ലിംഗം ഭയഭക്തിയോടെ പ്രതിഷ്ഠിച്ചതാണിത്. ആഞ്ജനേയൻ പ്രതിഷ്ഠിച്ച ലിംഗവും വണങ്ങി പിന്നീടുള്ളത് ലക്ഷീനരസിംഹസ്വാമിയുടെ ക്ഷേത്രവും അതിന് തൊട്ടടുത്തുള്ള നാഗപ്രതിഷ്ഠയുമാണ്. വഴിപാട് കൗണ്ടറും ഇതിനകത്താണ്.

അവിടെനിന്നും തിരിച്ച് പ്രധാനക്ഷേത്രത്തിലേക്കുള്ള വഴിയിൽ തന്നെ ശിവപഞ്ചായത പ്രതിഷ്ഠ.

'ആഞ്ജനേയ സ്വാമിയുടെ ഭക്തരായ അക്കണ്ണ, ദാനണ്ണ എന്നിവർ പ്രതിഷ്ഠിച്ചതാണിത്. ശിവൻ, പാർവ്വതി, ലക്ഷി, വിഷ്ണുമൂർത്തി, സൂര്യൻ എന്നീ അഞ്ചു ശക്തികളാണ് ഇതിൽ കുടികൊള്ളുന്നത്.' അവിടത്തെ പൂജാരി വിവരിച്ചു.

അവിടെയും ദർശനം നടത്തിയാലെ രാമലിംഗേശ്വര സാമീ ദർശനം പൂർത്തിയാകു എന്നാണ് വിശ്വാസം. പുറത്തിറങ്ങി ക്ഷേത്രമുറ്റത്ത് അരയാൽ ചുവട്ടിൽ ഒരല്പം വിശ്രമം. കൈനോട്ടക്കാരും പക്ഷിശാസ്ത്രക്കാരും ഭിക്ഷക്കാരുമൊക്കെ ചുറ്റും കൂടുന്നുണ്ട്. അവിടെക്കണ്ട ഒരു ശീതളപാനീയക്കടയിൽ നിന്നും നാരങ്ങാവെള്ളം വാങ്ങി കുടിച്ചുകൊണ്ടിരിക്കുമ്പോൾ കണ്ണന്റെ ചോദ്യം.

'അച്ഛാ, അപ്പോളീ രാവണൻ മുഴുവനും ദുഷ്ടനല്ലാ അല്ലെ? ഇല്ലെങ്കിൽ പിന്നെന്തിനാണ് ശ്രീരാമൻ ഈ അമ്പലം പണിതത്?'

പൂർണ്ണമായി കറുത്തതും പൂർണ്ണമായി വെളുത്തതുമായി കഥാപാത്രങ്ങളില്ലാത്ത പുരാണങ്ങളുടെ മനോഹാരിത അവനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്ന് ഞാൻ ആലോചിച്ചു. അമാനുഷികതയുടെ കടുംവർണ്ണങ്ങൾ ചേർത്തപ്പോഴും ആത്യന്തികമായ മാനുഷികസ്വഭാവം നിലനിർത്തുന്ന കഥാപാത്രങ്ങൾ. മനുഷ്യന്റെ ശക്തിയും ദൗബല്യവും അതേപടി പകർന്നുകിട്ടിയവർ. നമ്മളിൽ ഓരോരുത്തർ തന്നെയാണെന്ന വിശ്വാസമായിരിക്കും ഒരുപക്ഷെ ഇന്നും തീരാത്ത പ്രണയം ഐതിഹ്യങ്ങളോടും പുരാണങ്ങളോടും തോന്നുവാൻ കാരണമായത്. എന്റെ ചിന്തകൾക്ക് തടസ്സമായി വീണ്ടും അവന്റെ മൊഴി.

'അച്ഛാ, അവരും നമ്മളെപ്പോലെത്തന്നെയാണല്ലെ? ഇടയ്‌ക്കൊക്കെ നല്ല കുട്ടികളാകും നന്നായി പഠിക്കും ഇടയ്ക്കൊക്കെ കുറുമ്പ് കാണിക്കും. നല്ലകുട്ടികളായാൽ എല്ലാവർക്കും സന്തോഷാവും, കുറുമ്പ് കാണിക്കുമ്പോ വിഷമോം അല്ലേ അച്ഛാ?

ഇതിലും നല്ലൊരു വിശദീകരണം നൽകാൻ എനിക്ക് കഴിയില്ല എന്നറിയാവുന്നതിനാൽ ഒന്നും മിണ്ടിയില്ല, അവനെ മാറോടണച്ച് ആ കുഞ്ഞു നെറ്റിയിൽ ഒന്നു ചുംബിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP