Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുളുവിലെ റിവർറാഫ്റ്റിങ് അനുഭവങ്ങൾ

കുളുവിലെ റിവർറാഫ്റ്റിങ് അനുഭവങ്ങൾ

ത്ബിയാസ് നദി. കുളുമണാലി സന്ദർശിക്കുന്ന ഏതൊരാൾക്കും അവിടെയെത്തുമ്പോൾ ഒരുപക്ഷേ കാണാനാവുക പുഴയോ അതോ നീർച്ചാലുകളോ എന്നു സംശയിക്കുന്ന ദൃശ്യം തന്നെയാകണം. ഈ പുഴ തന്നെയാണ് കുളുമലനിരകളിലെ റോത്തംഗ് പാസ്സിൽനിന്നുദ്ഭവിച്ച് 470 കിലോമീറ്ററോളം ഒഴുകി പഞ്ചാബിൽ വച്ച് സത്‌ലജ്‌നദിയുമായി കൂടിച്ചേരുന്നത്. അല്പദൂരംപിന്നിട്ട് കുളുതാഴ്‌വാരകൾ എത്തുമ്പോഴേക്കും മറ്റുഭാഗങ്ങളിൽ നിന്നുള്ള ചോലകൾ കൂടി ഇതിനോടുചേരുമ്പോൾ ഒരുനദിയുടെ സ്വഭാവം ഇതിന് കൈവരുന്നു.

മണാലിയിലെ സന്ദർശകർക്ക് റോത്തംഗ്പാസിലെ മഞ്ഞിലെ അനുഭൂതിയും സോളങ് വാലിയിലെ അനുഭവത്തിനും പുറമെ മറ്റൊരു വിരുന്നാവുക ബിയാസിലെ റിവർ റാഫ്റ്റിങ് തന്നെയാകണം. ഏകദേശം 500 രൂപ ചാർജ്ജ് ചെയ്യുന്ന റിവർ റാഫ്റ്റിങ് 45 മിനുട്ടോളം നീണ്ടുനിൽക്കും. ഇതിനിടയിൽ ഏഴ് മുതൽ ഒൻപത് കിലോമീറ്ററോളം നദിയിലൂടെ സഞ്ചരിക്കാം.

ഞങ്ങൾ എട്ട് പേരുണ്ടായിരുന്നു റിവർ റാഫ്റ്റിങ്ങിന്. അവർ വച്ചുനീട്ടിയ ജാക്കറ്റും ഹെല്മറ്റും ധരിച്ച് കാറ്റ് നിറച്ച റബ്ബർ ബോട്ടിലേക്ക് കയറുമ്പോൾ മനസ്സിൽ സമ്മിശ്ര വികാരങ്ങളായിരുന്നു. പരിചയസമ്പന്നനായ ഒരു തുഴച്ചിലുകാരൻ നമ്മോടൊപ്പം ഉണ്ടെന്നസത്യംതന്നെ. വെള്ളം കുറവാണെങ്കിലും ഉരുണ്ട പാറക്കല്ലുകൾ നിറഞ്ഞ നദിയിൽ അത്യാവശ്യത്തിനൊഴുക്കുണ്ട്.

കഴിഞ്ഞ ജൂൺ എട്ടിനായിരുന്നു ഹൈദ്രാബാദിലെ ഒരു എഞ്ചിനീയറിങ് കോളേജിൽ നിന്നും മണാലിസന്ദർശിക്കാൻ വന്ന വിദ്യാർത്ഥി സംഘത്തിലെ 24 പേര് ഈ നദിയിൽ മുങ്ങിമരിച്ചത്. നദിയിൽ പെട്ടെന്ന് ജലവിതാനം ഉയർന്നതായിരുന്നു ഇവർക്ക് വിനയായത്.

ഹിമാചൽപ്രദേശിലേക്ക് കടന്നപ്പോൾ തന്നെ മൊബൈലിൽ വരവേറ്റത് ബിഎസ്എൻഎലിൽ നിന്നുവന്ന ഈ എസ്എംഎസ് ആയിരുന്നു. ' Welcome to BSNL Himachal Pradesh, the Land of Gods. Hope you have a comfort and pleasantt rip. We request to avoid venturing into river banks or entering into river water for your own saftey and well being.' ഇതിൽ ഒരുസ്വാഗതത്തിന്റെ മാധുര്യം മാത്രമല്ല, മറിച്ച് ഒരു മുന്നറിയിപ്പിന്റെ സ്വരവും ഉൾക്കൊണ്ടിരുന്നു.

റാഫ്റ്റിങ് തുടങ്ങിക്കഴിഞ്ഞപ്പോൾ മനസ്സിലുണ്ടായിരുന്ന ദുരന്തചിത്രങ്ങൾ മാഞ്ഞുതുടങ്ങി. അതുകൊണ്ടുതന്നെ തുഴച്ചിലുകാരന് ചിലപ്പോഴൊക്കെ മുന്നറിയിപ്പുകൾ തരേണ്ടിവന്നു. നദിയിലെ ഒഴുക്കിനൊപ്പം ഗതിവേഗം കൂടിയ ബോട്ടിനെ തുഴച്ചിലുകാരൻ പരിചയസമ്പന്നതയുടെ പിൻബലത്തിൽ പാറക്കെട്ടുകളെ വെട്ടിച്ച് മുന്നേറുമ്പോൾ കൂട്ടുകാരൻ അറിയാതെ ചോദിച്ചുപോയി ഇവിടെയെത്ര ആഴംകാണുമെന്ന്. അഞ്ചരയടിയെന്ന ഉത്തരത്തിന് അവന്റെ ഭയത്തിനെ പൂർണ്ണമായും ഇല്ലാതാക്കാൻ കഴിഞ്ഞില്ല. ഒഴുക്കുണ്ടെങ്കിൽ ഈ അഞ്ചരയടി വെള്ളം തന്നെ മതിയല്ലോ.

മഞ്ഞ് ഉരുകിവരുന്ന വെള്ളം മഞ്ഞിനോളം തന്നെ തണുപ്പുണ്ടായിരുന്നു. ഇടക്കിടെ വെള്ളത്തിന്റെ വിതാനത്തിലും താഴേക്ക് ബോട്ട് ഊളിയിട്ടുകൊണ്ടിരുന്നപ്പോൾ ഞങ്ങൾ മുഴുവനായും നനഞ്ഞു. ചിലപ്പോഴൊക്കെ പ്രധാന തുഴച്ചിലുകാരന്റെ നിയന്ത്രണത്തിലൊതുങ്ങാതെ പാറക്കെട്ടുകളുടെവശങ്ങളിൽ പോയിടിക്കുകയും ചെയ്തു. കുത്തിതുളച്ചുകയറുന്ന വെള്ളത്തിന്റെ തണുപ്പ് ഞങ്ങളിൽ ആ സമയം യാതൊരു അലോസരവുമുണ്ടാക്കിയില്ല എന്നതാണ് സത്യം.

താഴെവെള്ളത്തിനടിയിൽ പുറമെനിന്നുകാണാൻ കഴിയാത്തകരിങ്കൽ പാറകളുടെ മീതെകൂടി ചിലപ്പോഴൊക്കെ ബോട്ട് നിരങ്ങി പോയികൊണ്ടിരുന്നു. ഇതുമൂലമുള്ള അപകടങ്ങൾ പ്രതിരോധിക്കാൻതക്കവിധമുള്ള മെറ്റീരിയൽ കൊണ്ട് തന്നെയാവണമല്ലോ ബോട്ട് നിർമ്മിച്ചിട്ടുണ്ടാവുക. ഒഴുക്കിനനുസരിച്ച് പുളഞ്ഞ് പോവുന്നതിനിടയിൽ കയറില് മുറുക്കെപിടിക്കാൻ പലപ്പോഴും രണ്ട് കൈകൾ തന്നെ മതിയാവില്ലെന്ന് തോന്നി. അപ്പോഴൊക്കെ ശരീരം പൂർണ്ണമായും ബോട്ടിന്റെ ഉള്ളിലാക്കിവേണം ഇരിക്കാൻ എന്ന് നിർദ്ദേശം തുഴച്ചിലുകാരന് തന്നുകൊണ്ടിരുന്നു. പിടിവിട്ടുവെള്ളത്തിൽ വീണാൽ ബോട്ടിനും മുമ്പേ ആദ്യം ഒഴുകിയെത്തുന്നത് ഞാനായിരിക്കും, തീർച്ച. അങ്ങനെ സംഭവിച്ചാൽ ജാക്കറ്റ് ധരിച്ചിരിക്കുന്നതുകൊണ്ട് വെള്ളത്തിൽ പൊങ്ങിക്കിടക്കുമെങ്കിലും പാറക്കെട്ടിൽ വന്നിടിക്കുന്നത്തടയാൻ തലയിൽ മാത്രമല്ലേ ചെറുതങ്കിലും ഒരു ഹെല്‌മെറ്റുള്ളൂ...!!!

ഒരേസമയം ആഹ്‌ളാദത്തിന്റെയും ഭീതിയുടെയും ഓളങ്ങൾ തന്നെയായിരുന്നു ഞങ്ങൾക്കുചുറ്റുമുണ്ടായിരുന്നത്. ഒടുവിൽ ക്ലിപ്തപ്പെടുത്തിയ ദൂരം താണ്ടിയപ്പോഴും ഇനിയും ഈ യാത്രതുടർന്നിരുന്നെങ്കിൽ എന്നായിരുന്നു മനസ്സിൽ...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP