Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിമാനത്തിൽ കയറിയാൽ സുരക്ഷാ വാതിലിലേക്ക് എത്ര സീറ്റ് ദൂരം ഉണ്ടെന്ന് എണ്ണിവെക്കുക; അപകട സാധ്യത ഉണ്ടായാൽ തല ആദ്യം സുരക്ഷിതമാക്കുക; യാത്രാരേഖകൾ കൈയെത്തും ദൂരത്ത് വെക്കുക; ഓരോ യാത്രയ്ക്കും പ്രത്യേകം ഇൻഷുറൻസ് എടുക്കുക: വിമാനത്തിൽ യാത്രാ ചെയ്യുന്നവരെല്ലാം വായിച്ചറിയാൻ മുരളി തുമ്മാരുകുടി എഴുതുന്നു

വിമാനത്തിൽ കയറിയാൽ സുരക്ഷാ വാതിലിലേക്ക് എത്ര സീറ്റ് ദൂരം ഉണ്ടെന്ന് എണ്ണിവെക്കുക; അപകട സാധ്യത ഉണ്ടായാൽ തല ആദ്യം സുരക്ഷിതമാക്കുക; യാത്രാരേഖകൾ കൈയെത്തും ദൂരത്ത് വെക്കുക; ഓരോ യാത്രയ്ക്കും പ്രത്യേകം ഇൻഷുറൻസ് എടുക്കുക: വിമാനത്തിൽ യാത്രാ ചെയ്യുന്നവരെല്ലാം വായിച്ചറിയാൻ മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

കേരളത്തിന്റെ ഇടത്തും വലത്തുമായി രണ്ടു വിമാനാപകടങ്ങളാണ് ഒരു മാസത്തിനുള്ളിൽ ഉണ്ടായിരിക്കുന്നത്. സുലൂരിൽ നിന്നും ആൻഡമാനിലേക്ക് പോയ വിമാനം ഇനിയും കണ്ടുകിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ അതിലുണ്ടായിരുന്നവരെപ്പറ്റി ഔദ്യോഗികമായി ഒരു വിവരവുമില്ല. ഇന്നലെ തിരുവനന്തപുരത്തു നിന്നും ദുബായിലേക്ക് പോയ വിമാനം വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെ തീപിടിച്ചു നശിച്ചു. ഭാഗ്യത്തിന് യാത്രക്കാർക്ക് രക്ഷപെടാൻ സമയം കിട്ടിയതുകൊണ്ട് ആളപായമില്ല. ഈ രണ്ടു സംഭവങ്ങളിൽ നിന്നും വിമാനയാത്രക്കാർക്ക് ചില പാഠങ്ങൾ പഠിക്കാനുണ്ട്.

വിമാനയാത്രകൾ സുരക്ഷിതമാണ് മറ്റു യാത്രാമാർഗ്ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിമാനയാത്ര ഏറെ സുരക്ഷിതമാണ്. പക്ഷെ വിമാന അപകടങ്ങൾക്ക് വൻ വാർത്താ മൂല്യം ഉള്ളതിനാൽ: കൂടുതൽ വിമാനാപകടങ്ങൾ ഉണ്ടാകുന്നു എന്ന് നമുക്ക് തോന്നുന്നതാണ്. എന്നാൽ ഇന്ത്യയിൽ ഒരു വർഷം വിമാനാപകടത്തിൽ മരിക്കുന്നവരുടെ ശരാശരി എണ്ണം നൂറിലും താഴെയാണ്. അതേസമയം ഒരു ലക്ഷത്തി നാൽപ്പതിനായിരം പേർ ഓരോ വർഷവും റോഡപകടത്തിൽ മരിക്കുന്നു. ട്രെയിനും ആയി ബന്ധപ്പെട്ട മരണങ്ങൾ ഇരുപത്തിനായിരത്തിൽ മീതെയാണ് (ട്രെയിനപകടത്തിൽ മാത്രമല്ല.) വിമാനത്തിന്റെ നിർമ്മാണത്തിലും അറ്റകുറ്റപ്പണിയിലുമുള്ള വിട്ടുവീഴ്ചയില്ലാത്ത അതിശക്തമായ നിഷ്‌കർഷകൾ, വിമാനം പറപ്പിക്കാൻ ലഭിക്കുന്ന നീണ്ടകാലത്തെ പരിശീലനം ഇവയൊക്കെയാണ് വിമാനാപകടങ്ങൾ കുറയാനുള്ള കാരണം .അപ്പോൾ ഒരു അപകടം കാരണം വിമാന യാത്രയെ പറ്റി പേടി ഉണ്ടാകേണ്ട കാര്യം ഇല്ല.

എല്ലാ വിമാന കമ്പനികളും ഒരുപോലെ സുരക്ഷിതം അല്ല വിമാനയാത്ര പൊതുവെ സുരക്ഷിതമാണെങ്കിലും എല്ലാ വിമാനക്കമ്പനികളും സുരക്ഷാ കാര്യത്തിൽ ഒരുപോലെയല്ല. വിമാനയാത്രികർക്ക് കൂടുതൽ സുരക്ഷിതമായ വിമാനം തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. പൊതുവെ പറഞ്ഞാൽ വികസിത രാജ്യങ്ങളിലെ എയർ ലൈനുകളും വലിയ വിമാന കമ്പനികളും ആണ് കൂടുതൽ സുരക്ഷിതം. ലോകത്തെ പേര് കേൾക്കാത്ത പല എയർ ലൈനുകളും അത്ര സുരക്ഷാ റെക്കോർഡുകൾ ഉള്ളതല്ല അതുകൊണ്ട് തന്നെ അവയിൽ സഞ്ചരിക്കാതിരിക്കുന്നതാണ് നല്ലത്. ഈ വിവരങ്ങൾ ഒക്കെ ഇപ്പോൾ ഇന്റർനെറ്റിൽ ലഭ്യമാണ്. വിമാനയാത്രികർ ഇന്റർനെറ്റിൽ ലഭ്യമായ 'എയർലൈൻ സേഫ്റ്റി റെക്കോർഡ്‌സ്' ഒക്കെ മുൻകൂട്ടി ഒന്നറിഞ്ഞു വെക്കുന്നത് നന്നായിരിക്കും.

എല്ലാ വിമാനങ്ങളും ഒരു പോലെ സുരക്ഷിതം അല്ല ചെറിയ വിമാനങ്ങളിലും ഹെലികോപ്ടറിലുമൊക്കെ യാത്ര ചെയ്യുന്നത് വലിയ ഗമയൊക്കെയാണെങ്കിലും സുരക്ഷയുടെ കാര്യത്തിൽ അല്പം റിസ്‌ക്കാണ്. ഹെലിക്കോപ്ടറിന്റെ നിർമ്മാണശാസ്ത്രം തന്നെ അതിന്റെ പങ്ക നിലച്ചാലുടൻ കീഴോട്ട് പതിക്കുന്ന രീതിയിലാണ്. ചെറുവിമാനങ്ങളിലെ പ്രധാനപ്രശ്‌നം ഇത് പലപ്പോഴും കൈകാര്യം ചെയ്യുന്നത് ചെറിയ കമ്പനികൾ ആയിരിക്കും എന്നതാണ്. അവർ സുരക്ഷാ നിയമങ്ങൾ മിനിമം പാലിക്കും എന്നല്ലാതെ അതിലപ്പുറം ഒന്നും ചെയ്യണമെന്നില്ല. ഉദാഹരണത്തിന് മൂന്നുവർഷം പ്രവർത്തിപരിചയമുള്ള ആളായിരിക്കണം.

പൈലറ്റ് എന്നു നിഷ്‌കർഷിച്ചാൽ അത് പരമാവധി മൂന്നിന് തൊട്ടു മുകളിലാക്കാനേ അവർ ശ്രമിക്കൂ. കാരണം കൂടുതൽ പരിചയമുള്ള പൈലറ്റിന് നാലിരട്ടി ശമ്പളം കൂടുതൽ കൊടുക്കേണ്ടിവരും. അതുപോലെ ചെറിയ വിമാനത്തിന്റെ സുരക്ഷാ സംവിധാനത്തിന്റെ കാര്യത്തിലും സാങ്കേതികമായ പ്രശ്‌നങ്ങളുണ്ട്. നാല് എഞ്ചിനുള്ള വലിയ വിമാനത്തിൽ മൂന്നെണ്ണം കേടായാലും സുരക്ഷിതമായി നിലത്തിറക്കാൻ സാധിക്കും. എന്നാൽ ഒറ്റ എഞ്ചിനുള്ള വിമാനത്തിന് ആ സാധ്യത ഇല്ലല്ലോ. വിമാനക്കമ്പനിയെപ്പറ്റിയും പൈലറ്റിനെപ്പറ്റിയും കൃത്യമായ അറിവില്ലാത്ത സാഹചര്യത്തിൽ ചെറിയ വിമാനത്തിലും ഹെലിക്കോപ്റ്ററിലും യാത്ര ചെയ്യാതിരിക്കുന്നതാണ് ബുദ്ധി.ഇലക്ഷൻ കാലത്തും കേരളത്തിലെ രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും ഒക്കെഹെലിക്കോപ്ടറിൽ പ്രചാരണം നടത്തി ഗ്ലാമർ കൂട്ടാൻ ശ്രമിക്കുമ്പോൾ സത്യത്തിൽ എനിക്ക് പേടിയാകാറുണ്ട്.

യാത്രക്കാരുടെ ഉത്തരവാദിത്വം

വിമാനത്തിൽ കയറിയിരുന്നു കഴിഞ്ഞാൽ പിന്നെ നമ്മുടെ സുരക്ഷയിൽ നമ്മുടെ വ്യക്തിപരമായ തീരുമാനങ്ങൾക്ക് വലിയ പ്രസക്തിയില്ലെന്ന് തോന്നും. മിക്കവാറും അവസരങ്ങളിൽ ഇത് ശരിയുമാണ്. വിമാനം കടലിലേക്ക് കൂപ്പുകുത്തുകയോ പർവതത്തിൽ പോയി ഇടിക്കുകയോ ഒക്കെ ചെയ്താൽ ഒരു യാത്രക്കാരനും പ്രത്യേകമായി ഒന്നും ചെയ്യാനില്ല. എന്നാലിപ്പോൾ ദുബായിൽ സംഭവിച്ചതുപോലൊരു സാഹചര്യത്തിൽ നമ്മുടെ സമയോചിതമായ പെരുമാറ്റം നമ്മുടെ സുരക്ഷക്ക് സഹായകമാകും. കണ്ടിടത്തോളം യാത്രക്കാരുടെ പെരുമാറ്റം തീരെ സുരക്ഷതം അല്ലായിരുന്നു, ഭാഗ്യത്തിനാണ് ആളുകൾ രക്ഷപെട്ടത്. സാധാരണ ഗതിയിൽ വിമാനത്തിലെ സുരക്ഷാ അനൗൺസ്‌മെന്റ് ആരും ഗൗനിക്കാറില്ല. അത് ചെയ്യുന്ന വിമാന ജീവനക്കാരും അതിന് വലിയ പ്രാധാന്യം കൊടുക്കാതെ ഒരു വഴിപാടുപോലെ ചെയ്തുതീർക്കുന്നു.ഏതു വിമാനത്തിൽ കയറിയാലും അതിൽ എടുക്കാൻ എളുപ്പത്തിൽ വച്ചിരിക്കുന്ന സുരക്ഷാ കാർഡ് വായിക്കണമെന്നും, ക്യാബിൻ ക്രൂവിന്റെ സുരക്ഷാ നിർദ്ദേശങ്ങൾ ശ്രദ്ധിച്ചു മനസ്സിലാക്കണമെന്നും വേണമെങ്കിൽ എനിക്ക് നിങ്ങളോടു പറയാം.എന്നാൽ ഞാൻ പോലുമത് ചെയ്യാറില്ല എന്നതാണ് സത്യം.പക്ഷേ മൂന്നു കാര്യങ്ങൾ ചെയ്യാൻ ഞാൻ എപ്പോഴും ഓർമ്മ വെക്കാറുണ്ട്. ഒന്ന്, നമ്മുടെ ഏറ്റവും അടുത്തുള്ള വാതിൽ നമ്മുടെ പിന്നിലോ മുന്നിലോ എവിടെയാണെന്ന് കണ്ടുവെക്കുക. അത് നമ്മുടെ സീറ്റിൽ നിന്നും എത്രയകലെ ആണെന്ന് സീറ്റെണ്ണി തിട്ടപ്പെടുത്തുക. കാരണം ഒരപകടമുണ്ടായാൽ വിമാനത്തിൽ പുക വന്ന് നമുക്കൊന്നും കാണാൻ പറ്റാതെ വരും. അപ്പോൾ സീറ്റെണ്ണി നമുക്ക് വാതിൽക്കലെത്താം. രണ്ട്, വിമാനത്തിൽ പുകയുണ്ടാകുന്ന സാഹചര്യത്തിൽ കുനിഞ്ഞു നടക്കുന്നതാണ് ബുദ്ധി. കാരണം ചൂടുള്ള പുക കാബിന്റെ മുകളിലാണ് കുമിഞ്ഞുകൂടുന്നത്. മൂന്ന്, ഏതപകടത്തിലും ആദ്യം രക്ഷിക്കാൻ നോക്കേണ്ടത് തലയാണ്. തല പ്രവർത്തിച്ചാലേ രക്ഷപെടാനുള്ള അവസരം ഉണ്ടെങ്കിലും അതിനനുസരിച്ച് കാലിനെ നിയന്ത്രിക്കാൻ പറ്റൂ. അതുകൊണ്ടാണ് തലയിൽ കൈവച്ച് കുനിഞ്ഞിരിക്കാൻ (ബ്രേസ് പൊസിഷൻ ) പറയുന്നത്.

ഗ്രാബ് ബാഗ്

എയർ ക്രാഫ്റ്റ് അപകടം ഉണ്ടാകുമ്പോൾ ക്യാബിൻ ലഗ്ഗേജ് പോലും എടുക്കാതെ എമർജൻസി സ്ലൈഡ് വഴി ചാടണം എന്നാണ് നിർദ്ദേശം. പക്ഷെ ദുബായിൽ കണ്ട പോലെ ഇതൊന്നും ആളുകൾ പാലിക്കില്ല, അങ്ങനെ അവരുടെയും മറ്റുള്ളവരുടെയും സുരക്ഷാ കുഴപ്പത്തിൽ ആക്കുകയും ചെയ്യും. നമ്മുടെ പാസ്‌പോര്ട്ട് എല്ലാം പലപ്പോഴും കാബിൻ ലഗേജിൽ ആയിരിക്കും. ഇപ്പോൾ ദുബായിലെ പോലെ അത് കത്തിപ്പോയായാൽ ജീവൻ തിരിച്ചു കിട്ടുന്ന സാഹചര്യത്തിൽ അതിനേക്കാൾ വലുതല്ലെങ്കിലും പ്രായോഗികമായ വലിയ ബുദ്ധി മുട്ടുകൾ ഉണ്ടാകും. ഉദാഹരണത്തിന് അമേരിക്കയിലേക്കുള്ള വിസ ഉള്ള പാസ്‌പോര്ട്ട് ആണെങ്കിൽ നമുക്ക് ഇന്ത്യൻ എംബസ്സി എമർജൻസി പാസ്‌പോര്ട്ട് എടുത്തു തന്നാൽ പോലും യാത്ര മുടങ്ങും. ഇത്തരം സാഹചര്യം വിമാനത്തിൽ മാത്രമല്ല യാത്രയുടെ സമയത്തും ഉണ്ടാകാം. ഹോട്ടലിൽ താമസിക്കുമ്പോൾ തീ പിടുത്തമോ ഭൂമി കുലുക്കമോ ഒക്കെ ഉണ്ടായാലും ഉടൻ ഇറങ്ങി ഓടണം എന്നാണ് നിയമം. അങ്ങനെ ചെയ്യാതിരുന്നാൽ ജീവൻ പോയേക്കാം. അങ്ങനെ ചെയ്താൽ ജീവൻ കിട്ടിയാലും ഏറെ ബുദ്ധിമുട്ടു വേറെയും. ഇങ്ങനെ ഉള്ള സാഹചര്യത്തെ മുന്നിൽ കണ്ടാണ് 'ഗ്രാബ് ബാഗ്' എന്ന സംബ്രതായം ഞങ്ങൾ പഠിപ്പിക്കുന്നത്. നമ്മുടെ യാത്രാ രേഖകൾ, ഇപ്പോഴും കഴിക്കുന്ന മരുന്നുകൾ കുറച്ചു പണം എന്നിവ നമ്മൾ കൈ നീട്ടിയാൽ എത്തുന്നിടത്ത് വച്ച് വേണം യാത്ര ചെയ്യാനോ യാത്രക്കിടയിൽ ഹോട്ടലിൽ താമസിക്കാനോ. അപ്പോൾ ഒരു അപായ സൂചന വന്നാൽ അതെടുത്തിട്ടു തന്നെ പുറത്തേക്ക് ഓടാമല്ലോ. ഗ്രബ് ബാഗ് ഏറ്റവും ചെറുതാക്കാൻ നോക്കണം കാരണം സുരക്ഷ ആണ് ഏറ്റവും പ്രധാനം. ഗ്രാബ് ബാഗ് ഉണ്ടാക്കി അതും ഓവർ ഹെഡ് കാബിനിലോ ഹോട്ടൽ ലോക്കറിലോ വച്ച് പൂട്ടിയാൽ പിന്നെ അതുകൊണ്ട് ഗുണമില്ല.

വിമാനാപകടവും നഷ്ടപരിഹാരവും

വിമാനാപകടത്തിൽ മരണം സംഭവിച്ചാൽ നഷ്ടപരിഹാരത്തിന് പാലിക്കേണ്ട ചില അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഉണ്ട്. ( Warsa convention , Motnreal convention ). ഇവയൊക്കെ അടിസ്ഥാനപരമായ നഷ്ടപരിഹാരം മാത്രമേ നിർദ്ദേശിക്കുന്നുള്ളു. അതുകൊണ്ടുതന്നെ ഏതു രാജ്യത്തെ ഏത് എയർ ലൈനാണ് അപകടത്തിൽ പെടുന്നത് എന്നതിനനുസരിച്ച് നഷ്ടപരിഹാരത്തിലും വന്മാറ്റങ്ങൾ ഉണ്ടാകും.ഉദാഹരണത്തിന് അമേരിക്കയിൽ ശരാശരി ഇരുപതു കോടി രൂപ നഷ്ടപരിഹാരം കിട്ടുമ്പോൾ മലേഷ്യയിൽ അത് രണ്ടു കോടിയേയുള്ളു. മംഗലാപുരത്തെ എയർ ഇന്ത്യ അപകടത്തിലെ നഷ്ടപരിഹാരത്തുക ഇതിലൊക്കെ കുറവായിരുന്നു. അപ്പോൾ കുടുംബത്തിന്റെ ഭാവിയിൽ താല്പര്യമുള്ളവർ രണ്ടു കാര്യങ്ങൾ ചെയ്യണം. ഒന്ന്, ടിക്കറ്റ് ചാർജ് അല്പം കൂടിയാലും നഷ്ടപരിഹാരത്തുക കൂടുതലുള്ള എയർ ലൈൻ ബുക്ക് ചെയ്യുക. രണ്ട്, വിമാനയാത്രക്ക് മാത്രമായി ഇൻഷുറൻസ് എടുക്കുക. ഇതുകൂടാതെ സ്വകാര്യ വിമാനങ്ങൾ, കമ്പനി വിമാനങ്ങൾ , ഹെലിക്കോപ്ടറുകൾ , ടൂറിസ്‌റ് ഫ്‌ളൈറ്റുകൾ ഇതിനൊക്കെ അപകടം സംഭവിച്ചാൽ എന്താണ് നഷ്ടപരിഹാരം എന്ന് മുൻകൂട്ടി അറിഞ്ഞിരിക്കണം.ഇതൊന്നും നിസ്സാരമായി കാണരുത്.

ഒരു വില്ലെഴുതി വെക്കുക

കാശുണ്ടെങ്കിലും കടമാണുള്ളതെങ്കിലും ഒരു വില്ലെഴുതി വെക്കുന്നത് എപ്പോഴും, വിമാനയാത്രക്ക് പോകുമ്പോൾ പ്രത്യേകിച്ചും നല്ലതാണ്. അപകടമുണ്ടാകുകയും ആളുകൾ മരിക്കുകയും ചെയ്താൽ മാനസിക വിഷമത്തിന്റെ കൂടെ സാമ്പത്തിക വിഷമം കൂടി ഉണ്ടാകാതിരിക്കും. നഷ്ടപരിഹാരത്തെ ചൊല്ലി അച്ഛനമ്മമാരും ഭാര്യയുമായുണ്ടാകുന്ന അടിപിടി ഒഴിവാക്കുകയും ചെയ്യാം.

വില്ലെഴുതിയാലും തീരാത്ത പ്രശ്‌നങ്ങൾ

M H 370 പോലെയോ എയർ ഫോഴ്‌സ് വിമാനം പോലെയോ ഒരു സാഹചര്യമുണ്ടായാൽ കാര്യങ്ങളാകെ കുഴഞ്ഞു മറിയും. ഉദാഹരണത്തിന് ഞാൻ മലേഷ്യൻ വിമാനത്തിൽ ഉണ്ടായിരുന്നെങ്കിൽ എ ന്നെ കാണാതായി ഒരുമാസത്തിനകം എന്റെ ശമ്പളം മുടങ്ങും. കാരണം ഞാൻ ജോലിക്കു ചെല്ലുന്നില്ല. അതേസമയം എന്റെ പെൻഷനോ ഇൻഷുറൻസോ കിട്ടുകയുമില്ല. എന്തെന്നാൽ ഞാൻ മരിച്ചതിന് തെളിവില്ല. ഇതൊരു നിയമക്കുരുക്കാണ്. മലേഷ്യൻ വിമാനാപകടം കഴിഞ്ഞ് ഇങ്ങനെയൊരു സാഹചര്യത്തെ എങ്ങനെ നേരിടാമെന്ന് ഞാൻ ലോകത്തെ പല രാജ്യങ്ങളിലുമുള്ള നിയമവിദഗ്ദ്ധരുമായി കൂടിയാലോചിച്ചു. നമ്മുടെ ബാങ്ക് അക്കൗണ്ട് ജോയിന്റ് ആക്കി വച്ച് കുടുംബത്തിന് ഉടൻ സാമ്പത്തിക ബുദ്ധി മുട്ടുണ്ടാക്കാൻ നോക്കാം എന്നല്ലാതെ മറ്റൊന്നും നിയമപരമായി ചെയ്യാൻ തൽക്കാലം നിർവാഹമില്ല. വിമാനാപകടത്തിൽ മരണം സ്ഥിരീകരിക്കാൻ പറ്റാത്ത അവസ്ഥ കുടുംബത്തിന് മൊത്തം പാരയാകുന്നത് ഇതുകൊണ്ടാണ്. ഇതിനെ പറ്റി പുതിയ അന്താരാഷ്ട്ര നിയമങ്ങൾ ഉണ്ടാകാൻ വഴിയുണ്ട്. അത് വരെ ഓരോ രാജ്യങ്ങളും ഇക്കാര്യത്തിൽ സ്വന്തം നിയമങ്ങൾ ഉണ്ടാക്കേണ്ടി വരും. യാത്രക്കാർ സ്വയം ചില തയ്യാറെടുപ്പുകൾ നടത്തുകയും വേണം.

  • (ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം മേധാവിയാണ് മലയാളിയായ മുരളി തുമ്മാരുകുടി)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP