Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202304Sunday

കോടമഞ്ഞിന്റെ പുതപ്പുമായി കോട്ടപ്പാറ എത്രയോ നാളായി ഇവിടെ; വിസ്മയ കാഴ്ചകൾ അടുത്തകാലത്ത് കണ്ണിൽ പെട്ടതോടെ വിനോദ സഞ്ചാരികളുടെ ഒഴുക്ക്; കോതമംഗലത്തിന് അടുത്തുള്ള കോട്ടപ്പാറമലയിലെ വ്യൂപോയിന്റിന്റെ വിശേഷങ്ങൾ

കോടമഞ്ഞിന്റെ പുതപ്പുമായി കോട്ടപ്പാറ എത്രയോ നാളായി ഇവിടെ; വിസ്മയ കാഴ്ചകൾ അടുത്തകാലത്ത് കണ്ണിൽ പെട്ടതോടെ വിനോദ സഞ്ചാരികളുടെ ഒഴുക്ക്; കോതമംഗലത്തിന് അടുത്തുള്ള കോട്ടപ്പാറമലയിലെ വ്യൂപോയിന്റിന്റെ വിശേഷങ്ങൾ

പ്രകാശ് ചന്ദ്രശേഖർ

 കോതമംഗലം: കോട്ടപ്പാറ മലമുകളിൽ പ്രകൃതി ഒരുക്കിയ വിസ്മയകാഴ്ചകൾ കാണാൻ വിനോദസഞ്ചാരികളുടെ നിലയ്ക്കാത്ത പ്രാവാഹം.കോടമഞ്ഞിനാൽ മൂടപ്പെട്ട മലയോരങ്ങളും താഴ്‌വാരങ്ങളും കൺകുളിർക്കെ കണ്ടാസ്വദിക്കുന്നതിനും കുളിർകാറ്റേറ്റ് കുശലം പറഞ്ഞിരിക്കാനും വർണ്ണവിസ്മയങ്ങൾ കൊണ്ട് ആരെയും വിസമയിപ്പിക്കുന്ന സൂര്യോദയം ദർശിക്കാനുമായി അതിരാവിലെ സംസ്ഥാനത്തിന്റെ വിവിധഭാഗ ങ്ങളിൽ നിന്നായി നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ മലമുകളിലേയ്ക്കെത്തുന്നത്.

നിരന്ന പാറക്കൂട്ടത്തിൽ താഴെ വിസ്തൃതിയിൽ നോക്കെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന കോടമഞ്ഞാണ് ഇവിടുത്തെ മുഖ്യ ആകർഷണഘടകം. ഇടയ്ക്കിടെയുള്ള കുളിർകാറ്റും സൂര്യരശ്മികൾ പ്രവഹിച്ചുതുടങ്ങുമ്പോൾ താഴ്‌വാരത്ത് മഞ്ഞിൽ ദൃശ്യമാവുന്ന വർണ്ണവൈവിധ്യവുമെല്ലാം സഞ്ചാരികൾക്ക് നവ്യാനുഭൂതി പകരും. എറണാകുളം - ഇടുക്കി ജില്ല അതിർത്തിയോട് ചേർന്നുകിടക്കുന്ന വണ്ണപ്പുറം കോട്ടപ്പാറമല അടുത്തകാലത്താണ് വിനോദസഞ്ചാരികളുടെ ശ്രദ്ധയിലേയ്ക്കെത്തിയത്. മലമുകളിലും താഴ്‌വാരത്തും മഞ്ഞ്‌പെയ്തിറങ്ങുന്ന ചിത്രങ്ങളും വീഡിയോകളും മറ്റും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെയാണ് ഇവിടം ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്.

വിസ്തൃതമായ താഴ്‌വാരം മുഴുവൻ മഞ്ഞ് മൂടികിടക്കുന്ന ദൃശ്യം ഏറെ മനോഹരമാണ്. വെൺമേഘങ്ങൾ പോലെ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന മഞ്ഞ് പുലർച്ചെ വെട്ടം വീഴുന്നതുമുതൽ ദൃശ്യമാവും. വെയിൽ ശക്തമാവുമ്പോൾ ഇത് അപ്രത്യക്ഷമാവുകയും ചെയ്യും. അതുകൊണ്ട് പുലർച്ചെയാണ് കൂടുതൽ പേരും ഇവിടേയ്ക്ക് എത്തുന്നത്. ബൈക്കുകളിലും കാറിലും മറ്റുമായി ദിനം പ്രതി നൂറുകണക്കിന് പേർ ഇവിടുത്തെ മനോഹര ദൃശ്യം കണ്ടാസ്വദിക്കാൻ ലക്ഷ്യമിട്ട് എത്തുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ മഞ്ഞ് വീഴ്ച കുറവായിരുന്നു. ഇടയ്ക്ക് മഴയെത്തുമ്പോൾ നന്നായി കോടയെത്തുന്നുമുണ്ട്.തലേന്ന് മഴപെയ്താൽ പിറ്റേന്ന് പ്രദേശം മഞ്ഞിൽ മുടുന്ന പ്രതിഭാസമാണ് നിലവിലുള്ളത്. മഞ്ഞ് കുറവുള്ള അവസരത്തിലും താഴ്‌വാരത്തെ കാഴ്ചകൾ കണ്ടാസ്വദിക്കാൻ ഏറെപ്പേർ എത്താറുണ്ടെന്നാണ് ഇവിടുത്തുകാർ പങ്കുവച്ച വിവരം.

സഞ്ചാരികളുടെ പ്രവാഹം ശക്തമായതോടെ പുലർച്ചെ ഇവിടെ കാപ്പി-പലഹാര കച്ചവടക്കാരുടെ എണ്ണവും പെരുകി..ചുക്കുകാപ്പിക്കാണ് ഏറെ ഡിമാന്റ്. കാളിയാർ ഫോറസ്റ്റ് റേഞ്ചിൽപ്പെടുന്നതാണ് കോട്ടപ്പാറമലയിലെ വ്യൂപോയിന്റ്.വിസ്തൃതമായ പാറക്കൂട്ടങ്ങളിൽ തമ്പടിച്ചാണ് സഞ്ചാരികൾ ഇവിടുത്തെ കാഴ്ചകൾ ആസ്വദിക്കുന്നത്. സഞ്ചാരികളിൽ ചിലർ രാത്രികാലങ്ങളിൽ മലമുകളിൽ തമ്പടിച്ച് മദ്യപാനവും മറ്റും നടത്തുന്നത് നാട്ടുകാരെ അലോസരപ്പെടുത്തുന്നുണ്ട്. പാറകെട്ടിന്റെ ചരിഞ്ഞ പ്രദേശത്താണ് കൂടുതൽ പേരും കാഴ്ചകാണാൻ നിൽക്കുന്നത് .കാലൊന്ന് തെറ്റിയാൽ പതിക്കുക അഗാധമായ കൊക്കയിലേക്കാണ്.അപകടസാധ്യത കണക്കിലെടുത്ത് അടുത്തിടെ വനംവകുപ്പധികൃതർ ഇവിടെ മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.മൂവാറ്റുപുഴയിൽ നിന്നും 25 കിലോമീറ്ററും കോതമംഗലത്തുനിന്നും 18 കിലോമീറ്ററും തൊടുപുഴയിൽ നിന്നും 20 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP